Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗത്ത് ഫ്ളോറിഡ കേരള സമാജം നെഹ്റു ട്രോഫി വളളംകളി: താമ്പ ക്രൂസേഴ്സിന് ഒന്നാം സ്ഥാനം

south-florida-kerala-samajam8

മയാമി ∙ അലയടിച്ചുയരുന്ന ആവേശം ആർപ്പുവിളികളായി ഒരായിരം കണ്ഠങ്ങളിൽ നിന്നുയർന്നു പൊങ്ങിയ 11-ാമതു കേരളസമാജം നെഹ്റു ട്രോഫി ജലമേളയുടെ ഫൈനൽ മത്സരത്തിൽ കേരള ഡ്രാഗൺസും താമ്പ ക്രൂസേഴ്സും തമ്മിൽ ഇഞ്ചോടിഞ്ച് പൊരുതി താമ്പ ക്രൂസേഴ്സ് ഒന്നാം സ്ഥാനത്തെത്തി. 2500 ഡോളറും നെഹ്റു ട്രോഫിയും നേടിയപ്പോൾ, രണ്ടാം സമ്മാനമായ 1001 ഡോളറും ട്രോഫിയും കേരള ഡ്രാഗൺസ് ഏറ്റുവാങ്ങി.

south-florida-kerala-samajam30

ഫോർട്ട് ലൗഡർഡെയിലിലെ വിശാലമേറിയ റ്റി. വൈ. പാർക്കിലെ തടാകത്തിൽ എട്ടു പുരുഷ ടീമുകൾ മാറ്റുരച്ച, മലയാളികൾ എന്നും ആവേശപൂർവ്വം നെഞ്ചിലേറ്റുന്ന കരുത്തിന്റെ ഈ ജല മാമ്മാങ്കത്തിൽ ഇദംപ്രഥമമായി സൗത്ത് ഫ്ളോറിഡ തമിഴ് സംഘം പങ്കുചേർന്നത് സംഘാടർക്കും കാണികൾക്കും കൂടുതൽ ആവേശം പകർന്നു.

south-florida-kerala-samajam1

റഫ് ഡാഡിസ് ഷിക്കാഗോ ; എംഎസിഎഫ്– താമ്പചുണ്ടൻ, ഡ്രംലൗവേഴ്സ് ഫ്ളോറിഡാ, കനാനാ ചുണ്ടൻ, താമ്പ ക്രൂസേഴ്സ്– മാറ്റ്, സൗത്ത് ഫ്ളോറിഡ തമിഴ്സംഘം, കേരള ഡ്രാഗൺസ്, മയാമി ചുണ്ടൻ തുടങ്ങിയ പുരുഷ ടീമുകൾക്ക് പുറമെ രണ്ടു വനിതാ ടീമുകളും, മയാമി ചുണ്ടനും, സൗത്ത് ഫ്ളോറിഡ വിമൻസ് ഫോറം ടീമും മത്സരത്തിനിറങ്ങി.

south-florida-kerala-samajam3

സെമിഫൈനൽ മത്സരങ്ങൾക്കു ശേഷം ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെ സാംസ്കാരിക ഘോഷയാത്ര പാർക്കിലൂടെ വലംവച്ചപ്പോൾ അനേക രാജ്യങ്ങളിൽ നിന്നും പാർക്കിലെത്തിയ ആളുകൾ ആവേശപൂർവ്വം ഈ ഘോഷയാത്രയിൽ പങ്കുചേർന്നു.

വളളംകളിയുടെ മെഗാ സ്പോൺസറായി 2500 ഡോളർ ഒന്നാം സമ്മാനം സ്പോൺസർ ചെയ്തത് സാബു ലൂക്കോസ് ഓഷ്യൻ വെൽത്ത് സോല്യൂഷനും, രണ്ടാം സമ്മാനം 1001 ഡോളർ സ്പോൺസർ ചെയ്തത് ജയിസൺ നടയിൽ ക്യാപിറ്റൽ കോമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് ആന്റ് ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടീസും 11-ാമതു കേരളസമാജം വളളംകളിയുടെ ഇവന്റ് കോ– ഓർഡിനേറ്റർഷിപ്പ് സ്പോൺസർ ചെയ്തത് സേവി മാത്യു പ്രസിഡന്റായുളള കേരള ബോട്ട് ആന്റ് ആർട്സ് ക്ലബ് ആയിരുന്നു. കൂടാതെ ബേബി വർക്കി ആന്റ് അസോസിയേറ്റ് സിപിഎ, ഡേവിസ് പുളിക്കൻ, സോളമൻ മാത്യു, ബിഗ് ബസ്സാർ എന്നിവരും വിവിധ സമ്മാനങ്ങളുടെ സ്പോൺസർമാരായിരുന്നു.

വനിതകളുടെ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് മയാമി ചുണ്ടനും, രണ്ടാം സ്ഥാനത്തിന് അർഹത നേടിയത് സൗത്ത് ഫ്ളോറിഡ വിമൻസ് ഫോറം ടീമുമായിരുന്നു.

വളളംകളി മത്സരം 400 മീറ്റർ നീളം വരുന്ന രണ്ടു ട്രാക്കിലൂടെയാണ് അമേരിക്കൻ പാഡിലേഴ്സ് ക്ലബ് കേരള സമാജത്തിനുവേണ്ടി ക്രമീകരിച്ചത്. വളളംകളി മത്സരത്തിന്റെ വിജയത്തിനുവേണ്ടി പീറ്റോ സെബാസ്റ്റ്യൻ, പത്മകുമാർ കെ. ജി., റോബിൻസ് ജോസ് എന്നിവരടങ്ങിയ സബ് കമ്മിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

വളളംകളി മത്സരത്തിനുശേഷം റ്റി. വൈ. പാർക്കിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ അത്യന്തം വാശിയേറിയ പ്രൊഫഷണൽ വടംവലി മത്സരം ഇദംപ്രഥമമായി നടത്തി. ഏഴു പേർ അടങ്ങിയ വടംവലി ടീമിന്റെ തൂക്കം മാനദണ്ഡമാക്കിയാണ് ടീമുകളുടെ പ്രവേശനം രജിസ്റ്റർ ചെയ്തത്. അഞ്ച് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

ഷിക്കാഗോയിൽ നിന്നുളള റഫ്ഡാഡിസ് എംടീമും, ബിടീമും , എംഎസിഎഫ് –താമ്പ ടസ്കേഴ്സ്, ട്രംലൗവേഴ്സ് ഫ്ളോറിഡ, ടീം കനാന എന്നീ പുരുഷ ടീമുകൾക്ക് പുറമെ വനിത ടീമുകളുടെ സൗഹൃദ മത്സരവുമുണ്ടായിരുന്നു.

നൂതനമായ വടംവലി മത്സരത്തിന്റെ കായികക്ഷമത തീരുമാനിക്കുന്നത് കായികബലം ഒന്നു കൊണ്ടുമാത്രമല്ല ; തികഞ്ഞ പ്രൊഫഷണലിസവും ; ടെക്നിക്കുകളും ചേരുമ്പോഴാണെന്ന് ആവേശത്തോടെ മത്സരം വീക്ഷിച്ച കാണികൾക്ക് തിരിച്ചറിവു കൊടുക്കുന്നതായിരുന്നു വടംവലി മത്സരം.

എംഎസിഎഫ് താമ്പ ടസ്കേഴ്സ് റഫ്ഡാഡിസ് ഷിക്കാഗോ, എ ടീമുമായി ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ എംഎസിഎഫ് താമ്പ ടസ്കേഴ്സ് ഒന്നാം സമ്മാനവും ട്രോഫിയും നേടി ; വടംവലിയുടെ രണ്ടാം സമ്മാനം റഫ്ഡാഡിസ് ഷിക്കാഗോ എ ടീം കരസ്ഥമാക്കി.

തുടർന്ന് വനിതകളുടെ സൗഹൃദമത്സര വടംവലിയിൽ താമ്പ വനിതകളും ; സൗത്ത് ഫ്ളോറിഡ വിമൻസ് ഫോറം ടീമും ഏറ്റുമുട്ടി താമ്പ വനിതാ ടീം വിജയിയായി.വടംവലി മത്സരത്തിന്റെ ഒന്നാം സമ്മാനം രണ്ടായിരം ഡോളർ സ്പോൺസർ ചെയ്തത് ജോ മീനംകുന്നേൽ ബിസിനസ് വയറും ; രണ്ടാം സമ്മാനം എഴുന്നൂറ്റിയമ്പത് ഡോളർ സ്പോൺസർ ചെയ്തത് സഞ്ജയ് നടുപറമ്പിൽ മയാഫിസിക്കൽ തെറാപ്പിയുമാണ്.

വടംവലി മത്സരത്തിന്റെ അമ്പയറിങ് നടത്തിയത് മുൻ മിസ്റ്റർ കേരളയും കോച്ചുമായിരുന്ന മയാമിയിൽ നിന്നുളള ബെന്നി ജോസഫും സഹഅമ്പയർമാരായി നോയൽ മാത്യു ; ജൂബിൻ കുളങ്ങര, ഷിബു മിരമാർ, നിക്സൺ ജോസഫ് എന്നിവരുമായിരുന്നു.

തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ കേരള സമാജം പ്രസിഡന്റ് ജോസ്മാൻ കരേടൻ വളളംകളി മത്സരത്തിന്റെയും വടംവലി മത്സരത്തിന്റെയും വിജയികളെ സമ്മാനം ഏറ്റുവാങ്ങാൻ വേദിയിലേക്ക് ക്ഷണിക്കുകയും, വേദിയിൽ ഫ്ളോറിഡ സ്റ്റേറ്റ് സെനറ്റർ എലനോർ സോബൽ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു.

മത്സരത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങളും റണ്ണിംഗ് കമന്ററിയും, സാജൻ മാത്യു, സാമുവൽ തോമസ്, മാത്തുക്കുട്ടി തുമ്പമൺ, ബാബു കല്ലിടുക്കിൽ, ജോയി കുറ്റ്യാനി തുടങ്ങിയവർ നൽകിയത് മത്സരം ജീവസുറ്റതാക്കുവാൻ ഇടയായി. പാർക്കിൽ മറ്റൊരു വേദിയിൽ സോക്കർ പെനാലിറ്റി ഷൂട്ട്ഔട്ട് മത്സരം അനേകം പേർക്ക് മത്സരത്തിന് അവസരമൊരുക്കി. ശ്രീജിത്ത് കാർത്തികേയൻ, ജിമ്മി പെരേപ്പാടൻ, സജോ പല്ലിശ്ശേരി തുടങ്ങിയവർ നേതൃത്വം കൊടുത്തു.

മത്സരങ്ങളോടനുബന്ധിച്ച് വിവിധ പവലിയനുകളിൽ ദോശ, ഓംലൈറ്റ് തുടങ്ങിയ നാടൻ തട്ടുകട വിഭവങ്ങളും പച്ചകപ്പയും നെയ്മീൻ പൊളളിച്ചതും വിവിധതരം ബിരിയാണിയും വിളമ്പിയത് ഏവർക്കും ആസ്വാദ്യകരമായിരുന്നു.സാജൻ കുര്യന്റെ നേതൃത്വത്തിൽ നവംബർ 8നു നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടേഴ്സ് രജിസ്ട്രേഷന് ബൂത്ത് ഒരുക്കിയത് അനേകർക്ക് പ്രയോജനകരമായി. അമേരിക്കൻ തിരഞ്ഞെടുപ്പിൽ നിരവധി സ്ഥാനങ്ങളിലേക്ക് ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ കേരള സമാജത്തിന്റെ ഈ ജലമേള കാണുവാനും ഇന്ത്യൻ സമൂഹത്തോട് വോട്ട് ചോദിക്കുവാനുമായി പാർക്കിൽ എത്തിയിരുന്നു.

പരിപാടികൾക്ക് നോയൽ മാത്യു, പ്രിൻസ് ജോസഫ്, ആനി സോളമൻ, ഷേർളി തോമസ്, ലിജു കാച്ചപ്പിളളി, ഡേവിസ് വർഗീസ്, നെൽസൺ ചാലിശ്ശേരി, സുധീഷ് പി. കെ., ചെറിയാൻ ഏബ്രഹാം, വാണി മുരളി, ഷിബു ജോസഫ്, കുഞ്ഞമ്മ കോശി, സജി സക്കറിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.

വളളംകളി മത്സരത്തിന്റെ ഇടവേളകളിൽ ലൈവ് ഡാൻസ് ഷോകളും, ജെർമി കരേടന്റെ ഡീജേയും ചേർന്നപ്പോൾ 11-ാമതു ജലമേള ഏവർക്കും ഒരു ഉത്സവമായി.

വാർത്ത ∙ ജോയി കുറ്റ്യാനി

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.