Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഎസ്ഡിയുടെ ഓണാഘോഷം ഉജ്വലവിജയം

nds-onam01

ഡെലവെയർ∙ നായർ സൊസൈറ്റി ഓഫ് ഡെലവെയർവാലി അസോസിയേഷന്റെ (എൻഎസ്ഡി) ഈവർഷത്തെ ഓണാഘോഷം സെപ്റ്റംബർ 17 ശനിയാഴ്ച സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ വെച്ച് വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. വർണ്ണപ്പകിട്ടാർന്ന ഘോഷയാത്രയുടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും പുലികളിയുടെയും അകമ്പടിയോടെ വേദിയിലെത്തിയ മാവേലി മന്നൻ ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഐശ്വര്യസമ്പൂർണ്ണമായ ഓണാശംസകൾ നേർന്നു. തുടർന്ന് കേരളത്തിന്റെ തനതു കലാരൂപമായ പുലികളിയും, തിരുവാതിരയും വേദിയിൽ അരങ്ങേറി.

എൻഎസ്ഡി സെക്രട്ടറി വിശ്വനാഥൻ പിള്ളയുടെ നേത്യത്വത്തിൽ നടത്തപ്പെട്ട ഓണാഘോഷച്ചടങ്ങിലേക്ക് എൻഎസ്ഡി പ്രസിഡന്റ് സുജാ പിള്ള വിശിഷ്ടാതിഥികളെ സ്വാഗതംചെയ്തു. തുടർന്ന് മുഖ്യാതിഥിയായിരുന്ന സ്വാമി സിദ്ധാനന്ദജി ഭദ്രദീപം കൊളുത്തുകയും ഓണസന്ദേശം നൽകുകയും ചെയ്തു. സ്വാമിനി ഗംഗാനന്ദ, എസ്എൻഡിപി പ്രസിഡന്റ് പി. കെ സോമരാജൻ,വൈസ് പ്രസിഡന്റ് കെ. ജി രാജൻ കുട്ടി, പ്രോഗ്രാം ചെയർമാൻ സുധാകരൻ ഗോപാലൻ, കെഎച്ച്എൻഎ ബോർഡ് മെംബർ മുരളീക്യഷ്ണൻ തുടങ്ങിയവർ ഓണം ആശംസകൾ അറിയിച്ചു.

തുടർന്ന് ജൂൺ മാസത്തിൽ കോർ ക്രീക്ക് പാർക്കിൽ നടത്തിയ പിക്നിക്കിൽ സമ്മാനാർഹരായവർക്കു സ്വാമി സിദ്ധാനന്ദജി സമ്മാനങ്ങൾ വിതരണം ചെയ്തു. സാംസ്കാരിക ചടങ്ങിനു പ്രസിഡന്റ് സുജാ പിള്ള സ്വാഗതവും സെക്രട്ടറി വിശ്വനാഥൻ പിള്ള നന്ദിയും അർപ്പിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം വർണ്ണ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. എൻഎസ്ഡി അംഗങ്ങളുടെ വിവിധ കലാപരിപാടികളായ ഗാനാലാപനങ്ങളും, നൃത്തങ്ങളും, കവിതാലാപനവും ഓണാഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി.

സിനു നായർ, അഞ്ജനാ കുറുപ്പ്, ആരതി പിള്ള എന്നിവർ സാംസ്കാരിക പരിപാടികളുടെ എംസിയായും അർജ്ജുൻ പിള്ള, ആദിത്യൻ കുറുപ്പ് എന്നിവർ പ്രോഗ്രാം എംസിയായും പ്രവർത്തിച്ചു. എൻഎസ്ഡി അംഗങ്ങൾ ഒരുക്കിയ ഓണപൂക്കളം പ്രത്യേക ശ്രദ്ധയാകർഷിച്ചു. എൻഎസ്ഡിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വിവിധ സബ് കമ്മിറ്റികളും ഓണാഘോഷപരിപാടികൾ ഗംഭീരമാക്കുവാൻ അഹോരാത്രം പ്രയത്നിച്ചു.

nds-onam

ഓണാഘോഷപ്പരിപാടികൾക്കു പുറമെ എൻഎസ്ഡി നടത്തിയ ഈ വർഷത്തെ കർമ്മപദ്ധതികളിലെ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നായിരുന്നു ക്രാഡിൽസ് ടു ക്രയോൺസ് സന്ദർശനം. കാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി എൻഎസ്ഡി അംഗങ്ങൾ (നവജാതശിശുക്കൾ മുതൽ 12 വയസ്സിനും ഇടയിൽ വരെ ഉള്ള) കുട്ടികൾക്ക് ആവശ്യമായ വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, സ്കൂൾ പഠനോപാധികൾ എന്നിവ അന്നേദിവസം സമാഹരിച്ച് നൽകുകയുണ്ടായി. വരുംമാസങ്ങളിൽ നടത്താനിരിക്കുന്ന ബാങ്ക്വറ്റിനെപ്പറ്റിയും, മകരമണ്ഡലാഘോഷങ്ങളെപ്പറ്റിയും ചർച്ച നടക്കുന്നതായി നായർ സൊസൈറ്റി ഓഫ് ഡെലവെയർവാലിയുടെ വൈസ് പ്രസിഡന്റ് സോയ നായർ അറിയിച്ചു.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം


Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.