Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് റയാനെയും മക്കെയിനെയും പിന്തുണക്കില്ല, പെൻസ് റയാനെ പിന്തുണയ്ക്കും

വാഷിങ്ടൺ ∙ റിപ്പബ്ലിക്കൻ ക്യാംപിൽ സ്വരചേർച്ചയില്ലായ്മ തുടരുകയാണ്. ഡോണാൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ ടിക്കറ്റിൽ നിന്നു മാറ്റി മറ്റൊരാളിനെ പ്രതിഷ്ഠിക്കാൻ കഴിയുമോ എന്ന് ചില നേതാക്കൾ വക്കീലന്മാരുമായി കൂടിയാലോചന നടത്തുന്നുണ്ട്. ഇതു വിജയിക്കാനുളള സാധ്യത കുറവാണ്. ഹൗസ് സ്പീക്കർ പോൾ റയാനും സെന ജോൺ മക്കെയിനും വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രൈമറികളിൽ ഇരുവർക്കും പിന്തുണ നൽകുമെന്ന് പല റിപ്പബ്ലിക്കൻ നേതാക്കളും പ്രഖ്യാപിച്ചു. എന്നാൽ താൻ ഇവരെ രണ്ടു പേരെയും പിന്തുണയ്ക്കുകയില്ലെന്ന് ട്രംപ് പറയുന്നു.

ട്രംപിനൊപ്പം അതേ ടിക്കറ്റിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന മൈക്ക് പെൻസ് റയാനെ ശക്തമായി പിന്തുണയ്ക്കും എന്നറിയിച്ചു. റയാനെയും മക്കെയിനെയും പിന്തുണയ്ക്കില്ല എന്ന പ്രസ്താവനയും കാപ്റ്റൻ ഹുമയൂൺ ഖാനെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദം കെട്ടടങ്ങാത്തതും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളെ അങ്കലാപ്പിൽ ആക്കിയിരിക്കുകയാണ്. മൃദു സമീപനം സ്വീകരിക്കുവാനും മയപ്പെടുത്തി സംസാരിക്കുവാനും റിപ്പബ്ലിക്കൻ നേതാക്കൾ ട്രംപിനോട് വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ തന്റെ പ്രചാരണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഫ്ലോറിഡയിൽ പ്രചരണ യോഗങ്ങളിൽ ട്രംപ് പറഞ്ഞു.

രണ്ടു പ്രധാന റിപ്പബ്ലിക്കൻ നേതാക്കൾ ട്രംപിൽ നിന്നകന്നു. ഇല്ലിനോയിൽ നിന്നുളള ജനപ്രതിനിധിയും ഇറാഖ് യുദ്ധ വിമുക്ത ഭടനുമായ ആഡം കിൻസിഞ്ചർ, മുൻ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി ചെയർമാനും മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിന്റെ വിശ്വസ്തനുമായ മാർക്ക് റാസി കോട്ട് എന്നിവരാണ് ഇവർ. റാസികോട്ട് മുൻ മൊണ്ടാന ഗവർണറും കൂടിയാണ്.

രണ്ടാഴ്ച മുമ്പ് ആർഎൻസി കൺവൻഷനിൽ ട്രംപിൽ കണ്ട മാറ്റം പല പാർട്ടി നേതാക്കളിലും ആത്മവിശ്വാസം സൃഷ്ടി‌ച്ചു.
എന്നാൽ ട്രംപ് തന്റെ പഴയ സ്വരൂപത്തിലേയ്ക്ക് മടങ്ങി പോയിരിക്കുകയാണ് എന്നിവർ ആരോപിക്കുന്നു. ലേബർ ഡേ (സെപ്റ്റംബർ 5) യ്ക്കുളളിൽ സ്ഥിതി ഗതികൾ കാര്യമായി മാറിയില്ലെങ്കിൽ ഹൗസ്, സെനറ്റ് സ്ഥാനാർത്ഥികൾക്കു വേണ്ടി പാർട്ടിയിലുളള ഫണ്ട് ഗതിതിരിച്ചു വിടേണ്ടി വരുമെന്ന് ആർഎൻസി പറയുന്നു.

1996 ൽ ബോബ് ഡോൾ പരാജയപ്പെടും എന്ന് ആശങ്ക ഉണ്ടായപ്പോൾ ഇങ്ങനെ ചെയ്തതാണ്. ഫണ്ട് റെയിസിംഗിലെ കമ്മി ഏറെക്കുറെ ട്രംപ് തുടച്ചുമാറ്റി. ജൂലൈയിൽ ശേഖരിച്ചത് 64 മില്യൻ ഡോളറാണ്. ഹിലരി നേടിയതിനെക്കാൾ ഒരു മില്യൻ ഡോളർ കൂടുതൽ. ഓൺലൈനിലൂടെയും ഡയറക്ട് മെയിലിംഗിലൂടെയുമാണ് ഇത് സാധിച്ചത്. ചെറിയ സംഭാവനകളുടെ മലവെളളപ്പാച്ചിൽ തന്നെ ഉണ്ടായി എന്ന് പ്രചാരണ സംഘം പറയുന്നു. കഴിഞ്ഞ മാസം ട്രംപ് പാർട്ടിയും സമാഹരിച്ചത് 82 മില്യൻ ഡോളറാണ്. ഹിലരിയും ഡെമോക്രാറ്റിക് പാർട്ടിയും 90 മില്യൻ ഡോളർ സമാഹരിച്ചു. അവർ (ഹിലരി) ഇത് കഴിഞ്ഞ 20 വർഷമായി ചെയ്യുന്നു. ഞങ്ങൾ ചെയ്യാൻ തുടങ്ങിയിട്ട് 2 മാസമേ ആയുളളൂ. ട്രംപിന്റെ ഫൈനാൻസ് ചെയർമാൻ സ്റ്റീവൻ മനു ചിൻ പ്രതികരിച്ചു.

കഴിഞ്ഞ ചില മാസങ്ങൾക്ക് മുൻപ് വരെ ട്രംപിന്റെ പ്രചാരണ സംഘം തൊപ്പികളുടെയും ടീ ഷർട്ടുകളുടെയും വില്പനയിലൂടെയാണ് ഫണ്ട് റെയ്സിംഗ് നടത്തിയിരുന്നത്. ഇപ്പോൾ 10 ഡോളറും 25 ഡോളറും നൽകുന്ന സാധാരണ ദാതാക്കളിൽ നിന്നാണ് ധനശേഖരണം നടത്തുന്നതെന്ന് ട്രംപ് സംഘം അവകാശപ്പെടുന്നു. ഡെമോക്രാറ്റിക് പ്രൈമറികളിൽ ഇങ്ങനെ ചെറിയ തുകകൾ സ്വീകരിച്ചാണ് ബേണി സാൻഡേഴ്സ് പ്രചാരണം നടത്തിയിരുന്നത്.

ട്രംപിന്റെ കണക്കുകൾ പ്രാഥമികമാണെന്ന് വിശദീകരണമുണ്ട്. ഫെഡറൽ ഇലക്ഷൻ കമ്മീഷന് മുമ്പാകെ ട്രംപിനും ഹിലരിക്കും ഫൈനലൈസ് ചെയ്ത കണക്കുകൾ സമർപ്പിക്കേണ്ടതുണ്ട്.

വാർത്ത ∙ ഏബ്രഹാം തോമസ് 

Your Rating: