Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഡമ്പ് ട്രംപ് ’ അസാധ്യമായിരിക്കും

വാഷിങ്ടൺ ∙ തന്റെ ലീലാ വിലാസങ്ങളെക്കുറിച്ച് 11 വർഷം മുൻപു റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപിന്റെ വീമ്പ് പറച്ചിൽ നിറഞ്ഞ വീഡിയോ രണ്ടാം പ്രസിഡൻഷ്യൽ ഡിബേറ്റിന്റെ തലേ ദിവസം പരസ്യമായി. ഈ മുഹൂർത്തം ആര്, എങ്ങനെ തിര‍ഞ്ഞെടുത്തു എന്നറിയില്ല. വീഡിയോ പുറത്തുവന്നതോടെ പ്രതികരണങ്ങളുടെ മലവെളള പാച്ചിലാണ്.

എതിർസ്ഥാനാർത്ഥി ഹിലരി ക്ലിന്റൺ ട്രംപ് പ്രസിഡന്റാവാൻ യോഗ്യനല്ല എന്ന ആരോപണം ആവർത്തിച്ചു. റിപ്പബ്ലിക്കൻ നേതാക്കൾ പലരും ട്രംപിൽ നിന്ന് അകലാൻ ആരംഭിച്ചതായാണ് റിപ്പോർട്ട്. കുറഞ്ഞത് 36 റിപ്പബ്ലിക്കൻ കോൺഗ്രസംഗങ്ങളും ഗവർണർമാരും ട്രംപിനെ തളളി പറഞ്ഞും. ഹൗസ് സ്പീക്കർ പോൾ റയാൻ വിസ്കോൺസിൽ റാലിയിൽ നിന്ന് ട്രംപിനെ ഒഴിവാക്കി. എന്നാൽ പൂർണമായും തളളി പറഞ്ഞില്ല. കാരണം ട്രംപ് അനുകൂലികളുടെ റയാന് ആവശ്യമാണ് എന്ന തിരിച്ചറിവാണെന്ന് മാധ്യമങ്ങൾ പറഞ്ഞു. നാലു വർഷമോ എട്ടു വർഷമോ കഴിയുമ്പോൾ റയാൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായേക്കും എന്നു ശ്രുതിയുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി മൈക്ക് പെൻസിന്റെയും ആഗ്രഹം വൈറ്റ് ഹൗസിൽ പ്രഥമ പൗരനായി എത്തുകയാണ്. പെൻസും വളരെ സംയമനത്തോടെയാണ് പ്രതികരിച്ചത്.

ട്രംപിനെ ഡമ്പ് ചെയ്യുക എന്നൊരു മുന്നേറ്റം മുൻപു തന്നെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉണ്ടായിരുന്നതാണ്. ദേശീയ കൺവൻഷനിൽ ട്രംപിനു നോമിനേഷൻ ലഭിച്ചതോടെയാണ് ഈ ആവേശം തണുത്തത്. ഇപ്പോൾ വീണ്ടും ട്രംപിനെ തട്ടുക മുദ്രാവാക്യം ഉയരുകയാണ്.

പക്ഷെ യാഥാർത്ഥ്യം എന്താണ് ? ട്രംപിനെ ഒഴിവാക്കാൻ കഴിയുമോ ? ഇത് ഏതാണ്ട് അസാധ്യമാണെന്ന് നിയമജ്ഞർ പറയുന്നു. താൻ പിന്മാറുകയില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടി സംവിധാനത്തിൽ ഒരു നോമിനിയെ മാറ്റി മറ്റൊരാളെ നിശ്ചയിക്കുവാൻ കഴിയുകയില്ലെന്ന് മിറ്റ് റോംനിയുടെയും ജോർജ് ഡബ്ല്യു ബുഷിന്റെയും പ്രചരണത്തിന്റെ ദേശീയ കൗൺസൽ ആയിരുന്ന ബെഞ്ചമിൻ ഗിൻസ് ബെർഗ് പറയുന്നു. പാർട്ടി നിയമം റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിക്ക് മരണം, നിരസിക്കൽ മറ്റ് കാരണങ്ങൾ എന്നിവയാൽ ഒഴിവു വരുന്ന റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ സ്ഥാനം നികത്താൻ അധികാരം നൽകുന്നു.

മറ്റ് കാരണങ്ങൾ എന്ന പരാമർശം വലിയ അധികാരം ആർഎൻസിക്ക് നൽകുന്നുണ്ട് എന്ന് ചിലർ വാദിക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പ് നിയമ വിദഗ്ധർ ഇതിനോട് യോജിക്കുന്നില്ല. എന്തെങ്കിലും കാരണവശാൽ യോഗ്യത ഇല്ലാതാവുകയോ മരിക്കുകയോ, മത്സര രംഗത്തു നിന്ന് പിന്മാറുകയോ ചെയ്യുന്ന സ്ഥാനാർത്ഥിക്ക് പകരക്കാരനെ കണ്ടെത്തുവാനുളള അധികാരമാണ് ആർഎൻസിക്ക് നൽകിയിരിക്കുന്നതെന്ന് യൂണിവേഴ്സിറ്റി ഓഫ് ജോർജിയയിലെ പൊളിറ്റിക്കൽ സയൻസ് ലക്ചറൽ ജോഷ് പുട്ടണം അഭിപ്രായപ്പെട്ടു.

‘അല്ലാതെ 11 വർഷം മുൻപ് ഒരു ടേപ്പിൽ വിവാദ കമന്റ് നടത്തിയ ഒരാളെ ഇപ്പോൾ മാറ്റുവാനുളള അധികാരമല്ല(ആർഎൻസിയുടെ) നിയമം നൽകുന്നത്. പുട്ടണം തുടർന്നു. ഒരു പോംവഴി ആർഎൻസിക്ക് നിയമം ഭേദഗതി ചെയ്യുകയാണ്. അല്ലെങ്കിൽ നിയമം ഭേദഗതി ചെയ്യുവാനുളള നിയമം ഭേദഗതി ചെയ്യുക. ഇങ്ങനെ എന്തെങ്കിലും ചെയ്യുവാൻ മുതിർന്നാൽ ട്രംപും അനുയായികളും നടപടികൾ കപടമായിരുന്നു എന്ന് ആരോപിക്കും. ട്രംപ് കോടതിയെ സമീപിക്കുവാനുളള സാധ്യതയും തളളിക്കളയാനാവില്ല. ഇതിനിടയിൽ ഹിലരിയുടെ മറ്റു ചില ഇമെയിലുകൾകൂടി പുറത്തായി. ഇവയിൽ ‘ തുറന്ന വ്യാപാരം’ , ‘ തുറന്ന അതിരുകൾ’ എന്നിവയെക്കുറിച്ച് ഹിലരി തന്റെ അഭിപ്രായം വ്യക്തമാക്കുന്നു. വാൾസ്ട്രീറ്റിന് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതിന് ഹിലരി അനുകൂലമാണ് എന്ന ധാരണയാണ് ഇമെയിലുകൾ നൽകുന്നത്. വൻകിട വ്യവസായത്തെയും വാൾസ്ട്രീറ്റിലെ ക്രയവിക്രയങ്ങളിലെ തത്വമില്ലായ്മയെയും ഹിലരി അനുകൂലിച്ചിരുന്നു എന്ന മുൻ എതിരാളിയും ഇപ്പോഴത്തെ സഹയാത്രികനുമായ ബേണി സാൻഡേഴ്സിന്റെ ആരോപണങ്ങൾ ശരി വയ്ക്കുന്നതാണ് ഇമെയിലുകൾ. ഹിലരിക്ക് 2013 നും 2015 നും ഇടയിൽ വാൾസ്ട്രീറ്റിലെ പ്രഭാഷണങ്ങൾക്ക് 20 മില്യൺ ഡോളറിലധികം പ്രതിഫലം ലഭിച്ചു എന്നാണ് റിപ്പോർട്ട്.

വാർത്ത ∙ ഏബ്രഹാം തോമസ്
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.