Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ടിന്റെ മതം

അറ്റ്ലാന്റാ ∙ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പുതിയ പുതിയ വിശകലനങ്ങളും കണ്ടെത്തലുകളും മാധ്യമങ്ങളിൽ നിറയുന്നു. 2012ലെ വോട്ടിംഗ് ശൈലി പരിശോധിച്ച് അന്ന് പ്രസിഡന്റായിത്തീർന്ന ബറാക്ക് ഒബാമയ്ക്ക് 50% കത്തോലിക്ക മതവിശ്വാസികളും 48% മിറ്റ് റോംനിക്കും വോട്ടു ചെയ്തു എന്നാണ് കണ്ടെത്തിയത്. ഇപ്പോൾ ഇതേ മതസ്ഥരിൽ 61% ഹിലറി ക്ലിന്റനെയും 34 % ഡോണാൾഡ് ട്രംപിനെയും പിന്തുണയ്ക്കുന്നു എന്ന് പുതിയ സർവേ പറയുന്നു.

കുറെക്കൂടി ആഴത്തിലുളള പഠനത്തിൽ നാനാമത വിശ്വാസികളുടെ സമീപനത്തെക്കുറിച്ച് പറയുന്നു. പല വിഭാഗങ്ങളായി തരം തിരിക്കുവാനുളള ശ്രമത്തിൽ വലിയ പിഴവുകൾ സംഭവിക്കാറുണ്ട്. അമേരിക്ക 2021ലെ സെൻസസിന് തയാറെടുക്കുമ്പോൾ വംശ സംബന്ധമായ കളളികളിൽ വലിയ മാറ്റം വരുത്തിയാണ് ചോദ്യാവലി തയാറാക്കിയിരിക്കുന്നത് എന്നാണറിയുന്നത്. ഉദാഹരണത്തിന് മുൻപ് ഏഷ്യനെയും പസഫിക്ക് ഐലാൻഡിനെയും ഒന്നിച്ചായിരുന്നു എണ്ണിയിരുന്നതെങ്കിൽ ഇപ്പോൾ കൂടുതൽ കൃത്യതയോടെ കണക്കെടുപ്പ് നടത്തുവാനുളള ശ്രമം ഉണ്ടാവും.

മതത്തിന് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുണ്ട്. മതവിശ്വാസികളായ അമേരിക്കക്കാർ, പ്രത്യേകിച്ച് ആരാധനകളിൽ സ്ഥിരമായി പങ്കെടുക്കുന്നവർ വോട്ടു ചെയ്യുന്നതിലും ശുഷ്കാന്തി കാണിക്കുമെന്നാണ് എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്. ഒരു മതത്തിലും വിശ്വാസമില്ല എന്നു പറയുന്നവർ വോട്ടു ചെയ്യുവാൻ വലിയ താല്പര്യം കാണിക്കുകയില്ല.

2012ലെ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത 10 പേരിൽ 9 പേരും ഏതെങ്കിലും മത വിശ്വാസിയാണെന്ന് പറഞ്ഞിരുന്നു. 10 പേരിൽ 8 പേരും ക്രിസ്ത്യാനികളാണെന്നാണ് അവകാശപ്പെട്ടത്. ഇവരിൽ അമേരിക്കയിൽ വന്നതിനുശേഷം മതം മാറിയവരും രഹസ്യമായി മൂലമതം പിന്തുടരുന്നവരുമുണ്ട്. ഈ കണക്ക് മറ്റ് സർവ്വേകൾ പറഞ്ഞതിനോട് യോജിക്കുന്നില്ല എന്ന വിമർശനത്തിന് കാരണവും ഇത് തന്നെ. 2014ലെ പ്യൂ റിസർച്ച് സെന്ററിന്റെ കണ്ടെത്തൽ നാലിൽ മൂന്ന് അമേരിക്കക്കാരും ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവരാണ് എന്നാണ്.

വെളുത്ത വർഗക്കാരായ ക്രിസ്ത്യാനികൾ റിപ്പബ്ലിക്കൻ ചായ്‌വുളളവരാണ്. 2012ലെ എക്സിറ്റ് പോൾ അനുസരിച്ച് 40% വെളുത്ത വർഗക്കാരായ കത്തോലിക്കർ ഒബാമയ്ക്കു വോട്ട് ചെയ്തു. കത്തോലിക്കരല്ലാത്ത വെളുത്തവർ (ഗർഭഛിദ്രത്തെയും സ്വവർഗ വിവാഹത്തെയും എതിർക്കുന്നവർ) 20% മാത്രമേ ഒബാമയെ പിന്താങ്ങിയുളളൂ. അകത്തോലിക്കരായ വെളുത്തവർ 2012ൽ വോട്ട് ചെയ്തവരുടെ 40% ആയിരുന്നു. മൊത്തം വോട്ടർമാരുടെ 25% ഇവാഞ്ചലിക്കലുകൾ ആയിരുന്നു. ഇത്രയും തന്നെ ആയിരുന്നു ഹിസ്പാനിക്കുകളും ആഫ്രിക്കൻ അമേരിക്കരും ഏഷ്യക്കാരും അടങ്ങിയ കാത്തലിക് വോട്ടുകളും.

ട്രംപിന്റെ പ്രസംഗങ്ങൾ ഈ വിഭാഗങ്ങളിൽ ഭൂരിപക്ഷത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. കുടിയേറ്റ പ്രശ്നത്തിലെ നിലപാടിന് വലിയ എതിർപ്പുണ്ടെന്ന് മനസ്സിലാക്കി മെക്സിക്കൻ പ്രസിഡന്റുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. ഫ്ലോറിഡയിൽ പാസ്റ്റർമാരോട് സംസാരിക്കവെ ധാരാളം ഇവാഞ്ചലിക്കലുകൾ വോട്ടു ചെയ്യാതെ വീട്ടിലിരുന്നതാണ് ഒബാമ ജയിക്കുവാൻ കാരണമായതെന്ന് ട്രംപ് പറഞ്ഞു. പക്ഷെ എത്ര പേർ അഭ്യർത്ഥന സ്വീകരിച്ച് ട്രംപിനെ ജയിപ്പിക്കും എന്നറിയില്ല.

മെതേഡിസ്റ്റ് മത വിശ്വാസിയായ ഹിലരി പ്രധാനമായും ആശ്രയിക്കുന്നത് കറുത്ത വർഗക്കാരുടെ സഭകളെയാണ്. ഡെമോക്രാറ്റിക് പാർട്ടിയെ ഒരിക്കലും കൈവിട്ടിട്ടില്ലാത്ത ഒരു വിഭാഗമാണിത്. ഇവരുടെ ഒരു വിഭാഗത്തിന്റെ ‘പ്രൊഗ്രസിവ് നാഷണൽ ബാപ്റ്റിസ്റ്റ് കൺവെൻഷനെ’ അഭിസംബോധന ചെയ്തു വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കെയ്ൻ ന്യൂ ഓർലിയൻസിൽ സംസാരിച്ചു. ഹിലരിയുടെ സ്റ്റാഫിൽ ഒരു നാഷണൽ ആഫ്രിക്കൻ അമേരിക്കൻ ഫെയ്ത്ത് ഔട്ട് റീച്ച് ഡയറക്ടറും ഉൾപ്പെടുന്നു.

ഹിലറി തന്റെ മെതേഡിസ്റ്റ് വിശ്വാസം എടുത്തു പറയാറുണ്ട്. തങ്ങളുടെ വിശ്വാസം ഉയർത്തിപ്പിടിക്കുവാൻ തല്പരരായ റിപ്പബ്ലിക്കനുകളെ തന്നിലേയ്ക്ക് ആകർഷിക്കുവാനും ഹിലരി ശ്രമിക്കുന്നു.

1972ന് ശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുളളത് പോപ്പുലർ വോട്ടുകളിൽ കാത്തലിക് വോട്ടുകൾ ഏറ്റവുമധികം നേടിയ സ്ഥാനാർത്ഥിയാണ്. കണക്കിലെ കളി പരിശോധിച്ചാൽ ഇവർ മൊത്തം വോട്ടർമാരുടെ നാലിലൊന്നാണ്. വംശപരമായും വർണപരമായും ഭൂമിശാസ്ത്രപരമായും വ്യത്യസ്തരായ ഒരു ജനവിഭാഗം. മിറ്റ് റോംനി 2012ൽ പത്തിൽ 6 വെളുത്തവരായ കത്തോലിക്കരുടെ വോട്ട് നേടി. മൊത്തം വെളുത്തവരിൽ നിന്നും ഇത്രയും പിന്തുണ ഉണ്ടായി. എന്നാൽ ഒബാമ വെളുത്ത വർഗേതര കത്തോലിക്കരിലും മൊത്തം വെളുത്ത വർഗേതരിലും ഭൂരിപക്ഷം നേടി. ദേശീയ വോട്ടിൽ ലഭിച്ചതുപോലെ കാത്തലിക് വോട്ടുകളിൽ ഒബാമയ്ക്കു നേരിയ ഭൂരിപക്ഷം നേടാൻ കഴിഞ്ഞു.

രണ്ട് പാർട്ടികളുടെയും മത വിശ്വാസികളുടെ നെടുംതൂണുകൾ -ഡെമോക്രാറ്റുകൾക്ക് പ്രോട്ടസ്്റ്റെന്റുകളും, റിപ്പബ്ലിക്കുകൾക്ക് വൈറ്റ് ഇവാഞ്ചലിക്കലുകളും ദക്ഷിണ അമേരിക്കയിലെ പ്രധാന സമരമുഖങ്ങളായ ഫ്ലോറിഡ, നോർത്ത് കരോലിന, വെർജീനിയ ജോർജിയ എന്നീ സംസ്ഥാനങ്ങളിൽ ഏറ്റുമുട്ടുന്നു. ട്രംപ് വിജയിക്കുവാൻ ബദ്ധപ്പെടുന്ന ഒഹായോവും മദ്ധ്യ പശ്ചിമ സംസ്ഥാനങ്ങളും അപ്രധാനമല്ല.

വാർത്ത∙ ഏബ്രഹാം തോമസ് 

Your Rating: