Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറിമറിയുന്ന സർവ്വേഫലങ്ങൾ

വാഷിങ്ടൻ∙ റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി മൈക്ക് പെൻസും ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ടിം കെയ്നുമായുള്ള ഡിബേറ്റ് കഴിഞ്ഞപ്പോൾ മാധ്യമങ്ങളും സർവ്വേസ്ഥാപനങ്ങളും തിരക്കിട്ട് പ്രവർത്തിച്ചു. ആരാണ് ഡിബേറ്റൽ ജയിച്ചത്, റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ട്രംപിനാണോ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ഹിലറി ക്ലിന്റനാണോ മേൽക്കൈ എന്ന് വിലയിരുത്തുവാനായിരുന്നു ശ്രമം.

ഡിബേറ്റ് നടക്കുമ്പോൾതന്നെ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് പ്രത്യാക്രമണത്തിനും ഒരു പ്രചരണ സംഘം ശ്രമം നടത്തിയതായി ആരോപണം ഉയർന്നു. കെയ്നെ അപേക്ഷിച്ച് പെൻസിന്റെ പ്രകടനമായിരുന്നു മെച്ചമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കെയ്ൻ ട്രംപിനെ ഉദ്ധരിച്ച് ആക്രമിക്കുവാൻ നടത്തിയ ശ്രമങ്ങള്‍ പാളി. പെൻസ് സ്വന്തം കാഴ്ചപ്പാടും ട്രംപിന്റെ നയങ്ങളിലെ നല്ല വശങ്ങളും ഊന്നി ഡിബേറ്റ് തനിക്ക് അനുകൂലമാക്കി മാറ്റി. മോഡറേറ്രർ എലെയ്ൻ ക്വിജാനോ പ്രത്യക്ഷമായും പരോക്ഷമായും നിഷ്പക്ഷത പാലിച്ചതും പെൻസിന് അനുകൂലമായി.

ആദ്യ പ്രസിഡന്‍ഷ്യൽ ഡിബേറ്റിന്റെ അടുത്ത ആഴ്ച ട്രംപിന് വിഷമം പിടിച്ചതായിരുന്നു. ഹിലറിയുടെ പ്രചരണ സംഘത്തിൽ ഒരു പുത്തനുണർവ്വുണ്ടായി. ഡിബേറ്റിന് മുൻപ് നടത്തിയ സർവ്വേകളെ അപേക്ഷിച്ച് ഡിബേറ്റിന് ശേഷം ഹിലറിയുടെ പ്രിയം രണ്ടോ മൂന്നോ ശതമാനം പോയിന്റുകൾ ഉയർന്നതായി പുതിയ സർവ്വേ പറഞ്ഞു.

പക്ഷേ അപ്പോഴും ജൂലൈയിലും ഓഗസ്റ്റിലും ഹിലറിക്ക് ഉണ്ടായിരുന്ന മേൽക്കൈ വീണ്ടെടുക്കുവാൻ അവർക്ക് കഴിഞ്ഞില്ല. ട്രംപാകട്ടെ ചില്ലറ നേട്ടങ്ങൾ നേടുകയും ചെയ്തു. ഫോക്സ് ന്യൂസ്, സിഎൻഎൻ/ ഒആർസി, സിബിഎസ് ന്യൂസ് എന്നിവ നടത്തിയ മൂന്നു സർവ്വേകൾക്ക് വിശ്വാസ്യത കൂടുതൽ ഉള്ളതായി റിപ്പോർട്ടുണ്ട്. ഇവ ലൈവ് അഭിമുഖങ്ങളിലൂടെയാണ് നടത്തിയത്. ഡിബേറ്റിനു മുൻപ് റജിസ്ട്രേഡ് വോട്ടർമാരുടെ ഇടയിൽ ഹിലറി മുൻപിലും, വോട്ടു ചെയ്യുവാൻ സാധ്യതയുള്ളവരുടെ ഇടയിൽ ട്രംപ് മുന്‍പിലും ആയിരുന്നു.

ഡിബേറ്റിനു ശേഷം ഹിലറിക്ക് റജിസ്ട്രേഡ് വോട്ടർമാരുടെ ഇടയിൽ കൂടുതലായി നേട്ടം ഉണ്ടാക്കുവാൻ കഴിഞ്ഞില്ല. എന്നാൽ വോട്ടു ചെയ്യുവാൻ സാധ്യതയുള്ളവരിൽ മൂന്നു മുതൽ അഞ്ചു പോയിന്റുവരെ കൂടുതലാകാൻ കഴിഞ്ഞു. റജിസ്റ്റർ ചെയ്തവരും വോട്ടു ചെയ്യുവാൻ സാധ്യയുള്ളവരുമായുള്ള അന്തരം നികത്തുകയും ചെയ്തു.

ഇത്തരം ചാഞ്ചാട്ടങ്ങൾ സാധാരണമാണെന്ന് സർവ്വേസ്ഥാപനങ്ങൾ പറയുന്നു. ഈ മാറ്റം സ്ഥായിയാവണമെന്നില്ല. കൺവൻഷന് ശേഷം സംഭവിച്ചതുപോലെ പെട്ടെന്ന് മാറിമറിഞ്ഞു എന്നുവരാം.
ബിരുദം ഇല്ലാത്ത വെളുത്തവർഗ്ഗക്കാരായ വോട്ടർമാരുടെ ഇടയിൽ ട്രംപിനു വ്യക്തമായ ലീഡുണ്ട്. 28ന് എതിരെ 56. ഡിബേറ്റിനു മുൻപ് ഇത് 29ന് എതിരെ 5 ആയിരുന്നു. ഈ രണ്ടു ലീഡും 2012ൽ മിറ്റ് റോംനിക്കു ലഭിച്ചതിനേക്കാൾ കൂടുതലാണഅ. ഡെമോക്രാറ്റിക് കൺവൻഷനു ശേഷം ട്രംപിന് ലഭിക്കുന്ന വലിയ ലീഡാണ് ഇത്.

തൊഴിലാളികളായ വെളുത്ത വർഗ്ഗക്കാർക്കിടയിൽ ട്രംപിനുള്ള ലീഡ് ദേശീയമായോ സൺബെൽറ്റിലോ വടക്കൻ സംസ്ഥാനങ്ങളിലോ മേൽക്കൈ നേടാൻ സഹായിച്ചിട്ടില്ല. എന്നാൽ കടുത്ത മത്സരം നൽകാൻ സഹായിക്കുന്നു. സിഎന്‍എൻ, ഫോക്സ് ന്യൂസ് സർവ്വേകളാണ് ഇതുവരെ ട്രംപിനു പ്രയോജനം ചെയ്തത്. ഹിലറിക്ക് വോട്ടു ചെയ്യുവാൻ സാധ്യതയുള്ളവരുടെ പ്രിയത്തിൽ പിന്നിലാണെന്ന് ഇവര്‍ പറഞ്ഞു.

ഡിബേറ്റിനു ശേഷമുള്ള ഹിലറിയുടെ നേട്ടത്തിന് കാരണം അത്യുൽസാഹമാണെന്ന വിലയിരുത്തലുണ്ട്. എങ്കിലും ദേശവ്യാപകമായി നടത്തുന്ന ഉന്നത നിലവാരം പുലർത്തുന്ന ലൈവ് അഭിമുഖ സർവ്വേകളിൽ നാലു മുതൽ അഞ്ചു വരെ വോയിന്റുകൾ കൂടുതലായി നേടുമെന്നാണ് കരുതുന്നത്. ഇവ വോട്ടുകളായി മാറുമോ?

വാർത്ത∙ ഏബ്രഹാം തോമസ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.