Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാൾസ്ട്രീറ്റിന്റെ കഥയുമായി മീരാ മേനോൻ ഹോളിവുഡിൽ

meera

ന്യൂജഴ്സി∙ ലോക സമ്പദ്ഘടനയെ തന്നെ സ്വാധീനിക്കുന്ന സ്റ്റോക് മാർക്കറ്റിന്റെ തലസ്ഥാനമായ വാൾസ്ട്രീറ്റിന്റെ കഥയുമായി മീരാ മേനോൻ. ആർത്തിയും ചതിയും തട്ടിപ്പും നിറഞ്ഞ, നോക്കി നിൽക്കെ കോടീശ്വരനും അതേപോലെ തന്നെ പാപ്പരുമൊക്കെ ആകുന്ന സമ്പദ് ലോകത്തിലെ കഥ എന്നും ഹോളിവുഡിനെ ആകർഷിച്ചിട്ടുളളതാണ്. വാൾസ്ട്രീറ്റ്, ബിഗ് ഷോർട്ട്, വുൾഫ് ഓഫ് വാൾസ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം.

ഈ ലോകത്തേക്ക് ഒരു വനിതാ സംവിധായിക എത്തിപ്പെടുന്നത് ഇതാദ്യം. പോരാത്തതിന് ഒരു ഇന്ത്യാക്കാരിയും. ഹോളിവുഡ് ചിത്രം സംവിധാനം ചെയ്ത ആദ്യ മലയാളിയെന്ന ബഹുമതിയും മീരയ്ക്കു സ്വന്തം. വാൾസ്ട്രീറ്റിന്റെ തട്ടിപ്പുകളെ നിയമത്തിനു കീഴിൽ കൊണ്ടുവന്നതും ഇന്ത്യക്കാരനായ യുഎസ് അറ്റോർണി പ്രീത് ഭരാരയാണെന്നോർക്കുക.

ന്യൂജഴ്സിയിലുളള പിതാവ് സി. വിജയൻ മേനോൻ നാലര പതിറ്റാണ്ട് മുൻപു തുടങ്ങിവച്ച താരാ ആർട്സിന്റെ കലാ സപര്യക്ക് തിലകക്കുറിയായി ‘ഇക്വിറ്റി’ (ഓഹരി) സിനിമ ന്യൂയോർക്കിലും ലൊസാഞ്ചലസിലും താമസിയാതെ അമേരിക്കയിലെങ്ങും പ്രദർശനമാരംഭിക്കും.

സോണി പിക്ചേഴ്സ് മൂന്നര മില്യനു വിതരണാവകാശം വാങ്ങിയ ഇക്വിറ്റിയുടെ സംവിധായിക മാത്രമല്ല കഥയും വനിതകളെ കേന്ദ്രീകരിച്ചാണ്. ഒരു വനിതാ ഇൻവെസ്റ്റ്മെന്റ് ബാങ്കർ ഉയരങ്ങളിലേക്ക് എത്താൻ വേണ്ടി നടത്തുന്ന ശ്രമങ്ങളാണ് കേന്ദ്രബിന്ദു. ഷെയർ പൊതുജനത്തിനു വിൽക്കുമ്പോൾ(ഐ.പി.ഒ) ഉണ്ടാവുന്ന കുറ്റക്രിത്യങ്ങളും അന്വേഷിക്കുന്ന ഡിസ്ട്രിക്റ്റ് അറ്റോർണിയും ആണ് കഥ മുന്നോട്ടു നയിക്കുന്നത്.

കടുത്ത മത്സരവും കുതികാൽവെട്ടുമുളള രംഗം. ആരേയും വിശ്വാസിക്കാനാവില്ല. വലിയ നേട്ടം കൈവരിക്കുകയെന്ന ലക്ഷ്യത്തിലേക്കുളള നെട്ടോട്ടത്തിലാണ് എല്ലാവരും. ഇതിനിടയിൽ കഴുത്തറപ്പൻ മത്സരവും. ധാർമ്മികത തന്നെ മറന്നുളള പ്രവർത്തനങ്ങളും. ഇവയെല്ലാമാണ് കഥയ്ക്ക് ജീവൻ നൽകുന്നത്.

ഓഹരി വിപണി ചതുരംഗക്കളി പോലെയാണെന്ന് മീര വിശേഷിപ്പിക്കുന്നു. ഓരോരുത്തരുടേയും അടുത്ത നീക്കം എന്താണെന്നറിയാത്ത കളി. നൂറ് മിനിറ്റ് ദൈർഘ്യമുളള ഈ ത്രില്ലറിൽ ‘ബ്രേക്കിംഗ് ബാഡ്’ ചിത്രത്തിലെ നടി അന്നാ ഗുൺ ആണ് നായിക. ഓറഞ്ച് ഈസ് ദി ന്യൂ ബ്ലോക്കിലെ നടി അലിസിയ റെയ്നർ, ജെയിംസ് പർഫോയി, സാറാ മേഗൻ തോമസ്, സാമുവേൽ റൂകിൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

എമി ഫോക്സിന്റെ രചന. നിർമ്മാണം അലിസിയ റെയ്നർ, സാറാ മേഗൻ തോമസ്. രണ്ടു മില്യനിൽ നിർമ്മിച്ച ചിത്രം പൂർണമായും കൊമേഴ്സ്യൽ എന്നു പറയാനാവില്ല. എങ്കിലും കൊമേഴ്സ്യൽ വിജയം സോണി വാങ്ങിയതോടു കൂടി ലഭിച്ചു.

ഫാറാ ഗോസ് ബാംഗ് എന്ന 90 മിനിറ്റ് ചിത്രത്തിലൂടെയാണ് (2013) മീര പ്രശസ്തയായത്. അത് 25,000 ഡോളറിന്റെ നോറാ എഫ്രോൺ പ്രൈസ് നേടി. 2004 ലെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോൺ കെറിയുടെ ഇലക്ഷൻ പ്രചാരണത്തിന് പുറപ്പെടുന്ന പേർഷ്യൻ യുവതി ഫാറാ മഹ്താബിനെ അധികരിച്ചുളളതാണ് ചിത്രം. ഈ യാത്രയിൽ തന്റെ കന്യകാത്വം നഷ്ടപ്പെടണം എന്ന മോഹവും ഫാറയ്ക്കുണ്ടായിരുന്നു. ആ കോമഡിയുടെ മികവ് കണ്ടാണ് ഇക്വിറ്റിയുടെ സംവിധാനം നവാഗതയായ മീരയ്ക്കു നിർമ്മാതാക്കൾ നൽകിയത്. വനിതകൾക്ക് പ്രാമുഖ്യമുളള സിനിമയെന്ന ലക്ഷ്യത്തോടെ മുന്നോട്ടു വന്ന നിർമ്മാതാക്കൾക്ക് മീരയെ ദൗത്യമേൽപ്പിക്കാൻ ഒട്ടും മടിയുണ്ടായിരുന്നില്ല.

ഈ വർഷം ഗ്ലാമർ മാഗസിൻ മീരയെ ‘ഹോളിവുഡിനെ നയിക്കുന്ന 35 വയസിൽ കുറഞ്ഞ 35 വനിതകളിൽ ’ ഒരാളായി അവതരിപ്പിച്ചിരുന്നു. ട്വന്റിയത്ത് സെഞ്ച്വറി ഫോക്സിന്റെ ഗ്ലോബൽ ഡയറക്ടേഴ്സ് ഇനിഷ്യേറ്റീവിൽ ഫെല്ലോ ആയും മീര അടുത്തയിടയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷിലും ആർട്ട് ഹിസ്റ്ററിയിലും ബിരുദം നേടിയ മീര യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയ സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്സിൽ നിന്നാണ് ഫൈൻ ആർട്സിൽ മാസ്റ്റേഴ്സ് ബിരുദം നേടിയത്.

മുഖ്യധാര സിനിമാ രംഗത്തു നവാഗത എന്ന നിലയിൽ ഈ രംഗത്ത് നല്ല പരിചയമുളളവരെ ഡയറക്ട് ചെയ്യുക ഒരു വെല്ലുവിളിയായിരുന്നു. പക്ഷേ എല്ലാവരും മികച്ച സഹകരണവുമായെത്തിയെന്നു മീര പറഞ്ഞു. അവരിൽ നിന്നു താൻ കൂടുതൽ പഠിച്ചു. തനിക്ക് അറിയാത്ത കാര്യങ്ങൾ ഏതൊക്കെയാണെന്നു മനസിലാക്കുമ്പോഴാണ് കാര്യങ്ങൾ കൂടുതൽ സുഗമമാക്കുക.

സ്റ്റീവൻ സ്പീൽബർഗ്, റോൺ ഹൊവാർഡ് തുടങ്ങിയ സംവിധായകരുടെ ആരാധികയായ മീര പുതുമയുളള വ്യത്യസ്ത സിനിമകൾ ചെയ്യുക ലക്ഷ്യമിടുന്നു. മുഖ്യധാരയിൽ നിന്ന് അകന്നുളള മനുഷ്യ കഥകൾ, കുടിയേറ്റക്കാരുടെ കഥകൾ, വനിതകളുടെ ജീവിതം, കറുത്തവരുടെ ലോകം ഒക്കെ മികച്ച വിഷയമങ്ങളായി മീര കരുതുന്നു. വ്യത്യസ്തമായ കാഴ്ചപ്പാടുകളുമായി അവയെ സമീപിക്കണം.

അറിയാവുന്ന കഥകൾ പറയുമ്പോഴാണ് അത് മികച്ചതാകുന്നത്. വനിതകളെ കേന്ദ്രീകരിച്ചുളള സിനിമ ലക്ഷ്യമിടുന്നതും അതുകൊണ്ടാണെന്ന് മീര പറയുന്നു. ഹോളിവുഡിൽ ദക്ഷിണേഷ്യക്കാരുടെ പ്രത്യേകിച്ച് വനിതകളുടെ അഭാവത്തെപ്പറ്റിയും മീര ബോധവതിയാണ്. ഇതിനു മാറ്റം വരാൻ തന്നാൽ കഴിയുന്നതൊക്കെ ചെയ്യുമെന്നു അവർ പറയുന്നു.

ദക്ഷിണേഷ്യക്കാരെ കഥാപാത്രങ്ങളാക്കിയുളള ഒരു പരമ്പര മറ്റൊരു സംവിധായകനൊപ്പം നിർമ്മിക്കാനും മീരയ്ക്ക് പദ്ധതിയുണ്ട്. ടിവിയിലും മറ്റും ദക്ഷിണേഷ്യക്കാരെ കാണാതെ വരുമ്പോൾ നാം അന്യരാണെന്ന ചിന്ത ദക്ഷിണേഷ്യക്കാരുടെ പുതിയ തലമുറയ്ക്കും ഉണ്ടായെന്നിരിക്കും. അതു മാറണം.

നാട്ടിൽ നിന്നു സിനിമകളും ഷോകളും കൊണ്ടു വരുന്നതിനു അമേരിക്കയിൽ തുടക്കമിട്ട സി. വിജയൻ സിനിമാ നിർമ്മാതാവുമാണ്. താരങ്ങളും മറ്റും വീട്ടിൽ നിത്യവും അതിഥികളായെത്തുന്നു. അതു മീരയേയും കലാരംഗത്ത് വരാൻ സഹായിച്ചു. എങ്കിലും ഡോക്ടറായ അമ്മയ്ക്കും എൻജിനീയറായ പിതാവിനും കലാരംഗത്തേയ്ക്ക് പ്രവേശിക്കുന്നതിൽ ആശങ്കയുണ്ടായിരുന്നുവെന്നു മീര പറയുന്നത് പിതാവും സമ്മതിക്കുന്നു. പൂർണ മനസോടെയല്ലെങ്കിലും സ്വന്തം വഴി കണ്ടെത്താൻ അച്ഛനും അമ്മ ഡോ. രാധികയും സമ്മതിക്കുകയായിരുന്നു. മീരയുടെ മൂത്ത സഹോദരി താരയും ഡോക്ടറാണ്.

കൊളംബിയായിലെ ക്ലാസ് മേറ്റ് ലോറാ ഗുഡ് മൊത്താണ് ഫാറാ ഗോസ് ബാംഗ് എഴുതിയത്. സുഹൃത്തുക്കളൊക്കെ കൂടി ഒരു ലക്ഷം ഡോളർ അതു നിർമ്മിക്കാൻ സമാഹരിച്ചു. കിക്ക് സ്റ്റാർട്ടർ വഴിയും പണം ലഭിച്ചു. എക്കാലവും പരസ്പരം സഹായിക്കാമെന്ന പ്രതിജ്ഞയും സുഹൃത്തുക്കൾ കൈമാറി.

ദി മാർട്യർ ലെറ്റേഴ്സ് (2003), ദി സിഡക്ഷൻ ഓഫ് ഷൈത്താൻ(2006), മെമ്മർ എർഗോ സും (2007), ആർ യു ലോറാ ഗുഡ്(2009), ഫാറാ ഗോസ് ബാംഗ്(2013) തുടങ്ങിയവയാണ് മീരയുടെ പ്രധാന സംഭാവനകൾ.സിനിമ നിർമ്മിക്കാനാഗ്രഹിക്കുന്നവർക്ക് മീരയുടെ ഉപദേശവുമുണ്ട്. അതു കൈയ്യോടെ നിർമ്മിക്കുക, സംശയിച്ചു നിൽക്കരുത്. മികച്ച രീതിയിൽ ചെയ്യാമെന്നു കരുതി മാറ്റി വെയ്ക്കരുത്. ഒന്നും ഒരിക്കലും പൂർണ്ണതയുളളതാവില്ല. പക്ഷെ സിനിമക്കാരനാകണമെങ്കിൽ സിനിമ എടുക്കുക. അതിനു പറ്റിയ സമയം പിന്നീട് വരികയില്ല. അത് ഇപ്പോൾ തന്നെ ചെയ്യാൻ ഒരു വഴി കണ്ടെത്തുക.

സിനിമാരംഗത്തേയ്ക്കുളള തന്റെ കാൽവെയ്പിനു ഏറ്റവും വലിയ പ്രചോദനം അച്ഛനാണെന്നു മീര സാക്ഷ്യപ്പെടുത്തുന്നു.സോണിക്കു വിതരണാവകാശം നൽകിയതോടെ തന്നെ ചിത്രം സാമ്പത്തിക വിജയമായതായി വിജയൻ മേനോൻ ചൂണ്ടിക്കാട്ടി. പണത്തേക്കാളേറെ അംഗീകാരവും പബ്ലിസിറ്റിയും ലഭിച്ചു. ന്യുയോർക്ക് ടൈംസ്, യുഎസ്എ ടുഡേ തുടങ്ങിയവയൊക്കെ ചിത്രത്തെപറ്റി നല്ല റിവ്യു എഴുതി. മകൾ ഈ രംഗം തെരെഞ്ഞെടുത്തപ്പോൾ ആശങ്കകളുണ്ടായിരുന്നു.

ഫൈൻ ആർട്സ് ക്ലാസ് മേറ്റായ പോൾ ഗ്ലിസൻ ആണ് ഭർത്താവ്. അനിമേഷൻ ഫിലിം രംഗത്താണ് പോൾ പ്രവർത്തിക്കുന്നത്. അമേരിക്കൻ ഡ്രീംസിലെ അഭിനയത്തിനു പതിനെട്ടു വയസുളളപ്പോൾ മീരക്ക് ഇന്ത്യയിൽ നിന്ന് അവാർഡ് ലഭിച്ചിരുന്നു. 

Your Rating: