Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെസിഎഫ്-മഞ്ച്-നാമം ഓണത്തിന് പുതു ചരിത്രവുമായി ന്യൂജഴ്സി ഒരുങ്ങുന്നു

manjnammom03

ന്യൂജഴ്സി∙ മൂന്ന് സംഘടനകളുടെ നേതൃത്വത്തിൽ ഇക്കുറി ഓണം ആഘോഷിച്ചു ചരിത്രം തിരുത്താൻ തയാറെടുക്കുകയാണ് ന്യൂജഴ്സി മലയാളികൾ. കെസിഎഫ്-മഞ്ച്-നാമം എന്നീ സംഘടനകൾ ഓണത്തപ്പനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ന്യൂജഴ്സിയിലെ മലയാളികൾ ജാതിമത വർഗ വ്യത്യാസങ്ങൾക്കപ്പുറത്തു മഹാബലിയുടെ പ്രതാപം തിരികെ കൊണ്ടുവരാൻ ഒന്നായി പ്രവർത്തിക്കുകയാണിവിടെ.

നാമം സാംസ്കാരിക സംഘടനയുടെ സ്ഥാപകൻ ബി. മാധവൻ നായർ ഈ ചരിത്രമുഹൂർത്തത്തെ കുറിച്ച് പ്രതികരിക്കുന്നു -

manjnammom01

‘ഓണം നമ്മുടെ ഉള്ളിൽ ഉണർത്തുന്നത് ഒരു ഗൃഹാതുരത്വമാണ്. എങ്കിലും നമ്മുടെയുള്ളിൽ എവിടെയെങ്കിലും അറിഞ്ഞോ അറിയാതെയോ ആ നഷ്ടസ്മൃതി ഒരു നിമിഷാർദ്ധത്തേക്കെങ്കിലും ഉണർന്നു വന്നാൽ അതാണ് ഓണം! അതിനായി ന്യൂജേഴ്സിയിലെ മലയാളികൾ ഒന്നിക്കുകയാണ്. ഇവിടെ ജാതി മത ചിന്തകൾ ഇല്ല. ഓണം എന്ന മലയാളികളുടെ ഉത്സവം മാത്രം. മുൻകാലങ്ങളിൽ അമേരിക്കയുടെ വിവിധഭാഗങ്ങളിൽ പ്രത്യേകം പ്രത്യേകം ഓണാഘോഷങ്ങൾ ഉണ്ടായിരുന്ന. അതൊക്കെ ഇന്ന് മാറി മറിയുന്നു.

മലയാളികൾ ഒന്നാണെന്ന് ലോകത്തെ അറിയിക്കുവാൻ ഓണം പോലെ മറ്റൊരു ആഘോഷമില്ല. മുറ്റത്തും തൊടിയിലും ഊഞ്ഞാലുകളുടെ അരികിൽ ഊഴവും തേടി നിന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. അത് തിരികെ കൊണ്ടുവരാൻ ഒരു ശ്രമം. അതിപ്പോൾ വിജയത്തിന്റെ പാതയിലാണ്. ഒരു ദിവസം പൂർണ്ണമായും ഓണാഘോഷം. കൂട്ടുകാരെ ഉന്തിയും കൂടെക്കൂടിയും ഒരവസരത്തിനു വഴിയൊരുക്കിയിരുന്ന കാത്തുനിന്നിരുന്ന നാളുകൾ ഞങ്ങൾ ഇവിടെ പുതിയ തലമുറയ്ക്കായി ഒരുക്കുന്നു. അത് കാണുവാൻ ന്യൂജഴ്സിയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു.

ന്യൂജഴ്സിയിലെ മലയാളി സംഘടനകളിൽ വളരെ ശ്രദ്ധേയമായ സാന്നിധ്യമാണ് നാമം എന്ന സംഘടനയ്ക്കുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് നാമത്തിനു അമേരിക്കൻ മലയാളികൾക്കിടയിൽ മികച്ച സംഘടന എന്ന ഖ്യാതി നേടിയെടുക്കുവാൻ സാധിച്ചിട്ടുണ്ട്. സ്ഥാപക ചെയർമാൻ എന്ന നിലയിൽ നാമത്തിന്റെ വളർച്ചയിൽ സംതൃപ്തനാണ്. ഡോ. ഗീതേഷ് തമ്പി (പ്രസിഡന്റ്), സജിത് ഗോപിനാഥ് (സെക്രട്ടറി), ഡോ. ആശാ വിജയകുമാർ (ട്രഷറർ) എന്നിവർ അടങ്ങുന്ന നാമത്തിന്റെ പുതിയ കമ്മിറ്റി നേതൃത്വം സജീവമായി പ്രവർത്തിക്കുന്നു. 2015ൽ നാമവും മഞ്ചും കൂടി ചേർന്നായിരുന്നു ഓണാഘോഷം നടത്തിയത്. മിനിസ്ക്രീൻ താരങ്ങളെ അണിനിരത്തിയായിരുന്നു അത് സംഘടിപ്പിച്ചത്. അതിനേക്കാൾ ഭംഗിയായ നിലയിൽ ഇത്തവണ പരിപാടികൾ സംഘടിപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ തുടങ്ങി കഴിഞ്ഞു.’

കേരള കൾച്ചറൽ ഫോറത്തിന്റെ ഇരുപത്തിയേഴാം വാർഷികവും ഓണാഘോഷത്തോടൊപ്പം നടക്കുകയാണ്. കേരള കൾച്ചറൽ ഫോറത്തിന്റെ സ്ഥാപകനും ന്യൂജഴ്സിയിലെ മലയാളികളുടെ കാരണവരുമായ ടി.എസ് ചാക്കോ ഈ അസുലഭ മുഹൂർത്തത്തെക്കുറിച്ചു വിശദീകരിക്കുന്നു -

‘കേരള കൾച്ചറൽ ഫോറം തുടങ്ങിയിട്ട് 27വർഷം പിന്നിടുമ്പോൾ ന്യൂജഴ്സി മലയാളികളുടെ സാംസ്കാരിക തലസ്ഥാനമായി മാറുകയാണ്. ന്യൂജഴ്സിയിലെ മലയാളികൾക്ക് ഒരു കുട നിവർത്തുന്നതുപോലെ ആയിരുന്നു സംഘടന തുടങ്ങുന്ന കാലത്തു പ്രവർത്തനങ്ങൾ. ഇന്ന് സംഘടന വളർന്നു വലുതായിരിക്കുന്നു. ഇന്നുവരെ നിരവധി സാംസ്കാരിക പരിപാടികൾ കേരള കൾച്ചറൽ ഫോറം ന്യൂജഴ്സിയിലെ മലയാളികൾക്കായി സംഘടിപ്പിച്ചിട്ടുണ്ട്. അതിൽനിന്ന് വളരെ വ്യത്യസ്തമായിട്ടാണ് ഇത്തവണത്തെ ഓണാഘോഷം. മഞ്ച്, നാമം എന്ന സംഘടനകളും ഒപ്പം ചേരുമ്പോൾ ഓണം അതിന്റെ പൂർണ്ണ അർത്ഥത്തിൽ ന്യൂജഴ്സിയിലെ മലയാളികൾ ആഘോഷിക്കും.’

മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണി ഈ കൂട്ടായ്മയിൽ അതീവ സന്തുഷ്ടിയോടെയാണ് പങ്കെടുക്കുന്നത്. നമ്മുടെ കുട്ടിക്കാലത്തെ ഓർമ്മകളാണ് ഇപ്പോൾ കടന്നുവരുന്നത്. ഓണമാകുമ്പോൾ അടുത്ത വീട്ടിലൊക്കെ ഓണക്കളികളുമായി ഓണം ആഘോഷിച്ചിരുന്ന കാലം തിരികെ കൊണ്ടുവരാൻ ഒരു ശ്രമം. ഒത്തു പിടിച്ചാൽമലയും പോരും എന്ന് പറയും പോലെ ഒന്നായി നിന്ന് കൊണ്ട ് ന്യൂജഴ്സിയിലെ സാംസ്കാരികമായും, സാമൂഹ്യമായും ഒറ്റകെട്ടാണെന്നു തെളിയിക്കുകയാണിവിടെ എന്ന് അദ്ദേഹം പറഞ്ഞു.

മഞ്ച്, നാമം എന്നീ പ്രമുഖ സംഘടനകൾ ആദ്യമായി ഒപ്പം കൂടുകയാണ്. ഇതാദ്യമായി ഒന്നിച്ച് ആഘോഷിക്കുന്ന ന്യൂജഴ്സി നിവാസികളുടെ ഓണം കേരളത്തിന്റെ പരിച്ഛേദംകൂടിയാകും. .

സെപ്റ്റംബർ 18ന് ഞായറാഴ്ച വൈകുന്നേരം നാലു മുതൽ രാത്രി ഒമ്പത് വരെ ബർഗൻഫീൽഡിലെ സെന്റ് ജോൺസ് കത്തോലിക്കാ ദേവാലയത്തിലെ കോൺഫറൻസ് ഹാളിലാണ് (19 എൻ വില്യം സ്ട്രീറ്റ്) ഓണപ്പരിപാടിയും ഓണസദ്യയും ഒരുങ്ങുക. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ റിവ ഗാംഗുലി ദാസ് മുഖ്യാതിഥിയായിരിക്കും. ബർഗൻ കൗണ്ടി ചീഫ് എക്സിക്യൂട്ടീവ് ജയിംസ് ജെതെഡസ്കോട്ട്, പബ്ലിക് പ്രോസിക്യൂട്ടർ ഗുർബിയർസ്ഗ്രേ വാൾ, കൗണ്ടി ഭരണാധികാരികൾ, സമീപ ടൗണിലെ മേയർമാർ, സാമൂഹിക സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

manjnammom01

ഓണാഘോഷ ദിവസം വാദ്യമേളങ്ങളോടെയും താലപ്പൊലിയോടെയും മാവേലിയേയും അതിഥികളേയും വരവേൽക്കും. തിരുവാതരികളി, വിവിധതരം നൃത്തനൃത്യങ്ങൾ, ഗാനമേള, കോമഡിഷോ തുടങ്ങിയവ അരങ്ങേറും. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെടും.

കേരള കൾച്ചറൽ ഫോറത്തിന്റെ ഇരുപത്തിയേഴാം വാർഷികത്തോടനുബന്ധിച്ച് വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനത്തിൽ കോൺസുലേറ്റ് ജനറൽ മുഖ്യാതിഥിയായിരിക്കും. ബർഗൻ കൗണ്ടി ചീഫും പബ്ലിക് പ്രോസിക്യൂട്ടറുമായ ഗുർബീവർ എസ്. ഗ്രേവാളും മറ്റു പ്രമുഖരും സന്ദേശം നൽകും.

രാഷ്ട്രീയ, ജാതി, മതചിന്തകൾക്ക് അതീതമായി നടത്തപ്പെടുന്ന കേരളത്തിന്റെ ദേശീയ ഉത്സവം വൻ ആഘോഷമാക്കാനായി വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ കമ്മിറ്റിയും അതിന്റെ ചുമതല കൃത്യമായി നിർവഹിക്കുമ്പോൾ പാരാതികൾക്കിടം നൽകാതെ ന്യൂജഴ്സിയുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന ഓണപ്പരിപാടിക്കായിരിക്കും മലയാളികൾ സാക്ഷ്യം വഹിക്കുക. മലയാളക്കരയുടെ ഗന്ധംനിറഞ്ഞു നിൽക്കുന്ന കലാപരിപാടികൾക്കൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും കൂടിയാകുമ്പോൾ ന്യൂജഴ്സി കേരളത്തിന്റെ ഓണക്കാലങ്ങളിലേക്കു തിരിച്ചു പോകും.ബിജു കൊട്ടാരക്കര അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം

Your Rating: