Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ ഡിബേറ്റിലെ പ്രതീക്ഷകളും ആശങ്കകളും

വാഷിങ്ടൺ ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ രണ്ട് പ്രധാന സ്ഥാനാർത്ഥികൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലറി ക്ലിന്റണും ആദ്യമായി ഒരു വാഗ് വാദത്തിന് നേരിട്ടു വരികയാണ്. സെപ്റ്റംബർ 26 തിങ്കളാഴ്ച നടക്കുന്ന ഈ ഡിബേറ്റിൽ നിന്ന് മത്സര രംഗത്തുളള മറ്റ് രണ്ട് സ്ഥാനാർത്ഥികളെ ഒഴിവാക്കിയിട്ടുണ്ട്.

ഹിലറിയും ട്രംപും നേരിട്ട് പ്രത്യക്ഷപ്പെടുമ്പോൾ പ്രതീക്ഷകളും ആശങ്കകളും അനവധിയാണ്. ഹിലറി ഇതുവരെ ട്രംപിനെ വിമർശിക്കുവാനാണ് കൂടുതൽ സമയം ചെലവഴിച്ചത് എന്നൊരു ആക്ഷേപമുണ്ട്. ക്രിയാത്മകമായ നിർദ്ദേശങ്ങളോ പൊതുജനങ്ങളെ ആകർഷിക്കുന്ന പ്രഖ്യാപനങ്ങളോ കാര്യമായി ഉണ്ടായിട്ടില്ല. എതിരാളികളെ അകറ്റി നിർത്തുന്നതിൽ ട്രംപ് പ്രത്യേക ആനന്ദം കണ്ടെത്തുന്നു എന്ന ആരോപണം ഹിലറിയുടെ ഡിപ്ലോറബിൾസ് അഭിപ്രായത്തോടെ അവരുടെ നേർക്കും ഉയർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് മിറ്റ് റോംനി ബരാക്ക് ഒബാമയെ പിന്താങ്ങുന്ന 47 ശതമാനം പേർ ഗവൺമെന്റിൽ ആശ്രയിച്ചു കഴിയുന്നവരാണ് എന്ന അഭിപ്രായ പ്രകടനം നടത്തി അനഭിമതനായി മാറി. ഏതാണ്ട് അതുപോലെയാണ് പരിതാപം അർഹിക്കുന്നവർ എന്ന ഹിലറിയുടെ വിശേഷണം എന്നാണ് ആക്ഷേപം.

ഫ്ലോറിഡയിൽ ഒരു പ്രചരണ യോഗത്തിൽ ട്രംപ് പ്രത്യക്ഷപ്പെട്ടത് ലെ ഡിപ്ലോറബിൾസ് എന്ന ബാനറിന് മുന്നിലാണ്. ട്രംപ് തന്റെ അഭിസംബോധന ആരംഭിച്ചത്. വെൽക്കം ടു ആൾ ‌ഡിപ്ലോറബിൾസ് എന്ന വാചകത്തോടെയാണ്. എന്തിനും ഹാഷ് ടാഗ് നൽകുന്ന സോഷ്യൽ മീഡിയ ഡിപ്ലോറബിൾസിനും ഹാഷ് ടാഗ് നൽകി പ്രചരിപ്പിച്ചു.

എപി–ജി എഫ് കെ സർവേ അനുസരിച്ച് 61% അമേരിക്കക്കാർ ട്രംപ് അനുകൂലികൾ സാധാരണ അമേരിക്കക്കാർക്കൊപ്പമാണ്. 61 % ട്രംപിനെ അനുകൂലിക്കുന്നില്ല. 56% ഹിലറിയെയും അനുകൂലിക്കുന്നില്ല. ഹെൽത്ത് കെയറിൽ അനുപാതം ഹിലറി– 42% ട്രംപ്– 29% വർഗബന്ധങ്ങൾ –48,20, റഷ്യയുമായ ചർച്ച –40,33 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കുക ട്രംപായിരിക്കും. ഏറെ വിശ്വാസയോഗ്യൻ തോക്ക് വിഷയത്തിൽ ട്രംപാണ്–39%, ഹിലറി –35%.

ഒബാമ ഹെൽത്ത് കെയർ പ്രതീക്ഷിച്ചത്ര പ്രയോജനം ചെയ്തില്ല എന്ന് വിശ്വസിക്കുന്നവർ ധാരാളമാണ്. പ്രീമിയവും കോപേയും ഡിഡക്ടിബിളും കവറേജ് ഇല്ലാത്തതും വർഷം തോറും ഉയരുകയാണ്. വലിയ ഇൻഷുറൻസ് കമ്പനികൾ പലതും പദ്ധതിയിൽ നിന്ന് പിൻവാങ്ങി. തകർന്നുകൊണ്ടിരിക്കുന്ന ഈ സംവിധാനത്തിലേയ്ക്ക് 9 മില്യൺ പുതിയ ആളുകളെ കൊണ്ടു വരുമെന്ന് ഹിലറി പറയുന്നു. ഇതെങ്ങനെ നടപ്പാക്കും, സംവിധാനം എങ്ങനെ തുടർന്നു കൊണ്ടുപോകും എന്ന് ഹിലറിക്ക് വിശദീകരിക്കേണ്ടിവരും.

വിശ്വാസ്യത ഒരു വലിയ ചോദ്യമായി ഉയർന്നേക്കും. ഇമെയിലുകളുടെ രഹസ്യ സ്വഭാവം സൂക്ഷിച്ചില്ല, ബെൻഘാസിയിൽ സുരക്ഷാ പാളിച്ച ഉണ്ടായി എന്നിവ ചർച്ചാ വിഷയമായേക്കും.

ലറ്റിനോ, മുസ്ലീം വിഭാഗങ്ങളെക്കുറിച്ച് ട്രംപ് നടത്തിയ പ്രസ്താവനകൾ, റഷ്യൻ അധികാരികളുമായുളള അമിത ചങ്ങാത്തം, നികുതി വിവരങ്ങൾ വെളിപ്പെടുത്താത്തത്, അന്താരാഷ്ട്ര തലത്തിലെ പരിചയക്കുറവ്, മുൻ ബാങ്ക് റപ്ട്സി ഫയലിംഗുകൾ, അധികാരത്തിൽ വന്നാൽ 20 മില്യൺ ആളുകളുടെ ഇൻഷുറൻസ് കവറേജ് നഷ്ടമാകും എന്ന റിപ്പോർട്ട് തുടങ്ങിയവയെ കുറിച്ചുളള ചോദ്യങ്ങൾക്ക് ട്രംപിന് ഉത്തരം നൽകേണ്ടി വന്നേക്കും. ഏറ്റവും പ്രധാനം പ്രകോപിതനാകാതെ, ശാന്തനായി ഉത്തരം പറയുക എന്നതായിരിക്കും. ചോദ്യകർത്താവിനെ താറടിക്കുവാനുളള പ്രലോഭനത്തിനും കീഴ്പെടാതിരിക്കുക ഉചിതമായിരിക്കും.

ഹെൽത്ത് ഇൻഷുറൻസ് സംബന്ധിച്ച് ഇരു സ്ഥാനാർത്ഥികളും അധികാരത്തിൽ വന്നാൽ സംഭവിക്കുവാനുളള സാധ്യത കണക്കുകൂട്ടൽ മാത്രമാണെന്ന് വിവരം നൽകിയ സ്ഥാപനം അറിയിച്ചു. കണക്കുകൾ പരീക്ഷിച്ച് ബോധ്യപ്പെട്ടിട്ടില്ലെന്നും അവർ അറിയിച്ചു.

വാർത്ത ∙ ഏബ്രഹാം തോമസ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.