Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിശുദ്ധ കാതോലിക്കബാവ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് സന്ദർശിക്കുന്നു

cathelic-bava

ഫിലഡൽഫിയ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഡയോസിസ് 2016 ലെ കാതോലിക്ക ദിനപിരിവ് ശേഖരണത്തിനായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് രണ്ടാമൻ കാതോലിക്ക ബാവയും ഭദ്രാസനാധിപൻ സെക്കറിയാ മാർ നിക്കോളാസ് മെത്രാപ്പോലീത്തയും നിരണം ഭദ്രാസനാധിപൻ ഡോക്ടർ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായും അസോസിയേഷൻ സെക്രട്ടറി ജോർജ് ജോസഫും ആഗസ്റ്റ് 28നു സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച് സന്ദർശിക്കുന്നതാണ്. വിശുദ്ധ കുർബ്വാനാനന്തരം ഏകദേശം 2 മണിയോടുകൂടി ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ ഭദ്രാസനത്തിലുള്ള എല്ലാ ഇടവകകളുടേയും വികാരിമാരും പ്രതിനിധികളും സന്നിഹിതരാകുകയും ഇടവകകളുടെ കാതോലിക്കാദിന വിഹിതം പരിശുദ്ധ ബാവായുടെ മുൻപാകെ സമർപ്പിക്കുന്നതുമായിരിക്കുമെന്ന് സ്വീകരണ പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.

ബാവ തിരുമേനിക്കും മേൽപ്പട്ടക്കാർക്കും തികച്ചും ഊഷ്മളമായ വരവേൽപ്‌ നൽകാൻ വേണ്ടി ഇടവകജനം അഭികാമ്യമായ തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. വിശാലമായ ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചേരുന്നവർക്കായി പാർപ്പിടവും തുടർന്നുള്ള സൗകര്യങ്ങളും നൽകുന്നതിനുള്ള ക്രമീകരണങ്ങളും ആരംഭിച്ചു്. സഭാനേതൃത്വ നിരയിലും ഭദ്രാസനരംഗത്തും പ്രവർത്തിക്കുന്ന പല ഉന്നതവ്യക്തികളും സമ്മേളനത്തിൽ സംബന്ധിക്കും.

പരിശുദ്ധ ബാവായുടെ അമേരിക്കൻ പര്യടന വേളയിൽ നോർത്ത്ഈസ്റ്റ് ഭദ്രാസനം പെൻസിൻ വാനിയ സ്റ്റേറ്റിൽ വാങ്ങുവാൻ ഉദ്ദേശിക്കുന്ന റിട്രീറ്റ് സെന്റർ അടക്കമുള്ള വൻ കെട്ടിടസമുച്ചയങ്ങളും ഏകദേശം 300 ഏക്കറിലധികം സ്ഥലവും സന്ദർശിക്കുന്നതാണ്. എഴുപതുകളിലും എൺപതിന്റെ ആരംഭദിശയിലും അമേരിക്കയിൽ കുടുംബസമേതം ആതുരസേവനത്തിനായി എത്തിയവർ കാലത്തിന്റെ തിരിവിൽ സ്വയമായി ആതുരരായി. ശുഭപ്രതീക്ഷ അനുഷ്ഠിച്ചു കരുതുമെന്നു കരുതിയ ആദ്യകാല പൈതങ്ങളിൽ പലരും രൗദ്രഭാവം പൂണ്ട ് വിശാലമായ വിദൂര പരപ്പിലേയ്ക്കു പറന്നകന്നു. അനാരോഗ്യരായി വാർധക്യത്തിലേക്ക് പ്രവേശിച്ച പ്രവാസികളായ ആദ്യകാല മലയാളികളുടെ പുനരധിവാസവും ആരോഗ്യകരമായ രീതിയിലുള്ള സംരക്ഷണത്തോടൊപ്പം ആത്മീകമായ ഒരന്തരീക്ഷവും പ്രധാനം ചെയ്യണമെന്നുള്ള സദുദ്ദേശം ഭദ്രാസനതലത്തിലും സഭാതലത്തിലും പ്രബുദ്ധമായി പ്രസരിക്കട്ടെ. കാലഘട്ടചലനത്തിനൊപ്പം വളർന്നുവരുന്ന തലമുറകൾക്കും ഈ നവസങ്കേതം ഒരു സമാധാന സദനമായി പരിണമിക്കുമെന്നും പരിലസിക്കുമെന്നും പ്രതീക്ഷിക്കുന്നു. സ്വേഛാധിപത്യവും സ്വാർഥതയും നിഷ്പ്രഭമാകട്ടെ.

കാതോലിക്കാദിന പണശേഖരണം മുഖ്യമായും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നിർദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി വിനിയോഗിക്കുന്നു. സെന്റ് ജോർജ് ഓർത്തഡോക്സ് വികാരി അബു വർഗീസ് പീറ്റർ അച്ചന്റെ കുർബ്വാനമദ്ധ്യേയുള്ള പ്രസംഗത്തിൽ കാതോലിക്കാദിന പിരിവ് പണശേഖരണത്തിനും ഉപരിയായി സഭാജനങ്ങളെ സഭയുമായും സഭയുടെ അനുദിന പ്രവർത്തന മേഖലയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണെന്നും വെളിപ്പെടുത്തി.

സമീപകാലയളവിൽ അമേരിക്കൻ ഭദ്രാസനാധിപൻ അനുഗ്രഹിച്ചനുവദിച്ച സെന്റ് ജോർജ് ദേവാലയത്തിൽ ആദ്യമായി ആശംസകളുമായി എത്തിച്ചേരുന്ന സഭയുടെ പരമാദ്ധ്യക്ഷനായ വിശുദ്ധ പിതാവിന് സകലവിധ വാദ്യമേളങ്ങളോടുകൂടി കൈരളി തനിമയിൽതന്നെ വരവേൽപു നൽകണമെന്ന് ഇടവകജനങ്ങളുടെ ചിരകാലാഭിലാഷം സാക്ഷാത്കരിക്കപ്പെടുന്ന സുന്ദര നിമിഷങ്ങളുടെ അനുഭൂതി അനുഭവമായിട്ടുണ്ട്.

ഓഗസ്റ്റ് 28നു രാവിലെ 8.30ന് വിശുദ്ധ കുർബാന പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി റവ. ഫാ. അബു വർഗീസ് പീറ്റർ 914-806-4595, ഫിലിപ്പോസ് ജോർജ് 610-220-1509, വർഗീസ് മാത്യു 732-581-0769 എന്നിവരുമായി ബന്ധപ്പെടുക.

വാർത്ത∙കോര ചെറിയാൻ 

Your Rating: