Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിലറിയുടെയും ട്രംപിന്റെയും സുരക്ഷാ പദ്ധതികൾ

ന്യുയോർക്ക് ∙ എല്ലാ വിഷയങ്ങളിലുമെന്നപോലെ അമേരിക്കയുടെ സുരക്ഷയെക്കുറിച്ചും രണ്ട് പ്രസിഡന്റ് സ്ഥാനാർത്ഥികൾക്കും വളരെ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉളളത്. ടെലിവൈസ് ചെയ്ത നാഷണൽ സെക്യൂരിറ്റി ഫോറത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപും ഡമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലറി ക്ലിന്റണും 30 മിനിറ്റ് രാജ്യ സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകി.

ആദ്യം ചോദ്യങ്ങൾ നേരിട്ടത് ഹിലറി ആയിരുന്നു. താൻ ഗവൺമെന്റിൽ ഉണ്ടായിരുന്ന കാലത്തെക്കുറിച്ചുളള ചോദ്യങ്ങളാണ് ആദ്യം ഹിലറിക്ക് നേരിടേണ്ടി വന്നത്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരിക്കുമ്പോൾ സ്വകാര്യ സെർവറിലൂടെ ഈ മെയിലുകൾ അയയ്ക്കുയും സ്വീകരിക്കുകയും ചെയ്തതിലും സെനറ്ററായിരിക്കുമ്പോൾ 2003ൽ ഇറാഖ് ആക്രമണത്തെ അനുകൂലിച്ച് വോട്ടു ചെയ്തതിലും തനിക്ക് തെറ്റുപറ്റി എന്ന് ഹിലറി സമ്മതിച്ചു. എന്നാൽ തെറ്റുകൾ ആവർത്തിക്കുകയില്ല എന്ന് ഉറപ്പ് നൽകിയില്ല. ലിബിയയിൽ സ്വേച്ഛാധിപതിയെ സ്ഥാനഭ്രഷ്ടനാക്കുവാൻ സൈനിക അധിനിവേശം നടത്തിയതിന് പിന്തുണ നൽകിയത് ശരിയായിരുന്നു എന്നും ഹിലറി പറഞ്ഞു.

ഹിലറിയുടെ മുൻകാല പ്രവർത്തന ശൈലിയെ വീണ്ടും ചോദ്യം ചെയ്തപ്പോൾ അവർ അസ്വസ്ഥയാവുകയും പ്രകോപനത്തിന്റെ വക്കിലെത്തുകയും ചെയ്തു. നവംബറിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ വിദേശ നയത്തിൽ തന്റെ സമീപനം എന്തായിരിക്കും എന്ന് ഹിലറി വ്യക്തമാക്കി. ഇസ്ലാമിക് സ്റ്റേറ്റുമായി യുദ്ധം ചെയ്യുവാൻ ഇറാഖിലോ സിറിയയിലോ അമേരിക്കൻ കരസേനയെ അയയ്ക്കുകയില്ലെന്ന് ഹിലറി ഉറപ്പ് നൽകി. ഓരോ ആഴ്ചയിലും ഓവൽ ഓഫീസിൽ പെന്റഗൺ, ഡിപ്പാർട്ട്മെന്റ് ഓഫ് വെറ്ററൽ അഫയേഴ്സ് എന്നിവയുടെ പ്രതിനിധികളുമായി വിമുക്ത ഭടന്മാരുടെ ആരോഗ്യ സുരക്ഷയെക്കുറിച്ച് ചർച്ച നടത്തുമെന്നും ഹിലറി വാഗ്ദാനം നൽ‍കി.

കമാൻഡർ ഇൻ ചീഫ് ആകാൻ ഒട്ടും യോഗ്യനല്ലെന്ന് ഹിലരി ആരോപിക്കുന്ന ട്രംപ് വിമർശനങ്ങളെക്കുറിച്ച് പ്രതികരിക്കുവാൻ അധികം സമയം വിനിയോഗിച്ചില്ല. തീവ്രവാദ സംഘങ്ങളെ നേരിടുവാൻ തന്റെ കൈവശം ഒരു ബ്ലൂപ്രിന്റ് ഉണ്ടെന്നും അധികാരത്തിലെത്തി 30 ദിവസങ്ങൾക്കുളളിൽ ഒരു പദ്ധതി സമർപ്പിക്കുവാൻ മിലിട്ടറി തലവന്മാരോട് ആവശ്യപ്പെടുമെന്നും ട്രംപ് പറഞ്ഞു. നിലവിലെ ആർമി ജനറലന്മാരെക്കുറിച്ചുളള വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ താൻ അധികാരത്തിലെത്തിയാൽ വ്യത്യസ്തരായ ജനറലന്മാരായിരിക്കും ഉണ്ടാവുക എന്നായിരുന്നു മറുപടി. തീരുമാനങ്ങൾ എടുക്കുവാൻ തന്റെ സാമാന്യ ബുദ്ധി തന്നെ സഹായിക്കും എന്നാണ് മിലിട്ടറി ഉപദേശകരെക്കുറിച്ചുളള ചോദ്യത്തിന് ലഭിച്ച മറുപടി.

റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനെ ട്രംപ് വീണ്ടും പുകഴ്ത്തി. പുടിന് തന്റെ രാജ്യത്തിനുമേൽ വലിയ നിയന്ത്രണമുണ്ട് എന്ന് അഭിപ്രായപ്പെട്ടു. ട്രംപിന്റെ വാക്കുകൾ റിപ്പബ്ലിക്കൻ പാർട്ടിയിൽ പുടിനെ ഇഷ്ടപ്പെടാത്തവരെ ട്രംപിൽ നിന്നകറ്റും എന്നാണ് നിരീക്ഷകർ പറയുന്നത്.

തിരഞ്ഞെടുപ്പിന് കേവലം രണ്ടു മാസം മാത്രം ശേഷിക്കുമ്പോൾ വൈറ്റ് ഹൗസിലേയ്ക്കുളള മത്സരത്തിൽ ദേശീയ സുരക്ഷ പ്രധാനസ്ഥാനം വഹിക്കുന്നു. രണ്ട് സ്ഥാനാർത്ഥികളും വിശ്വസിക്കുന്നത് ഒരാൾക്ക് മറ്റേ ആളെക്കാൾ യോഗ്യതയുണ്ട് എന്നാണ്. ഹിലരി തന്റെ പരിചയ സമ്പന്നത വാദം ഉന്നയിക്കുമ്പോൾ ട്രംപിന്റെ പ്രവചിക്കാനാവാത്ത നിലപാടുകളാണ് എതിർപക്ഷത്ത്. സാധാരണ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കാണ് മിലിട്ടറിയെക്കുറിച്ചും രാജ്യ സുരക്ഷയെക്കുറിച്ചും ദൃഢമായ നയങ്ങൾ ഉളളതെന്നാണ് വോട്ടർമാരുടെ വിശ്വാസം. ഇപ്രാവശ്യം ട്രംപ് തങ്ങളുടെ വിശ്വാസം തകർക്കുമോ എന്നാണ് വോട്ടർമാരുടെ ആശങ്ക.

വാർത്ത ∙ ഏബ്രഹാം തോമസ് 

Your Rating: