Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിഐഎഫ്എഫ് മേളയ്ക്കരികിൽ മഹാമനസ്സുകളുടെ സംഗമം

TIFF-mela

ടൊറോന്റോ∙ ടൊറോന്റോ അന്തർദ്ദേശീയ ഫിലിം ഫെസ്റ്റിവൽ മേള (ടിഐഎഫ്എഫ്)യുടെ മിന്നിത്തിളക്കങ്ങളിൽ നിന്നും ശബ്ദകോലാഹലങ്ങളിൽ നിന്നുമകന്ന്, ഒന്റേറിയോ തടാകതീരത്തുള്ള വെസ്റ്റിൻ ഹാർബർ പാലസ്സിന്റെ മുപ്പത്തെട്ടാം നിലയിൽ രണ്ടു മഹാമനസ്സുകൾ ഒത്തുകൂടി. മാനവരാശിയുടെ ഉന്നമനത്തിനായി ആജീവനാന്തം യത്നിച്ചവരായിരുന്നു ഇരുവരും; ഒരാൾ ശാസ്ത്രത്തിലൂടെയും മറ്റെയാൾ കലയിലൂടെയും.

കാനഡയുടെ ഏറ്റവും ഉന്നതമായ രണ്ടാമത്തെ ബഹുമതിയായ ‘ഓർഡർ ഓഫ് കാനഡ’ ലഭിച്ച മഹദ്‌വ്യക്തിയാണ് ലോകത്തിലെ എണ്ണപ്പെട്ട ഹൃദയശാസ്ത്ര ഗവേഷകരിലൊൾ കൂടിയായ ഡോക്ടർ സലിം യൂസുഫ്. കേരളത്തിൽ ജനിച്ച അദ്ദേഹം കാനഡയിലെ ഏറ്റവുമധികം ജനവാസമുള്ള ഒന്റേറിയോ പ്രോവിൻസിലെ ഹാമിൽട്ടൺ തുറമുഖനഗരത്തിൽ നിന്നെത്തിയത് അന്തർദ്ദേശീയ പ്രശസ്തിയാർജിച്ച മലയാള സിനിമാ സംവിധായകനും പത്മവിഭൂഷൺ ജേതാവുമായ അടൂർ ഗോപാലകൃഷ്ണനെ കാണാനും ആദരിയ്ക്കാനുമായിരുന്നു. ടൊറൊന്റോ അന്തർദ്ദേശീയ ചലച്ചിത്രമേളയിൽ തന്റെ പുതിയ ചിത്രമായ ‘പിന്നെയും’ അവതരിപ്പിയ്ക്കാൻ വേണ്ടിയെത്തിയതായിരുന്നു അടൂർ. ഇരുവരുടേയും പ്രഥമസമാഗമമായിരുന്നു അത്.

ചരിത്രവിഷയത്തിൽ കേരളപ്പിറവിയെപ്പറ്റിയുള്ള ഓർമ്മകൾ അവർ അയവിറക്കി. ഭൂമി ആരുടേയും സ്വന്തമല്ലാതിരുന്നൊരു കാലഘട്ടത്തെപ്പറ്റി അടൂർ സംസാരിച്ചു. സർവരും ഭൂമിയെ ആസ്വദിച്ചിരുന്ന അക്കാലം പിൽക്കാലത്തു സർവേയും സ്വകാര്യ ഉടമസ്ഥതയും പ്രോത്സാഹിപ്പിയ്ക്കുന്ന വിദേശാധിപത്യത്തിനും നൂതനസംസ്കാരചിന്തയ്ക്കും വഴി മാറിക്കൊടുത്തു.

ലോകത്തു നടക്കുന്ന ആകെ മരണങ്ങളുടെ ഒമ്പതു ശതമാനം അക്രമങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നുമുള്ള പരിക്കുകൾ മൂലമാണ് എന്ന് ഡോക്ടർ പറഞ്ഞു. ആരോഗ്യത്തിൽ സ്വാധീനം ചെലുത്തുന്നത് ആരോഗ്യശാസ്ത്രം മാത്രമല്ല, സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ഘടകങ്ങൾക്കും ആരോഗ്യത്തിൽ വലുതായ സ്വാധീനമുണ്ട്. എങ്കിലും, ആരോഗ്യസൂചികകൾ പൊതുവിൽ ശരിയായ ദിശയിലേയ്ക്കു തന്നെയാണു സഞ്ചരിയ്ക്കുന്നത്. അമ്പതു വർഷം മുമ്പ് മനുഷ്യരുടെ ശരാശരി ആയുർദൈർഘ്യം 39 വർഷം മാത്രമായിരുന്നു. ഇന്നത് അറുപതിനു മുകളിലായിരിയ്ക്കുന്നു.

ദശലക്ഷം വ്യക്തികൾക്കായി താൻ കേരളത്തിൽ സമീപകാലത്തു തുടങ്ങിയിരിയ്ക്കുന്ന ‘കിരൺ’ എന്ന പദ്ധതിയെക്കുറിച്ചും ഡോക്ടർ പരാമർശിച്ചു. സംസ്ഥാനസർക്കാരിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയിരിയ്ക്കുന്ന ആ പദ്ധതി കേരളത്തിലെ രോഗങ്ങളുടേയും മരണങ്ങളുടേയും മൂലകാരണം കണ്ടെത്തും. ‘അവയ്ക്കുള്ള മൂലകാരണം നമുക്കറിയില്ലെങ്കിൽ നാമവ കണ്ടെത്തുക തന്നെ വേണം. ഉദാഹരണത്തിന്, വിറകുകൊണ്ടു പാചകം ചെയ്യുമ്പോഴുണ്ടാകുന്ന പുക നമ്മുടെ ജനതയുടെ ആരോഗ്യത്തെ എത്രത്തോളം പ്രതികൂലമായി ബാധിയ്ക്കുന്നുണ്ട ്?’ ഡോക്ടർ യൂസുഫ് വിശദീകരിച്ചു.

കലകളെ കുറിച്ചു നടന്ന ചർച്ചയിൽ കലയും സാഹിത്യവും വളരുകയും സമൂഹത്തെ സമ്പന്നമാക്കുകയും ചെയ്തൊരു കാലഘട്ടം കേരളചരിത്രത്തിലുണ്ടായിരുന്നു എന്നും നിലവാരമുള്ള കലയേയും സാഹിത്യത്തേയും പ്രോത്സാഹിപ്പിച്ചിരുന്ന ഭരണകർത്താക്കളും സമ്പന്നരും അക്കാലത്തുണ്ടായിരുന്നു എന്ന് അടൂർ അഭിപ്രായപ്പെട്ടു
ജെയിംസ് മാത്യു, എംഡി. മിൽവാക്കി അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.