Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫൊക്കാന യുദ്ധവേദി: വെടിനിർത്തൽ തികച്ചും അനിവാര്യമാണ്

kora-cheriyan

ഫിലഡൽഫിയ∙ അമേരിക്കൻ മലയാളികളുടെ അഭിമാന സംഘടനയായ ഫൊക്കാന അപ്രതീക്ഷിതമായോ കരുതിക്കൂട്ടിയോ പിളർന്നു ഫോമാ എന്ന രണ്ടാം സംഘടന നിലവിൽ വന്നു. വിഭജനത്തിന്റെ വിഭ്രാന്തിയിലുണ്ടായ പൊട്ടിത്തെറിക്കലിന്റെ കോപാഗ്നി അണഞ്ഞിട്ടില്ല. ധൂമപടലങ്ങൾ കലുഷിതമായി അന്തരീക്ഷത്തിൽ ഇപ്പോഴും നിലകൊള്ളുന്നു.

ഇരുസംഘടനകളും അടുത്തനാൾവരെ സാമാന്യം സമാധാനമായി നിലകൊണ്ടു. ഇരുവിഭാഗത്തിന്റെയും ആഘോഷങ്ങളിൽ മേന്മയേറിയ പല സംസ്ക്കാരിക രാഷ്ട്രീയനേതാക്കളും കലാകാരന്മാരും വിവിധ മതാദ്ധ്യക്ഷരും സംബന്ധിച്ചു. ഭൂമണ്ഡലത്തിന്റെ വിവിധ മേഖലയിലുളള ഏതു മലയാളികളും ആധുനിക മാധ്യമധാരയിലൂടെ ഈ അമേരിക്കൻ മലയാളി സവിശേഷത ഈ നിമിഷംവരെ അഭിമാനത്തോടെ നിലനിർത്തി.

വീണ്ടും ഫൊക്കാനയിൽ വാളും പരിചയുമായി ചേരിപോർ ആരംഭിച്ചു. നിഷ്പക്ഷവാദികളും നിരുപദ്രവികളുമായ സാധാരണ അമേരിക്കൻ മലയാളി ആരാണു ബന്ധു, ആരാണു ശത്രു എന്നോ, സത്യം എവിടെ മിഥ്യ എവിടെ എന്നോ എന്നറിയാതെ വിഭ്രാന്തരാകുന്നു. ഇരുവിഭാഗത്തിലും ഉള്ള അണികൾ ശാന്തമായും സമാധാനമായുള്ള സമീപനം പരസ്പരം നിലനിർത്തുവാൻ നിർദ്ദേശിയ്ക്കുന്നത് ഉത്തമം ആയിരിക്കും.

പോർക്കളത്തിലുള്ള ഇരുവരും രണഭേരി മുഴക്കി ബ്രഹ്മാസ്ത്രം പേറിയാണു നിലകൊള്ളുന്നതെന്നും അർജുനനേക്കാൾ യുദ്ധപ്രാവീണ്യം സിദ്ധിച്ച യോദ്ധാക്കളാണെന്നും മിഥ്യ ധരിച്ചിരിയ്ക്കുന്നു. രഹസ്യവോട്ടോടുകൂടി സൗമ്യമായ രീതിയിലുള്ള തിരഞ്ഞെടുപ്പിൽ തീർച്ചയായും ഒരു വിഭാഗം വിജയം കൈവരിയ്ക്കും. വിജയികളെന്നും പരാജിതരെന്നുമുള്ള വിശുദ്ധിയില്ലാത്ത വിവേചനം പരസ്പര സ്നേഹത്തേയും ധാരണയേയും നിഷ്കരുണം നശിപ്പിയ്ക്കും.

ശത്രുത ശക്തമായി വളരും. പരാജിതർ ഖേദത്തോടും അടക്കാനാവാത്ത അരിശത്തോടും കൂടി ഒരു മൂന്നാംമുന്നണിയ്ക്ക് ജന്മം കൊടുക്കും. കാലത്തിന്റെ തിരിവിൽ പൊട്ടിത്തെറിച്ചു രൂപംകൊണ്ട മലയാളി സംഘടന ചെറിയ ഒരു അമേരിയ്ക്കൻ നഗരത്തിൽ താത്ക്കാലികമായി അവശേഷിയ്ക്കും. അന്തസില്ലാത്ത ഈ കോഴിപോരിൽ മനശാന്തി ലഭിക്കാതെ അനുയായികൾ സാവധാനം പടവാൾ ഉറയിലിട്ട് നടന്നകലും.

ഇരുവിഭാഗവും സൗമ്യമായി ആലോചിച്ചു സമാധാന സന്ധിക്കായി സമ്മേളിക്കുന്നതും ഐക്യതയും സ്നേഹവും ശാന്തിക്കും പരിരക്ഷിക്കുവാനുള്ള നീക്കങ്ങൾ നടത്തുന്നതും തികച്ചും അഭിനന്ദനീയമാണ്. ഭാരത സംസ്കാരത്തിന്റെ മുഖ്യ കണ്ണിയായ ആചാര്യ വചനങ്ങളിൽ മഹത്വമായി പ്രതിപാദിക്കുന്നത് ‘‘വിദ്യ വിനയത്തെ ഉണ്ടാക്കുന്നു; വിനയംകൊണ്ടു യോഗ്യത സിദ്ധിക്കുന്നു’’ എന്നാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.