Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരി. കാതോലിക്കാ ബാവാ ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്റർ സന്ദർശിച്ചു

retreatcenter13

ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ചിരകാല അഭിലാഷം പൂർത്തീകരിച്ച്, പെൻസിൽവേനിയ ഡാൽട്ടണിലെ ഫാത്തിമ സെന്ററിൽ തയാറാവുന്ന ട്രാൻസ് ഫിഗറേഷൻ റിട്രീറ്റ് സെന്റർ പരി. കാതോലിക്കാ ബാവാ സന്ദർശിച്ചു. ഓഗസ്റ്റ് 31 ന് രാവിലെ പരി. ബാവാ നടത്തിയ സന്ദർശനത്തിൽ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാർ നിക്കോളോവോസും സന്നിഹിതനായിരുന്നു.

ശാരീരികമായ രോഗാവസ്ഥകളെ പരിഗണിക്കാതെ പരി. ബാവാ സെന്ററിലെ ഓരോ മുറിയും ഒരു കൊച്ചുകുട്ടിയുടെ താൽപര്യത്തോടെ നോക്കിക്കണ്ടു. ചാപ്പലിലേക്കാണ് ബാവാ ആദ്യം പോയത്. അവിടെ ബാവാ അൽപസമയം പ്രാർഥനയിൽ മുഴുകി. സെന്റർ സന്ദർശിച്ച് പരി. ബാവാ നൽകിയ സന്ദേശത്തിൽ നിന്ന് :

‘‘മലങ്കരസഭ ഒരു ഗ്ലോബൽ സഭ എന്നു പറയത്തക്കവണ്ണം എല്ലാ ഭൂഖണ്ഡങ്ങളിലും സഭാ വിശ്വാസികൾ ഒന്നിച്ചുകൂടുകയും ദേവാലയങ്ങൾ പടുത്തുയർത്തുകയും ആരാധന നടത്തുകയും ചെയ്തുവരുന്നു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ഇന്നു ഒരു പുതിയ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി പ്രദേശത്തേക്ക് നമുക്ക് കടന്നുവരുവാൻ സാധിച്ചതും ഈ പരിശുദ്ധ ദേവാലയത്തിൽ പ്രാർഥിക്കുവാനും ഇവിടെയുളള ഭൂപ്രദേശം നോക്കിക്കാണുവാനും സാധിച്ചത്. മലങ്കര സഭയുടെ ചരിത്രത്തിലെ നാൾവഴികളിൽ എഴുതിച്ചേർക്കുവാൻ തക്ക ഒരു പദ്ധതിയാണ് ഇവിടെ ആവിഷ്കരിച്ചിരിക്കുന്നത്. ഇത് പൂർത്തീകരിക്ക പ്പെടണം അതിന് ആസ്ഥാനം ആവശ്യമുണ്ട്. ദൈവകൃപ ആവശ്യമുണ്ട്, ധനം ആവശ്യമുണ്ട്, എല്ലാവരുടെയും ബുദ്ധിയും സഹകരണവും ആവശ്യമുണ്ട്. ദൈവ നിശ്ചയമായിട്ടാണ് നാം ഈ പദ്ധതിയെ കാണുന്നത്.

ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്റർ എന്ന നാമത്തിലറിയപ്പെടുന്ന ഈ പ്രസ്ഥാനം മലങ്കര സഭയ്ക്കും ഇവിടെയുളള മലങ്കരയുടെ മക്കൾക്കും അതുപോലെ ഈ സ്ഥാപനം ഉപയോഗപ്പെടുത്തുവാൻ ആഗ്രഹിക്കുന്ന മറ്റ് അനേകർക്കും ഇത് പ്രയോജനപ്പെടും. ദൈവനിശ്ചയമെന്ന് മാത്രമേ ഇതിനെക്കുറിച്ച് നമുക്ക് പറയുവാനുളളൂ. ഈ പദ്ധതി ഏറ്റെടുക്കുന്ന ഭദ്രാസനം, അധ്യക്ഷൻ നിക്കോളോവോസ് തിരുമേനി, തിരുമേനിയുടെ കൂടെ പ്രവർത്തിക്കുന്ന ഭദ്രാസന കൗൺസിൽ, വൈദികർ, അതുപോലെ ഇതിനുവേണ്ടി പ്രവർത്തിക്കുന്ന മറ്റനേകർ ഇവരെയെല്ലാം ദൈവം തന്റെ ഉപകരണങ്ങളാക്കി ഉപയോഗിക്കുകയാണ്.

retreatcenter14

അതിമനോഹരമായ ഒരിടമായിട്ടാണ് ഇതിനെ നാം കാണുന്നത്. ഒരു വിധത്തിൽ പറഞ്ഞാൽ പകൽസമയങ്ങളിൽ നമ്മുടെ കർത്താവ് ധാരാളം പഠനങ്ങളും പ്രവർത്തനങ്ങളും പൂർത്തീകരിച്ച് സന്ധ്യയാകുമ്പോൾ പ്രാർഥിക്കാനൊരിടം എന്ന നിലയിൽ പർവതശിഖരങ്ങളിലേക്ക് പോകുന്നു എന്ന് ദൈവ വചനത്തിൽ നിന്നും നാം വായിച്ച് മനസിലാക്കിയിട്ടുണ്ട്.

പർവതശിഖരമായി ഈ ഇടത്തെ കാണുന്നില്ലെങ്കിലും ദൈവ സാന്നിധ്യം ഇവിടെ ഉണ്ടെന്നുളളത് ഒരു വസ്തുതയാണ്. നിശബ്ദത, പ്രകൃതി രമണീയത, നല്ല അന്തരീക്ഷം, വൃക്ഷലതാദികൾ, നല്ല വായു, അങ്ങിനെ ഒരുപാട് നന്മകളുടെ ഉറവിടമായിട്ടാണ് ഈ ഇടത്തെ കാണുന്നത്. അപ്പോൾ ഇവിടെ കടന്നുവരുന്ന ഓരോരുത്തർക്കും ഈ അന്തരീക്ഷവും ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനശൈലിയും ട്രാൻസ്ഫിഗറേഷൻ എന്ന ആശയത്തിന്റെ പൊരുളും ഉൾക്കൊണ്ട് ആദ്ധ്യാത്മികമായ വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ സാധിക്കും. അതുകൊണ്ട് ഇത് മലങ്കര സഭയ്ക്ക് തികച്ചും അഭിമാനകരമാണ്. അടുത്ത കാലങ്ങളിലൊന്നും ഒരു ആറു വർഷങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ ഇത്രയ്ക്ക് ബൃഹത്തായ ഒരു പദ്ധതി ഉണ്ടായിട്ടില്ല. കാലാകാലങ്ങളായി സഭയ്ക്ക് ആവശ്യമുളളത് എന്തെന്ന് ദൈവം ആഗ്രഹിക്കുകയും ആഗ്രഹം പൂർത്തിയാക്കുന്നതിന് ചിലരെ ഉപയോഗപ്പെടുത്തുകയും ചെയ്യും.

ദൈവത്താൽ അസാധ്യമായത് ഒന്നുമില്ലല്ലോ. സദുദ്ദേശ്യത്തോടുകൂടി സഭയുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും അനിവാര്യമായ നിലയിലുളള പ്രവർത്തനങ്ങളും പ്രസ്ഥാനങ്ങളും വിജയിക്കട്ടെ എന്നും ഇത് മുഖാന്തിരമായിട്ട് സഭയുടെ ശക്തി – വളർച്ച– കൂടുതൽ കൂടുതൽ ബലപ്പെടട്ടെ എന്നാശംസിക്കുന്നു. അഭിവന്ദ്യ നിക്കോളോവോസ് തിരുമേനിക്കും കൗൺസിൽ അംഗങ്ങൾക്കും വൈദികർക്കും ഇടവക ജനങ്ങൾക്കും തിരുമേനിയോടൊപ്പം പ്രവർത്തിക്കുന്ന എല്ലാവർക്കും സ്വന്തം നിലയിലും സഭയുടെ പ്രധാന മേലധ്യക്ഷൻ എന്ന നിലയിലും പ്രാർഥനാ നിർഭരമായ ആശംസകളും മംഗളങ്ങളും നേരുകയാണ്.’’ പരി. ബാവാ ആശംസിച്ചു. ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാർ നിക്കോളോവോസും പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സംസാരിച്ചു.

‘‘നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ആരംഭിച്ചിരിക്കുന്ന ഒരു പുതിയ ശുശ്രൂഷയാണ് ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്റർ. ഇവിടെ 300 ഏക്കറിൽ ഒരു ലക്ഷം ചതുരശ്ര അടി വലിപ്പമുളള ഒരു കെട്ടിട സമുച്ചയത്തോടുകൂടി കരസ്ഥമാക്കുവാനുളള ശ്രമത്തിലാണ്. ഇന്ന് പരി. ബാവാ തിരുമേനിയോടൊപ്പം ഇവിടം സന്ദർശിക്കുകയും ഈ സ്ഥലം പരി. ബാവാ തിരുമേനിയെ കാണിച്ച് ഈ സ്ഥലത്തെ കുറിച്ചുളള അഭിപ്രായം തേടുകയുമായിരുന്നു. പരി. ബാവാ തിരുമേനിയുടെ അനുഗ്രഹാശിസുകളോടു കൂടി കൂടുതൽ ഊർജസ്വലതയോടുകൂടി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു. അതിനുളള പണവും അധ്വാനവും ഈ ഭദ്രാസന ജനങ്ങളെ കൊണ്ട് സാധ്യമായതാണ്. മനുഷ്യന്റെ ബലഹീതക്കോ ശക്തിക്കോ മുന്നിൽ പലതും അപ്രാപ്യമെന്ന് തോന്നുമെങ്കിലും ദൈവസാന്നിധ്യത്തിൽ, ദൈവാശ്രയബോധത്തിൽ മുന്നോട്ട് പോകുമ്പോൾ, ദൈവം മുന്നിൽ കൊണ്ടു തന്ന ഈ പദ്ധതി ഗൗരവകരമായും വിജയകരമായും പൂർത്തീകരിക്കുവാൻ നമുക്ക് സാധിക്കും’’ മാർ നിക്കോളോവോസ് പറഞ്ഞു.

retreatcenter1

ബാബു പാറയ്ക്കൽ, ഫാ. ജിസ് ജോൺസൺ, സഭാ മാനേജിംഗ് കമ്മിറ്റി അംഗം പോൾ കറുകപ്പിളളിൽ, ഭദ്രാസന കൗൺസിൽ അംഗം ഷാജി വർഗീസ്, സ്ക്രാന്റൺ ഭദ്രാസന പ്രതിനിധികൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു. പ്രോജക്ട് സംബന്ധിച്ച ആശയങ്ങൾ പങ്കുവച്ച പരി. ബാവാ മലങ്കരസഭയിൽ ഇതുപോലൊരു പ്രോജക്ട് ഉണ്ടായിട്ടില്ലെന്നും ഇത് വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും പറഞ്ഞു.

2016 മെയിൽ സഫേണിൽ ചേർന്ന ഭദ്രാസന പൊതുയോഗത്തിലാണ് ഫാത്തിമ റിന്യൂവൽ സെന്റർ വാങ്ങാൻ തീരുമാനിച്ചത്. സ്ക്രാന്റൺ ഡൗൺടൗണിൽ നിന്നും മിനിറ്റുകളുടെ ഡ്രൈവ് മാത്രമേ പെൻസിൽവേനിയായിലെ ഡാൽറ്റൺ ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിലേക്കുളളു. പെൻസിൽവേനിയ സ്ക്രാന്റൺ റോമൻ കത്തോലിക്ക രൂപതയുടെ കീഴിലുണ്ടായിരുന്ന സെന്റ് പയസ് ടെൻത് റോമൻ കാതലിക് സെമിനാരിയാണ് റിട്രീറ്റ് സെന്ററായി മാറുന്നത്. ഔട്ട് ഡോർ മെഡിറ്റേഷന് പറ്റിയ അന്തരീക്ഷമാണ് ഇവിടെയുളളത്. 300 ഏക്കർ വിസ്തൃതിയയിൽ പരന്നു കിടക്കുന്ന ഇവിടെ മനോഹരമായ ഒരു തടാകവും അതിനോടു ചേർന്ന് മൊട്ടക്കുന്നുകളും ഒപ്പം മരങ്ങളും ചെറിയ ചെടികളുടെയുമൊക്കെ ഒരു വലിയ കേദാരമുണ്ട്. ആരുടെയും മനസ്സ് ആകർഷിക്കുന്ന വിധത്തിൽ പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഇവിടുത്തേത്.

retreatcenter12

ചാപ്പൽ, ലൈബ്രറി, കോൺഫറൻസ് മുറികൾ, ക്ലാസ്മുറികൾ, ഓഫീസുകൾ എന്നിവയെല്ലാം റിട്രീറ്റ് സെന്ററിലുണ്ട്. ഇരുനൂറോളം അതിഥികളെ താമസിപ്പിക്കാൻ കഴിയുന്ന വിധത്തിലുളള രണ്ട് ഡോർമെറ്ററികൾ, ജിംനേഷ്യം, 800 പേർക്ക് ഇരിപ്പിടമൊരുക്കുന്ന വിശാലമായ ഓഡിറ്റോറിയം എന്നിവയെല്ലാം തന്നെ ഇവിടെയുണ്ട്. 4.50 മില്യൺ ഡോളറിനാണ് റിട്രീറ്റ് സെന്റർ ഭദ്രാസനം സ്വന്തമാക്കുന്നത്. ഇതിൽ ഒരു മില്യൺ പുനർനിർമ്മാണത്തിനു മാത്രമായി കണക്കാക്കുന്നു.
 

Your Rating: