ADVERTISEMENT

ണവും പ്രതാപവും മാത്രമല്ല, കൊച്ചി മേയറുടെ പദവി ഒന്നു വേറെതന്നെ. കൗൺസിൽ യോഗത്തിൽ ഇടുന്ന ഗൗണിൽ തുടങ്ങുന്നു ആ വേറിട്ട കാഴ്ച. കുറച്ചു കാഴ്ചപ്പാടും ദീർഘ വീക്ഷണവുമുള്ളയാളാണു മേയർ കസേരയിൽ ഇരിക്കുന്നതെങ്കിൽ കൊച്ചിയുടെ കീർത്തി അങ്ങു കടൽ കടക്കും. ഈ നഗരത്തിന്റെ മുഖച്ഛായയും നഗരവാസികളുടെ ജീവിതവും മാറ്റിമറിക്കുന്ന പദ്ധതികൾ കടൽ കടന്നുവരും. കഞ്ഞി വിളമ്പാൻ കാശുതന്നില്ലെങ്കിലും നഗരത്തിന്റെ ശോഭ കൂട്ടാൻ കോടിക്കണക്കിനു രൂപ കിട്ടും.

ഇതൊക്കെ ജനത്തെ ബോധ്യപ്പെടുത്തി, അവരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ ചീത്തവിളി നേരിട്ടു കിട്ടുകയും ചെയ്യുമെന്ന ദുര്യോഗവും മേയർക്കുമേലുണ്ട്. ഏഴുലക്ഷത്തോളം ജനവും മൂന്നു നിയമസഭാ മണ്ഡലങ്ങളുടെ ഭാഗവുമായ കൊച്ചി നഗരം രാജ്യത്ത് അതിവേഗം വളരുന്ന രണ്ടാംനിര നഗരങ്ങളുടെ മുന്നിലാണ്. കേരളത്തിൽ തിരുവനന്തപുരവും കോഴിക്കോടും ഉൾപ്പെടെ വേറെയും നഗരങ്ങളുണ്ടെങ്കിലും കൊച്ചിക്കുള്ള രാജ്യാന്തര പ്രാധാന്യം വേറെത്തന്നെയാണ്.

കേരളത്തിലേക്ക് വിദേശികൾ കടന്നുവരുന്നതു പ്രധാനമായും കൊച്ചിവഴിയാണെന്നതാണ് അതിനൊരു കാരണം. തുറമുഖവും വിമാനത്താവളവും മെട്രോയും എല്ലാം ചേർന്ന സാധ്യതകളുടെ വലിയൊരു കവാടം വേറെ. അതിനാൽ കേരളത്തിന്റെ മുഖച്ഛായ ഉയർത്തിക്കാട്ടാൻ കൊച്ചിയെ നന്നായൊന്നു മിനുക്കിയാൽ മതിയെന്നൊരു പൊതുധാരണയുണ്ട്. പരമ്പരാഗതമായി നോക്കിയാൽ കേരളത്തിന്റെ വാണിജ്യ നഗരം, വ്യവസായ നഗരം... അങ്ങനെയുള്ള തൊങ്ങലുകൾ വേറെയും.

Kochi Corporation Office (File Pic)
കൊച്ചി കോർപ്പറേഷൻ ഓഫിസ് (ഫയൽ ചിത്രം)

ഇതൊക്കെയാണെങ്കിലും കൊച്ചിയുടെ വരുമാന സാധ്യത ഉദ്ദേശിക്കുന്നതിലും വലുതാണ്. പ്രതിവർഷം കെട്ടിടനികുതി മാത്രം 100 കോടിക്കു മുകളിൽ വരും. പ്ലാൻ ഫണ്ടും അത്രതന്നെ. പതിനായിരക്കണക്കിനു ആളുകൾ ജോലിചെയ്യുന്ന നഗരത്തിൽനിന്നു കൃത്യമായി തൊഴിൽ നികുതി പിരിച്ചാൽ തന്നെ 50 കോടിയോളം രൂപ ലഭിക്കും. എന്നാൽ പല സംഘടിത ഗ്രൂപ്പുകളും ഇതിൽനിന്നു രക്ഷപ്പെടുകയാണു പതിവ്.

കേന്ദ്ര പദ്ധതികളുടെ വലിയൊരു നിരതന്നെ നഗരങ്ങളെ ചുറ്റിപ്പറ്റിയുണ്ട്. ജൻറം പദ്ധതിയിൽ ആദ്യം ഉൾപ്പെടുത്തിയ നഗരമാണു കൊച്ചി. 1500 കോടി രൂപ കിട്ടിയിട്ടും അതു െചലവാക്കാൻ പറ്റിയില്ലെന്നതു കൊച്ചിയുടെ ദുര്യോഗം. അതിന്റെ തുടർച്ചയായി വന്ന സ്മാർട് സിറ്റി പദ്ധതിയിലും കൊച്ചിയുണ്ട്. കോടികളുടെ പദ്ധതികൾ നടപ്പാക്കുന്നു. രാജീവ് ആവാസ് യോജന, അമൃത്.. എന്നിങ്ങനെ വേറെയും കോടിക്കണക്കിനു രൂപ കൊച്ചിയിൽ നിക്ഷേപിക്കപ്പെടുന്നു.

മെട്രോ റെയിൽ, വാട്ടർ മെട്രോ, തുറമുഖ വികസനം, റെയിൽവേ വികസനം, ദേശീയപാതാ വികസനം, വാട്ടർ മെട്രോ, മെട്രൊപ്പൊലീറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി എന്നിങ്ങനെ കേന്ദ്ര, സംസ്ഥാന പദ്ധതികളുടെ വിഹിതവും നഗരത്തിലാണു ലഭിക്കുന്നത്.

കൊച്ചി നഗരത്തിൽ കോടിക്കണക്കിനു രൂപയുടെ ഭൂമിയുടെ ഉടമയാണു കോർപറേഷൻ. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ മാത്രം 100 ഏക്കർ ഭൂമിയുണ്ട്. വെറും 100 രൂപ പ്രതിമാസ വാടകയ്ക്കു കൊച്ചി നഗരത്തിലല്ലാതെ വേറൊരിടത്തും കച്ചവടം ചെയ്യാൻ മുറികിട്ടില്ല. ഇൗ വാടക നാട്ടുനടപ്പനുസരിച്ചു പരിഷ്കരിച്ചാൽ മാത്രം കൊച്ചി നഗരസഭയ്ക്കു ലഭിക്കുക കോടികളാണ്.

കൊച്ചിയുടെ പൈതൃകവും ജനതയുടെ വിദ്യാഭ്യാസ നിലവാരവും നഗരത്തിന്റെ സംസ്കാരവും കണക്കിലെടുത്ത് ഒട്ടേറെ വിദേശ നഗരങ്ങൾ കൊച്ചിയുമായി സഹകരിക്കാൻ എന്നും തയാറായിട്ടുണ്ട്. ആ നഗരങ്ങളുടെ സാങ്കേതിക മേന്മ കൊച്ചിക്കു നൽകാൻ അവർ തയാറുമാണ്. ‌‌ഇങ്ങനെയൊക്കെയുള്ള ഒരു നഗരത്തിന്റെ മേയറാവുമ്പോൾ ആരും ചോദിച്ചുപോകും, കൊച്ചി മേയർ ആരാ മോൻ..!

മേയറായി അനിൽകുമാർ, ഡെപ്യൂട്ടിയായി അൻസിയ

സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.അനിൽകുമാറിനെ മേയർ സ്ഥാനാർഥിയായി സിപിഎം നേരത്തെ നിശ്ചയിച്ചിരുന്നു. ഡെപ്യൂട്ടി മേയറായി മട്ടാഞ്ചേരി അഞ്ചാം ഡിവിഷനിൽനിന്ന് ജയിച്ച സിപിഐയുടെ കെ.എ.അൻസിയയെ നിയോഗിക്കാൻ കഴിഞ്ഞ ദിവസം സിപിഎമ്മും സിപിഐയും നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ധാരണയായിട്ടുണ്ട്.

36 അംഗങ്ങളുടെ പിന്തുണയാണ് എൽഡിഎഫ് ഉറപ്പാക്കിയിട്ടുള്ളത്. തിങ്കളാഴ്ചയാണ് മേയർ തിരഞ്ഞെടുപ്പ്. എൽഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച രണ്ട് യുഡിഎഫ് വിമതർക്കു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകാനാണ് ധാരണ.

English Summary: Kochi Corporation Mayor Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com