Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്തിയുടെ നിർവൃതിയിൽ ഗീതാ മണ്ഡലത്തിൽ ശിവലിംഗ സ്ഥാപനം

geethamandalam-pic1

ഷിക്കാഗോ∙ഗീതാമണ്ഡലം കുടുംബ ക്ഷേത്രത്തിൽ ആര്യ ദ്രാവിഡ വേദമന്ത്ര ധ്വനികളാൽ ശിവലിംഗ പ്രതിഷ്ഠ നടത്തി. മംഗളസ്വരൂപിയായ മഹാദേവ ലിംഗ പ്രതിഷ്ഠ 1192 ചിങ്ങം 11 (August 27th Saturday 2016)നു ശ്രീപരമേശ്വരന്റെ ജന്മനാളായ തിരുവാതിര നാളിൽ അഭിജിത്ത് മുഹൂർത്തത്തിൽ ഷിക്കാഗോ ഹിന്ദു സമൂഹത്തിനു സമർപ്പിച്ചു. 1192 ചിങ്ങം 11 നു സൂര്യോദയത്തിൽ ഗണപതി പൂജ നടത്തിയ ശേഷം മുഖ്യ പുരോഹിതൻ ലക്ഷ്മി നാരായണ ശാസ്ത്രികളുടെയും രാജ ഹരിഹര അയ്യരുടെയും നേതൃത്വത്തിൽ ലിംഗ പരിഗ്രഹവും തുടർന്നു വാദ്യഘോഷ അകമ്പടിയോടെ ജലാധിവാസവും ധാന്യാദിവാസവും ഫലാദിവാസവും നടത്താനുള്ള പ്രത്യേക മണ്ഡപത്തിൽ എത്തിച്ചു.

geethamandalam-pic2

തുടർന്ന് ജലാധിവാസത്തിനു മുന്നോടിയായി മുഖ്യ പുരോഹിതൻ, തീർത്ഥത്തിൽപുണ്യാഹം തളിച്ച് ശോഷണാദി ചെയ്ത്, ‘ആയതു വരുണാശ്ശീഘ്രം പ്രാണിനാം പ്രാണരക്ഷക: അതുല്യ ബലവാനത്ര സർവ്വദുഷ്ട പ്രശാന്തയേ’ എന്ന ശ്ലോകവും ഓം വം വരുണായ നമഃ എന്ന മൂലമന്ത്രവും നൂറ്റെട്ട് തവണ ജപിച്ച് അർഘ്യപുഷ്പാഞ്ജലി സമർപ്പിച്ച്, ലിംഗത്തെ തേജോമയി ആയി സങ്കൽപ്പിച്ച് ജലത്തിലാഴ്ത്തി കിടത്തി. തുടർന്ന് ശ്രീ രുദ്രമന്ത്രാഭിഷേക ശേഷം ജലത്തിൽ നിന്നു ശിവലിംഗവും നന്ദികേശ്വേര വിഗ്രഹവും പുറത്തെടുത്ത് പ്രത്യേക പൂജകൾക്ക് ശേഷം ധാന്യാധിവാസവും ഫലാധിവാസവും നടത്തി.

geethamandalam-pic3

അതിനുശേഷം വാദ്യഘോഷങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ രഥത്തിൽ ശിവ പെരുമാളിന്റെയും നന്ദിദേവന്റെയും വിഗ്രഹത്തെ ഗീതാ മണ്ഡലം തറവാട്ടിലേ പൂജാ തട്ടിൽ ഇരുത്തി മാണിക്യ വാസരുടെ ദ്രാവിഡ വേദമായ തിരുവാസക മന്ത്രവും ശ്രീരുദ്രവും ഉരുവിട്ട് സമസ്ത പാപ പരിഹാര പൂജകളും ആവാഹന പൂജകളും നവകാഭിഷേകവും സഹസ്രനാമ അർച്ചനകളും നടത്തി.
തുടർന്ന്, ദേവശില്പിയും അമേരിക്കയിലെ തച്ചു ശാസ്ത്രത്തിന്റെ അവസാനവാക്കുമായ നാരായണൻ കുട്ടപ്പന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച ശ്രീകോവിലിൽ വാസ്തുപൂജയും മഹാദേവ പൂജയും കഴിച്ചശേഷം നമഃശിവായ പഞ്ചാക്ഷരിയാൽ മുഖരിതമായ, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലെ പുണ്യ മുഹൂർത്തത്തിൽ, ശിവ ലിംഗനന്ദികേശ്വേര വിഗ്രഹ സ്ഥാപനവും നടത്തി. തുടർന്ന് വിശേഷാൽ മൃത്യുഞ്ജയ പൂജയും കൂവള ഇലകളാല് അർച്ചനയും നടത്തി. അതിരാവിലെ മുതൽ പൂജകൾ അവസാനിക്കുന്നവരെ ഗീതാമണ്ഡലം ക്ഷേത്രമെങ്ങും നമഃശിവായ മന്ത്ര ധ്വനികൾ അലയടിച്ചു മുഴങ്ങിക്കൊണ്ടിരുന്നു. വൈക്കത്തപ്പന്റെ ശ്രീകോവിലിന്റെ ചുമരുകളെ ഓർമ്മിപ്പിക്കുമാറ്, മഹാദേവന്റെ ശ്രീ കോവിലിനു ചുറ്റും ആലേഖനം ചെയ്ത ഷിക്കാഗോയിലെ കൊച്ചുകലാകാരി രേവതി വരച്ച പാർവ്വതി പരമേശ്വേരന്മാരുടെ മ്യൂറൽപെയിന്റിംഗ് എല്ലാവരുടെയും മനം കവർന്നു. പൂജകൾക്ക് ശേഷം രശ്മി മേനോന്റെ നേതൃത്വത്തിൽ ഗീതാമണ്ഡലം ഭജന ഗ്രൂപ്പിന്റെ പ്രത്യക ശിവഭജനയും നടന്നു.

geethamandalam-pic4

തുടർന്നു നടന്ന യോഗത്തിൽ ഗീതാമണ്ഡലം അധ്യക്ഷൻ ജയ് ചന്ദ്രൻ, ഈ ശിവ ക്ഷേത്രം ഷിക്കാഗോ ഹൈന്ദവ സമൂഹത്തിനായി സമർപ്പിക്കുന്നതായി അറിയിക്കുകയും വൈക്കം ശ്രീകോവിലിന്റെ മാതൃകയിൽ അതിമനോഹരമായി ശ്രീകോവിൽ രൂപ കല്പന ചെയ്ത നാരായണൻ കുട്ടപ്പനെ പൊന്നാട അണിയിച്ചു ആദരിച്ചു. കൂടാതെ കേരളത്തിൽ കൃഷ്ണശിലയിൽ തീർത്ത ശിവ ലിംഗ നന്ദികേശ്വേര വിഗ്രഹം ഗീതാമണ്ഡലം ശിവക്ഷേത്രത്തിന് സമർപ്പിച്ച നാരായണൻജിയുടെ കുടുംബത്തിനോടും, രവികുട്ടപ്പന്റെ കുടുംബത്തിനോടും, ജാനകി കൃഷ്ണന്റെ കുടുംബത്തിനോടും, കമലാക്ഷി കൃഷ്ണന്റെ കുടുംബത്തിനോടുമുള്ള ഗീതാമണ്ഡലത്തിന്റെ തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും അറിയിച്ചു.

അതുപോലെ ശ്രീകോവിലിൽ നിർമാണത്തിനുള്ള സാമ്പത്തിക സഹായം നൽകിയ എല്ലാവരോടും, വിശേഷ്യ ഡോക്ടർ ഷിവി ജെയിനിനോടുമുള്ള ഗീതാ മണ്ഡലത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചു. അതിനുശേഷം സെക്രട്ടറി ബൈജു മേനോൻ, ശ്രീകോവിൽ അതിമനോഹരമാക്കുവാൻ നാരായൻജിയെ സഹായിച്ച രവി കുട്ടപ്പനും കുമാരി രേവതിക്കും നന്ദി പ്രകാശിപ്പിച്ചു. അതുപോലെ വൈക്കത്തപ്പന്റെ ശ്രീകോവിൽ എന്ന ആശയം കൊണ്ട വരുകയും അത് പ്രാവർത്തികമാക്കാൻ അഹോരാത്രം യത്നിച്ച ശേഖരൻ അപ്പുക്കുട്ടനെ ഗീതാമണ്ഡലത്തിന്റെ പേരിലും ഷിക്കാഗോ ശൈവഭക്തരുടെ പേരിലും നന്ദി അറിയിച്ചു. തുടർന്ന് ട്രഷറർ അപ്പുക്കുട്ടൻ, രണ്ട ുനാൾ നീണ്ട പൂജകൾക്ക് നേതൃത്വം നൽകിയ ലക്ഷ്മി നാരായണ ശാസ്ത്രികളെയും രാജ ഹരിഹര അയ്വരെയും പൊന്നാട അണിയിച്ചു ആദരിച്ചു. രണ്ടു ദിനങ്ങൾ ആയി അഹോരാത്രം ശിവവിഗ്രഹ സ്ഥാപന വിജയത്തിനായി പ്രവർത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങൾക്കും മറ്റു ഗീതാ മണ്ഡലം കുടുംബാംഗങ്ങൾക്കും, ശിവവിഗ്രഹ സ്ഥാപനത്തിൽ പങ്കെടുക്കുകയും ഇതിന്റെ വിജയത്തിനായി സാമ്പത്തികമായി സഹായിച്ച എല്ലാ നല്ലവരായ ഭക്ത ജനങ്ങൾക്കും നന്ദി അറിയിച്ചു. ‘ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതെ‘ എന്ന് ശ്രീകൃഷ്ണൻ ‘ഭഗവദ്ഗീത’യിൽ പറഞ്ഞിട്ടുണ്ട്.

geethamandalam-pic5

ശരീരം ആത്മചൈതന്യം വഹിക്കുന്ന ക്ഷേത്രവിഗ്രഹം പോലെയും, ആത്മാവ് ഈശ്വരവിഗ്രഹത്തിലെ ചൈതന്യം പോലെയുമാണ്. മാത്രമല്ല, ഊർജ്ജ സ്രോതസ്സുകൾ നിറഞ്ഞു നിൽക്കുന്ന കേന്ദ്രമാണ് ക്ഷേത്രം. ക്ഷേത്രദർശനം വഴി നമുക്ക് ആവശ്യമുള്ള അളവിൽ അനുകൂലോർജ്ജം ലഭിക്കുവാൻ കഴിയും അതിനാൽ കഴിയുന്നത്ര എല്ലാ ഭക്ത ജനങ്ങളും കുട്ടികളുമായി ക്ഷേത്ര ദർശനം നടത്തണം എന്ന് തദവസരത്തിൽ ഗീതാമണ്ഡലം ആചാര്യൻ ആനന്ദ് പ്രഭാകർ അഭിപ്രായപ്പെട്ടു.ഇതോടെ ഗീതാ മണ്ഡലം അംഗങ്ങളുടെ ചിരകാല അഭിലാഷങ്ങളിൽ ഒന്നുകൂടി സഫലീകരിച്ചു. ആനന്ദ് പ്രഭാകർ അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: