Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യൻ ഭൂമിയിൽ ജീവിക്കേണ്ടത് അതിഥിയെ പോലെ : സാകാറച്ചൻ

zacharia-speech

ഡാലസ് ∙ മരണത്തിനുശേഷം ആറടി മണ്ണിനും ജീവിച്ചിരിക്കുമ്പോൾ കാൽപാദങ്ങൾ ഊന്നി നില്ക്കുന്നതിന് രണ്ടടി മണ്ണിനു മാത്രം അവകാശമുളള മനുഷ്യൻ, പ്രത്യേകിച്ച് ക്രിസ്ത്യാനികളെന്ന് സ്വയം അഭിമാനിക്കുന്നവർ ഭൂമിയിൽ ജീവിക്കേണ്ടത് അതിഥിയെപോലെ ആയിരിക്കണമെന്ന് വേദപണ്ഡിതനും ധ്യാനഗുരുവുമായ റവ. ഫാ. സഖറിയാ നൈനാൻ (സാകാറച്ചൻ) ഉദ്ബോധിപ്പിച്ചു.

zacharia-4

ഓഗസ്റ്റ് ആദ്യവാരം ഡാലസ് – ഫോർട്ട് വർത്ത് മെട്രോ പ്ലെക്സിലെ ഇരുപത്തി മൂന്ന് ക്രൈസ്തവ സഭകൾ സംയുക്തമായി സംഘടിപ്പിച്ച കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സുവിശേഷ കൺവൻഷനിൽ വചന പ്രഘോഷണം നടത്തുകയായിരുന്നു സാകാറച്ചൻ.

ക്രൈസ്തവ ദൗത്യ നിർവഹണത്തിനായി ഭൂമിയിലേക്ക് അയയ്ക്കപ്പെട്ട അതിഥികളാണെന്ന തിരിച്ചറിവ് മനുഷ്യന് നഷ്ടപ്പെട്ടിരിക്കുന്നു. അഹം ബോധത്തിന്റെ മൂർദ്ധന്യവസ്ഥയിൽ അഹങ്കാരമെന്ന വിപത്തിലേക്ക് അറിയാതെ അധഃപതിക്കുന്ന ആധുനിക മനുഷ്യ വർഗത്തെയാണ് ഇന്ന് എവിടേയും ദർശിക്കുവാൻ കഴിയുന്നത്. അഹങ്കാരം, അൂസയ ഇവ രണ്ടും മനുഷ്യ മനസിനെ സ്ഥായിയായി മഥിക്കുന്ന വികാരങ്ങളാണ്. അസൂയ തേജോമയമായ മുഖത്തിന്റെ പ്രകാശം കെടുത്തി കളയുമ്പോൾ അഹങ്കാരം മനുഷ്യനെ അതിക്രമങ്ങളിലേക്കും അതുവഴി നരഹത്യയിലേക്കും ആനയിക്കുന്നു. അധമ മാർഗ്ഗങ്ങളിലൂടെയല്ല, മറിച്ചു ഉത്തമ മാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ചു ലക്ഷ്യ പ്രാപ്തിയിൽ എത്തിച്ചേരുവാൻ മനുഷ്യൻ ശ്രമിക്കുമ്പോൾ അതിഥിയുടെ മാന്യതയാണ് അംഗീകരിക്കപ്പെടുന്നത്.

zacharia-2

ഭക്തിയുടെ വേഷം ധരിച്ച് ഭോഗ പ്രിയരായി ഇരതേടുകയും ഇന്ന് ചേരുകയും ചെയ്യുന്ന തലത്തിലേക്ക് അതിഥിയായി അന്തസോടെ ജീവിക്കേണ്ട മനുഷ്യൻ അധ:പതിച്ചിരിക്കുന്നു എന്നതു വേദനാജനകമാണ്. സകലവും ആർജ്ജിക്കണമെന്ന വ്യാമോഹം വർജനം എന്ന മഹത് സത്യത്തെ വിസ്മരിക്കുന്നതിനിടയാക്കുന്നു. ‘ഞാൻ എന്ന ഭാവം’ നിലനില്ക്കുന്നിടത്തോളം ‘സ്വർഗ കവാടം മനുഷ്യനു മുമ്പിൽ അടഞ്ഞു തന്നെ കിടക്കും. ‘ഞാൻ’ എപ്പോൾ മരിക്കുന്നുവോ അന്നു മാത്രമായിരിക്കും മനുഷ്യന് ഒരുക്കിയിരിക്കുന്ന സൗഭാഗ്യങ്ങൾ അനുഭവിക്കുന്നതിന് അർഹത ലഭിക്കുകയെന്ന് അച്ചൻ ഓർമ്മിപ്പിച്ചു.


മരകുരിശിൽ മൂന്നാണികളാൽ ക്രിസ്തു നാഥൻ തൂക്കപ്പെട്ടപ്പോൾ അവനെ ക്രൂശിക്ക, ക്രൂശിക്ക എന്നട്ടഹസിച്ച പളളി പ്രമാണിമാർ, ശാസ്ത്രിമാർ, പരീശന്മാർ, മഹാപുരോഹിതർ, ക്രൂശിക്കുന്നതിന് അനുമതി നൽകിയ പീലാത്തോസ്, ചാട്ടവാർ കൊണ്ട് ശരീരം മുഴുവൻ ഉഴുതു മറിച്ച പടയാളികൾ, മുഖത്തു തുപ്പി നിന്ദിച്ചവർ ഉൾപ്പെടെയുളളവർ ശാരീരിക വേദന മാത്രമാണ് നൽകിയതെങ്കിൽ നിരപരാധിയും നിരപവാദ്യനും, നന്മ ചെയ്തും, രോഗികളെ സൗഖ്യമാക്കിയും വിശക്കുന്നവർക്ക് ആഹാരം നൽകിയും ഭാരം ചുമക്കുന്നവർക്ക് അത്താണിയായും സഞ്ചരിച്ച തന്നെ അതിക്രൂരമായി ശിക്ഷിക്കുന്നതും നിന്ദിക്കുന്നതും കണ്ടു. പ്രതികരണശേഷി നഷ്ടപ്പെട്ടു നിശ്ശബ്ദരായി നിന്ന ജനവിഭാഗം മാനസികമായി ക്രിസ്തു നാഥനിൽ ഏല്പിച്ച മുറിവുകൾ എത്ര ഭീകരമായിരുന്നു എന്ന് ചിന്തിക്കുവാൻ പോലും അസാധ്യമാണെന്ന് തിരുവചനങ്ങളെ ഉദ്ധരിച്ചു സാകാറച്ചൻ വ്യക്തമാക്കി.

zacharia-3

എക്യുമനിക്കൽ കൺവൻഷൻ സംഘടിപ്പിക്കുന്നതിലൂടെ സഭകൾ തമ്മിലുളള ഐക്യം ഊട്ടി ഉറപ്പിക്കുന്നതോടൊപ്പം നിർമ്മല വ്യക്തി ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ഇടയാക്കണമെന്നും അച്ചൻ ഓർമ്മപ്പെടുത്തി. ഭൂമിയിലെ അതിഥി ജീവിതം അവസാനിപ്പിച്ച് പ്രത്യാശയുടെ തുറമുഖത്ത് എത്തിച്ചേരുവാൻ സഭ സന്നദ്ധരായിരിക്കണമെന്ന ആഹ്വാനത്തോടെയാണ് അച്ചൻ പ്രസംഗം ഉപസംഹരിച്ചത്.

ഈ വർഷത്തെ കൺവൻഷൻ വിജയകരമായി നടത്തുന്നതിന് സഹകരിക്കുകയും പ്രാർഥിക്കുകയും ചെയ്ത എല്ലാവരോടും പ്രസിഡന്റ് റവ. ഫാ. രാജദാനിയേലച്ചനും സെക്രട്ടറി അലക്സ് അലക്സാണ്ടറും പ്രത്യേകം കൃതജ്ഞത പറഞ്ഞു.

കെഇസിഎഫ് കൺവൻഷനുവേണ്ടി ദേവാലയം തുറന്ന് നൽകിയ സെന്റ് മേരീസ് മലങ്കര ഓർത്തോഡ്കസ് വലിയ പളളി വികാരി റവ. ഫാ. രാജു ദാനിയേൽ, സെക്രട്ടറി റോയ് കൊടുവത്ത്, ഷാജി ജോൺ, ജിജി മാത്യു, ജോബി വർഗീസ് എന്നിവർക്ക് സെക്രട്ടറി അലക്സ് അലക്സാണ്ടർ നന്ദി രേഖപ്പെടുത്തി.

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating: