Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെഫ്‌നി ചെമ്മരപ്പള്ളിയുടെ സംസ്‌കാരം വ്യാഴാഴ്ച

jefni

വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ്, കണക്ടിക്കട്ട്∙ അകാലത്തിൽ മരിച്ച ജെഫ്‌നി ചെമ്മരപ്പള്ളിയുടെ (19) സംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച (ഒക്ടോബര്‍ 20) രാവിലെ 10ന് വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡിലെ സെന്റ് തിമത്തി കാത്തലിക്ക് ചര്‍ച്ചില്‍ നടത്തും. തുടര്‍ന്ന് സംസ്‌കാരം സെന്റ് ബെനഡിക്ട് സെമിത്തേരി, 1 കോട്ടേജ് ഗ്രോവ് റോഡ്, ബ്ലൂംഫീല്‍ഡ്, കണക്ടിക്കട്ട്-06002 

പൊതുദര്‍ശനം ബുധനാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ സെന്റ് തിമത്തി ചര്‍ച്ചില്‍ (225 കിംഗ് ഫിലിപ്പ് ഡ്രൈവ്, വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ്, കണക്ടിക്കട്ട്-06117) നടത്തുമെന്ന് കുടുംബ സുഹൃത്ത് ജയിംസ് വട്ടപ്പറമ്പില്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി യൂണിവേഴ്‌സിറ്റി ഓഫ് കണക്ടിക്കട്ട് കാമ്പസില്‍ ഫയര്‍ ഫോഴ്‌സ് വാഹനമിടിച്ച് മരിച്ച ജെഫ്‌നിയുടെ മരണം സംബന്ധിച്ചു‌ പൂര്‍ണ വിവരങ്ങള്‍ ഇനിയും വ്യക്തമല്ല. ക്യാംപസിലെ ഫയര്‍ സ്റ്റേഷന്‍ വാതിലിനോടു ചാരി നിന്ന ജെഫ്‌നി വാതില്‍ പെട്ടെന്നു തുറന്നപ്പോള്‍ പുറകോട്ടു വീഴുകയും ചെവി ടാഹോ വാഹനം കയറി മരിക്കുകയും ചെയ്തു എന്നാണു പൊലീസ് റിപ്പോര്‍ട്ട്.  ഇതു രാത്രി 1:13 നായിരുന്നു. പക്ഷേ മൃതദേഹം കണ്ടത് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ തിരിച്ചു വരുമ്പോഴാണത്രെ. ഒരാളെ ഇടിച്ചാല്‍ അപ്പോള്‍ തന്നെ അറിയേണ്ടതല്ലെ എന്ന സംശയം നിലനില്‍ക്കുന്നു.

അപകടം വരുത്തിയ വാഹനം ഓടിച്ച ഷിഫ്ട് കമാന്‍ഡര്‍ ഡാന ബാരോയെ (60)അഡ്മിനിസ്റ്റ്രെറ്റിവ് ജോലിയിലേക്കു മാറ്റി.
അപകടം അറിഞ്ഞയുടന്‍ യുണിവേഴ്‌സിറ്റി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. പിന്നീട് യൂണിവേഴ്‌സിറ്റി അധികൃതരുടെയും സ്റ്റേറ്റ് അറ്റോര്‍ണി ഓഫിസിന്റെയും  നിര്‍ദേശ പ്രകാരം അന്വേഷണം സ്റ്റേറ്റ്  പൊലീസിന്റെ ക്രാഷ് അനാലിസിസ് സ്‌ക്വാഡിനു വിട്ടു. സംഭവത്തെപ്പറ്റി എന്തെങ്കിലും വിവരം അറിയാവുന്നവര്‍ ട്രൂപ്പര്‍ മാര്‍ക്ക് ഡികോക്കോയുമായി ബന്ധപ്പെടണം-203-630-8079.

ജെഫ്‌നിയുടെ പിതാവ് എബ്രഹാം ചെമ്മരപ്പള്ളി (സിബി) വെളിയനാട് സ്വദേശിയാണു. മാതാവ് ഷൈനി കൈപ്പുഴ വാലയില്‍ കുടുംബാംഗം. മൂന്നു മക്കളില്‍ ഇളയ കുട്ടിയായിരുന്നു ജെഫ്‌നി.

നഴ്‌സിംഗ് ലക്ഷ്യമിട്ട ജെഫ്‌നി കായിക രംഗത്തും പഠന രംഗത്തും ഒരു പോലെ മികവു കാട്ടിയിരുന്നു. ഗാമ ഡെല്‍റ്റ അടക്കം വിവിധ അക്കാദമിക്ക് സംഘടനകളില്‍   അംഗമായിരുന്നുവെന്നും ഒരേ സമയം പല കാര്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും മാതാപിതാക്കള്‍ ഐ വിറ്റ്‌നസ് ന്യൂസിനോടു പറഞ്ഞു.  ഈ തിരക്കൊന്നും സാരമില്ലെന്നു ജെഫ്‌നി എപ്പോഴും പറയുമായിരുന്നു.

വലിയ പ്രതീക്ഷകളുണ്ടായിരുന്ന ജെഫ്‌നി ഹാര്‍ഡ് വര്‍ക്കര്‍ ആയിരുന്നുവെന്ന് അമ്മ ഷൈനി പറഞ്ഞു. അതേ സമയം എല്ലാവരെ പറ്റിയും കരുതലും ഉണ്ടായിരുന്നു. തന്നെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കാനാണു ജെഫ്‌നി ശ്രമിച്ചത്.

അന്‍പതു സ്റ്റേറ്റിലും ജെഫ്‌നിക്ക് സുഹൃത്തുക്കളുണ്ടെന്നു തങ്ങള്‍ കളിയായാക്കുമായിരുന്നുവെന്ന് സഹോദരന്‍ ജോയല്‍ അനുസ്മരിച്ചു. ഏതൊരാളുമായും സൗഹൃദം സ്ഥാപിക്കുന്ന വ്യക്തിത്വമായിരുന്നു ജെഫ്‌നിയുടേത്. ആ ബന്ധങ്ങള്‍ നില നിര്‍ത്താനും ജെഫ്‌നി എപ്പോഴും ജാഗരൂകയായിരുന്നു.

സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ ജെഫ്‌നി പങ്കാളിയായിരുന്നു. ഹോസ്റ്റലില്‍ ഡോര്‍മിറ്ററി അസിസ്റ്റന്റായിരുന്നു. ഫലത്തില്‍ ഒരു അമ്മയുടെ ജോലി. താമസിക്കുന്നവരുടെയൊക്കെ കാര്യങ്ങള്‍ ഭംഗിയായി പോകുന്നുവെന്നു ജെഫ്‌നി ഉറപ്പു വരുത്തി.

ഇതേസമയം എല്ലാ വിദ്യാര്‍ഥികളും തങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണെന്നു യൂണിവേഴ്‌സിറ്റി പ്രസിഡന്റ് സൂസന്‍ ഹെബ്സ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു. ജെഫ്‌നിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. വാക്കുകള്‍ക്ക് ബന്ധു മിത്രാദികളെ സമാശ്വസിപ്പികാന്‍ ആവില്ലെന്നറിയാം-അവര്‍ പറഞ്ഞു.

ജെഫ്‌നിയുടെ അന്ത്യം തന്നെ ഏറെ വേദനിപ്പിക്കുന്നതായി വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ് മേയര്‍ ഷരി കാന്റര്‍ പറഞ്ഞു. കാന്ററുടെ ഇളയ പുത്രനും ജെഫ്‌നിയും സ്‌കൂളില്‍ സുഹൃത്തുക്കളായിരുന്നു.വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ് ഹാള്‍ ഹൈസ്‌കൂളില്‍ പഠിച്ച ജെഫ്‌നി കണക്കിലും അത്‌ലറ്റിക്‌സിലും മികവു കാട്ടിയിരുന്നുവെന്ന് കാന്റര്‍ ഓര്‍മ്മിച്ചു.

മരണവാര്‍ത്ത കേട്ട് വിഷാദത്തിലായ കുട്ടികള്‍ക്ക് ആശ്വാസമേകാന്‍ യൂണിവേഴ്‌സിറ്റിയിലും ഹൈസ്‌കൂളിലും പ്രത്യേക കൗണ്‍സലര്‍മാരെ നിയോഗിച്ചിട്ടുണ്ട്. മികച്ച വിദ്യാര്‍ഥിനി ആയിരുന്നു ജെഫ്‌നി എന്നു ഹാള്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡാന്‍ സിറ്റൂണ്‍ പറഞ്ഞു. സ്‌കൂളിലെ സോക്കര്‍ ടീമിലും അത്‌ലറ്റിക്‌സിലും സജീവമായിരുന്നു. സ്റ്റുഡന്റ് ക്ലബ്, കെം ഫോര്‍ കിഡ്‌സിലും പ്രവർത്തിച്ചു. കഴിഞ്ഞ വര്‍ഷമാണു ഗ്രാജ്വേറ്റ് ചെയ്തത്. 

വാർത്ത∙ജോസ് കടാപുറം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.