Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിസ്പാനിക് വോട്ടുകൾക്ക് വേണ്ടി ട്രംപിന്റെ ശ്രമം

സ്റ്റാഫോർഡ് (വെർജിനിയ)∙ മെക്സിക്കോ അമേരിക്കയിലേയ്ക്ക് ബലാൽസംഗക്കാരെയും കുറ്റവാളികളെയും നിയമ വിരുദ്ധമായി അതിർത്തി കടത്തി അയയ്ക്കുകയാണെന്ന് ഡോണാൾഡ് ട്രംപ് പ്രചരണത്തിന്റെ ആദ്യനാളുകളിൽ ആരോപിച്ചിരുന്നു. ഇതുവ്യാപക പ്രതിഷേധത്തിനു കാരണമായി. ഹിസ്പാനിക് വംശജരെയും അമേരിക്കയിലുളള 11 മില്യൺ നിയമ വിരുദ്ധ കുടിയേറ്റക്കാരെയും ക്ഷുഭിതരാക്കി. പിന്നീട് തന്റെ വാക്കുകൾ മയപ്പെടുത്തി മെക്സിക്കോയിൽ നിന്നുളള വ്യവസായികളെയും സത്യസന്ധരായ തൊഴിലാളികളെയും സ്വാഗതം ചെയ്യുന്നു എന്ന് ട്രംപ് പറഞ്ഞു. എങ്കിലും ശക്തമായ ട്രംപ് വിരുദ്ധ വികാരം മെക്സിക്കൻ വംശജരിൽ നിലനില്ക്കുകയാണെന്ന് സർവേകൾ പറയുന്നു.

ഹിസ്പാനിക് വോട്ടുകൾ ലക്ഷ്യമിട്ട് ട്രംപ് ഒരുയോഗം വിളിച്ചു ചേർത്തു. യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും വ്യവസായികളും വിശ്വാസ പ്രസ്ഥാന നേതാക്കളും പങ്കെടുത്തു. നാഷണൽ ഹിസ്പാനിക് അഡ് വൈസറി കൗൺസിൽ ഫോർ ട്രംപിന്റെ മേൽ വിലാസത്തിലായിരുന്നു യോഗം. ട്രംപിനെ ഹിസ്പാനിക്കുകളുമായി കൂടുതൽ അടുപ്പിക്കുകയായിരുന്നു ഉദ്ദേശം.

ഹിസ്പാനിക് വംശജരുടെ പിന്തുണ നേടുക അത്ര എളുപ്പം അല്ലെന്ന് ട്രംപിനും പ്രചരണ വിഭാഗത്തിനും അറിയാം. പരമ്പരാഗതമായി ഈ വിഭാഗത്തിൽ ഭൂരിപക്ഷവും ഡെമോക്രാറ്റിക് അനുകൂലികളാണ്. പുറമെ ട്രംപിന്റെ പ്രസ്താവനകൾ അവരെ കൂടുതൽ അകറ്റുകയും ചെയ്തു. യോഗം ഒരു ഗെയിം ചെയിഞ്ചിംഗ് നീക്കമായിരുന്നു എന്ന് ഹിസ്പാനിക്ക് കമ്മ്യൂണിക്കേഷൻസ് ഫോർ ദ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി ഡയറക്ടർ ഹെലൻ അഗ്വിയർ പറഞ്ഞു.

ആഫ്രിക്കൻ അമേരിക്കൻ വോട്ടർമാർക്കിടയിലും തന്റെ സ്വാധീനം വളർത്തുവാൻ ട്രംപ് ശ്രമിക്കുകയാണ്. ജനപ്രിയത കുറയുന്നതായി ഗ്യാലപ് പോളുകൾ വ്യക്തമാക്കുന്ന പശ്ചാത്തലത്തിലാണ് ഈ ശ്രമം. പ്രചരണ സംഘത്തിന്റെ അഴിച്ചു പണിയും കാമ്പയിൻ മാനേജർ വിട്ടുപോയതുമെല്ലാം സഹായകരമാവുമെന്നാണ് കണക്കുകൂട്ടൽ.

ഇതിനിടയിൽ ട്രംപ് വ്യവസായങ്ങളെക്കുറിച്ച് അന്വേഷണം നടത്തി ചില വെളിപ്പെടുത്തലുകളുമായി ദ ന്യൂയോർക്ക് ടൈംസ് രംഗത്തെത്തി. ട്രംപിന്റെ ഉടമസ്ഥതയിലുളള കമ്പനികൾക്ക് 650 മില്യൺ ഡോളറിന്റെ കടം ഉണ്ടെന്നാണ് വെളിപ്പെടുത്തൽ. ഇത് ട്രംപ് സമർപ്പിച്ച രേഖകളിൽ പറയുന്നതിന് ഇരട്ടിയാണ്. ന്യുയോർക്കിലെ അവന്യൂ ഓഫ് അമേരിക്കാസിൽ ട്രംപ് സഹപങ്കാളിയായ ഓഫീസ് മന്ദിരത്തിന് 950 മില്യൻ ഡോളർ ലോണുണ്ട്. കടം നൽകിയിരിക്കുന്നവരിൽ ട്രംപ് എപ്പോഴും വിമർശിക്കുന്ന രാജ്യമായ ചൈനയുടെ പൗരന്മാരുടെ ബാങ്ക് ഓഫ് ചൈനയും ഹിലരിയെ നിയന്ത്രിക്കുന്നവർ എന്ന് ട്രംപ് ആരോപിക്കുന്ന ഗോൾഡൻ സാക്ക്സും ഉൾപ്പെടുന്നു. ഒരു പ്രസംഗത്തിന് പ്രതിഫലമായി ഹിലരിക്ക് ഗോൾഡൻ സാക്ക്സ് ഏഴര ലക്ഷം ഡോളർ നൽകിയിരുന്നു.

പ്രചരണത്തിന്റെ ആദ്യ നാളുകളിൽ ട്രംപ് നൽകിയ രേഖകൾ അനുസരിച്ച് ചെറുകിട വായ്പാ ദാതാക്കളായ 500 ൽ അധികം ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾക്ക് ട്രംപ് 315 മില്യൻ ഡോളർ നൽകാനുണ്ടായിരുന്നു. ടൈംസ് കണ്ടെത്തിയത് 650 മില്യൺ ഡോളറിന്റെ കടമാണ്. ഇതിന് പുറമെ ട്രംപിന്റെ ആസ്തികൾ 2 ബില്യൺ ഡോളർ കടം നൽകാനുളള മൂന്ന് പാർട്ടണർ ഷിപ്പ് കമ്പനികളുമായി പരോക്ഷമായി ബന്ധപ്പെട്ടിരിക്കുന്നതായും ടൈംസ് കണ്ടെത്തി. ഈ കടങ്ങൾ തിരിച്ചടയ്ക്കുന്നതിൽ പിഴവുണ്ടായാൽ ട്രംപ് വ്യക്തിപരമായി ഉത്തരം നൽകേണ്ടി വരില്ലെങ്കിലും ട്രംപിന്റെ നിക്ഷേപത്തിന്റെ മൂല്യം കുത്തനെ താഴും.

ട്രംപ് ഒരിക്കൽ സിഎൻ എന്നോട് പറഞ്ഞു: ‘ഞാൻ കടങ്ങളുടെ രാജാവാണ്’ എനിക്ക് കടം ഇഷ്ടമാണ്. നാല് ബിസിനസുകൾ പാപ്പരായപ്പോൾ ഈ ഇഷ്ടത്തിന് വലിയ വില നൽകേണ്ടി വന്നുവെന്നു ലോകം മനസ്സിലാക്കി.

2015 ൽ ലാഡർ കാപ്പിറ്റലിൽ നിന്ന് ന്യൂയോർക്കിലെ 40 വാൾസ്ട്രീറ്റിൽ സ്വന്തം നിയന്ത്രണത്തിലുളള ലിമിറ്റഡ് ലയബിലിറ്റി കമ്പനിയുടെ ഗ്രൗണ്ട് ലീസിന്റെ ജാമ്യത്തിൽ 160 മില്യൺ ഡോളർ ട്രംപ് കൈപ്പറ്റിയ രേഖയും ടൈംസ് പുറത്തു വിട്ടു.

വാർത്ത ∙ ഏബ്രഹാം തോമസ് 

Your Rating: