Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുമുഖങ്ങളും പ്രകൃതിമനോഹാരിതയുമായി വരുന്നൂ, ‘ഒരു കനേഡിയൻ ഡയറി’

pooja01

ടൊറന്റോ∙ മലയാളി പ്രേക്ഷകമനസിൽ ഇടംപിടിക്കാൻ കനേഡിയൻ പശ്ചാത്തലത്തിൽ മറ്റൊരു ചലച്ചിത്രംകൂടി. കാനഡയിൽനിന്നുള്ള പുതുമുഖ നായകനും നായികയും എന്നതിനുപുറമെ മഞ്ഞുകാലവും ശരത്കാലവുമുൾപ്പെടെ നാലു സീസണുകളിലെയും മനോഹാരിതയും മാറ്റുകൂട്ടുമെന്നതുമാണ് ശ്രീം പ്രൊഡക്ഷൻസ് ഒരുക്കുന്ന ‘ഒരു കനേഡിയൻ ഡയറി’യുടെ പ്രത്യേകത. പഠനത്തിനായി ഇവിടെ എത്തുന്ന വിദ്യാർഥികളെ കേന്ദ്രീകരിച്ചാണു പ്രമേയം. എസ്. ജെസ്പാലിന്റെ സംവിധാനത്തിൽ ചിത്രീകരണം ഉടൻ തുടങ്ങും. പ്രവാസികളിലെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികകൂടിയായ സീമ ശ്രീകുമാറാണ് സഹസംവിധായക. 

മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ പോൾ പൗലാസാണ് നായകൻ. ചാവേർപ്പട, ബ്യൂട്ടിഫുൾ എന്നീ ചിത്രങ്ങളുടെ നിർമാതാവ് പൗലോസ് പോളിന്റെ മകനാണ്. സിനിമാസ്വപ്നവുമായി ചെറുപ്പംമുതൽ അച്ഛനൊപ്പം ഷൂട്ടിങ് സെറ്റുകളിൽ കറങ്ങിനടന്നിട്ടുള്ള പോൾ, ഇതുവരെ ആഗ്രഹപൂർത്തീകരണം നടത്തിയിരുന്നത് ഡബ്സ്മാഷുകളിലൂടെയാണ്. നായകനായുള്ള നറുക്കിൽ തുണയായതും ഇതുതന്നെ. കാഞ്ചീപുരത്തെ കല്യാണം, ലാസ്റ്റ് ബഞ്ച് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുള്ള പൂജയാണു നായിക. പഠനത്തിനായി എത്തി, ഇപ്പോൾ ജോലി ചെയ്യുകയാണ് തിരുവനന്തപുരം സ്വദേശിനിയായ പൂജ. സ്കൂൾ പഠനകാലത്ത് കിരൺ ടിവി അവതാരകയായിരുന്നു. പാഷാണം ഷാജി, കലാശാല ബാബു, കൃഷ്ണ, സീമ ജി. നായർ, അജിത് രാജ്, നാരായണൻകുട്ടി, ചേർത്തല വിജയൻ, അജിത് സോമൻ തുടങ്ങിയവരും ‘ഒരു കനേഡിയൻ ഡയറി’യിൽ അഭിനയിക്കുന്നു. 

pooja

മുഖ്യധാരാ മലയാള സിനിമയിൽ കാനഡയിൽനിന്നുള്ള കലാകാരന്മാരുടെ സാന്നിധ്യത്തിനാണ് പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതിലൂടെ വഴിയൊരുങ്ങുന്നതെന്ന് അണിയറക്കാർ പറയുന്നു. വേറിട്ട അഭിനയശൈലിക്ക് അവസരമൊരുക്കാനുമാകും. ഗാനരംഗമുൾപ്പെടെ, ടൊറന്റോയിലും പരിസരപ്രദേശങ്ങളിലുമായാകും ചിത്രീകരണമെന്നും വിവിധ കാലാവസ്ഥകളിലെ ദൃശ്യങ്ങൾ കാനഡയിൽ ചിത്രീകരിച്ച മറ്റു ചിത്രങ്ങളിൽനിന്ന് ഇതിനെ വേറിട്ടതാക്കുമെന്നും പ്രത്യാശപ്രകടിപ്പിച്ചു.  

സംവിധായകൻകൂടിയായ ജെസ്പാലാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കഥ, തിരക്കഥ: പ്രദീപ് പുറവങ്കര. ശ്രീം പ്രൊഡക്ഷൻസ് അമരക്കാരൻകൂടിയായ എം. വി. ശ്രീകുമാറാണ് അസോഷ്യേറ്റ് ക്യാമറമാൻ. ഉണ്ണി മേനോൻ, സീമ ശ്രീകുമാർ, വെങ്കി അയ്യർ, എം. വി. ശ്രീകുമാർ, സിമ്രൻ എന്നിവരാണു ഗായകർ. ശിവകുമാർ വാരിക്കരയുടെ വരികൾക്ക് കെ. എ. ലത്തീഫാണ് സംഗീതം പകർന്നത്. സുധീർ നന്പ്യാർ (ആർട് ഡയറക്ടർ), ശുഭ പാട്ടത്തിൽ (സ്ക്രിപ്റ്റ് സൂപ്പർവിഷൻ), അബി (കൊറിയോഗ്രഫർ), ബിന്ദു മേക്കുന്നേൽ (കോസ്റ്റ്യൂം ഡിസൈനർ), കുര്യൻ പ്രക്കാനം (ലീഗൽ അഡ്വൈസർ) ബിനോയ് തങ്കച്ചൻ (പ്രൊഡക്ഷൻ മാനേജർ), ജയപാലൻ കൂട്ടത്തിൽ (പ്രൊഡക്ഷൻ കൺട്രോളർ), ബാലു മേനോൻ (സ്റ്റിൽസ്) എന്നിവരും അണിയറക്കാരിൽ ഉൾപ്പെടുന്നു. 

ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മേൽശാന്തി കരിയന്നൂർ ദിവാകരൻനന്പൂതിരി പൂജാകർമവും ഫാ. എബി മാത്യു സ്വിച്ച്-ഓൺ കർമവും മനോജ് കരാത്ത പാട്ടുകളുടെ പ്രകാശനവും നിർവഹിച്ചു. സുധീർ നമ്പ്യാർ ക്ളാപ്പടിച്ചു. ചിത്രത്തിലെ ’പലകുറി പറയുവാൻ മോഹിച്ചു…” എന്ന ഗാനം സീമ ശ്രീകുമാർ പൂജാവേളയിൽ ആലപിച്ചു. 
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.