Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാവേലിത്തമ്പുരാൻ ശനിയാഴ്ച മിസ്സിസാഗ കേരള അസോസിയേഷൻ ഓണത്തിന്

onam-01

ടൊറന്റോ: നയാഗ്രയുടെ പശ്ചാത്തലത്തിൽ ഷോർട്സണിഞ്ഞ് മാവേലിതമ്പുരാൻ; ഹോക്കിസ്റ്റിക് ഓലക്കുടയും പിടിച്ച്, മേപ്പിൾ ഇല കിരീടവുമണിഞ്ഞ് മാവേലിമന്നൻ; ഗരാജിനുമുന്നിൽ പൂക്കളവുമൊരുക്കി കാത്തുനിൽക്കുന്ന മഹാബലി; സിഎൻ ടവറിന്റെ പശ്ചാത്തലത്തിൽ മാവേലിതന്പുരാനായി ഓണസദ്യ. സെപ്റ്റംബർ മൂന്നു ശനിയാഴ്ച മിസ്സിസാഗ കേരള അസോസിയേഷന്റെ (എംകെഎ) ഓണാഘോഷത്തിനു മുന്നോടിയായി നടത്തിയ ‘മാവേലി കാനഡയിൽ’ ചിത്രരചനാ മൽസരത്തിലാണ് ഓണസദ്യയുടെ രുചി നാവിലും മനസ്സിലും പേറുന്ന മലയാളിക്കുട്ടികൾ ഭാവനയുടെ പൂക്കളംകൂടി ഒരുക്കിയത്. മൽസരാർഥികൾ ഭൂരിപക്ഷവും മേപ്പിൾ ഇലയും സിഎൻ ടവറും നയാഗ്രയും ഹോക്കിയുമെല്ലാമായാണ് കനേഡിയൻ മാവേലിയെ എഴുന്നള്ളിച്ചത്.

എറ്റോബിക്കോയിലെ മൈക്കൽ പവർ, സെന്റ് ജോസഫ് ഹൈസ്കൂളിൽ ശനിയാഴ്ച വൈകിട്ട് അഞ്ചിന് സദ്യയ്ക്കായി ഇലയിടുന്നതോടെ എംകെഎയുടെ ഓണാഘോഷത്തിനു തുടക്കമാവും. വിഭവ സമൃദ്ധമായ സദ്യയ്ക്ക് ശേഷം ഏഴു മണിയോടെ കലാനിശയ്ക്കു തിരിതെളിയും. ടൊറന്റോയിലെ ഇന്ത്യൻ കോൺസൽ ജനറൽ ദിനേശ് വർമ മുഖ്യാതിഥിയായിരിക്കുമെന്ന് എംകെഎ പ്രസിഡന്റ് പ്രസാദ് നായർ അറിയിച്ചു. 

നയാഗ്രയിൽനിന്നുള്ള ‘തരംഗം’ ബാൻഡിന്റെ ചെണ്ടമേളം ഓണാഘോഷം വിളംബരം ചെയ്യുന്നതിനൊപ്പം സദസ്സിനെ പിറന്ന മണ്ണിലെ ഓണക്കാഴ്ചകളിലേക്കുകൂടി ആനയിക്കും. മുത്തുക്കുടയും താലപ്പൊലിയും പുലികളിയുമെല്ലാം അകമ്പടി സേവിക്കുന്ന ഘോഷയാത്രയോടെയാണ് മാവേലിത്തമ്പുരാന് വർണാഭമായ വരവേൽപ്പ് ഒരുക്കുന്നത്. തുടർന്നു മാവേലി സന്ദേശം നൽകും. 

onam-02

കാൽനൂറ്റാണ്ടിന്റെ പ്രവർത്തന പാരന്പര്യമുള്ള മിസ്സിസ്സാഗ കേരള അസോസിയേഷന്റെ ഓണാഘോഷത്തെ പതിവുപോലെ വ്യത്യസ്തമാക്കുക മികച്ച നിലവാരം പുലർത്തുന്ന കലാസാംസ്കാരിക പരിപാടികളാകും. പ്രമുഖ നർത്തകരും ഗായകരും അവതരിപ്പിക്കുന്ന നയന-ശ്രാവ്യ മനോഹരമായ കലാപരിപാടികളാണു സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ എത്തുമെന്നു പ്രതീക്ഷിക്കുന്ന ചടങ്ങിന് പൊലിമയേകുക. കലാവിരുന്നിൽ ഗാനമേള, തിരുവാതിര, നാടോടി നൃത്തം, മോഹിനിയാട്ടം, ഫ്യൂഷൻ ഡാൻസ്, ഹാസ്യകലാപ്രകടനം തുടങ്ങിയവ ഉൾപ്പെടുന്നു. കാനഡയിൽ വളരുമ്പോഴും കേരളീയ പൈതൃകം കാത്തു സൂക്ഷിക്കുന്ന കലാകാരന്മാർക്കും കലാകാരികൾക്കും സർഗവസന്തം വിരിയിക്കാനുള്ള മാതൃകാവേദി ഒരുക്കാനാകുന്നതിൽ ചാരിതാർഥ്യമുണ്ടെന്ന് വൈസ് പ്രസിഡന്റ് ജോൺ തച്ചിലും സെക്രട്ടറി മഞ്ജുളാ ദാസും പറഞ്ഞു. 

ഫ്‌ളാറ്റ് നിർമാതാക്കളായ അസറ്റ്  ഹോംസും റിയൽറ്റർ മനോജ് കരാത്തയും മുഖ്യ പ്രായോജകരാകുന്ന ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ചിത്രരചനാ മൽസരത്തിലെ വിജയികളെയും ആദരിക്കും. സദ്യയ്ക്കും കലാപരിപാടികൾക്കുമുള്ള പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും. വിവരങ്ങൾക്: 647-295-6474 

Your Rating: