Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎപിസി രാജ്യാന്തര മാധ്യമസമ്മേളനം: ഒക്ടോബര്‍ എട്ടുമുതല്‍ പത്തുവരെ  

iapc-meeting

ന്യൂയോര്‍ക്ക്∙ ഇന്തോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) മൂന്നാം രാജ്യാന്തര മാധ്യമസമ്മേളനത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കും. കണക്ടിക്കട്ടിലുള്ള ഹില്‍ടണ്‍ സ്റ്റാംഫോര്‍ഡ് ഹോട്ടലില്‍ ഒക്ടോബര്‍ എട്ടു മുതല്‍ 10 വരെയാണ് മാധ്യമസമ്മേളനം. അമേരിക്കയിലേയും കാനഡയിലേയും മാത്രമല്ല രാജ്യാന്തരതലത്തില്‍ പ്രശസ്തരായ ദൃശ്യ, പത്ര മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന മൂന്നു ദിവസത്തെ കോണ്‍ഫറന്‍സില്‍ നിരവധി സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും കലാസാംസ്‌കാരിക പരിപാടികളും നടക്കും. ആർ.എസ്. ബാബു, മാങ്ങാട് രത്‌നാകരന്‍, എം.വി. നികേഷ് കുമാര്‍, എസ്.ആര്‍. ശക്തിധരന്‍, ജി. ശേഖരന്‍ നായര്‍, പ്രദീപ് പിള്ള, ജെ.എസ്. ഇന്ദുകുമാര്‍, ലിസ് മാത്യു, സിന്ധു കുമാര്‍, ജെ.അലക്‌സാണ്ടര്‍ ഐഎഎസ്, പി.വി. അബ്ദുള്‍ വഹാബ് എംപി,  ഡോ. അജയ് ലോധാ, എച്ച് ആര്‍ .ഷാ , ബാഗ്ഗാ , ഡോ ജെ .മോസസ് തുടങ്ങിയ പ്രമുഖര്‍ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്.

ദേശാഭിമാനി കണ്‍സള്‍ട്ടന്റ് എഡിറ്ററായിരിക്കെയാണ് ആര്‍.എസ്. ബാബുവിനെ കേരള മീഡിയ അക്കാദമി ചെയര്‍മാനായി നിയമിക്കുന്നത്. 1978 മുതല്‍ ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്ന ബാബുവിന്റെ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും രാഷ്ട്രീയഭരണ മേഖലകളില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ട്. 

തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മുന്‍ പ്രസിഡന്റായ ആര്‍.അജിത്ത് കുമാര്‍ മംഗളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും അസോസിയേറ്റ് എഡിറ്ററുമാണ്. മുതിര്‍ന്ന ടെലിവിഷന്‍ ജേര്‍ണലിസ്റ്റായ മാങ്ങാട് രത്‌നാകരന്‍ ഏഷ്യാനെറ്റ് ന്യൂസ് കോഓര്‍ഡിനേറ്റിങ് എഡിറ്ററാണ്. സമഗ്രസംഭാവനയ്ക്കുള്ള സുരേന്ദ്രന്‍ നിലീശ്വരം അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം.

ഏഷ്യാനെറ്റിലൂടെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച എം.വി. നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാനേജിങ് ഡയറക്ടറാണിപ്പോള്‍. ഇന്ത്യാവിഷന്‍ ചാനലിന്റെ സിഇഒ ആയും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം മലയാള ദൃശ്യമാധ്യമരംഗത്ത് പുത്തന്‍ മാനങ്ങള്‍ കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എസ്.ആര്‍. ശക്തിധരന്‍ പ്രസ് അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ കൂടിയാണ്. മാതൃഭൂമിയുടെ തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ജി. ശേഖരന്‍ നായര്‍. മൂന്നുതവണ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് ഉള്‍പ്പെടെ പത്രപ്രവര്‍ത്തനരംഗത്തെ മികവിന് 35 ഓളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം.

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ മാധ്യമപ്രവര്‍ത്തകനായ പ്രദീപ് പിള്ള തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റാണ്. മുതിര്‍ന്ന ദൃശ്യമാധ്യമപ്രവര്‍ത്തകനായ ജെ.എസ്. ഇന്ദുകുമാര്‍ ജയ്ഹിന്ദ് ടിവിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ്.
ഇന്ത്യന്‍ എക്‌സ്പ്രസില്‍ സീനിയര്‍ എഡിറ്ററായി പ്രവര്‍ത്തിക്കുന്ന ലിസ് മാത്യു വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസില്‍ പത്തുവര്‍ഷവും മിന്റില്‍ ആറുവര്‍ഷവും പ്രവര്‍ത്തിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയാണ്. മനോരമ ന്യൂസ് ക്യാമറമാനാണ് സിന്ധുകുമാര്‍, കര്‍ണാടക ചീഫ് സെക്രട്ടറിയായിരുന്ന ജെ. അലക്‌സാണ്ടര്‍ ഐഎഎസ് കര്‍ണാടകയിലെ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 33 വര്‍ഷത്തോളം കര്‍ണാടകയില്‍ ഐഎഎസ് ഓഫിസറായിരുന്നു അദ്ദേഹം. പ്രമുഖ ബിസിനസുകാരനും മുസ്ലീം ലീഗ് നേതാവുമായ പി.വി. അബ്ദുള്‍ വഹാബ് രാജ്യസഭ എംപിയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ബിസിനസ് സംരംഭങ്ങളുടെ ഉടമകൂടിയാണദ്ദേഹം.

2013 ല്‍ രൂപീകൃതമായ ഇന്തോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ മൂന്നാമത്തെ രാജ്യാന്തര കോൺഫറൻസാണിത്. കഴിഞ്ഞവര്‍ഷം ന്യൂയോര്‍ക്കിലും ആദ്യവര്‍ഷം ന്യൂജഴ്‌സിയിലുമാണ് കോൺഫറൻസ് നടന്നത്. അച്ചടി ദൃശ്യ മാധ്യമരംഗത്തുള്ള ഇന്തോ അമേരിക്കന്‍ പത്രപ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ സമന്വയിപ്പിക്കുന്നതിനുള്ള കൂട്ടായ്മയായാണ് ഇന്തോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി). ഇതിന്റെ അംഗങ്ങളുടെ കര്‍മ്മ ിരതമായ പ്രവര്‍ത്തന ശൈലികൊണ്ടും സഹകരണം കൊണ്ടുമാണ് ഇതിനോടകം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയിലേക്ക് ഇതു വളര്‍ന്നത്. അമേരിക്കയിലും കാനഡയിലും ഓസ്‌ട്രേലിയയിലും ഗള്‍ഫിലുമുള്ള മാധ്യമരംഗത്തെ പ്രമുഖര്‍ ഐഎപിസിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. 

ഈ കോൺഫറൻസിലെ  പ്രധാന വര്‍ക്ക്ഷോപ്പുകളും  സെമിനാറുകളും മുഖ്യധാരയിലെ മാധ്യമ പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും നയിക്കുന്നതാണ്.  ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ് എല്ലാ വര്‍ഷവും  നല്‍കുന്ന മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള സത്കര്മ അവാര്‍ഡ്  പ്രസ്തുത കോൺഫറൻസിൽ കൊച്ചിയില്‍നിന്നുള്ള തെരുവോരം മുരുകന് ഇക്കൊല്ലം നല്‍കി ആദരിക്കും. 

അമേരിക്കയിലെ  പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍  അതിന്റെ മൂർധന്യതയില്‍ എത്തിയിരിക്കുന്ന  ഈ സമയത്ത് രാജ്യാന്തര മാധ്യമ കോൺഫറൻസില്‍  അമേരിക്കയിലെ ഇരു പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്  ഒരു രാഷ്ട്രീയ സംവാദം സംഘടിപ്പിച്ചിട്ടുണ്ട്. റിപ്പബ്ലിക് പ്രസിഡന്റ് സ്ഥാനാര്‍ഥി  ഡോണാള്‍ട് ട്രംപിന് വേണ്ടി പ്ര. എ.ഡി.അമര്‍ വസ്തുതകള്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുമ്പോള്‍  ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലറി ക്ളിന്റനുവേണ്ടി ന്യൂജഴ്സി പാര്‍ലമെന്റില്‍ മത്സരിക്കുന്ന മലയാളി പൈതൃകമുള്ള യുവ പൊതുപ്രവര്‍ത്തകന്‍ പീറ്റര്‍ ജേക്കബ് , പ്രതിവാദങ്ങളുടെ പെരുമഴയുമായി  ഈ മുഖ്യ സംവാദം പ്രവാസി ഭാരതീയരില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുമെന്നു കരുതുന്നു. ഈ രാഷ്ട്രീയ സംവാദങ്ങള്‍ക്ക്  മോഡറേറ്ററായി  പ്രഫ. ഇന്ദ്രജീത് സലൂജാ ചുക്കാന്‍ പിടിക്കുന്നതായിരിക്കും.

കൂടാതെ വിവിധ മത്സരങ്ങളിലെ വിജയികളെയും പ്രഗല്‍ഭരായ മാധ്യമ പ്രവര്‍ത്തകരെയും ആദരിച്ചു പുരസ്കാരങ്ങള്‍ നല്‍കുന്നതും ഈ രാജ്യാന്തര സമ്മേളനത്തിന്‍റെ  തിലകക്കുറിയായി ഒരു സുവനീര്‍ പ്രകാശനം ചെയ്യും . 9നു വൈകിട്ട് സംഘടിപ്പിച്ചിരിക്കുന്ന പൊതു സമാപന ചടങ്ങിലും കലാസാംസ്കാരിക പരിപാടികളിലും ഡിന്നറിലും വിവിധ സാമൂഹ്യ നേതാക്കള്‍, അമേരിക്കന്‍ മാധ്യമ പ്രതിനിധികള്‍, കോൺസുലേറ്റ് മേധാവികള്‍ പങ്കെടുക്കും. 

വളര്‍ന്നു വരുന്ന മാധ്യമപ്രവര്‍ത്തകരെ നൂതന വിവര സാങ്കേതിക ജാലകങ്ങളിലൂടെ വിവിധ രാജ്യങ്ങളില്‍നിന്നും  പരസ്പരം ബന്ധിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഐഎപിസി കര്‍മ്മനിരതമാണെന്നും അതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഐഎപിസി ബോര്‍ഡ് ചെയര്‍മാന്‍  ജിന്‍സ്മോന്‍ സഖറിയ ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു. വാര്‍ത്ത സമർപ്പിക്കുന്നത്, കോരസന്‍ വറുഗീസ്, ജനറല്‍സെക്രട്ടറി, ഡോ. മാത്യൂ ജോയിസ്‌ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്.

വാർത്ത∙ ജോൺസൺ പുഞ്ചക്കോണം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.