Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തനിമയാർന്ന മാപ്പിന്റെ ഓണാഘോഷം

map-onam

ഫിലഡൽഫിയ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ ഈ വർഷത്തെ ഓണാഘോഷം  വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. വർണ്ണപ്പകിട്ടാർന്ന ഘോഷയാത്രയുടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലിമന്നൻ വേദിയിലെത്തി ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഐശ്വര്യസമ്പൂർണ്ണമായ ഓണാശംസകൾ നേർന്നു. തുടർന്ന് കേരളത്തിന്റെ തനതു കലാരൂപമായ തിരുവാതിര വേദിയിൽ അരങ്ങേറി.

മാപ്പ് പ്രസിഡന്റ് ഏലിയാസ് പോളിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതു സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന പ്രമുഖ മാധ്യമപ്രവർത്തകൻ കൃഷ്ണ കിഷോർ ഓണസന്ദേശം നൽകി. ഫോമയുടെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാചിറ, നിയുക്ത ജനറൽ സെക്രട്ടറി ജിബി തോമസ്, നിയുക്ത സെക്രട്ടറി വിനോദ് കോണ്ടൂർ, നിയുക്ത റീജണൽ വൈസ് പ്രസിഡന്റ് സാബു സ്കറിയ തുടങ്ങിയ നേതാക്കളും ഫിലഡൽഫിയയിലെ വിവിധ സംഘടനാ പ്രതിനിധികളും സാംസ്കാരിക നായകരും യോഗത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. സമ്മേളനത്തിനു മാപ്പിന്റെ വൈസ് പ്രസിഡന്റ് ദാനിയേൽ തോമസ് സ്വാഗതവും സെക്രട്ടറി സിജു ജോൺ നന്ദിയും അർപ്പിച്ചു. മാപ്പിന്റെ ജനറൽ സെക്രട്ടറി ചെറിയാൻ കോശി, ബോർഡ് ഓഫ് ട്രസ്റ്റി അംഗം തോമസ് എം. ജോർജ് എന്നിവർ എംസികളായിരുന്നു.

മാപ്പിന്റെ കമ്മ്യൂണിറ്റി എക്സലൻസ് അവാർഡ് കൃഷ്ണ കിഷോറിനും മികച്ച സംഘടനാ സേവനത്തിനുള്ള അവാർഡുകൾ ദാനിയേൽ പി. തോമസ്, ജോൺസൺ മാത്യു എന്നിവർക്കും യോഗത്തിൽ സമ്മാനിച്ചു.

വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം വർണ്ണ വൈവിധ്യമാർന്ന വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ഡാൻസ് മാസ്റ്റർ ബേബി തടവിനാലിന്റെ ശിഷ്യത്വത്തിൽ മാതാ ഡാൻസ് അക്കാഡമിയിലെ കലാകാരികൾ, കൂടാതെ ദിയ ചെറിയാൻ, സാറ ബാബു, ജെനി വർക്കി, ഡോ. ആനി മാത്യു, റേച്ചൽ തോമസ്, എന്നിവർ അവതരിപ്പിച്ച വിവധ നൃത്തനൃത്യങ്ങൾ, കെവിൻ വർഗീസ്, ശ്രീദേവി അജിത്കുമാർ, പ്രിയ, ജയിംസ് ചാക്കോ, തോമസ് കുട്ടി വർഗീസ്, ജോസ് വർക്കി തുടങ്ങിയ അനുഗ്രഹീത ഗായകർ നയിച്ച ഗാനമേള, ജോർജുകുട്ടി ജോർജ് അവതരിപ്പിച്ച കോമഡി സ്കിറ്റ്, തുടങ്ങിയവ കലാപരിപാടികൾക്ക് മിഴിവേകി. സിജു ജോൺ, സിബി ചെറിയാൻ എന്നിവർ സാംസ്കാരിക പരിപാടികളുടെ എംസി ആയി പ്രവർത്തിച്ചു.

ലിസി തോമസ്, ലിസി കുര്യാക്കോസ്, ലിൻസി ജോൺ, ഷേർലി സാബു, ജോളി തോമസ് എന്നിവരുടെ നേതൃത്വത്തിൽ മാപ്പ് വിമൻസ് ഫോറം ഒരുക്കിയ ഓണപൂക്കളം ശ്രദ്ധയാകർഷിച്ചു. സ്റ്റാൻലി ജോൺ, ആകാശ് സ്റ്റാൻലി, തോമസ് ചാണ്ടി, ബിനിൽ, ജിത്തു, തോമസ് ഒ. എബ്രഹാം, ജോർജുകുട്ടി ജോർജ്, ജോസഫ് കുരിയാക്കോസ്, ഫിലിപ്പ് ജോൺ, ജോസ് വർക്കി തുടങ്ങിയ മാപ്പിന്റെ അംഗങ്ങൾ അവതരിപ്പിച്ച തായമ്പക ശ്രദ്ധേയമായി. ക്രിസ്റ്റി ജെറാൾഡ്, ഡോ. ആനി മാത്യു, ബിനു ആൻ മാത്യു, ശ്രീദേവി അജിത്കുമാർ, സിർളി ജീവൻ, നമിത ജോഷ്വ, സജിത ജോസഫ്, മെറിൻ ബേബി എന്നിവർ അവതരിപ്പിച്ച തിരുവാതിര കേരളത്തനിമ വിളിച്ചോതുന്നതായി.

പ്രസിഡന്റ് ഏലിയാസ്  പോൾ, ജനറൽ സെക്രട്ടറി ചെറിയാൻ കോശി, ട്രഷറർ യോഹന്നാൻ ശങ്കരത്തിൽ എന്നിവരുടെ നേതൃത്വത്തിൽ മാപ്പിന്റെ നാൽപ്പതോളം വരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങളും വിവിധ സബ് കമ്മിറ്റികളും ഓണാഘോഷപരിപാടികൾ ഗംഭീരമാകുവാൻ അഹോരാത്രം പ്രയത്നിച്ചു.

വാർത്ത∙ജോയിച്ചൻ പുതുക്കുളം

Your Rating: