ADVERTISEMENT

തിരുവനന്തപുരം ∙ ആ മുഖം ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നതുപോലെ കൈകൂപ്പിയില്ല, നിറപുഞ്ചിരിയില്ല. പക്ഷേ, കവിളൊന്നു തെളിഞ്ഞു അപ്പോൾ. ഡോക്ടർമാരും മറ്റുള്ളവരും ഒരു നിമിഷം തൊഴുതുനിന്നു. ടീച്ചർ മിഴിയടയ്ക്കാതെ നോക്കിയപ്പോൾ സൂപ്രണ്ട് ഡോ.എം.എസ്.ഷർമദിന്റെ മിഴിനിറഞ്ഞു. പുറത്ത് ടീച്ചറിന്റെ മകൾ ലക്ഷ്മീദേവി മാത്രം. കോവിഡ് ആയതിനാൽ മറ്റാർക്കും പ്രവേശനമില്ല.

കോവിഡ് ബാധിച്ചതിനെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കവി സുഗതകുമാരിയെ 21ന് ഉച്ചയ്ക്കാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വെന്റിലേറ്ററിൽ മാസ്ക് ഉപയോഗിച്ചു ശ്വാസോഛ്വാസം ചെയ്യുന്ന അവസ്ഥയിൽ. മൾട്ടി സ്പെഷൽറ്റി ബ്ലോക്കിലെ മൂന്നാം നിലയിലുള്ള മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ ടീച്ചറെ പ്രവേശിപ്പിച്ചു.

സ്നേഹമിതളാർന്ന കാവ്യസുഗന്ധികൾ 

നിശബ്ദയായി കിടക്കുന്ന ടീച്ചറെ കണ്ടപ്പോൾ ഷർമദ് ഓർത്തത് അവർ തൊണ്ടപൊട്ടുന്ന ഉച്ചത്തിൽ പ്രതിഷേധിച്ച കാലമായിരുന്നു. യൂണിവേഴ്സിറ്റി കോളജിൽ ബിഎസ്‌സിക്കു പഠിക്കുകയായിരുന്നു ഷർമദ്. കോളജിനു മുന്നിലെ മഹാഗണി മരങ്ങൾ മുറിച്ചു മാറ്റുന്നതിനെതിരെ ടീച്ചറിന്റെ സമരദിനങ്ങൾ. ഷർമദും കൂട്ടുകാരുമൊക്കെ ഉണ്ടായിരുന്നു പടയാളികളിൽ. ആ മരങ്ങൾ ഇപ്പോഴുമുണ്ട്. ഷര്‍മദ് എംബിബിഎസിനു ചേര്‍ന്നപ്പോഴും ഡോക്ടറായപ്പോഴും ഒരു വിളിയകലത്തില്‍ ടീച്ചര്‍ ഉണ്ടായിരുന്നു. ടീച്ചര്‍ നയിച്ച അഭയയിലേക്കും അത്താണിയിലേക്കുംഅയച്ചവരെ സ്നേഹത്തോടെ സ്വീകരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത ടീച്ചറെക്കുറിച്ച് ഓര്‍ത്ത ഷര്‍മദിനു വിങ്ങല്‍.

sugathakumari

ടീച്ചര്‍ ഗുരുതരാവസ്ഥയിലാണെന്നു വാര്‍ത്തകള്‍ വന്നതോടെ ഷര്‍മദിന്റെ ഫോണിൽ നിരന്തരം കോളുകളായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രി കെ.കെ.ശൈലജ, മുൻ മന്ത്രി വി.എസ്.ശിവകുമാർ, എൻ.കെ.പ്രേമചന്ദ്രൻ എംപി... കൂടാതെ വിദേശത്തുനിന്നും വിളികൾ. ടീച്ചറിന്റെ ആരോഗ്യാവസ്ഥയിൽ ആശങ്കയോടെ പെറുവിൽ നിന്നുവരെ വിളിയെത്തി.

കോവിഡ് സൃഷ്ടിച്ച ന്യൂമോണിയായിരുന്നു വില്ലൻ. ടീച്ചറിന്റെ ശരീരത്തിലെ ഓക്സിജൻ നില ഉയരാത്തതായിരുന്നു ആശങ്ക. 95നും 100നും മധ്യേ ഓക്സിജൻ എത്തണം. പക്ഷേ, ടീച്ചറിനത് 80ൽ താഴെയായിരുന്നു. ഷർമദും കോവിഡ് സെല്ലിന്റെ ചുമതലയുള്ള ഡോ.എ.നിസാറുദീനും മറ്റു വിദഗ്ധ ഡോക്ടർമാരും രാത്രിയും ആശുപത്രിയിൽ തുടർന്നു.

ഓക്സിജൻ നില ഉയരുന്നതിൽ ആശ്വസിച്ചിരിക്കുമ്പോൾ 22നു പുലർച്ചെ ഹൃദയാഘാതം സംഭവിച്ചു. ശസ്ത്രക്രിയ സാധ്യമല്ല. ഇതോടെ വായിലൂടെ ട്യൂബ് ഉപയോഗിച്ച് ഓക്സിജൻ നൽകുന്ന വെന്റിലേറ്റർ സംവിധാനം ആരംഭിച്ചു. ഉച്ചകഴിഞ്ഞപ്പോഴുള്ള ഫലം കൂടുതൽ നിരാശപ്പെടുത്തി. ശ്വാസകോശമാകെ ന്യുമോണിയ ബാധിച്ചിരിക്കുന്നു. വൃക്കകളും തകരാറിൽ. വൈകിട്ടു വീണ്ടും ഹൃദയാഘാതം ഉണ്ടായതോടെ മാർഗങ്ങളെല്ലാം അടഞ്ഞു. എങ്കിലും അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടർമാർ.

എന്നാൽ ഇന്നലെ രാവിലെ ഓക്സിജൻ നില വീണ്ടും താണു. ന്യൂമോണിയ ശമിക്കുന്നില്ല. ദുർബലമായ ശരീരത്തിൽ ഇനിയെന്തു ചെയ്യാൻ! 10.52ന് ആ മഴ നിലച്ചു. രക്ഷിക്കാനാകാതെ പോയതിലുള്ള ദുഃഖം ഡോക്ടർമാർ മകള്‍ ലക്ഷ്മീദേവിയെ അറിയിച്ചു. ടീച്ചർ ഇനി ഓർമകളിൽ തോരാമഴ.

English Summary: Poet Sugathakumari's late time at Thiruvananthapuram Medical College Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com