Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടിയേറ്റ പ്രശ്നത്തിൽ ട്രംപിന്റെ മൃദുസമീപനത്തിനും വിമർശകർ ഏറെ

വാഷിങ്ടൺ ∙ നിയമ വിരുദ്ധ കുടിയേറ്റക്കാരായ ഒരു കോടി പത്തു ലക്ഷം പേരെയും കണ്ടുപിടിച്ച് നാടുകടത്തും, അമേരിക്കയിൽ ജനിച്ച ഇവരുടെ മക്കൾക്ക് പൗരത്വം നൽകുന്ന പ്രശ്നമില്ല തുടങ്ങിയ കടുത്ത പ്രഖ്യാപനങ്ങൾ ഡോണാൾഡ് ട്രംപ് നടത്തിയപ്പോൾ അതു വൻ വിവാദത്തിലേക്കു വഴിവച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു രണ്ടുമാസം മാത്രം അകലെയായപ്പോൾ ട്രംപ് നിലപാട് മാറ്റി എന്നാണ് പുതിയ പ്രസംഗങ്ങൾ വെളിപ്പെടുത്തുന്നത്. ഇപ്പോൾ വളരെ മയപ്പെടുത്തിയ നയപ്രഖ്യാപനങ്ങളാണുണ്ടാവുന്നത്. ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കുടിയേറ്റം ഒരു പ്രധാന വിഷയമായി ചർച്ച ചെയ്യപ്പെടും എന്ന തിരിച്ചറിവാണ് ഈ ഫ്ലിപ് ഫ്ലോപി. (മലക്കം മറിച്ചിലിനു കാരണം എന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം).

ടെക്സാസ് പരമ്പരാഗതമായി അറിയപ്പെടുന്നത് റിപ്പബ്ലിക്കൻ സംസ്ഥാനമായാണ്. സുരക്ഷിതമായ ടെക്സാസിൽ പ്രചരണം നടത്തുന്നതിനുപകരം ആ സമയം ഒരു നിർണായക സ്റ്റേറ്റിൽ ഫലപ്രദമായി ഉപയോഗിക്കുക എന്ന ഉപദേശം നിരാകരിച്ചാണ് ഏതാനും ദിവസം ചെലവഴിച്ച് ട്രംപ് ടെക്സാസിൽ പ്രചാരണം നടത്തിയത്.

ഓസ്റ്റിനിൽ പ്രസംഗിക്കവേ താൻ പൊതുമാപ്പിനെതിരാണ്, മോശക്കാരായ കുടിയേറ്റക്കാരെ പുറത്താക്കുകയും പരിശ്രമശാലികളായ ദീർഘകാലമായി അമേരിക്കയിൽ വസിക്കുന്നവരെ സ്വാഗതം ചെയ്യുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചു. അധികാരത്തിൽ വന്നാൽ ആദ്യവർഷം തന്നെ നിയമ വിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കും എന്ന മുൻ പ്രഖ്യാപനത്തിൽ നിന്ന് ഒരു പിറകോട്ട് പോക്കായി ഇതു ചില ട്രംപ് അനുകൂലികൾ വ്യാഖ്യാനം ചെയ്തു. എന്നാൽ പ്രശ്നം പരിഹരിക്കുവാൻ കുടിയേറ്റക്കാർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുവാൻ താൻ തയാറാണെന്ന് ട്രംപ് വ്യക്തമാക്കുകയാണ് ചെയ്തതെന്ന് മറ്റു ചിലർ പ്രതികരിച്ചു.

‘ഇൻ ട്രംപ് വി ട്രസ്റ്റ്’ എന്ന പുസ്തകം എഴുതിയ ആൻ കോൾട്ടർ ട്രംപിന്റെ വലിയ ആരാധികയായിരുന്നു. ട്രംപിന്റെ നിലപാട് മാറ്റം അവരെ ചൊടിപ്പിക്കുകയും ട്വിറ്ററിൽ ഇതിനെതിരെ അവർ ശക്തമായ അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തു. പ്രസിഡന്റ് ബറാക്ക് ഒബാമയുടെ എക്സിക്യൂട്ടീവ് ഓർഡറിന് തുല്യമായ നയമാണ് ട്രംപ് സ്വീകരിച്ചത് എന്ന് ചില വിമർശകർ പറഞ്ഞു.

നിലവിലെ അഭിപ്രായ സർവ്വേകൾ ട്രംപിന് 12 മുതൽ 18 % വരെ മാത്രമാണ് ലറ്റിനോ വോട്ടുകളുടെ പിന്തുണ നൽകുന്നത്. ചാഞ്ഞും ചെരിഞ്ഞും ലറ്റിനോകളെ പ്രീണിപ്പിക്കുവാൻ ശ്രമം നടത്തിയാലും ഈ ശതമാനത്തിൽ വലിയ മാറ്റം ഉണ്ടാവില്ലെന്ന് നിരീക്ഷകർ പറയുന്നു. ട്രംപിന് ലറ്റിനോകളിൽ ലഭിക്കുന്ന പിന്തുണ രണ്ട് മുൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലും റിപ്പബ്ലിക്കൻ നോമിനികൾക്ക് ലഭിച്ചതിന്റെ പകുതിയിൽ കുറവാണ്.‌

വലതു പക്ഷ സംഘടനയായ ഫെഡറേഷൻ ഫോർ അമേരിക്കൻ ഇമിഗ്രേഷൻ റിഫോമിന്റെ പ്രസിഡന്റ് ഡാൻ സ്റ്റെയിൽ പറഞ്ഞത് ട്രംപ് എത്ര തന്നെ മയപ്പെട്ടാലും ഹിലരി ക്ലിന്റന്റെ തീവ്ര നിലപാടിനെക്കാൾ ഭേദമായിരിക്കും എന്നാണ്. ഹിലരി പ്രഖ്യാപിച്ചത് ഒരു തരത്തിലും ഉളള കുടിയേറ്റ നിയന്ത്രണങ്ങൾ ഉണ്ടാവില്ല. ഇവിടെ വന്നു കഴിഞ്ഞാൽ ഇവിടെ തങ്ങാൻ കഴിയും. തീവ്രവാദിയോ നിരന്തര കൊലപാതകിയോ അല്ലെങ്കിൽ എന്താണെന്നു സ്റ്റെയിൻ പറയുന്നു.

രണ്ട് സ്ഥാനാർത്ഥികളുടെയും പ്രഖ്യാപനങ്ങൾ നടക്കുമോ എന്ന് കണ്ടു തന്നെ അറിയണം. ഒബാമയുടെ എക്സിക്യൂട്ടീവ് ഓർഡറുകൾ കോടതികൾക്ക് മുന്നിലാണ്. പൊതുമാപ്പിനും പൗരത്വത്തിനും കടമ്പകളേറെയുണ്ട്. ട്രംപിന്റെ മുൻ പ്രഖ്യാപനം അനുസരിച്ച് നാടുകടത്തലും എളുപ്പമാവില്ല. ഹിലരിയുടെ പ്രഖ്യാപനം എക്സിക്യൂട്ടീവ് ഓർഡർ വഴി നടപ്പാക്കുവാൻ ശ്രമിച്ചാൽ കോടതികളിൽ ചോദ്യം ചെയ്യപ്പെടും. കോൺഗ്രസിൽ പാസാക്കി എടുക്കുവാൻ ശ്രമിച്ചാൽ പൊതു തിരഞ്ഞെടുപ്പിന് ശേഷവും റിപ്പബ്ലിക്കൻ ഭൂരിപക്ഷം ആണ് ഉളളതെങ്കിൽ അതും ശ്രമകരമായിരിക്കും.

വാർത്ത ∙ ഏബ്രഹാം തോമസ് 

Your Rating: