Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെക്സസാണ് ട്രംപിന്റെ ‘എടിഎം’

ഡാലസ് ∙ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ധനം സമാഹരിക്കുന്നതിൽ പിന്നിലാണ്. സെപ്റ്റംബർ മധ്യം വരെ ട്രംപിനും സപ്പോർട്ട് ഗ്രൂപ്പിനും 206 മില്യൻ ഡോളറേ ശേഖരിക്കുവാൻ കഴിഞ്ഞുളളൂ. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലറി ക്ലിന്റൺ 517 മില്യൻ ഡോളർ സമാഹരിച്ചു. തന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്കു താൻ സ്വയം ചെക്കെഴുതി നൽക്കുയാണ് ചെയ്യുന്നതെന്ന് ട്രംപ് അവകാശപ്പെടാറുണ്ട്.

എന്നാൽ ആവശ്യം വരുമ്പോൾ പണം എടുക്കാൻ ട്രംപിനൊര് എടിഎം (എനി ടൈം മണി) സംവിധാനമുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. ടെക്സസ് സംസ്ഥാനമാണ് ഈ എടിഎം ട്രംപിന്റെ പ്രചരണത്തിലെ ശുഭ ദിനങ്ങളിലും (ഇത് വളരെ കുറവാണ്) കുഴപ്പം പിടിച്ച സന്ദർഭങ്ങളിലും(ഇത് വളരെ കൂടുതലുമാണ്) ടെക്സസിലെ ധനസമാഹരണ സംവിധാനം ട്രംപിന്റെ സഹായത്തിനെത്തുന്നു. ട്രംപിന്റെ ഫൈനാൻഷ്യൽ ടീമിലെ ഉന്നതർ പറയുന്നത് ട്രംപിന്റെ പ്രചരണത്തിന് ഏറ്റവുമധികം ധനം നൽകിയത് ടെക്സാസാണെന്നാണ്. ന്യുയോർക്ക് പോലും ഇത്രയും ധനം നൽകിയിട്ടില്ല.

രണ്ടാം ഡിബേറ്റിനു 11 വർഷം പഴക്കമുളള വീഡിയോ(പിന്നെയും വീഡിയോകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്)പുറത്തു വന്നതിനു ശേഷം ട്രംപ് ഡാലസിലെ ഹിൽട്ടൺ ലിങ്കൺ സെന്ററിലെത്തി ധനസമാഹരണം നടത്തി. അതിന് മുൻപ് സാൻ അന്റോണിയോ വിൽ ഫണ്ട് റെയ് സിംഗ് പരിപാടിയിൽ പങ്കെടുത്തു. റിപ്പബ്ലിക്കൻ പ്രൈമറികൾക്കുശേഷം മൂന്നാമത്തെ ഫണ്ട് റെയ്സിംഗ് പരിപാടിയിലാണ് ഡാലസിൽ ട്രംപ് പങ്കെടുത്തത്. മക്കൾ ഡോണൾഡ് ട്രംപ് ജൂനിയറും ഇവാങ്ക ട്രംപും ഡാലസിൽ ധനസമാഹരണം പ്രത്യേകം പ്രത്യേകം നടത്തി.

സാൻഅന്റോണിയോവിലെ പരിപാടിയിൽ രണ്ടാം ഡിബേറ്റിലെ തന്റെ പ്രകടനം പുകഴ്ത്തി സംസാരിക്കുവാൻ ട്രംപ് മറന്നില്ല. പ്രചരണത്തിന്റെ ആദ്യകാലങ്ങളിൽ പ്രകടിപ്പിച്ച വൈമനസ്യം മാറ്റി വച്ച് റിപ്പബ്ലിക്കൻ ദാതാക്കളെ സമീപിക്കുവാൻ ഇപ്പോൾ ട്രംപ് തയാറാണ്. തന്റെ പ്രൈമറി പ്രചരണം മിക്കവാറും സ്വയം ഫണ്ടിംഗ് നടത്തിയാണ് ട്രംപ് ചെയ്തത്. ടെക്സസിലെ ദാതാക്കൾ ട്രംപ് വിക്ടറി ഫണ്ടിന് 18 മില്യൻ ഡോളർ നൽകി. ഇതിൽ 10 മില്യൻ ഡോളർ ഡാലസിൽ നിന്നായിരുന്നു. പ്രചരണം നേരിട്ട് മറ്റൊരു 7 മില്യൻ ഡോളർ സമ്പാദിച്ചു. നേരിട്ട് നൽകുന്ന സംഭാവനകൾ ചെറിയ തുകകൾക്കുളളതായിരിക്കണം എന്ന് ഫെഡറൽ നിയമം അനുശാസിക്കുന്നു. മുൻപ് മറ്റ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളാണ് ട്രംപിനെക്കാൾ ഭേദം എന്ന് അഭിപ്രായപ്പെട്ടിരുന്ന ദാതാക്കളാണ് ട്രംപിന് സംഭാവന നൽകുന്നത് എന്നത് വിരോധാഭാസമായി തോന്നാം.

ട്രംപ് വിക്ടറി കമ്മിറ്റിയുടെ വൈസ് ചെയർമാൻ റേ വാഷ്ബേൺ ഡാലസിലെ പ്രമുഖ ഡെവലപ്പറാണ്. റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയുടെ ഫൈനാൻസ് കമ്മിറ്റി ചെയർ ആയിരുന്നു. മീറ്റ് റോംനിയുടെയും ഗവ. ക്രിസ്ക്രിസ്റ്റി യുടെയും ഫൈനാൻസ് കമ്മിറ്റികളുടെ തലവനായിരുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ ദിവ്യ(ദാന) പാത്രമാണ് നോർത്ത് ടെക്സസ് എന്ന് രാഷ്ട്രീയ ഉപദേശക കാരൾ റീഡ് പറയുന്നു.

ട്രംപ് ഓഗസ്റ്റ് വരെ ടെക്സസിൽ നിന്ന് 7 മില്യൻ ഡോളർ നേടിയ സ്പോൾ മീറ്റ് റോംനി 29 മില്യൻ ഡോളറും ജോൺ മക്കെയിൻ 17 മില്യൻ ഡോളറും നേടിയിരുന്നു. മൂവരും മൊത്തെ സമാഹരിച്ച തുകയുടെ പത്ത് ശതമാനമാണ് ടെക്സാസിൽ നിന്ന് നേടിയത്. ഡാലസ് നഗര സമൂഹം ട്രംപിന് നേരിട്ട് സംഭാവന നൽകുന്ന മെട്രോകളിൽ അഞ്ചാം സ്ഥാനത്താണ്.

ഇതിനിടയിൽ ട്രംപിനെതിരെ ലൈംഗിക ആരോപണങ്ങളുമായി നാല് സ്ത്രീകൾ രംഗത്തു വന്നു. 13 വർഷം മുൻപും 2005 ലും നടന്ന സംഭവങ്ങളായാണ് ആരോപണങ്ങൾ. 2005 ലെ ഒരു വീഡിയോയും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മൂന്നാമത്തേതും അവസാനത്തേതുമായ പ്രസിഡൻഷ്യൽ ഡിബേറ്റ് ബുധനാഴ്ച നടക്കാനിരിക്കെ പുറത്തുവന്ന വിവാദങ്ങൾ ഡിബേറ്റിന്റെ ധാരാളം സമയം അപഹരിക്കും എന്ന് ഉറപ്പാണ്. മുൻപു നടന്ന രണ്ട് ഡിബേറ്റുകളിലും ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ല എന്ന് പരാതി ഉണ്ടായിരുന്നു.

റിപ്പബ്ലിക്കൻ ചടങ്ങലകളിൽ നിന്ന് താൻ പുറത്തായി എന്ന ട്രംപിന്റെ പ്രസ്താവനയും പാർട്ടിയിൽ ശക്തമായ പ്രതികരണങ്ങൾ സൃഷ്ടിച്ചു. ജന പ്രതിനിധി സഭാ സ്പീക്കർ പോൾ റയാനുമായി ട്രംപ് നടത്തുന്ന വാക്ക് പോര് പാർട്ടി നേതാക്കളെയും ആകർഷിച്ചിരിക്കുകയാണ്. റയാൻ ട്രംപിനെ പിന്താങ്ങുന്നില്ലെങ്കിൽ താൻ റയാനെയും പിന്താങ്ങുകയില്ല എന്ന പ്രഖ്യാപനവുമായി ഒക്കലഹോമയിൽ നിന്നുളള ജനപ്രതിനിധി ജിം ബ്രൈഡ് സൈറ്റൻ രംഗത്തെത്തി.


വാർത്ത∙ഏബ്രഹാം തോമസ്

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.