Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണനിലാവിൽ ന്യൂഇംഗ്ളണ്ട് മലയാളി അസ്സോസ്സിയേഷൻ 

ന്യൂഇംഗ്ളണ്ട്∙ മനസ്സ് മലയാളനാട്ടിൽ മറന്നു വച്ച കലാസ്വാദകരുടെ സമ്മേളനങ്ങളാണ് മറുനാട്ടിലെ മലയാളി അസ്സോസ്സിയേഷനുകൾ.  അമേരിക്കൻ സംസ്ഥാനങ്ങളായ മാസ്സച്യൂസ്സറ്റ്സ്, ന്യൂ ഹാംപ്ഷയർ, മെയ്ൻ, റോഡ് ഐലൻഡ്, കണക്ടികട്ട്, വെർമൗണ്ട് എന്നിവയാൽ രൂപീകൃതമായ ന്യൂ ഇംഗ്ലണ്ടിലും കഥ വ്യത്യസ്‍തമല്ല. മഞ്ഞും വേനലും കണ്ണ് പൊത്തിക്കളിക്കുന്ന ഇവിടെയുമുണ്ട് ചിങ്ങവെയിലും ഓണപ്പാട്ടും ഓർമ്മകളിൽ സൂക്ഷിക്കുന്ന കുറേ മനസ്സുകൾ.  ആ മനസ്സുകൾക്ക് ഓണവും ക്രിസ്മസും ഈദും എല്ലാം ആഘോഷമാക്കി, ഗൃഹാതുരത്വത്തിന്റെ തൂശനിലയിൽ വിരുന്നൊരുക്കാൻ
നീമ (NEMA) എന്ന ന്യൂ ഇംഗ്ലണ്ട് മലയാളി അസ്സോസ്സിയേഷനും.

ബോസ്റ്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നീമയുടെ ഇക്കൊല്ലത്തെ ഓണാഘോഷങ്ങൾക്ക് സെപ്റ്റംബർ 10ന് ലിറ്റിൽടൺ ഹൈസ്കൂൾ വേദിയായി. ഓണപ്പൂക്കളുടെ സുഗന്ധം ഉണർത്തിയ അത്തപ്പൂക്കളം മുതൽ, ആയിരത്തിൽപ്പരം പേർക്ക് വിഭവസമൃദ്ധമായ സദ്യ വരെയൊരുക്കി നീമ കേരളീയവേഷങ്ങളിൽ വന്നണഞ്ഞ മനസ്സുകളെ  ഓണനിലാവിന്റെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.

ജേക്കബ് പൗലോസിന്റെ നേതൃത്വത്തിൽ പ്രാദേശികകലാകാരന്മാർ അവതരിപ്പിച്ച  ചെണ്ടമേളത്തിന്റെയും,  കൊച്ചുസുന്ദരിമാരുടെ താലപ്പൊലിമേളത്തിന്റെയൂം അകന്പടിയോടെ മാവേലി തന്പുരാൻ വന്നണഞ്ഞതോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. തിരുവാതിരപ്പാട്ടിന്റെ ശീലുകളുമായി, മുണ്ടും നേര്യതുമണിഞ്ഞ നൂറിൽപ്പരം വനിതകൾ അവതരിപ്പിച്ച  മെഗാ തിരുവാതിരയായിരുന്നു നീമയുടെ ഇക്കൊല്ലത്തെ വ്യത്യസ്തവും മനോഹരവുമായ ഓണസമ്മാനങ്ങളിലൊന്ന്.  ന്യൂ ഇംഗ്ലണ്ടിലെ പല പ്രദേശങ്ങളിൽ നിന്നെത്തിയ ഇവർ അഴകോടെ വേദിയിലും മനസ്സിലും കൈതപ്പൂമണം വിതറി ലാസ്യച്ചുവടുകൾ വച്ചു. ചെറിയ കുട്ടികളടക്കമുള്ള ന്യൂ ഇംഗ്ലണ്ടിലെ കലാകാരന്മാരും കലകാരികളും കാഴ്ച വച്ച ദൃശ്യവിരുന്നിനൊപ്പം കേരളീയ സംസ്ക്കാരത്തിന്റെ ഓർമ്മച്ചെപ്പുകൾ തുറന്ന് ന്യൂജഴ്‌സിയിൽ നിന്നെത്തിയ രജനി പ്രദീപ് മേനോൻ എന്ന കലാകാരി അവതരിപ്പിച്ച കഥകളിയും, സോപാനസംഗീതത്തിന്റെ വഴികളിലൂടെ ചുവടുകൾ വെച്ച് ശ്രീജ ജയശങ്കറും സംഘവും അവതരിപ്പിച്ച കേരളനടനവും പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.

കാവാലം നാരായണപ്പണിക്കർക്കും കലാഭവൻ മണിയ്ക്കും ആദരാഞ്ജലിയർപ്പിച്ചു കൊണ്ട് വിനോദ്കുമാറിന്റെ ശിക്ഷണത്തിൽ കൊച്ചുകലാകാരന്മാർ അവതരിപ്പിച്ച നാടൻ പാട്ട്  മികച്ച നിലവാരം പുലർത്തിയ പരിപാടികളിലൊന്നായിരുന്നു. താലപ്പൊലിയും മുത്തുക്കുട ചാർത്തിയ ഗജവീരനും അണിനിരക്കുന്ന, ഓടക്കുഴൽവിളി കേട്ടുണരുന്ന ഒരമ്പലമുറ്റത്തിന്റെ പ്രണയസാന്ദ്രമായ ദൃശ്യങ്ങളുമായി  സൈമൺ സോമനും സംഘവും അവതരിപ്പിച്ച "ദൃശ്യരാഗം" എന്ന ദൃശ്യ-സംഗീതവിരുന്ന്, സദസ്സിന് ഗൃഹാതുരത്വത്തിന്റെ തേൻകണം തൂകിയ വേണുനാദം പോലെ മധുരകരമായി.  ചുരുക്കത്തിൽ, ന്യൂ ഇംഗ്ലണ്ടിനുവേണ്ടി നീമ ഒരുക്കിയ ഈ ഓണവിരുന്ന്  ഐശ്വര്യത്തിന്റെ മഞ്ഞൾപ്രസാദം ചാർത്തിയ പൊന്നോണപ്പൂവായ്, ഓരോ മനസ്സിലും ചിരി തൂകി നിന്നു. 

നിലവിലുള്ള പ്രസിഡന്റ്‌ ആഷാ മനീഷിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പടിയിറങ്ങിയപ്പോൾ നീമയുടെ പുതിയ പ്രസിഡന്റ്‌ ആയി ജയാ അരവിന്ദും ജനറൽ സെക്രട്ടറിയായി സൈമൺ സോമനും ആർട്ട്സ് ക്ലബ് സെക്രട്ടറിയായി ശ്രീവിദ്യ രാമചന്ദ്രനും  സ്ഥാനമേറ്റു. 


വാർത്ത∙സിന്ധു നായർ
   

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.