Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎസ്ഐ മധ്യകേരള മഹായിടവക ദ്വിശതാബ്ദി ആഘോഷങ്ങൾക്ക് ന്യൂയോർക്കിൽ പരിസമാപ്തി

csi-4

ന്യൂയോർക്ക്∙ സിഎംഎസ് മിഷനറി സമൂഹം കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതിന്റെ ഇരുനൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നോർത്ത് അമേരിക്കയിൽ സംഘടിപ്പിച്ച ദ്വിശാബ്ദി ആഘോഷങ്ങൾ അവിസ്മരണീയമായി. ന്യൂയോർക്കിലെ സീഫോർഡ് സിഎസ്ഐ ഇടവക ആതിഥ്യം അരുളിയ ആഘോഷങ്ങൾ ഉച്ചകഴിഞ്ഞ് നടത്തിയ സ്തോത്ര പ്രാർത്ഥനയോടെ ആരംഭിച്ചു.

സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പും സിഎസ്ഐ ഡപ്യൂട്ടി മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ. ഉമ്മൻ ആരാധനയ്ക്ക് നേതൃത്വം നൽകി. റവ. റോബിൻ ഐപ്പ് മാത്യു, റവ. ബിജു വി. ജോൺ, റവ. വർക്കി തോമസ്, റവ. ബിജോയി സ്കറിയ, റവ. നൈനാൻ ജേക്കബ്, റവ. ജോൺ മത്തായി, റവ. സന്തോഷ് മാത്യു എന്നിവർ സഹകാർമികരായിരുന്നു.

csi-3

പൊതുസമ്മേളനത്തിനു മുമ്പായി വിശിഷ്ടാതിഥികളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സമ്മേളന വേദിയിലേക്ക് ആനയിച്ചു. ദേവാലയത്തിനു ചുറ്റുമായി നടന്ന പ്രദക്ഷിണത്തിന് ബിഷപ്പ് തോമസ് കെ. ഉമ്മൻ, സഖറിയാസ് മാർ നിക്കളാവോസ് മെത്രാപ്പോലീത്ത, ആയൂബ് മോർ സിൽവാനോസ് മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് മാർ തീത്തോസ് എൽദോ, ബിഷപ്പ് അലൻ കെ. ഷിൻ, ആഘോഷ കമ്മിറ്റി കൺവനീനർമാരായ റവ. ബിജു വി. ജോൺ, മാത്യു ജോഷ്വാ, വിവിധ ഇടവകകളിലെ വൈദികർ എന്നിവർ നേതൃത്വം നൽകി. സ്വീകരണ ഘോഷയാത്രയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ സിഎസ്ഐ ഡപ്യൂട്ടി മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മൻ അധ്യക്ഷനായിരുന്നു.

csi-2

സിഎംഎസ് മിഷനറിമാരുടെ പ്രവർത്തനഫലമായി കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പൗരസ്ത്യസഭകളുടെ നവീകരണം നടക്കുകയും കേരളത്തിന്റെ പൊതുവായ സാമൂഹ്യജീവിതത്തിന് പുതിയൊരു മാനം കൈവരുകയും ചെയ്തു. ദേവപുസ്തകം മലയാളത്തിൽ വിവർത്തനംചെയ്ത മിഷനറിമാർ,അത് ഓരോ ക്രൈസ്തവ ഭവനത്തിലും എത്തിക്കുകയും സത്യസുവിശേഷംകൊണ്ട് മാനുഷിക ജീവിതത്തിന് ഒരു സമൂല മാറ്റം വരുത്താന്‍ പരിശ്രമിക്കുകയും ചെയ്തു.

csi-1

സിഎംഎസ് മിഷനറിമാരുടെ പ്രവർത്തനഫലമായി കേരളക്കരയിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷാ രംഗങ്ങളിൽ സാരമായ മാറ്റങ്ങൾ ഉണ്ടായി. ദ്വിശതാബ്ദി ആഘോഷങ്ങൾ സിഎംഎസ് മിഷനറിമാർക്ക് ആദരവ് അർപ്പിക്കുന്ന ഒരവസരം കൂടിയാണെന്ന് ആമുഖ പ്രസംഗത്തിൽ ബിഷപ്പ് തോമസ് കെ. ഉമ്മൻ ജനങ്ങളെ ഉത്ബോധിപ്പിച്ചു.

csi-7

മലങ്കര ഓർത്തഡോക്സ്, സിറിയൻ സഭയുടെ നോർത്ത് ഈസ്റ്റ് മെത്രാപ്പോലീത്ത ബിഷപ്പ് സഖറിയാസ് മാർ നിക്കളാവോസ്, സിറിയൻ ഓർത്തഡോക്സ് സഭ ആർച്ച് ബിഷപ്പ് തീത്തോസ് മാർ എൽദോ, ക്നാനായ സഭയുടെ ആയൂബ് മാർ സിൽവാനോസ്, എപ്പിസ്കോപ്പൽ സഭ ന്യൂയോർക്ക് സഫ്രഗൻ ബിഷപ്പ് അലൻ കെ. ഷിൻ, എപ്പിസ്കോപ്പൽ സഭയുടെ ബിഷപ്പ് ജോൺ സി. ഇട്ടി, യുസിസി കോൺഫറൻസ് മിനിസ്റ്റർ ജെഫ്രി പാമർ, മാർത്തോമാ സഭ ഭദ്രാസന സെക്രട്ടറി റവ ഡെന്നി ഫിലിപ്പ്, സിഎസ്ഐ നോർത്ത് അമേരിക്കൻ കൗൺസിൽ വൈസ് പ്രസിഡന്റ് റവ. വർക്കി തോമസ് എന്നിവർ സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.

csi-5

സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ക്വയർ ഫെസ്റ്റിവലിൽ സിഎസ്ഐ സീഫോർഡ് ഇടവക, സിഎസ്ഐ ജൂബിലി ഇടവക, സിഎസ്ഐ ക്രൈസ്റ്റ് ചർച്ച്, പെൻസിൽവേനിയ ഇമ്മാനുവേൽ, സിഎസ്ഐ ഫിലാഡൽഫിയ റ്റാപ്പൻ സിഎസ്ഐ ചർച്ച് എന്നീ ഇടവകകളുടെ ഗായകസംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു. ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദ്വിശതാബ്ദി ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സിഎസ്ഐ ജൂബിലി ഇടവക ന്യൂയോർക്ക്, സിഎസ്ഐ സീഫോർഡ് ഇടവക എന്നിവർക്കുള്ള ട്രോഫികൾ സമ്മേളനത്തിൽ വച്ച് ബിഷപ്പ് തോമസ് കെ. ഉമ്മൻ നൽകി.

csi-6

ദ്വിശതാബ്ദി ആഘോഷ കമ്മിറ്റി കൺവീനർ റവ. ബിജു വി. ജോൺ സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചു. ദ്വിശതാബ്ദി ആഘോഷ കമ്മിറ്റി കൺവീനർമാരായ മാത്യു ജോഷ്വാ (സിഎസ്ഐ സീഫോർഡ്) സമ്മേളനത്തിൽ എംസിയായി പ്രവർത്തിച്ചു. സിഎസ്ഐ സീഫോർഡ് ഇടവക വികാരി റവ. റോബിൻ മാത്യു ഐപ്പ് കൃതജ്ഞത രേഖപ്പെടുത്തി, വിഭവസമൃദ്ധമായ ഡിന്നറോടുകൂടി സമ്മേളനത്തിന് തിരശീല വീണു.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.