Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രചരണ ശൈലി മാറ്റുമെന്ന് ഹിലറി

ഗ്രീൻസ് ബറോ (നോർത്ത് കരോലിന) ∙ ന്യൂമോണിയയ്ക്കും മൂന്ന് ദിവസത്തെ വിശ്രമത്തിനും ശേഷം പൂർവ്വാധികം ഊർജ്ജസ്വലതയോടെ പ്രചരണ രംഗത്തെത്തിയ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ഹിലറി ക്ലിന്റൺ പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ വ്യത്യസ്ത സമീപനം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ക്രിയാത്മക പദ്ധതികളിലേയ്ക്കുളള തന്റെ വീക്ഷണത്തിന് പ്രാധാന്യം നൽകിയുളള പ്രചരണമായിരിക്കും ഇനി നടത്തുക. എതിരാളിയെ അശക്തനാക്കുവാനുളള പ്രചരണമായിരിക്കില്ല ഇനി നടത്തുക. കുട്ടികൾക്ക് അവസരവും കുടുംബങ്ങൾക്ക് നീതിയും ലഭ്യമാക്കുവാൻ ലക്ഷ്യം വച്ചുളളതായിരിക്കും പ്രചരണമന്ന് തിരിച്ചെത്തിയശേഷം നടത്തിയ ആദ്യ റാലിയെ അഭിസംബോധന ചെയ്തു ഹിലറി പറഞ്ഞു.

മാസങ്ങളോളം തന്റെ എതിരാളി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപിനെ നിശിതമായി വിമർശിച്ചിരുന്ന ഹിലറിയുടെ പുതിയ സമീപനം നിരീക്ഷകർ പ്രത്യേകം ശ്രദ്ധിച്ചു. തിര‍ഞ്ഞെടുപ്പ് അടുക്കുമ്പോൾ തന്നെ ഇഷ്ടപ്പെടാതെയും വിശ്വസിക്കാതെയും ഇരിക്കുന്ന വോട്ടർമാരിലെ ഒരു വിഭാഗത്തെ തന്നിലേയ്ക്കു അടുപ്പിക്കുവാൻ ഈ തന്ത്രം പയറ്റുന്നത് നന്നായിരിക്കും എന്ന് ഹിലറി തിരിച്ചറിഞ്ഞു എന്നാണ് നിരീക്ഷകർ പറയുന്നത്.

ഇനി മുതൽ നവംബർ 8 വരെ ഹിലറി പോകുന്നിടത്തെല്ലാം രാജ്യത്തിനു വേണ്ടിയുളള എന്റെ ആശയങ്ങളായിരിക്കും സംസാരിക്കുക. അടുത്ത ആഴ്ചയിൽ യുവജനങ്ങളെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും എങ്ങനെ അഭിവൃദ്ധിപ്പെടുത്താം എന്ന വിഷയത്തിലൂന്നിയാണ് പ്രസംഗങ്ങൾക്ക് രൂപം നൽകിയിരിക്കുന്നതെന്ന് ഹിലറിയോട് അടുത്ത േകന്ദ്രങ്ങൾ പറഞ്ഞു. കുട്ടികളുടെ വക്താവ് എന്ന നിലയിലെ തന്റെ പ്രവർത്തനങ്ങളും പ്രഥമ വനിതയായിരിക്കുമ്പോൾ സ്ത്രീകൾക്കും കുടുംബങ്ങൾക്കും പ്രാധാന്യം നൽകിയതുമെല്ലാം പ്രചരണ പ്രസംഗങ്ങളിൽ വിവരിക്കും. യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിനയിലെ വേദിയിൽ ജെയിംസ് ബ്രൗണിന്റെ ഐഗോട്ട് യൂ, ഐ ഫീൽ ഗുഡ്’ എന്ന വരികളുടെ പശ്ചാത്തലത്തിൽ ആരംഭിച്ച പ്രസംഗത്തിലും ഈ ആശയങ്ങൾ പ്രതിഫലിച്ചു.

‘ഞാൻ മത്സരിക്കുന്നത് ആരോഗ്യവാന്മാരായിരുന്ന തങ്ങളുടെ കുട്ടികളെ സംരക്ഷിക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്കുവേണ്ടിയാണ്. ഞാൻ മത്സരിക്കുന്നത് ആ കുട്ടികൾക്ക് വേണ്ടിയാണ്. ഇത്രയും കുറഞ്ഞ ദിവസങ്ങൾ മാത്രം തിരഞ്ഞെടുപ്പിനുശേഷിക്കുമ്പോൾ വീട്ടിലിരിക്കുവാൻ എനിക്കാവില്ല. എന്നാൽ പ്രചരണത്തിനിടയിൽ ലഭിച്ച ഇടവേള ഒരു വരദാനമായി ഞാൻ കരുതുന്നു ഹിലറി പറഞ്ഞു.

അഭിപ്രായ സർവേകൾ ഹിലറിക്ക് മുൻപുണ്ടായിരുന്ന മുൻതൂക്കം കുറെയൊക്കെ നഷ്ടമായെന്നും ഇപ്പോൾ കടുത്ത മത്സരമാണെന്നും പ്രവചിച്ച സാഹചര്യത്തിലാണ് ഹിലറിപ്രചരണം പുനരാരംഭിച്ചത്. ഹിലറിയുടെ അഭാവത്തിൽ ഭർത്താവും മുൻ പ്രസിഡന്റുമായ ബിൽ ക്ലിന്റൺ വളരെ സജീവമായി പ്രചരണം നടത്തി. എങ്കിലും സ്ഥാനാർത്ഥി തന്നെ നേരിട്ടു സജീവമായി രംഗത്തുണ്ടാവുക മറ്റൊരു അനുഭവമായാണ് അനുയായികൾ കരുതുന്നത്. ഹിലറിയുടെ മുഖത്ത് മാറി മറിയുന്ന ഭാവങ്ങൾ സശ്രദ്ധം വീക്ഷിക്കുവാൻ താല്പര്യം കാട്ടിയ മാധ്യമ പ്രവർത്തകരെ നോക്കി ചെറുചിരിയാണ് ഹിലറി പാസ്സാക്കിയത്.

ലറ്റിനോസ് ഫോർ ട്രംപ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ നിയന്ത്രണമില്ലാത്ത കുടിയേറ്റ സംവിധാനം അമേരിക്കയുടെ മുക്കിലും മൂലയിലും ടാക്കോ ട്രക്കുകൾ ഉണ്ടാവുന്ന സ്ഥിതി സൃഷ്ടിക്കും എന്ന് പറഞ്ഞിരുന്നു. (ലറ്റിനോകളുടെ പ്രിയ ഭക്ഷണങ്ങളിൽ ഒന്നാണ് ടാക്കോ). അമേരിക്കയുടെ എല്ലാ മുക്കിലും മൂലയിലും ടാക്കോ ട്രക്കുകൾ ഉണ്ടാവുന്നത് വളരെ രുചികരമായിരിക്കും എന്നാണ് ഹിലറി ഇതിന് മറുപടി നൽകിയത്.

കോൺഗ്രഷനൽ ഹിസ്പാനിക് കോക്കസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഘോഷത്തിലും ഹിലറി പ്രസംഗിച്ചു. പ്രസിഡന്റ് ബരാക്ക് ഒബാമയായിരുന്നു മറ്റൊരു പ്രഭാഷണം നടത്തിയത്.

വാർത്ത∙ ഏബ്രഹാം തോമസ് 

Your Rating: