Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിച്ചയുടെ പുട്ടും പുട്ടുകുറ്റിയും എല്ലന്‍ ഷോയില്‍ മനംകവര്‍ന്നു

ellen-show

ന്യൂയോർക്ക്∙ അമേരിക്ക കാണാന്‍ നല്ല രസം-കിച്ച പറഞ്ഞു. കിച്ചയുടെ പ്രകടനം എല്ലന്‍ ഷോയില്‍ കണ്ടപ്പോള്‍ അതിലും രസം-പ്രേക്ഷകരും പറഞ്ഞു. ആറു വയസ്സുള്ള കിച്ചയുടെ പാചകവും ഷോയിലെ പ്രകടനവും അവതാരക എല്ലന്‍ ഡിജനേഴ്‌സിനും നന്നേ ബോധിച്ചു. ഷോയില്‍ കിച്ച ഉണ്ടാക്കിയ പുട്ട് രുചിച്ചു നോക്കി സ്വാദിഷ്ടം എന്ന് അവര്‍ പ്രതികരിച്ചു. എല്ലനെ 'പുട്ടുകുറ്റി' എന്നു പറയാനും കിച്ച പഠിപ്പിച്ചു.

kicha-2

പിതാവ് രാജഗോപാല്‍ വി. കൃഷ്ണന്‍, അമ്മ റൂബി, ചേച്ചി നിധ എന്നിവര്‍ അടക്കം കിച്ചയെ ഷോയിലേക്ക് പ്രത്യേക ക്ഷണിതാക്കളായി കൊച്ചിയില്‍ നിന്നു സ്റ്റുഡിയോയുടെ ചെലവില്‍ കൊണ്ടുവന്നതാണ്. കിച്ച പുട്ട് ഉണ്ടാക്കുന്ന വീഡിയോ വെള്ളിയാഴ്ച സംപ്രേഷണം ചെയ്തു.

കൊച്ചിയില്‍ സെന്‍ട്രല്‍ അഡ്വര്‍ട്ടൈസിംഗ് കമ്പനി മാനേജരാണ് രാജഗോപാല്‍. ശീമാട്ടിയുടെ അഡ്വര്‍ടൈസിംഗ് മാനേജരും ഉടമ ബീനാ കണ്ണന്റെ പബ്ലിക് റിലേഷന്‍സ് മാനേജരും. ഭാര്യ റൂബി കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ ലക്ചററായിരുന്നു. ഇപ്പോള്‍ സ്‌പെഷാലിറ്റി കേക്കുകളുടെ നിര്‍മ്മാതാവ്. കേക്‌സ് മൈ പാഷന്‍ എന്നാണ് വീട്ടില്‍ നിര്‍മ്മിക്കുന്ന കേക്കുകളുടെ ബ്രാന്‍ഡ് നെയിം. 

kicha-3

കിച്ചയുടെ ശരിക്കുള്ള പേര് നിഹാല്‍ രാജ് എന്നാണ്. ചേച്ചി നിധ ബി.കോം വിദ്യാര്‍ത്ഥിനി. നാലു വയസ്സുള്ളപ്പോള്‍ അമ്മയ്ക്ക് സഹായവുമായി കിച്ച കിച്ചണിലെത്തുമായിരുന്നു. അന്നത്തെ താത്പര്യം കളിപ്പാട്ടങ്ങളെപ്പറ്റി റിവ്യൂ തയാറാക്കുകയാണയിരുന്നു. യുട്യൂബില്‍ ഹിറ്റായ എവന്‍ ട്യൂബ് അയിരുന്നു പ്രചോദനം. കുട്ടികള്‍ അവതരിപ്പിക്കുന്ന എവന്‍ ട്യൂബിന്റെ സ്രഷ്ടാക്കളായ എവനേയും ജില്ലിയനേയും ഒരുനാള്‍ കാണണമെന്നും കിച്ച ആഗ്രഹം പ്രകടിപ്പിക്കുമായിരുന്നു എന്നു മാതാപിതാക്കള്‍ പറഞ്ഞു. വിവിധതരം ഭക്ഷണങ്ങള്‍ പാചകം ചെയ്യുന്ന എവന്‍ ട്യൂബ് കുട്ടികളുടെ അവതരണംകൊണ്ടുതന്നെ മനം കവരുന്നതാണ്.

അമ്മ എല്ലാ ദിവസവും കേക്ക് ഉണ്ടാക്കുമ്പോള്‍ ചില്ലറ സഹായവുമായി അടുത്തുകൂടുന്ന കിച്ച നാലു വയസില്‍ സ്വന്തമായി ഒരു ഐസ്‌ക്രീം ഉണ്ടാക്കി. അതു നിര്‍ബന്ധിച്ച് പിതാവിനെകൊണ്ട് വീഡിയോയിലാക്കി ഫേസ്ബുക്കിലിട്ടു. അതിനു നല്ല പ്രതികരണം കിട്ടി!

kicha-4

എന്നാല്‍ പിന്നെ ഇത്തരമൊരു ഷോ സ്ഥിരമായി ചെയ്താലെന്തെന്നായി. അങ്ങനെ കിച്ചാ ട്യൂബ് എച്ച്.ഡി, യുട്യൂബില്‍ സംപ്രേഷണം തുടങ്ങി. ചെറിയ ചെറിയ വീഡിയോകളാണ് പോസ്റ്റ് ചെയ്തത്. കത്തിയും തീയും ഉപയോഗിക്കാതെ ബേക്ക് ചെയ്‌തോ ഫ്രിഡ്ജില്‍ വച്ചോ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ് കിച്ച ഉണ്ടാക്കിയത്. അരിഞ്ഞു മറ്റും കൊടുക്കാൻ അമ്മ സഹായിക്കും. അതു വീഡിയോയില്‍ കടപ്പാടായി പറയും. രണ്ടു കൊല്ലത്തിനിടെ പതിനഞ്ചോളം വീഡിയോകള്‍ പോസ്റ്റ് ചെയ്തു. അതിലൊന്നു മിക്കി മൗസിന്റെ ആകൃതിയിലുള്ള മാംഗോ ഐസ്‌ക്രീമായിരുന്നു.

അതുകണ്ട് ഒരു ഇന്ത്യന്‍ ഏജന്‍സി അതിന്റെ ലീഗല്‍ റൈറ്റ്‌സ് ആവശ്യപ്പെട്ടു രംഗത്തു വന്നു. കോണ്‍ട്രാക്ട് എഴുതിയപ്പോഴാണറിയുന്നത് അവര്‍ ഫേസ്ബുക്കിന്റെ ഏജന്റുമാരാണെന്ന്. 2000 ഡോളര്‍ (ഒന്നേകാല്‍ ലക്ഷത്തില്‍പ്പരം രൂപ) പ്രതിഫലം നല്‍കി. 1000 ഡോളര്‍ വീഡിയോയ്ക്കും, 1000 ഡോളര്‍ കിച്ചയുടെ ടാലന്റിനുള്ള സമ്മാനവും. അങ്ങനെ ഫേസ്ബുക്കിന് വീഡിയോ വില്‍ക്കുന്ന ഏറ്റവും പ്രയം കുറഞ്ഞ വ്യക്തിയായി കിച്ച. തുടര്‍ന്നാണ് എല്ലന്‍ ഷോയിലേക്ക് ക്ഷണം ലഭിച്ചത്. അതു വലിയ ബഹുമതിയായി എന്ന് രാജഗോപാല്‍ പറഞ്ഞു. അവര്‍ പലവട്ടം സ്‌കൈപ്പിലൂടെ കിച്ചയെ ഇന്റര്‍വ്യൂ ചെയ്തു. നാലു വീഡിയോകൂടി തയാറാക്കിച്ചു. പുട്ട്, ട്രൈഡഫ്രൂട്ട് ബര്‍ഫി, മാര്‍ഷ് മാലോ വട, തേങ്ങാ പുഡ്ഡിംഗ് എന്നിവ.

വീഗന്‍ (കടുത്ത വെജിറ്റേറിയന്‍) റെസിപേ ആയിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. അങ്ങനെ ഷോയില്‍ പുട്ട് ഉണ്ടാക്കാന്‍ തീരുമാനിച്ചു. നടന്‍ ദിലീപിന്റെ കട 'ദേ പുട്ട്' മായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് സന്തോഷം. അവര്‍ തയാറാക്കുന്ന കുറെ പ്രത്യേക അരിപ്പൊടി കൊടുത്തുവിട്ടു. നാട്ടില്‍ നിന്നു പുട്ടുകുറ്റിയും കൊണ്ടുവന്നു. ലൊസാഞ്ചലസ് യൂണിവേഴ്‌സല്‍ സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ കിച്ചയ്ക്ക് പ്രത്യേകമായി അലങ്കരിച്ച മുറി തയാറാക്കിയിരിക്കുന്നു. എല്ലാംകൊണ്ടും സെലിബ്രിറ്റിയായി സ്വീകരണം. എല്ലനും മറ്റും പറയുന്ന ഇംഗ്ലീഷ് നന്നായി മനസ്സിലാകുമെന്നതും, ഇംഗ്ലീഷില്‍ സംസാരിക്കാനാകുന്നതുമാണ് കിച്ചയ്ക്ക് അനുകൂലമായത്. 

ഷോയില്‍ ചെന്നപ്പോള്‍ അതാ സ്റ്റൗവും പുട്ടുകുറ്റിയുമൊക്കെ റെഡി. അത് കണ്ടപ്പോള്‍ അതിശയം തോന്നിയെന്ന് രാജഗോപാല്‍. പത്തു മിനിറ്റുള്ള ഷോ എല്ലനും ഓഡിയന്‍സും നന്നേ ആസ്വദിച്ചു. ഇടയ്ക്ക് ഉയര്‍ന്ന ചിരികള്‍ തന്നെ സാക്ഷ്യം. ഷോ തങ്ങള്‍ക്കും സംതൃപ്തി പകര്‍ന്നുവെന്നു മാതാപിതാക്കളും സാക്ഷ്യപ്പെടുത്തി. കൊച്ചി ചോയിസ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കിച്ച. സ്‌കൂളിലെ ചെയര്‍മാന്‍ ജോസ് തോമസില്‍ നിന്നും വലിയ പിന്തുണയും സഹകരണവും ലഭിക്കുന്നുവെന്ന് രാജഗോപാല്‍ പറഞ്ഞു. 

ഭാവിയില്‍ എന്താകണമെന്നതിനെപ്പറ്റിയും കിച്ചയ്ക്ക് ഐഡിയകളുണ്ട്. ഭൂമിയില്‍ ജനംകൂടി അന്യഗ്രഹങ്ങളിലൊക്കെ പോയി താമസിക്കുന്ന കാലം വരാം. സ്‌പേസിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഭക്ഷണമുണ്ടാക്കാന്‍ പറ്റുന്ന യന്ത്രം കണ്ടുപിടിക്കണം എന്നാണ് കിച്ചയുടെ മോഹം.

എന്നു നിന്റെ മൊയ്തീന്‍ സിനിമയിലെ നായകന്‍ മൊയ്തീന്റെ കുടുംബത്തിലെ അംഗമാണ് റൂബി. മൊയ്തീന്റെ കസിന്‍ ന്യൂയോര്‍ക്ക് വെസ്റ്റ്‌ചെസ്റ്ററിലുള്ള ഡോ. അബ്ദുള്‍ അസീസ്, ന്യൂഹാമ്പ്ഷയറിലുള്ള ഡോ. അഹമ്മദ്കുട്ടി എന്നിവർ കിച്ചയുടെ അമ്മാവന്മാരാണ്. കിച്ചയുടെ പുട്ടില്‍ അരിപ്പൊടിക്കും തേങ്ങയ്ക്കും പുറമെ ഒരല്‍പം തേനുംകൂടി ചേര്‍ത്തു. മധുരം അമേരിക്കക്കാര്‍ക്ക് പ്രിയംകരമാണല്ലൊ. ആവി പറക്കുന്ന പുട്ടിന്റെ ഗന്ധവും രുചിയും എല്ലനു നന്നേ പിടിച്ചു. 

വാർത്ത∙ ജോസ് കാടാപുറം  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.