Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ മാരത്തൺ ഞായറാഴ്ച്ച; മലയാളികൾക്ക് അഭിമാനമായി സോജനും എബിയും എത്തി

chicago-2

ഷിക്കാഗോ∙ 2016 ഷിക്കാഗോ മാരത്തണിൽ മാറ്റുരക്കാൻ കോട്ടയം സ്വദേശി ഉൾപ്പെടെ രണ്ടു ലണ്ടൻ മലായാളികൾ ഷിക്കാഗോയിൽ എത്തി. ഒക്ടോബർ 9ന് രാവിലെ ഷിക്കാഗോയിലെ ഗ്രാന്റ് പാർക്കിൽ ആരംഭിച്ച് ഗ്രാന്റ് പാർക്കിൽ തന്നെ അവസാനിക്കുന്ന ഷിക്കാഗോ മാരത്തണിൽ പങ്കാളിയായി മലയാളികൾക്ക് അഭിമാനമാകുവാൻ വേണ്ടിയാണ് ഇവർ എത്തിയിരിക്കുന്നത്. യുകെയിലെ കെന്റിൽ സ്ഥിര താമസമാക്കിയിരിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശി സോജൻ ജോസഫും നിലമ്പൂർ സ്വദേശി എബി മാത്യുവുമാണ് മലായാളി സാന്നിധ്യമായി ഷിക്കാഗോയിൽ എത്തുന്നത്. വെള്ളിയാഴ്ച രാവിലെ ഷിക്കാഗോ ഒഹയർ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ സോജനെയും എബിയെയും സുഹൃത്തുക്കൾ സ്വീകരിച്ചു.

കഴിഞ്ഞ സെപ്റ്റംബറിൽ ബർലിനിൽ നടന്ന 42-ാമത് മാരത്തൺ, ഏപ്രിലിൽ നടന്ന പാരീസ് മാരത്തൺ , ലണ്ടൻ, എഡിൻബറോ, ഡബ്ളിൻ എന്നിവയടക്കം നിരവധി മാരത്തൺ ഓട്ടങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങളോടെ ആർജ്ജിച്ച അനുഭവ സമ്പത്തുമായാണ് കൈപ്പുഴ സ്വദേശി സോജൻ ജോസഫ് ഷിക്കാഗോ മാരത്തണിൽ പങ്കെടുക്കുവാൻ ഒരുങ്ങുന്നത്. ലണ്ടൻ മലയാളിയായ സോജൻ ജോസഫ് 4 മണിക്കൂർ 45 മിനിറ്റുകൊണ്ടാണ് ബർലിൻ മാരത്തൺ (42.195 കിമീ) ഫിനീഷ് ചെയ്തത്. 14 വർഷമായി കുടുംബസമേതം കെന്റിൽ താമസിയ്ക്കുന്ന സോജൻ, ഗ്ലോബൽ മലയാളി ഫെഡറേഷൻ യൂറോപ്പ് റീജിയൻ പ്രസിഡന്റുകൂടിയാണ്.

chcago-1

സോജന്റെ സഹ ഓട്ടക്കാരനായ എബി മാത്യു നിലമ്പൂർ സ്വദേശിയാണ്. കെന്റിൽ കഴിഞ്ഞ പതിമൂന്നു വർഷങ്ങളായി താമസിക്കുന്ന എബിയുടെ മൂന്നാമത് മാരത്തൺ ആണ് ഷിക്കാഗോയിലേത്. ഇതിനു മുൻപ് പാരീസ് മാരത്തനിലും എഡിൻബർഗ് മാരത്തണിലും എബി പങ്കെടുക്കുകയും ഓട്ടം പൂർത്തിയാക്കുകയും ചെയ്തിരുന്നു.

സ്പോർട്സിലൂടെ ആരോഗ്യം കാത്തുസൂക്ഷിയ്ക്കാൻ വരുംതലമുറയ്ക്ക് പ്രചോദനമാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ യുവ ഓട്ടക്കാർ മാരത്തണിൽ പങ്കാളിയാവുന്നത്. ഒരു അത്‌ലറ്റിക്ക് പശ്ചാത്തലവും ഇല്ലാതെ 38 വയസ്സിന് ശേഷം ഇത്രയും പ്രയാസമേറിയ കായിക ഇനത്തിലേക്ക് ശ്രദ്ധ ഊന്നുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു എന്ന് സോജൻ ജോസഫ് പറഞ്ഞു. എന്നാൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണയും ചിട്ടയായ പരിശീലനവും ഭക്ഷണ രീതികളുംകൊണ്ട് ഈ കായിക ഇനത്തിൽ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സ്വന്തം കയ്യൊപ്പു ചാർത്തുവാൻ തനിക്കായതിൽ ദൈവത്തിന് നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു.

മധ്യവയസ്സിലേക്ക് എത്തുമ്പോൾ വ്യായാമത്തിന്റെ കുറവുകൊണ്ടും ഭക്ഷണ രീതിയുടെ അപര്യാപ്തത കൊണ്ടും നിരവധി മലായാളി സുഹൃത്തുക്കൾ രോഗങ്ങൾക്ക് അടിമപ്പെടുന്നു എന്നുള്ള യാഥാർഥ്യം മനസ്സിലേക്ക് എത്തിയപ്പോൾ, വ്യായാമത്തിന്റെ ആവശ്യകതയെ സുഹൃത്തുക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമത്തിലേക്ക് തിരിഞ്ഞത് എന്ന് അദ്ദേഹം അനുസ്മരിച്ചു. നിരവധി ചാരിറ്റികൾക്ക് വേണ്ടിയും ഓട്ടത്തിൽ പങ്കെടുത്തിട്ടുണ്ട്.

തുടക്കത്തിൽ ഈ ഉദ്യമത്തിൽ തനിയെ ആയിരുന്നു എങ്കിൽ, ഇപ്പോൾ നിരവധി സുഹൃത്തുക്കൾ പ്രോത്സാഹിപ്പിക്കുവാനും പങ്കെടുക്കുവാനും മുന്നോട്ടു വരുന്നുണ്ട് എന്നത് സന്തോഷം പകരുന്നു എന്ന് അദ്ദേഹം അറിയിച്ചു. ഷിക്കാഗോയിലെ റോഡുകളിലൂടെ 42 കി. മി ദൈർഖ്യമുള്ള ഷിക്കാഗോ മാരത്തൺ, ലോകത്തിലെ തന്നെ 6 പ്രധാന മാരത്തണുകളിൽ ഒന്നാണ്. യൂറോപ്പിന് വെളിയിലെ സോജന്റെയും എബിയുടെയും ആദ്യത്തെ മാരത്തൺ കൂടിയാണ് ഇത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ മലയാളികളാൽ സമ്പന്നമായ ഷിക്കാഗോയിൽ വച്ച് നടത്തുന്ന മാരത്തണിൽ മലയാളികൾക്ക് അഭിമാനമായി ലണ്ടനിൽ നിന്നുമെത്തിയ രണ്ടു മലയാളികൾ പങ്കെടുക്കുന്നു എന്നത് അഭിമാനർഹം തന്നെ.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.