Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കയിൽ രണ്ട് എണ്ണപ്പാടങ്ങൾ കൂടി കണ്ടെത്തി

വെസ്റ്റ് ടെക്സസ് ∙ ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ ലഭ്യത വർധിച്ചിരിക്കുകയാണ്. താപനം പുതിയ വെല്ല് വിളി ഉയർത്തുന്നു. ക്രൂഡിന്റെ വില താഴ്ന്ന് നിൽക്കുകയുമാണ്. ഈ അവസരത്തിൽ വൻ തോതിൽ എണ്ണ നിക്ഷേപമോ പ്രകൃതി വാതക പാടങ്ങളോ കണ്ടെത്തി എന്ന വാർത്ത ഉപഭോക്താവിന് സന്തോഷം നൽകുമെങ്കിലും എണ്ണ വിപണിയിലെ ഭീമന്മാർക്ക് അത്യുൽസാഹം നൽകാനിടയില്ല.

എന്നാൽ പുതിയ ചില നിക്ഷേപങ്ങൾ കണ്ടെത്തിയതായാണ് വാർത്ത. ഇവയിൽ രണ്ടെണ്ണം അമേരിക്കയിലാണ്. ഒരെണ്ണം വെസ്റ്റ് ടെക്സസിലും മറ്റേത് അലാസ്കയിലും. ഈ കണ്ടെത്തലുകൾ പ്രാഥമിക പരിശോധനയിലാണ്. സ്ഥിരീകരണത്തിന് കൂടുതൽ പരിശോധനകൾ ആവശ്യമാണ്. എണ്ണവില ദീർഘകാലത്തേയ്ക്ക് ഉയരുകയില്ല, എണ്ണകമ്പനികൾ കരുതലായി കൂടുതൽ അസംസ്കൃത എണ്ണ സൂക്ഷിക്കും എന്നീ സ്ഥിതി വിശേഷത്തിലേയ്ക്ക് ഈ കണ്ടെത്തലുകൾ നയിച്ചേക്കും.

കഴിഞ്ഞ രണ്ടു വർഷമായി പുതിയ എണ്ണശേഖരം കണ്ടെത്തുവാനുളള ശ്രമങ്ങൾ ഓയിൽ കമ്പനികൾ ഏതാണ്ട് ഉപേക്ഷിച്ചിരിക്കുകയാണ്. കാരണം വില ബാരലിന് നൂറ് ഡോളറിൽ നിന്ന് അൻപത് ഡോളറായതു തന്നെ. എന്നാൽ ഈ ദശകത്തിന്റെ അന്ത്യത്തോടെ വില ഉയരുവാൻ സാധ്യത ഉണ്ടെന്ന് പണ്ഡിതർ പറയുന്നു. ഡാലസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെയ്‌ലസ് എനർജി അലാസ്കയിലെ നോർത്ത് സ്ലോപ്പിൽ 2,4 ബില്യൺ ബാരലിന്റെ എണ്ണ ശേഖരം കണ്ടെത്തി. ഇത് ഇക്വഡോറിലെ ശേഖരണത്തിന്റെ പകുതിയിൽ കൂടുതലാണ്.

ഹൂസ്റ്റൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അപ്പാച്ചേ കോർപ് വെസ്റ്റ് ടെക്സസിൽ 3 ബില്യൺ ബാരലിന്റെ എണ്ണയും 75 ട്രില്യൻ ക്യൂബിക് ഫീറ്റ് ഗ്യാസും കണ്ടെത്തിയതായി അറിയിച്ചു. ദശകത്തിന്റെ ആരംഭത്തിൽ ഹൈഡ്രോളിക് ഫ്രാക്ചറിംഗിലൂടെ ലഭ്യമായ എണ്ണയേയും ഗ്യാസിനെയും അപേക്ഷിച്ച് ഈ കണ്ടെത്തലുകൾ ചെറുതാണ്. എന്നാൽ ഖനനം ആരംഭിയ്ക്കുമ്പോൾ വെസ്റ്റ് ടെക്സസിലും ആർക്ടിക് അലാസ്കയിലും കൂടുതൽ നിക്ഷേപങ്ങൾ കണ്ടെത്തുവാൻ കഴിഞ്ഞേക്കും എന്ന് വിദഗ്ധർ കരുതുന്നു.

രണ്ടുകമ്പനികളും എണ്ണ അന്വേഷണങ്ങൾ നടത്തുവാൻ നിക്ഷേപം നടത്തി പ്രവർത്തനം ആരംഭിച്ചത് വിലയിടിവ് ഉണ്ടാകുന്നതിന് മുൻപാണ്. ഇവയ്ക്ക് രണ്ടിനും എണ്ണ വിപണികളിലേയ്ക്ക് എത്തിക്കുവാൻ ആവശ്യമായ പൈപ്പ് ലൈനുകൾ ഉണ്ട്. കെയ്‌ലസ് കണ്ടെത്തിയ നിക്ഷേപം അലാസ്ക സംസ്ഥാന ജല സ്രോതസിലാണ്. പ്രശ്നങ്ങൾ നേരിടുന്ന സംസ്ഥാന സാമ്പത്തികാവസ്ഥയ്ക്ക് റോയൽട്ടിയും നികുതിയും വലിയ സഹായമാവും. ബാരലിന് 73 ഡോളർ വില എത്തുന്നതുവരെ പുതിയ എണ്ണ ഖനനത്തിന് നികുതി നൽകേണ്ടതില്ല എന്നാണ് അലാസ്കൻ നിയമം.

എണ്ണവില താഴ്ന്ന് നിന്നത് മുതലെടുത്താണ് അപ്പാച്ചെ പെർ മിയൻ ബേസിനരികിലുളള 3,50,000 ഏക്കറിൽ ഖനനം നടത്താനുളള അവകാശം നേടിയത്. വളരെ കുറഞ്ഞ തുക– ഏക്കറിന് 1,300 ഡോളർ മാത്രമേ നൽകിയുളളു. ഇന്ന് ഏക്കറിന് വില നാല്പത് ഇരട്ടിയിലധികം വരും. അപ്പാച്ചേ ആൽപൈൻ ഹൈയിൽ എണ്ണ അന്വേഷിക്കുന്നതിൽ ശ്രദ്ധിച്ചു. മറ്റെല്ലാ ചിലവുകളും വെട്ടിക്കുറച്ചു ചില ആസ്തികൾ വിറ്റ് ധനം സ്വരൂപിക്കുകയും ചെയ്തു.

കെയ്‌ലസിന് അപ്പോളോ ഗ്ലോബൽ മാനേജ്മെന്റിന്റെ പിൻബലമുണ്ട്. 126 സ്ക്വയർ മൈലിൽ ത്രീ ഡൈമെൻഷനൽ പരീക്ഷണം നടത്തി ദിനം പ്രതി 2 ലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിക്കുവാൻ കഴിയുമെന്ന് കണ്ടെത്തിയതായി കമ്പനി പറയുന്നു. അലാസ്കയിലെ വൻ ശേഖരമായ പ്രൂഡോ ബേയുടെ 60%ൽ കൂടുതലാണീ ഉത്പാദനം.

1988ന് ശേഷം പ്രൂഡോ ബേയുടെ ഉത്പാദനം കുറഞ്ഞു. അതുവരെ അമേരിക്കയുടെ എണ്ണ ഉത്പാദനം പ്രധാനമായും ഇവിടെ നിന്നായിരുന്നു. 1.6 മില്യ‌ൻ ബാരൽ പ്രതിദിനം ഇവിടെ നിന്ന് പുറത്ത് വന്നിരുന്നു.

എണ്ണ ഉത്പാദനത്തിന് ആവശ്യമായ വികസനത്തിന് 8 മുതൽ 10 വരെ ബില്യൺ ഡോളർ വേണ്ടി വരുമെന്ന് സിഇഒ ജെയിംസ് മസ്സൽമാൻ പറയുന്നു. 2022 ഓടോ ഉത്പാദനം ആരംഭിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്നും കൂട്ടിച്ചേർത്തു.

വാർത്ത ∙ ഏബ്രഹാം തോമസ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.