Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാരുടെ ആതുര സേവനത്തെ പ്രകീർത്തിച്ച് പിയാനോ 10–ാം വാർഷികാഘോഷം

piano-1

ഫില‍ഡൽഫിയ ∙നഴ്സുമാരുടെ ആതുര സേവനത്തെ പ്രകീർത്തിച്ച് പിയാനോ 10–ാം വാർഷികം ആഘോഷിച്ചു. ഭാരതീയ വംശജരായ അമേരിക്കൻ നഴ്സുമാരുടെ സംഘാടക ചരിത്രപുസ്തകത്താളുകളിൽ പിയാനോ 10–ാം വാർഷികാഘോഷം ആദരവിന്റെ മയിൽ പീലികൾ പതിപ്പിച്ചു വച്ചു.

pino-2

പെൻസിൽവേനിയാ ഇന്ത്യൻ അമേരിക്കൻ നഴ്സസ് ഓർഗനൈസേഷൻ (പിയാനോ) പ്രസിഡന്റ് ലൈലാ കരിംകുറ്റി പൊതുസമ്മേളനത്തിൽ അധ്യക്ഷയായി. ബ്രിജിറ്റ് പാറപ്പുറത്ത്, മേരി ഏബ്രഹാം, സാറാ ഐപ്പ്, സൂസൻ സാബു, ലീലാമ്മ സാമുവേൽ, ബ്രിജിറ്റ് വിൻസന്റ്, വൽസാ താട്ടാർ കുന്നേൽ, പി. ഡി. ജോർജ് നടവയൽ, ഡോ. ടീനാ ചെമ്പ്ലായിൽ, ഷേർളി ചാവറ, ഷീല കൊട്ടാരത്തിൽ, മെർളി പാലത്തിങ്കൽ‌ എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു.

ഫിലഡൽഫിയ സിറ്റി പൊലീസ് കമ്മീഷണർ റിച്ചാർഡ് റോസ് ജൂനിയർ, നാഷനൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്കാ(നൈന) സെക്രട്ടറി മേരി ഏബ്രഹാം, ടെമ്പിൾ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസർ (ക്ലിനിക്കൽ മെഡിസിൻ) റവ. സിസ്റ്റർ ഡോ. ജോസിലിൻ ഇടത്തിൽ, പെൻസിൽവേനിയ അസോസിയേഷൻ ഓഫ് സ്റ്റാഫ് നഴ്സസ് ആന്റ് അലീഡ് പ്രൊഫഷനൽസ് (പാസ്നാപ്) പ്രസിഡന്റ് പട്രീഷ്യാ എക്കിൻസ്, ഈ ദശകത്തിലെ ഫിലഡൽഫിയാ മലയാളി സമൂഹത്തിന്റെ ആത്മീയ സാംസ്കാരിക പ്രവർത്തനങ്ങളുടെ മുന്നണി സാരഥി റവ. ഫാ. എം. കെ. കുര്യാക്കോസ് മഠത്തിക്കുടി, ഫിലഡൽഫിയ സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ഫൊറോനാ ചർച്ച് വികാരി വെരി. റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശ്ശേരി, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ ഫിലിപ്പോസ് ചെറിയാൻ എന്ന ിവർ പിയാനോ ദശവാർഷിക ദീപനാളങ്ങൾ തെളിച്ചു. മേരി ചെറിയാൻ, അമ്മുക്കുട്ടി ഗീവർഗീസ്, രാജമ്മ ഇടത്തിൽ എന്നീ സീനിയർ നഴ്സുമാരും സിസ്റ്റർ ബെനടിക്ട് പുതുപ്പറമ്പിലും (നഴ്സ് എഡ്യുക്കേറ്റർ) പ്രസംഗിച്ചു.

നഴ്സുമാരുടെ സേവനങ്ങളും പൊലീസിന്റെ ദൗത്യങ്ങളും പരിചരണത്തിന്റേതും സുരക്ഷയുടേയും ഒറ്റ നാണയത്തിന്റെ ഇരുമുഖങ്ങളാണ്. അതിനാൽ രണ്ടു കൂട്ടരുടെയും പ്രൊഫഷണലിസം സമൂഹത്തിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും നിസ്തൂലമായി പ്രയോജനപ്പെടുന്നു. എന്നാൽ നഴ്സിങിൽ കാരുണ്യത്തിന്റെ കരുത്തിനാണ് ശാരീരികമായ ശേഷിയേക്കാൾ സ്ഥാനം. ഹൃദയത്തിന്റെ ഭാഷയാണ് നഴ്സിങ്ങിൽ കൂടുതലുമുളളത്. പത്താം വാർഷികം ആഘോഷിയ്ക്കുന്ന പിയാനോ ഇന്ത്യൻ നഴ്സുമാരുടെ സേവന മികവിനെ പ്രതിനിധീകരിക്കുന്നു. അവരെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല എന്ന് ഫിലഡൽഫിയ സിറ്റി പൊലീസ് കമ്മീഷണർ റിച്ചാഡ് റോസ് ജൂനിയർ പറഞ്ഞു.

പത്തു വർഷം മുമ്പ് പിയാനോ രൂപം കൊണ്ടതു മുതൽ കമ്മ്യുണിറ്റിയെ പ്രമോട്ട് ചെയ്യുന്നതിൽ പിയാനോ ബദ്ധശ്രദ്ധമാണ്. സമൂഹത്തിന്റെ നന്മകൾക്കുവേണ്ടി പിയാനോ ചെയ്ത പ്രവർത്തനങ്ങളുടെ പേരിൽ പിയാനോ പ്രസിദ്ധി ആഗ്രഹിയ്ക്കാതിരുന്നതിനാൽ അത്തരം കാര്യങ്ങൾ ജനശ്രദ്ധയിൽ പ്രഘോഷിക്കുവാൻ ശ്രദ്ധിച്ചിരുന്നില്ല എന്നു മാത്രം. എന്നിരുന്നാലും പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ പിയാനോയുടെ പ്രസക്തി വർദ്ധിച്ചിരിക്കുന്നു എന്നു വ്യക്തമാക്കുവാൻ പിയാനോ സുവനീറിൽ ചില സേവനകാര്യങ്ങൾ മാത്രം സുവനീർ എഡിറ്റർ ബ്രിജിറ്റ് പാറപ്പുറത്ത് സൂചിപ്പിക്കുന്നുണ്ട്. അതിലും ഉപരിയായ സേവനങ്ങൾ പിയാനോ നിർവഹിക്കുന്നു.

പിയാനോയുടെ മുൻ പ്രസിഡന്റ് മേരി ഏബ്രഹാമാണ് നൈനാ എന്ന നഴ്സസ് നാഷണൽ സംഘടനയുടെ സെക്രട്ടറി എന്നത് പിയാനോയുടെ മികവിനുളള അംഗീകാരമാണ്. പിയാനോയുടെ ആദ്യ പ്രസിഡന്റായ ബ്രിജിറ്റ് വിൻസന്റ് മുൻ പ്രസിഡന്റുമാരായ ബ്രിജിറ്റ് പാറപ്പുറത്ത്, സൂസൻ സാബു, മേരി ഏബ്രഹാം, പിയാനോയുടെ രൂപീകരണത്തിൽ പങ്കു വഹിച്ച പി. ഡി. ജോർജ് നടവയൽ, പിയാനോയുടെ വളർച്ചയിൽ സഹായ ഹസ്തമായി നിലകൊണ്ട വിൻസന്റ് ഇമ്മാനുവേൽ, സജി കരിം കുറ്റി, അലക്സ് തോമസ്, നൈനാ ആദ്യ പ്രസിഡന്റ് സാറാ ഗബ്രിയേൽ, ഡോ. ആനി പോൾ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം, പമ്പ, ഓവർസീസ് റസിഡന്റ് മലയാളിസ് അസോസിയേഷൻ (ഓർമ്മ) കോട്ടയം അസോസിയേഷൻ, ഫ്രണ്ട്സ് ഓഫ് തിരുവല്ലാ, ഫ്രണ്ട്സ് ഓഫ് റാന്നി, മാപ്പ്, കല, ഫൊക്കാനാ, ഫോമാ, വേൾഡ് മലയാളി കൗൺസിൽ ഉൾപ്പെടെയുളള സംഘടനകൾ, ഫിലഡൽഫിയയിലെ വിവിധ ദേവാലയങ്ങളും പ്രസ്ഥാനങ്ങളും ബിസിനസ് പ്രവർത്തകരും മാധ്യമ പ്രവർത്തകരും എല്ലാം സവിശേഷമായ നന്ദി അർഹിക്കുന്നു എന്ന് അധ്യക്ഷ പ്രസംഗത്തിൽ പിയാനോ പ്രസിഡന്റ് ലൈലാ കരിംകുറ്റി പ്രസ്താവിച്ചു.

‘ഭാരത സംസ്കാരത്തിന്റെ ഏറ്റവും ഹൃദ്യമായ വശങ്ങളും അമേരിക്കൻ സംസ്കാരത്തിന്റെ ഏറ്റവും മനോഹരമായ തലങ്ങളും പെൻസിൽവേനിയാ സംസ്ഥാനത്തിന്റെ ചരിത്രപരമായ മേന്മകളും ആതുരശുശ്രൂഷയുടെ കനിവുനിറഞ്ഞ സേവന മികവും ഒരു പോലെ മേളിക്കുന്നതാണ് പെൻസിൽവേനിയ ഇന്ത്യൻ അമേരിക്കൻ നഴ്സസ് ഓർഗനൈസേഷൻ എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന പിയാനോ. പെൻസിൽവേനിയ ഇന്ത്യൻ അമേരിക്കൻ നഴ്സസ് ഓർഗനൈസേഷന്റെ രൂപീകരണവും വളർച്ചയും സേവനവും ഈ സമൂഹത്തിനു ജഗദീശരൻ തന്ന അനുഗൃഹമാണ് എന്ന് ടെമ്പിൾ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസർ (ക്ലിനിക്കൽ മെഡിസിൻ) റവ. സിസ്റ്റർ ഡോ. ജോസ്ലിൻ ഇടത്തിൽ പറഞ്ഞു.

piano-3

നഴ്സുമാരും പുരോഹിതരും ഒരു പോലെയാണ്. മേലധികാരികൾക്കും ജനങ്ങൾക്കും ഇടയിൽ രണ്ടു കൂട്ടരുടെയും കാഴ്ച്ചപ്പാടുകളെ സമന്വയിക്കുന്നതിലൂടെ ജീവകാരുണ്യത്തിന്റെ പാതയൊരുക്കുകയാണ് നഴ്സുമാരും പുരോഹിതരും ചെയ്യുന്നത്. ഈ ദൗത്യം വളരെയേറെ ത്യാഗം ആവശ്യപ്പെടുന്നുണ്ട്. ത്യാഗം അനുഷ്ഠിക്കുന്നവരുടെ ഏകോപനം പിയാനോയുടെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നുണ്ട് എന്ന് ഫിലഡൽഫിയാ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരിയും ഫിലഡൽഫിയ നാട്ടുക്കൂട്ടം ചിന്താവേദിയുടെ അധികാരിയുമായ റവ. ഫാ. എം. കെ. കുര്യാക്കോസ് മഠത്തിക്കുടി അഭിപ്രായപ്പെട്ടു.

മദർ തെരേസയുടെ കാരുണ്യശീലങ്ങൾ ഈ നൂറ്റാണ്ടിൽ പ്രകാശം ചൊരിഞ്ഞു. ഒരു നഴ്സിന്റെ നിർമലമായ മനസ്സ് തന്നിൽ എപ്പോഴും നിറവായിരുന്നൂ എന്നതു കൊണ്ടു കൂടിയാണ് അശരണരെ ശുശ്രൂഷിക്കുന്ന ജീവകാരുണ്യത്തിന്റെ മാർഗത്തിൽ മദർ തെരേസയ്ക്ക് ലോകത്തെ അതിശയിക്കാനായത്. ഇതുപോലുളള മഹാത്മാക്കളുടെ പാത തന്നെയാണ് പെൻസിൽവേനിയായിലെ കേരളീയ നഴ്സുമാരിലധികം പേരും ഇഷ്ടപ്പെടുന്നത് എന്ന് പിയാനോയുടെ പ്രവർത്തന സാധ്യതകൾക്ക് വ്യാപ്തി വർദ്ധിപ്പിക്കുന്നതായി ഫിലഡൽഫിയാ സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ഫൊറോനാ ചർച്ച് വികാരി വെരി. റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി ചൂണ്ടിക്കാണിച്ചു.

സാമൂഹിക രംഗത്തും സാംസ്കാരിക രംഗത്തും കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ കാര്യത്തിലും പിയാനോ നഴ്സുമാർ മുൻപന്തിയിൽ നിൽക്കുന്നു എന്ന് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ ഫിലിപ്പോസ് ചെറിയാൻ പറഞ്ഞു.

നാഷനൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്കയിൽ (നൈനാ) അംഗമായ പിയാനോയുടെ പ്രവർത്തകർ ദേശീയ തലത്തിൽ ശ്രദ്ധേയമായ മികവുകൾ കാഴ്ച വച്ചിട്ടുണ്ട്. പഠന മേഖലയിലും പ്രൊഫഷനൽ രംഗത്തെ പുരോഗതിയിലും നഴ്സുമാരെ പ്രചോദിപ്പിക്കുവാൻ നൈനയ്ക്കും പിയാനോയ്ക്കും കഴിഞ്ഞ പത്തു വർഷങ്ങളിലൂടെ ഏറെ സാധിച്ചു എന്നതിന് അവരുടെ പ്രവർത്തന റിപ്പോർട്ടുകളും സുവനീറുകളും മാധ്യമ വാർത്തകളും അനുഭവസ്ഥരും സാക്ഷികളാണ്.

പിയാനോയിലെ 18 അംഗങ്ങൾ പുതുതായി ബിഎസ്എൻ ഡിഗ്രിയും, 12 അംഗങ്ങൾ എംഎസ്എൻ ഡിഗ്രിയും നാല് അംഗങ്ങൾ ഡോക്ടറൽ ഡിഗ്രിയും കരസ്ഥമാക്കി. എന്നത് ഏറെ ആഹ്ലാദം നൽകുന്നു എന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക(നൈന) സെക്രട്ടറി മേരി ഏബ്രഹാം വ്യക്തമാക്കി.
പിയാനോ പത്താം വാർഷിക സുവനീർ ടെമ്പിൾ യൂണിവേഴ്സിറ്റി കണ്ടിന്യൂയിങ്ങ് നഴ്സിങ് അഡ്മിനിസ്ട്രേറ്റർ ഗ്ലോറിയ സെനോസ്സൊ പ്രകാശിപ്പിച്ചു.

സുവനീർ പ്രകാശന വേളയിൽ എഡിറ്റർ ബ്രിജിറ്റ് പാറപ്പുറത്ത് പിയാനോയുടെ പത്ത് വർഷത്തെ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരണം നൽകി. ‘ഒരു നഴ്സിനെ വളർത്തുന്നതിൽ വിവിധ തലങ്ങളിൽ കമ്മ്യുണിറ്റി ചെയ്യുന്ന നിസ്തുലമായ സഹായങ്ങൾക്ക് തിരിച്ച് കമ്മ്യുണിറ്റിയ്ക്ക് സേവനത്തിലൂടെ നന്ദി പ്രകാശിപ്പിക്കുക എന്ന തത്വമാണ് പിയാനോയെ ഇക്കാര്യത്തിൽ മുന്നോട്ടു നയിക്കുന്നത്. പിയാനോയ്ക്ക് ‘ വി ഡു കെയർ’ എന്ന ആദർശ വാക്യം സ്വീകരിക്കുവാൻ കാരണം ഈ കാഴ്ച്ചപ്പാടായിരുന്നു. ടെമ്പിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സുമാരുടെ ന്യായമായ ശമ്പളം കണക്കറ്റു കുറയ്ക്കുന്നതുൾപ്പെടെ ഡയറക്ടർ ബോർഡ് മുന്നോട്ടു വച്ച തെറ്റായ നയങ്ങൾക്കെതിരെ ‘ടെമ്പിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അസോസിയേഷനും (ടുഹ്നാ), െപൻസിൽവേനിയ അസോസിയേഷൻ ഓഫ് സ്റ്റാഫ് നഴ്സസ് ആന്റ് അലീഡ് പ്രൊഫഷനൽസുമായും (പാസ്നാപ്) കൈകോർത്ത് സ്ട്രൈക്കിൽ സജീവമായി പങ്കെടുത്ത് ചരിത്രം കുറിച്ചും, നഴ്സസ് നാഷണൽ കോൺഫറൻസ് ടെമ്പിൾ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു പഠിതാക്കൾക്ക് സീ ഈ യൂ ലഭിക്കത്തക്കവിധം സംഘടിപ്പിച്ചും അമേരിക്കൻ നഴ്സസ് അസോസിയേഷന്റെ (അന) നേതൃനിരയുമായി പിയാനോയെ സഹകരിപ്പിച്ചും, സിജിഎഫ്എൻഎസുമായി സഹകരണം പുലർത്തിയും വിപുലമായ പ്രവർത്തനങ്ങളാണ് പിയാനോ നടത്തുന്നത്.

ഇതിനു പുറമെ അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും പിക്നിക്കുകൾ സംഘടിപ്പിച്ചും, നഴ്സിങ് സ്റ്റുഡന്റ്സിന് പഠന സഹായം നൽകിയും, നഴ്സസ് ലൈസൻസിങ്ങിനുളള എൻ ക്ലെക്സ് പരീക്ഷാ പരിശീലനം വിദ്യാർത്ഥികൾക്കു നൽകിയും, നഴ്സിങ് പ്രഫഷണിലെ അഡ്വാൻസ് ലേണിങ് ഗൈഡൻസ് ഉന്നത പഠിതാക്കൾക്ക് ക്രമീകരിച്ചും, കേരളത്തിലെയും ഇന്ത്യയിലെയും നഴ്സുമാരുടെ ശമ്പളക്കാര്യത്തിലെയും ജോലി ഭാരത്തിലെയും ക്രൂരമായ ചൂഷണത്തിനെതിരെ കേരളത്തിലെയും ഇന്ത്യയിലെയും ഭരണാധികാരികൾക്കു നിവേദനങ്ങൾ നൽകിയും, ടിവി മാധ്യമങ്ങളുൾപ്പെടെയുളള മാധ്യമങ്ങളിലൂടെ പ്രചാരണങ്ങൾ നടത്തിയും, ഫിലഡൽഫിയായിലെ വിവിധ സാമൂഹ്യ കേന്ദ്രങ്ങളിൽ ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ സ്ക്രീനിങ്ങും ആരോഗ്യ പരിപാലന സെമിനാറുകളും നടത്തിയും, പ്രകൃതിക്ഷോഭ ദുരിതമനുഭവിക്കുന്നവർക്ക് വസ്ത്രങ്ങൾ അയച്ചു നൽകിയും, വർഷം തോറുമുളള നഴ്സസ് ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചും, മാതൃകാ സേവനമികവു പുലർത്തുന്ന വ്യക്തികളെ ആദരിച്ചും, ഓണവും കേരളാ ഡെയും താങ്ക്സ് ഗിവിങ്ങ് ഡേയും മറ്റു സംഘടനകളോടു ചേർന്ന് ആഘോഷിച്ച് പുതു തലമുറയ്ക്ക് സാംസ്കാരിക അടിത്തറ പകർന്നും, കലാ സാഹിത്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചും, പിയാനോ അനുഷ്ഠിക്കുന്ന സാമൂഹ്യ ധർമ്മങ്ങൾ അതിലെ പ്രവർത്തകർക്കും കുടുംബങ്ങൾക്കും ചാരിതാർത്ഥ്യത്തിന്റെ പുണ്യം നൽകുന്നു.

പിയാനോ പത്താം വാർഷിക സുവനീറിലേക്ക് സാഹിത്യ സൃഷ്ടികൾ അയച്ചു തന്ന ഒട്ടനവധി എഴുത്തുകാരുണ്ട്. നീനാ പനയ്ക്കൽ, പി. ഡി. ജോർജ് നടവയൽ, അശോകൻ വേങ്ങാശേരി, ജോർജ് ഓലിക്കൽ, മേരി ഏബ്രഹാം, ഫാ. എം. കെ. കുര്യാക്കോസ്, ഡോ. ആനി പോൾ, സാറാ ഗബ്രിയേൽ, ഫാ. ജോണിക്കുട്ടി പുലിശേരി, ലീലാമ്മ സാമുവൽ, സിസ്റ്റർ ബെനഡിക്ട് പുതുപ്പറമ്പിൽ, സാറാ ഐപ്പ്, സൂസൻ സാബു, മൗറീൻ മേ, മേരി ചെറിയാൻ, അമ്മുക്കുട്ടി ഗീവർഗീസ്, രാജമ്മ ഇടത്തിൽ, ജോസ് ആറ്റുപുറം, ഫിലിപ്പോസ് ചെറിയാൻ ചുരുങ്ങിയ സമയം കൊണ്ട് സുവനീർ ഡിസൈൻ ചെയ്ത ഐശ്വര്യാ ജോർജ് ഇവരോടെല്ലാം നന്ദി അറിയിക്കുന്നതായും ബ്രിജിറ്റ് പാറപ്പുറത്ത് പറഞ്ഞു.

ഷേർളി ചാവറ ദേശീയഗാനം ആലപിച്ചു. പിയാനോ വൈസ് പ്രസിഡന്റ് സാറാ ഐപ്പ് നന്ദി പ്രകാശിപ്പിച്ചു. ഫിലഡൽഫിയ ജിറാർഡ് കോളജിലെ ആർട്ടിസ്റ്റ് ഇൻ റെസിഡന്റും നൃത്താധ്യാപികയുമായ വിജി റാവുവിന്റെ നേതൃത്വത്തിലുളള ത്രി അക്ഷാ ഡാൻസ് കമ്പനി അവതരിപ്പിച്ച ഭരതനാട്യ നൃത്തശില്പം, ശാലിനി അവതരിപ്പിച്ച ഗാനങ്ങൾ, ബ്രിജിറ്റ് വിൻസന്റ് കോർഡിനേറ്റ് ചെയ്ത ഓണ സദ്യ എന്നിവ പിയാനോ പത്താം വാർഷികാഘോഷങ്ങൾക്ക് ആസ്വാദ്യതയേറ്റി. വിവിധ സംഘടനാ നേതാക്കൾ സമ്മേളനത്തിൽ പങ്കു കൊണ്ടു.

വാർത്ത ∙ പി. ഡി. ജോർജ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.