Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനൊന്നാമത് നെഹ്റു ട്രോഫി ജലമേള മയാമിയിൽ

mayami-boat

മയാമി∙ ജന്മനാടിന്റെ ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കുന്ന പ്രവാസി മലയാളികൾക്ക് വിസ്മയം വിരിയിച്ചുകൊണ്ട് കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ അമേരിക്കൻ മലയാളികൾക്കായി കാഴ്ചവയ്ക്കുന്ന ‘പതിനൊന്നാമത് സൗത്ത് ഫ്ളോറിഡ നെഹ്റു ട്രോഫി വള്ളംകളി’ മത്സരത്തിന് ആരവമുണരാൻ ഇനി ദിവസങ്ങൾ മാത്രം.

ഒക്ടോബർ ഒന്ന് ശനിയാഴ്ച രാവിലെ പത്തു മണിക്ക് ഫോർട്ട് ലൗഡർ ഡേയിലെ ഹോളിവുഡ് നഗരത്തിലെ റ്റി.വൈ. പാർക്കിലെ 85 ഏക്കറോളം വരുന്ന വിശാലമായ തടാകത്തിലെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് ശരവേഗത്തിൽ ആവേശതിരയിളക്കി ’സൗത്ത് ഫ്ളോറിഡ നെഹ്റു ട്രോഫിയിൽ’ മുത്തമിടുവാൻ 8 ടീമുകൾ കച്ചമുറുക്കി ജലമാമാങ്കത്തിനെത്തുന്നു.

കേരളത്തിലെ പ്രസിദ്ധമായ ചുണ്ടൻ, ചുരുളൻ വള്ളങ്ങളിൽ തുഴ എറിഞ്ഞ് അമരം പിടിച്ച അനേകം വിദഗ്ദ്ധർ വീറും വാശിയുമേറിയ ഈ ജലമാമാങ്കത്തിനെത്തുന്നു. ന്യൂയോർക്ക് മുതൽ മയാമി വരെയുള്ള വള്ളംകളി പ്രേമികൾ ഒരുമിച്ചു കൂടുമ്പോൾ ഈ മത്സരത്തിന്റെ ആവേശം വാനംമുട്ടെ ഉയരുമെന്ന് കേരളസമാജം പ്രസിഡന്റ് ജോസ്മോൻ കരേടൻ പറഞ്ഞു.

രാധാകൃഷ്ണൻ കുഞ്ഞുപിള്ള ക്യാപ്റ്റനായ ഭാരത് ബോട്ട് ക്ലബ്, ന്യൂയോർക്ക്; സിബിൾ ഫെലിക്സ് ക്യാപ്റ്റനായുള്ള എം.എ.സി.എഫ്. താമ്പചുണ്ടൻ; ജോർജ സെബാസ്റ്റ്യൻ ക്യാപ്റ്റനായ കേരള ഡ്രാഗൻസ്; ബിഷിൻ ജോസഫ് ക്യാപ്റ്റനായുള്ള മാറ്റ് റ്റാമ്പാ; ജോബി എബ്രാഹം ക്യാപ്റ്റനായുള്ള ഡ്രം ലൗവേഴ്സ്; ഗുഡ് വിൻ പോറത്തൂർ ക്യാപ്റ്റനായുള്ള മയാമി ചുണ്ടൻ; ജുബിൻ കുളങ്ങര ക്യാപ്റ്റനായുള്ള ക്നാനായ ചുണ്ടൻ; പ്രഭാകർ രാമലിംഗം ക്യാപ്റ്റനായുള്ള സൗത്ത് ഫ്ളോറിഡ തമിഴ്സംഘം എന്നീ പുരുഷ ടീമുകൾക്കു പുറമെ താമ്പ വനിത ടീമും മയാമി വനിത ടീമും ഈ മത്സരത്തിൽ മാറ്റുരയ്ക്കും.

ഈ മത്സരത്തിന്റെ ഒന്നാം സമ്മാനം 2500 ഡോളറും, എവർ റോളിംങ്ങ് ട്രോഫി, നെഹ്റു ട്രോഫി എന്നിവയും, രണ്ടാം സമ്മാനം ആയിരത്തിയൊന്ന് ഡോളറും ട്രോഫിയും.

അര കിലോമീറ്റർ ദൂരം വരുന്ന രണ്ടു ട്രാക്കിലൂടെയാണ് മത്സരം നടത്തുന്നത്. സമയം മാനദണ്ഡമാക്കിയാണ് ഹീറ്റ്സ് മത്സരം നടത്തുന്നതെങ്കിൽ സെമിഫൈനലും, ഫൈനൽ മത്സരങ്ങളും, ഫോട്ടോ ഫിനിഷിംഗിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. അമേരിക്കൻ പാഡിലേഴ്സ് അസോസിയേഷന്റെ അമ്പയർമാരാണ് ഈ മത്സരം നിയന്ത്രിക്കുന്നത്.

ഡ്രോൺ ക്യാമറ സംവിധാനം വഴി സ്റ്റാർട്ടിംഗ് പോയിന്റു മുതൽ ഫിനിഷിംഗ് പോയിന്റു വരെയുള്ള മത്സരങ്ങൾ വലിയ ടി.വി. സ്ക്രീനിൽ കാണത്തക്കവിധത്തിൽ ഈ വർഷം ക്രമീകരിച്ചിട്ടുണ്ടെന്ന് വള്ളംകളി മത്സരകമ്മിറ്റി ചെയർമാൻ പീറ്റോ സെബാസ്റ്റിയനും, കമ്മിറ്റി അംഗങ്ങളായ റോബിൻസ് ജോസ്; പത്മകുമാർ കെ.ജി, സുധീഷ് പി.കെ. തുടങ്ങിയവർ അറിയിച്ചു.

വള്ളംകളി മത്സരത്തിനു ശേഷം റ്റി.വൈ.പാർക്കിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ അത്യന്തം വാശിയേറിയ പ്രൊഫഷനൽ വടംവലി മത്സരം നടത്തപ്പെടും. ഹൂസ്റ്റൺ, ഷിക്കാഗോ, താമ്പ, മയാമി, ഫോർട്ട് ലൗഡർ ഡെയിൽ തുടങ്ങിയ ആറു ടീമുകൾ ഈ മത്സരത്തിൽ ഏറ്റുമുട്ടും. ഒന്നാം സമ്മാനം രണ്ടായിരത്തിയൊന്ന് ഡോളറും, രണ്ടാം സമ്മാനം എഴുന്നൂറ്റി അമ്പത് ഡോളറുമാണ് വിജയികൾക്ക് നൽകുന്നത്.

കേരളസമാജത്തിന്റെ ഈ ജലമാമാങ്കത്തോടനുബന്ധിച്ച്, കേരള സംസ്കാരത്തിന്റെ തനിമ വിളിച്ചോതുന്ന വാദ്യമേളാഘോഷങ്ങളുടെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്ര, കുട്ടികൾക്കും, യുവജനങ്ങൾക്കും വിനോദമത്സരങ്ങളും, കപ്പ മുതൽ ബാർബിക്യു ഫിഷ് വരെയുള്ള വിവിധ ഫുഡ് സ്റ്റാളുകളും തട്ടുകടയും ഒരുക്കിയിട്ടുണ്ടെന്ന് കേരളസമാജം സെക്രട്ടറി നോയൽ മാത്യു അറിയിച്ചു.

പതിനൊന്നാമത് ജലമേളയുടെ ഒരുക്കങ്ങൾക്കായി കേരള സമാജം കമ്മിറ്റിയും, വിവിധ സബ് കമ്മിറ്റികളും അവിരാമം പ്രവർത്തിക്കുന്നു. അതുകൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ ഈ ജലമാമാങ്കത്തിലേയ്ക്ക് മലയാളികൾ മാത്രമല്ല ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റിയിൽ നിന്നും വലിയൊരു ജനാവലിയെ റ്റി.വൈ പാർക്കിലേക്ക് പ്രതീക്ഷിക്കുന്നു. ജോയി കുറ്റ്യാനി അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.