Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂജഴ്സിയിൽ പുതിയ ചരിത്രമെഴുതുന്ന ഓണാഘോഷത്തിന് ഞായറാഴ്ച കേളികൊട്ടുയരും

manj-onam

ന്യൂജഴ്സി∙ സമ്പൽസമൃദ്ധിയുടെയും ഒരുമയുടെയും സമന്വയമായ ഓണാഘോഷത്തിന് അമേരിക്കയിലെ ന്യൂജഴ്സിയിൽ കേളികൊട്ടുയരുന്നു. ന്യൂജേഴ്സിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര വിപുലമായ ഓണാഘോഷം. ജന്മനാട്ടിൽ ഉറ്റവരും ഉടയവരും ഓണാഘോഷത്തിന്റെ തിമിർപ്പിലാകുമ്പോൾ ഇവിടെ ന്യൂജേഴ്സിയിൽ മലയാളികൾക്ക് ഗൃഹാതുരത്വമുയർത്തി വൻഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ തകൃതിയാണ്. മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സി (മഞ്ച്), കേരള കൾച്ചറൽ ഫോറം (കെഎസ്എഫ്), നാമം എന്നീ സംഘടനകൾ ഇതാദ്യമായി സംയുക്തമായാണ് വൻ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നത്. സെപ്റ്റംബർ പതിനെട്ടിന് ഞായറാഴ്ച ബർഗൻഫീൽഡിലുള്ള കോൺലോൺ ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികൾ.

ഓണത്തിന്റെ തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും നൃത്തനൃത്യങ്ങളും പരമ്പരാഗത ഓണച്ചമയങ്ങളും ആഘോഷങ്ങളുടെ മാറ്റുകൂട്ടും. വൈകുന്നേരം അഞ്ചിന് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.

നിരവധി പ്രമുഖർ പങ്കെടുക്കുന്ന ഓണാഘോഷപരിപാടിയിൽ ന്യൂജഴ്സിയിലെ പ്രമുഖ സംഘടനാനേതാക്കളും വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിനാളുകളും പങ്കെടുക്കും. അമേരിക്കയിലെ ഇന്ത്യൻ കോൺസൽ ജനറൽ റീവാ ഗാംഗുലി ദാസ് ഓണാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. താലപ്പൊലിയേന്തിയ 101 മലയാളിപ്പെൺകുട്ടികൾ, മുത്തുക്കുടകൾ, ചെണ്ട വാദ്യമേളങ്ങൾ, ഓണച്ചമയം എന്നിവയുടെ അകമ്പടിയോടെ മുഖ്യാതിഥിയെ വേദിയിലേയ്ക്ക് ആനയിക്കുന്നതോടെ ഓണാഘോഷങ്ങൾക്കു തുടക്കമാകും.

റോക്ക്ലാൻഡ് കൗണ്ടി ലജിസ്ലേച്ചർ ആനിപോൾ, ടെഡസ്കോ ബർഗൻ കൗണ്ടി മേയർ ജയിംസ്. ജെ, ഫൊക്കാനാ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ പോൾ കറുകപ്പള്ളി, ബർഗൻകൗണ്ടി ഉദ്യോഗസ്ഥർ, ഫൊക്കാന, ഫോമാ, വേൾഡ് മലയാളി അസോസിയേഷൻ തുടങ്ങിയ ദേശീയ-അന്താരാഷ്ട്ര സംഘടനകളും ട്രൈസ്റ്റേറ്റിലെ നേതാക്കളും പ്രതിനിധികളും ഈ വൻ ഓണാഘോഷ കൂട്ടായ്മയിൽ പങ്കെടുക്കും. ജനപ്രാതിനിധ്യംകൊണ്ട് ന്യൂജഴ്സിയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു സംയുക്ത ഓണാഘോഷപരിപാടി സംഘടിപ്പിക്കുന്നതെന്ന് ആഘോഷപരിപാടികൾ ചുക്കാൻ പിടിക്കുന്ന സംഘടനാ നേതാക്കൾ പറഞ്ഞു.

ജാതിമത-രാഷ്ട്രീയ ഭേദമന്യേ ഒരുമയുടെ കൂട്ടായ്മയായി അമേരിക്കൻ പ്രവാസി മലയാളികളുടെ ഓർമയിൽ നിലനിൽക്കുന്ന സംഭവമായിരിക്കും ഈ ഓണമെന്ന് സംയുക്ത ഓണാഘോഷം എന്ന ആശയം മുന്നോട്ടുവച്ച മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു. ഇവിടെ എല്ലാ അസോസിയേഷനുകളുടെയും മതസംഘടനകളുടെയും അതിർവരമ്പുകളില്ലാതെ ഒരു കുടക്കീഴിൽ ഓണാഘോഷം നടത്തുന്നു എന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ എല്ലാ വിഭാഗങ്ങളിലേയും നേതാക്കളും ബിസിനസ് രംഗത്തെ നിരവധി പ്രമുഖരും പങ്കെടുക്കുന്നുണ്ടെന്ന് നാമം സ്ഥാപകനേതാവ് മാധവൻ ബി. നായരും കെസിഎഫ് സ്ഥാപകനേതാവ് ടി.എസ്. ചാക്കോയും പറഞ്ഞു.

കേരളത്തിന്റെ തനത് നൃത്തകലാരൂപമായ തിരുവാതിരയോടെ ആരംഭിക്കുന്ന കലാപരിപാടികളിൽ ചെണ്ട വാദ്യം, മൂന്നുസംഘടനകളുടെ വ്യത്യസ്തമായ നൃത്തനൃത്യങ്ങൾ, ഓണപ്പാട്ട്, എന്നിങ്ങനെ പരമ്പരാഗത കലാരൂപങ്ങളും പ്രമുഖ ഹാസ്യകലാകാരന്മാരായ സാബു തിരുവല്ല, കലാഭവൻ ജയൻ എന്നിവരുടെ ഹാസ്യപരിപാടിയും ഉണ്ടാകും. കൂടാതെ ഗായകൻ വില്യം ഐസക്കിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ഓണാഘോഷത്തിന് പൊലിമ കൂട്ടും.

വരുംവർഷങ്ങളിൽ ന്യൂജഴ്സിയിൽ മലയാളികൾക്ക് ഒരൊറ്റ ഓണാഘോഷത്തിനായി ‘മലയാളി പ്രവാസികൾക്ക് ഒരോണം‘ എന്ന മുദ്രാവാക്യമുയർത്തിയാണ് ഈ വർഷം മഞ്ച്, കെസിഎഫ്, നാമം എന്നീ സംഘടനകൾ മുൻകൈയെടുത്ത് ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. വൻപ്രതികരണമാണ് ഈ ഓണാഘോഷപരിപാടികൾക്ക് ലഭിച്ചുവരുന്നതെന്ന് സംഘാടകർ പറഞ്ഞു. ഓണാഘോഷം വൻ വിജയമാക്കി മാറ്റാൻ നൂറുകണക്കിന് പേരെ ഉൾപ്പെടുത്തി നിരവധി കമ്മിറ്റികൾ പ്രവർത്തിച്ചുവരികയാണ്. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതായിരിക്കും.

എല്ലാവരേയും ഈ പരിപാടിയിലേയ്ക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷാജി വർഗീസ്, വൈസ് പ്രസിഡന്റ് ഉമ്മൻ ചാക്കോ, സെക്രട്ടറി സുജ ജോസ്, ട്രഷറർ പിന്റോ ചാക്കോ, മഞ്ച് കൾച്ചറൽ സെക്രട്ടറി ഷൈനി രാജു, കെസിഎഫ് രക്ഷാധികാരി ടി.എസ്. ചാക്കോ, പ്രസിഡന്റ് ദാസ് കണ്ണമ്പള്ളി, സെക്രട്ടറി ദേവസി പാലാട്ടി, വൈസ് പ്രസിഡന്റ് എൽദോ പോൾ, കൾച്ചറൽ സെക്രട്ടറി ഫ്രാൻസിസ് കാരക്കാട്ട്, ജോയിന്റ് സെക്രട്ടറി ആന്റണി കുര്യൻ, നാമം രക്ഷാധികാരി മാധവൻ ബി. നായർ, പ്രസിഡന്റ് ഗീതേഷ് തമ്പി, സെക്രട്ടറി സജിത് ഗോപിനാഥ്, ട്രഷറർ ആശ കോപിനാഥ്, നാമം കൾച്ചറൽ സെക്രട്ടറി മാലിനി നായർ തുടങ്ങിയവർ സംയുക്തമായി അറിയിച്ചു.

വിലാസം -Conlon Hall, Behind St. John's Evangelical Catholic Church, 19, North William Street, Bergenfield, NJ 07621

വാർത്ത∙ ഫ്രാൻസിസ് തടത്തിൽ
 

Your Rating: