Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെയും ഹിലരിയുടെയും നികുതി നിർദേശങ്ങൾ

ലാസ് വേഗസ് ∙ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഉന്നത വരുമാനക്കാരുടെ നികുതി നിരക്ക് 39.6 %ൽ നിന്ന് കുറച്ച് 33 % ആക്കും എന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് പറയുന്നു. നിലവിൽ 7 ബ്രാക്കറ്റുകളിലായാണ് വരുമാനത്തിന് നികുതി ചുമത്തുന്നത്. ഇത് കുറച്ച് 12%, 25%, 33% എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കി മാറ്റുമെന്നും ട്രംപ് പറയുന്നു.

ട്രംപിനെയും തന്നെയും പോലെ ഏറ്റവും ഉന്നത വരുമാനം ഉളളവർക്കല്ല നികുതി നിരക്ക് കുറയ്ക്കേണ്ടതെന്ന് എതിർ സ്ഥാനാർത്ഥി ഹിലരി ക്ലിന്റൺ പ്രതികരിച്ചു. 5 മില്യൺ ഡോളറിൽ കൂടുതൽ പ്രതിവർഷ വരുമാനം ഉളളവർ 4 % സർചാർജ്ജ് നൽകണം. അങ്ങനെ ഇവരുടെ നികുതി നിരക്ക് 43.6% ആയി ഉയരും. 1 മില്യൺ ഡോളറിൽ കൂടുതൽ വരുമാനം ഉളളവർ 30% എങ്കിലും നികുതി നൽകണം. പ്രൈവറ്റ് എക്വിറ്റിക്കാർക്കും ഹെഡ്ജ് ഫണ്ട് മാനേജർമാർക്കും ഇപ്പോൾ ചില നിയമ പഴുതുകളിലൂടെ നികുതി ഇളവുകൾ നിർത്തലാക്കുമെന്നും ഹിലരി പറഞ്ഞു.

നികുതി വാഗ്ദാനങ്ങൾ ഹിലരി നടത്തിയപ്പോൾ സെനറ്ററായിരുന്നപ്പോൾ ഇവരുടെ വോട്ടിംഗ് റെക്കോർഡ് ഇതിന് വിരുദ്ധമായിരുന്നു എന്ന് റിപ്പബ്ലിക്കനുകൾ ആരോപിച്ചു. ഉദാഹരണമായി ഡെമോക്രാറ്റുകൾ 2,50,000 ഡോളറിൽ താഴെ വരുമാനമുളളവരുടെ നികുതി വർധിപ്പിക്കണമെന്ന നിർദേശം മുന്നോട്ടു വച്ചപ്പോൾ ഇതിനെ അനുകൂലിച്ച് ഹിലരി വോട്ടു ചെയ്തത് ഇവർ ചൂണ്ടിക്കാട്ടി. ഹിലരിയുടെ പദ്ധതികൾ തൊഴിലുകൾ ഇല്ലാതാക്കും, വേതനം കുറയ്ക്കും, സാമ്പത്തിക വളർച്ചയ്ക്ക് പരിക്കേല്പിക്കും എന്ന് റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി ചെയർമാൻ റീൻസ് പ്രീബസ് ആരോപിച്ചു.

ഇതിനിടയിൽ ട്രംപ് തന്റെ പ്രചരണ‌‌‌ വിഭാഗം വീണ്ടും അഴിച്ചു പണിഞ്ഞു. രണ്ടു മാസത്തിനിടയിൽ രണ്ടാം തവണയാണ് ട്രംപ് അഴിച്ചു പണി നടത്തിയത്. യാഥാസ്ഥിതിക വെബ് സൈറ്റ് ബ്രെയിറ്റ് ബാർട്ട് ന്യൂസിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ സ്റ്റീഫൻ ബാനനെ പ്രചാരക സംഘത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ആക്കി. കാമ്പയിൻ മാനേജരായി ഇതുവരെ സീനിയർ അഡ്വൈസറും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി മൈക്ക് പെൻസിന്റെ പ്രചാരകയുമായിരുന്ന കെല്ലി ആൻ കോൺവേയെയും നിയമിച്ചു. കാമ്പയിൻ ചെയർമാൻ പോൾ മാനഫോർട്ട് തൽസ്ഥാനത്ത് തുടരും. ഡെപ്യൂട്ടി റിക്ക് ഗേറ്റ്സിന് മറ്റൊരു നിയമനം നൽകും.

പ്രചരണത്തിന്റെ തിരക്കു പിടിച്ച അവസാന നാളുകളിൽ നടത്തുന്ന വികസനമായി ഇത് കോൺവേ വിശേഷിപ്പിച്ചു. പ്രസംഗങ്ങളിൽ മിതത്വം പാലിക്കണമെന്ന് ഉപദേശിച്ചിരുന്ന മാനഫോർട്ടിനെ പാർശ്വവൽക്കരിക്കുവാൻ നടത്തിയ ശ്രമമായി നിരീക്ഷകർ ഇത് വിലയിരുത്തുന്നു.

കോൺവേയുടെയും ബാനന്റെയും സ്ഥാപനം പ്രൈമറികളുടെ ആരംഭം മുതൽ ട്രംപിന് അനുകൂലമായിരുന്നു. യാഥാസ്ഥിതിക ദാതാക്കളായ അച്ഛനും മകളും റോബർട്ട് മെഴ്സറും റെബേക്ക മേഴ്സറും ഇരുവരുടെയും ഉറ്റ സുഹൃത്തുക്കളാണ്. ഈ ദാതാക്കൾ ഒരു സൂപ്പർ പിഎസിക്ക് ധനസഹായം നൽകുന്നു. ഈ സൂപ്പർ പിഎസി ഹിലരിക്ക് എതിരാണ്.

ട്രംപിന്റെ മകൾ ഇവങ്കയ്ക്കും ഭർത്താവ് ജാരെഡ് കുഷ്നറിനും കോൺവേയെ ഇഷ്ടമാണ്. പ്രസിഡന്റ് പ്രൈമറികളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും പൊതു തിരഞ്ഞെടുപ്പിൽ കോൺവേയ്ക്ക് വലിയ പരിചയം ഇല്ല. ഇതുവരെ കാമ്പയിൻ മാനേജരായി (അനൗദ്യോഗികമായി) പ്രവർത്തിച്ചിരുന്നത് ജാരെഡായിരുന്നു. കോൺവേ കേബിൾ ന്യൂസ് ചാനലിൽ സ്ഥിരം പ്രത്യക്ഷപ്പെടാറുണ്ട്. ഇനി ട്രംപിന്റെ യാത്രകളിൽ ട്രംപിനെ അനുഗമിക്കും. ജൂൺ 20ന് പുറത്താക്കിയ കാമ്പെയിൻ മാനേജർ കോറിലെ വാണ്ടോവ്സ്കിയാണ് മുൻപ് ട്രംപിനൊപ്പം യാത്ര ചെയ്തിരുന്നത്.

ട്രംപ് നടത്തിയ അഴിച്ചു പണിയെ കുറിച്ച് ഹിലരി ശക്തമായി പ്രതികരിച്ചു. അയാൾ പഴയ മനുഷ്യൻ തന്നെ. അയാൾ എന്താണെന്ന് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ഒരു പുതിയ ഡോണൾഡ് ട്രംപ് ഉണ്ടാവില്ല എന്നാണ് ഹിലരി പറഞ്ഞത്.

വാർത്ത ∙ ഏബ്രഹാം തോമസ് 

Your Rating: