Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ടർ റജിസ്ട്രേഷൻ പരാതിയും നാച്യുറലൈസേഷൻ ബാക്ക് ലോഗും

വാഷിങ്ടൻ ∙ പൊതു തിരഞ്ഞെടുപ്പിന് 34 ദിവസം ശേഷിക്കെ വോട്ടർ റജിസ്ട്രേഷൻ നിയമങ്ങൾ ഒൻപത് സംസ്ഥാനങ്ങൾ പാലിക്കുന്നില്ല എന്ന് കാണിച്ച് രണ്ട് ഡെമോക്രാറ്റിക് സെനറ്റർമാർ പരാതി നൽകി. മെയിൽ ഇൻ റജിസ്ട്രേഷന് നിശ്ചയിച്ച അവസാന തീയതി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മൂന്ന് ദിവസം മുൻപാണെന്ന് പരാതിയിൽ പറയുന്നു.

ന്യൂയോർക്ക് സെനറ്റർ ചാൾസ് ഷൂമറും വെർമോണ്ട് സെനറ്റർ പാട്രിക് ലീഹിയുമാണ് ഇലക്ഷൻ അസിസ്റ്റൻസ് കമ്മീഷണറോട് ഇടപെടാൻ ആവശ്യപ്പെട്ടത്. അരിസോണ, അർക്കൻസ, ഹവായ്, അലാസ്ക, മിസിസിപി, റോഡ് ഐലൻഡ്, സൗത്ത് കാരലൈന, യൂട്ട, വാഷിങ്ടൻ എന്നീ സംസ്ഥാനങ്ങളാണ് നാഷണൽ വോട്ടിംഗ് റൈറ്റ്സ് ആക്ട് ലംഘിച്ചു എന്ന് പരാതിയിൽ ആരോപിക്കുന്നത്.

കലണ്ടറാണ് യഥാർത്ഥ പ്രതി എന്നാണ് നിരീക്ഷകർ പറയുന്നത്. വോട്ടിങ് ദിവസത്തിന് 30 ദിവസത്തിന് മുൻപായിരിക്കണം അവസാന തീയതി എന്ന് നിയമം അനുശാസിക്കുന്നു. 30 ദിവസം മുൻപുളള ദിനം ഞായറാഴ്ചയാണ്. അതിന് അടുത്ത ദിവസം കൊളംബസ് ഡേയാണ്. ഈ ദിവസവും പോസ്റ്റൽ അവധി ആയതിനാൽ പോസ്റ്റൽ മാർക്കിംഗ് ഉണ്ടാവില്ല. മറ്റ് സംസ്ഥാനങ്ങൾ ഈ സാഹചര്യം പരിഗണിച്ച് അവസാന തീയതി ഒക്ടോബർ 11 ആക്കി. യൂട്ടയും ഇങ്ങനെ ചെയ്തെങ്കിലും പരാതിയിൽ ഇടം നേടി.

സെനറ്റർമാരുടെ പരാതി പരിശോധിച്ചു വരികയാണെന്ന് ഇലക്ഷൻ അസിസ്റ്റൻസ് കമ്മീഷൻ വക്താവ് പറഞ്ഞു. 20ൽ അധികം സംസ്ഥാനങ്ങളുടെ വോട്ടർ റജിസ്ട്രേഷൻ സംവിധാനം ഹാക്കർമാർ ലക്ഷ്യമിട്ടിരുന്നതായി ഹോം ലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു. അമേരിക്കൻ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയും കെട്ടുറപ്പും തകർക്കുവാൻ വിദേശത്ത് നിന്ന് ഹാക്കിങ് ശ്രമങ്ങൾ ഉണ്ടാവും എന്ന് റിപ്പോർട്ടുണ്ടായിരുന്നു.

അരിസോണയിലും ഇല്ലിനോയിലും ഹാക്കർമാർ വോട്ടർ റജിസ്ട്രേഷൻ വിവരങ്ങൾ ശേഖരിക്കുവാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല എന്ന് നാഷനൽ അസോസിയേഷൻ ഓഫ് സെക്രട്ടറീസ് ഓഫ് സ്റ്റേറ്റ് വക്താവ് കേ സ്റ്റിംസൺ പറഞ്ഞു.

വോട്ട് ചെയ്യുവാൻ പൗരത്വം ആവശ്യമാണ്. ജനനം കൊണ്ടും നാച്വറലൈസേഷൻ പ്രക്രിയയിലൂടെയുമാണ് സമ്മതിദാനാവകാശം നേടുന്നത്. നാച്വറലൈസേഷന് ആവശ്യമായ മറ്റ് യോഗ്യതകൾ പൂർത്തിയാക്കി, ക്ലാസുകളിൽ സംബന്ധിച്ച് പരീക്ഷ പാസായി, ഫീസും, ക്രിമിനൽ പശ്ചാത്തല പരിശോധനകളും കഴിഞ്ഞ പലരുടെയും കാത്തിരിപ്പ് നീളുന്നതായാണ് പരാതി.

കഴിഞ്ഞ വർഷം 10 ലക്ഷത്തോളം നിയമ വിധേയരായി കൂടിയേറിയവർ അമേരിക്കൻ പൗരത്വത്തിന് അപേക്ഷിച്ചു. ഈ വർഷം നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ കന്നിവോട്ട് രേഖപ്പെടുത്താനാവും എന്ന് ഇവർ പ്രതീക്ഷിച്ചു. എന്നാൽ അപേക്ഷകരുടെ വർധനവ് മൂലമായിരിക്കാം പൗരത്വം നൽകുന്നതിനുളള ബാക്ക് ലോഗ് ക്രമാതീതം ഉയർന്നിട്ടുണ്ട്.

2014നെ ക്കാൾ 23% കൂടുതൽ - 9,40,000 അപേക്ഷകളാണ് 2015ൽ പൗരത്വത്തിന് ലഭിച്ചത്. ജൂൺ 30ലെ കണക്കനുസരിച്ച് 5,20,000ൽ അധികം അപേക്ഷകളുടെ പരിശോധന ബാക്കിയുണ്ട്. മറ്റു വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം തീർപ്പാക്കാനുളള അപേക്ഷകൾ കൂടുതലായി ബാക്കിയുണ്ട് എന്ന വിവരം സെപ്റ്റംബറിലാണ് പുറത്തുവന്നത്. പൗരത്വം പ്രതീക്ഷിച്ച് കഴിയുന്നവർ അമ്പരപ്പോടെയാണ് വിവരം അറിഞ്ഞത്. തീർപ്പാകാത്ത അപേക്ഷകൾ ഏറ്റവും കൂടുതൽ ഉണ്ടായത് നെവാഡ(കഴിഞ്ഞ വർഷത്തെക്കാൾ 53% കൂടുതൽ), ഫ്ലോറിഡ (40% കൂടുതൽ) കൊളറാഡോ (30% കൂടുതൽ) എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.


ഈ വർഷം നാച്വറലൈസേഷൻ യജ്ഞത്തിന് വലിയ പ്രചോദനം വൈറ്റ് ഹൗസിൽ നിന്നും ഉണ്ടായി. പലതരം പരസ്യങ്ങൾ നൽകി. വിവിധ സമൂഹ സംഘടനകൾക്ക് 10 മില്യൻ ഡോളർ സഹായം, അപേക്ഷകൾ കുറെക്കൂടി സുതാര്യമാക്കി എന്നീ നടപടികൾ ഭരണ തലത്തിൽ ഉണ്ടായി. എന്നാൽ നാച്വറലൈസേഷൻ സമയ ബന്ധിതമായി പുരോഗമിക്കുന്നുണ്ടോ എന്ന് പരിശോധന ഉണ്ടായില്ല എന്ന് പരാതി ഉണ്ടായിരിക്കുകയാണ്. കുടിയേറ്റ സഹായ സംഘടനകൾ 10 ലക്ഷം പേരെ കുടിയേറുവാൻ സഹായിക്കും എന്ന ലക്ഷ്യത്തിലേയ്ക്ക് പ്രവർത്തിച്ചതും വലിയ ബാക്ക് ലോഗിന് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വാർത്ത ∙ എബ്രഹാം തോമസ്

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.