ADVERTISEMENT

2020 - കോവിഡിന്റെ നിഴലിലമർന്ന വർഷം, ലോകം ഭയാശങ്കകളോടെ ജീവിച്ച വർഷം. മിക്ക രാജ്യങ്ങളിലും ജനജീവിതം നിശ്ചലമായി. രാജ്യാന്തര വിമാന സർവീസുകളും ആഭ്യന്തര ഗതാഗതവും നിലച്ചു. ലോക്ഡൗൺ ഉൾപ്പെടെയുള്ള നടപടികളിലൂടെ ജനങ്ങൾക്ക് വീടിനു പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയും സംജാതമായി. 2020 ന്റെ തുടക്കവും അവസാനവും കോവിഡ് വാർത്തകളാൽ നിറയുമ്പോൾ അമേരിക്കൻ തിരഞ്ഞെടുപ്പിനു പോലും രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളു. ഓസ്ട്രേലിയയിലെ തീപിടിത്തം, ഇസ്രയേൽ – യുഎഇ കരാർ, താലിബാൻ – യുഎസ് കരാർ, അമേരിക്ക – ചൈന ശീത സമരം തുടങ്ങിയവയും വാർത്താ പ്രാധാന്യം നേടി. 2020 ൽ ലോകം ശ്രദ്ധിച്ച 10 സംഭവങ്ങൾ ഇവയാണ്.

INDIA-SOCIETY-PEOPLE
മുംബൈയിൽ നിന്നുള്ള ദൃശ്യം

1. കോവിഡ് –19 വ്യാപനം 

ചൈനയിലെ വുഹാനിൽ തുടങ്ങിയ കോവിഡ് –19 ലോക രാജ്യങ്ങളിലേക്കു വ്യാപിച്ചു തുടങ്ങിയത് 2020 ന്റെ ആദ്യമാസങ്ങളിലാണ്. യൂറോപ്പിലും യുഎസിലുമായിരുന്നു വ്യാപന, മരണ നിരക്ക് കൂടുതൽ. പിന്നീട് ബ്രസീൽ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് പിടിമുറുക്കി. ലോകം നിശ്ചലമായ അവസ്ഥ. കോളജുകളും സ്കൂളുകളും ഓഫിസുകളും ആരാധനാലയങ്ങളും സിനിമാ തിയറ്ററുകളും മാസങ്ങളോളം അടഞ്ഞു കിടന്നു. പല രാജ്യത്തും ഇപ്പോഴും ഇവ പൂർണ തോതിൽ തുറന്നിട്ടില്ല. സാമൂഹിക അകലം നിർബന്ധിതമായി. മാസ്ക് ഒഴിച്ചു കൂടാനാവാത്ത സ്ഥിതി. കോവിഡ് നിയന്ത്രണങ്ങൾ എന്ന പേരിൽ ഓരോ രാജ്യത്തും പ്രത്യേക നിബന്ധനകൾ നിലവിൽ വന്നു. ഒളിംപിക്സ് മാറ്റിവച്ചു.

ആദ്യ മാസങ്ങളിലെ ഭീതിക്ക് പിന്നീട് അല്പം അയവു വന്നു. ജനങ്ങളും ഭരണകൂടവും കോവിഡിനൊപ്പം ജീവിക്കാൻ പഠിച്ചു. വർക്ക് ഫ്രം ഹോം വ്യാപകമായി. ഗ്രൗണ്ടിൽ കാണികളില്ലാതെ കളികൾ നടത്തി ടിവി സംപ്രേഷണത്തിലൂടെ ജനങ്ങളിൽ എത്തിച്ചു. നിയന്ത്രണങ്ങളോടെ ജീവനക്കാർ ഓഫിസിൽ പോകാൻ തുടങ്ങി. നിശ്ചിത ആളുകളെ പങ്കെടുപ്പിച്ചു വിവാഹവും മറ്റു ചടങ്ങുകളും സംഘടിപ്പിക്കാൻ അനുമതിയായി. ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറന്നു.

കോവിഡിന് ഒപ്പം തന്നെ അതിനെ ചെറുക്കാനുള്ള വാക്സീനു വേണ്ടി പരീക്ഷണങ്ങളും ആരംഭിച്ചു. ലോകാരോഗ്യ സംഘടന തന്നെ മുൻകൈയെടുത്തു. ഓക്ഫഡ് സർവകലാശാലയും അസ്ട്രാ സെനക്കയുമായി ചേർന്നു തയാറാക്കിയ വാക്സീൻ ആണ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും പിന്നീടുള്ള നിരീക്ഷണങ്ങളിൽ അതു വേണ്ടത്ര വിജയിച്ചതായി അംഗീകരിക്കപ്പെട്ടില്ല. 2020 ഡിസംബർ രണ്ടാം വാരം അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ വാക്സീൻ ബ്രിട്ടനിൽ പൊതുജനങ്ങൾക്കായി നൽകിത്തുടങ്ങി. 95 ശതമാനം വിജയമാണ് കമ്പനി അവകാശപ്പെടുന്നത്. പിന്നീട് അമേരിക്കയും വാക്സിനേഷൻ ആരംഭിച്ചു. റഷ്യയും ചൈനയും വാക്സീനുകളുമായി രംഗത്ത് എത്തിയെങ്കിലും ഫൈസറിനാണ് വ്യാപകമായ അംഗീകാരം ലഭിച്ചത്. ഇതോടെ ലോകത്തിന് ആശ്വാസവും ജനങ്ങൾക്ക് പ്രതീക്ഷയുമായി.

എന്നാൽ ഡിസംബർ അവസാനമായപ്പോഴേക്കും ബ്രിട്ടനിൽ നിന്നുള്ള മറ്റൊരു വാർത്ത വീണ്ടും ജനങ്ങളെ ഭീതിയിലാഴ്ത്തി. കോവിഡ് –19 ന് കാരണമായ കൊറോണ വൈറസ് ജനിതകമാറ്റം സംഭവിച്ച് വ്യാപിക്കുന്നു. ഇപ്പോൾ പല രാജ്യങ്ങളും ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ്. പുതിയ വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് കാതോർത്തുകൊണ്ടാണ് 2020 അവസാനിക്കുന്നത്. 

1200-jo-biden-d-trump
ഡോണൾഡ് ട്രംപ്, ജോ ബൈഡൻ

2. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 

തികച്ചും വ്യത്യസ്തമായ ശൈലിയോടെ അമേരിക്ക ഭരിച്ച ഡോണൾഡ് ട്രംപിന് ഭരണത്തുടർച്ച ലഭിക്കുമോ എന്നത് അമേരിക്കക്കാരുടെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ ആകാംക്ഷയായിരുന്നു. നവംബർ 3 നായിരുന്നു തിരഞ്ഞെടുപ്പ്. അമേരിക്കൻ പ്രസിഡന്റിന്റെ രണ്ടാം ഊഴം പൊതുവേ വലിയ ആവേശവും വാശിയും സൃഷ്ടിക്കാറില്ല. നിലവിലുള്ള പ്രസിഡന്റിന് ഒരാവർത്തികൂടി കൊടുക്കുന്നതാണ് അമേരിക്കയുടെ പതിവ്. എന്നാൽ ട്രംപിന്റെ ശൈലികൾ പൊതുവേ വിമർശിക്കപ്പെട്ടതും സർവേകളിൽ ബൈഡൻ മുന്നിട്ടു നിന്നതും തിരഞ്ഞെടുപ്പിന്റെ ആവേശം വർധിപ്പിച്ചു. അമേരിക്കയിലെ വെള്ളക്കാർക്ക് മുൻഗണന കൊടുത്തും കുടിയേറ്റക്കാരെ പിന്തള്ളിയുമുള്ള ട്രംപിന്റെ നയങ്ങൾ ജനതയെത്തന്നെ രണ്ടു ചേരിയിൽ എത്തിച്ചിരുന്നു. ട്രംപ് പക്ഷക്കാരായ തീവ്ര ചിന്താഗതിക്കാർ വംശീയത ആളിക്കത്തിച്ചു. ലോക രാജ്യങ്ങളോടുള്ള നയത്തിലും ട്രംപ് വ്യത്യസ്തത പുലർത്തിയിരുന്നു. അമേരിക്ക ഫസ്റ്റ് എന്ന നയം പല രാജ്യങ്ങളുമായുമുള്ള നയതന്ത്രബന്ധത്തെത്തന്നെ ബാധിച്ചു. അതിനാൽ അമേരിക്കൻ തിരഞ്ഞെടുപ്പിന് ലോക രാജ്യങ്ങൾക്കും പതിവിൽ കൂടുതൽ ആകാംക്ഷയുണ്ടായി.

സർവേ ഫലങ്ങൾ പോലെതന്നെ ബൈഡൻ വിജയിച്ചു. എന്നാൽ ഫലം വന്ന ആദ്യ ദിവസങ്ങളിൽ അമേരിക്കയും ലോക രാജ്യങ്ങളും അനിശ്ചിതത്വത്തിലായിരുന്നു. വ്യക്തമായ ഭൂരിപക്ഷത്തിന്റെ അഭാവത്തിൽ അമേരിക്ക അരാജകത്വത്തിലേക്ക് പോകുമോ എന്നതായിരുന്നു ആശങ്ക. ട്രംപ് അധികാരം ഒഴിയാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതിയെ സമീപിക്കുമെന്നും വാർത്തകൾ വന്നതോടെ ആശങ്ക വർധിച്ചു. എന്നാൽ പിന്നീട് കൂടുതൽ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബൈഡന് വ്യക്തമായ ഭൂരിപക്ഷമായി. ഇലക്ടറൽ കോളജ് വോട്ടെടുപ്പിലും വിജയിച്ച് ബൈഡന്റെ അധികാരം ഉറപ്പിച്ചാണ് 2020 വിട പറയുന്നത്. അടുത്ത വർഷം ആദ്യ മാസം തന്നെ അധികാരക്കൈമാറ്റം നടക്കും. 

us-china-conflict

3. അമേരിക്ക – ചൈന ശീത സമരം 

അമേരിക്ക – റഷ്യ ശീത സമരത്തിനു ശേഷം, അമേരിക്ക – ചൈന ശീത സമരത്തിന് 2020 തുടക്കം കുറിച്ചിരിക്കുകയാണ്. ലോകത്തിലെ ഒന്നാം സാമ്പത്തിക ശക്തിയായ അമേരിക്കയും രണ്ടാം സാമ്പത്തിക ശക്തിയായ ചൈനയും തമ്മിലുള്ള സാമ്പത്തിക കിടമത്സരങ്ങളാണ് ശീത സമരത്തിനു പ്രധാന കാരണം. ചൈന കുറഞ്ഞ ചെലവിൽ അത്യാധുനിക സാങ്കേതിക വിദ്യയുമായി അമേരിക്കൻ, യൂറോപ്യൻ വിപണികൾ കീഴടക്കുന്നത് അമേരിക്കൻ താൽപര്യങ്ങൾക്കു ശക്തമായ തിരിച്ചടിയായി. രാജ്യ രഹസ്യങ്ങൾ ചോർത്തുന്നതായി ആരോപിച്ച് ചൈനീസ് കമ്പനികളെയും ആപ്പുകളെയും അമേരിക്ക നിരോധിച്ചു. മാത്രമല്ല, സ്വന്തം ചേരിയിൽ നിൽക്കുന്ന രാജ്യങ്ങളെ സ്വാധീനിച്ചും ചൈനയ്ക്കു നിയന്ത്രണം ഏർപ്പെടുത്തി. ട്രംപിന്റെ അമേരിക്ക ഫസ്റ്റ് നയവും ശീത സമരത്തിന് ആക്കം കൂട്ടി.

ലോക പൊലീസ് എന്ന നിലയിലുള്ള അമേരിക്കയുടെ അപ്രമാദിത്വം ചൈന ചോദ്യം ചെയ്യാൻ തുടങ്ങിയതും ശത്രുതയ്ക്ക് ആക്കം കൂട്ടി. നാറ്റോ മാതൃകയിൽ ചൈന ദക്ഷിണേഷ്യൻ രാജ്യങ്ങളെ ഒന്നിച്ചു കൂട്ടാൻ ശ്രമം നടത്തിയെങ്കിലും അമേരിക്ക ഒരു പടി മുന്നേ ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ദക്ഷിണേഷ്യൻ വമ്പൻമാരുമായി നയതന്ത്രബന്ധം ശക്തമാക്കി ചൈനയുടെ മുന്നിൽ വൻമതിൽ പോലെ നിന്നു. 

തായ്‌വാൻ ഏറ്റെടുക്കാനുള്ള ചൈനയുടെ നീക്കത്തെ ശക്തമായി തടഞ്ഞും ഹോങ്കോങ്ങിനുള്ള പ്രത്യേക അവകാശങ്ങൾ ചൈന നിർത്തലാക്കിയതിനെ  അപലപിച്ചും അമേരിക്ക നിലപാടുകൾ ശക്തമാക്കി. അമേരിക്കയുടെ സഖ്യ രാജ്യങ്ങളും ഒപ്പമുണ്ട്. സൗത്ത് ചൈന കടലിലെ അമേരിക്കൻ, ചൈന നാവിക ശക്തി പ്രകടനങ്ങളും 2020 ലെ വാർത്തകളിൽ നിറഞ്ഞു നിന്നു. 

FILES-AUSTRALIA-WEATHER-CLIMATE-CHANGE-ENVIRONMENT
ന്യൂ സൗത്ത് വെയൽസിലെ തീയണയ്ക്കുന്നയാൾ. (Photo by PETER PARKS / AFP)

4. ഓസ്ട്രേലിയയിലെ തീപിടിത്തം

ലോക ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തങ്ങളിൽ ഒന്നിനാണ് 2020 സാക്ഷ്യം വഹിച്ചത്. പുതുവർഷത്തിലേക്ക് ഓസ്ട്രേലിയ പിറന്നു വീണതു തന്നെ നെഞ്ചിൽ തീയുമായാണ്. 2019 അവസാന മാസങ്ങളിൽ കുറ്റിക്കാടുകളിൽ പിടിച്ചു തുടങ്ങിയ തീ 2020 ജനുവരിയിൽ സംഹാരതാണ്ഡവം ആടുകയായിരുന്നു. ന്യൂ സൗത്ത് വെയ്‌ൽസിലാണ് ആഘാതം ഏറെയുണ്ടായത്. ജനുവരി മൂന്നിന് ഇവിടെ 7 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു കോടി ഹെക്ടറാണ് തീപിടിത്തത്തിൽ കത്തി നശിച്ചത്. 100 കോടി ജീവികൾ വെന്തു മരിച്ചു. 2000 വീടുകൾ തകർന്നു. 29 പേർ മരിച്ചു. ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. മെൽബണിലെ അന്തരീക്ഷ മലിനീകരണം ലോകത്തിലെ ഏറ്റവും മോശമായ നിലയിൽ എത്തി. 

uae-israel

5. ഇസ്രയേൽ – യുഎഇ കരാർ 

മധ്യപൂർവ ദേശത്ത് സമാധാനത്തിന്റെ പുതിയ അധ്യായം കുറിച്ച് ഇസ്രയേലും യുഎഇയും കരാർ ഒപ്പിട്ടു. ഇരു രാജ്യങ്ങളും തമ്മിൽ പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ഈ കരാർ വഴിയൊരുക്കും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ചരിത്രം സൃഷിടിച്ച ഈ കരാറിന്റെ മധ്യസ്ഥൻ. 2020 ഓഗസ്റ്റ് 13 നാണ് കരാർ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. സെപ്റ്റംബർ 15 ന് വൈറ്റ് ഹൗസിൽ കരാർ ഒപ്പിട്ടു. പലസ്തീൻ പ്രദേശമായ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാനുള്ള തീരുമാനം മരവിപ്പിക്കാൻ ഇസ്രയേൽ സമ്മതിച്ചത് കരാറിനു ശക്തി പകർന്നു.

ഇസ്രയേലുമായി സമാധാന കരാർ ഉണ്ടാക്കുന്ന ആദ്യ ഗൾഫ് രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമാണ് യുഎഇ. ഈജിപ്തും ജോർദാനുമാണ് നേരത്തേ കരാറിൽ ഏർപ്പെട്ട രാജ്യങ്ങൾ. യുഎഇ കരാർ പ്രഖ്യാപനത്തിനു പിന്നാലെ ബഹ്റൈനും ഇസ്രയേലുമായി നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ തീരുമാനിച്ചു. 

6. യുഎസ് – താലിബാൻ സമാധാന കരാർ 

വർഷങ്ങൾ നീണ്ട അഫ്ഗാൻ കലാപങ്ങൾക്ക് അവസാനം കാണാൻ വഴിയൊരുക്കിയ വർഷമാണ് 2020. ഖത്തർ മുൻകയ്യെടുത്തു നടത്തിയ ചർച്ചകളുടെ ഫലമായി ഫെബ്രുവരി 29 ന് അമേരിക്കയും താലിബാനും ദോഹയിൽ സമാധാനക്കാർ ഒപ്പു വച്ചു. കരാർ പ്രകാരം ഘട്ടംഘട്ടമായി അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽനിന്ന് പിൻവാങ്ങും. താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ സമാധാന ചർച്ചകൾ തുടരും. അഫ്ഗാനിലെ കലാപങ്ങൾക്കും കൂട്ടക്കൊലകൾക്കും ഇതോടെ അറുതി വരുമെന്നാണ് പ്രതിക്ഷ. അഫ്ഗാനിൽ സമാധാനം പുലരുന്നത് ലോകത്തിനു തന്നെ ആശ്വാസമാണ്. ലോക സമാധാനത്തിനു തന്നെ ഒരു ഘട്ടത്തിൽ താലിബാൻ ഭീഷണിയായി മാറിയിരുന്നു. അമേരിക്ക അഫ്ഗാനിൽ സാന്നിധ്യമുറപ്പിച്ചെങ്കിലും കലാപങ്ങൾ തുടർന്നു പോന്നു. ഈ സംഘർഷാവസ്ഥയ്ക്കു പരിഹാരം ഉണ്ടാക്കാൻ 2012 മുതൽ ചർച്ചകൾ ആരംഭിച്ചതാണെങ്കിലും ഇപ്പോഴാണ് യാഥാർഥ്യമായത്. 

FILES-IRAN-IRAQ-US-SOLEIMANI
ജനറൽ ഖാസിം സുലൈമാനി

7. ഇറാനിയൻ ജനറൽ ഖാസിം സുലൈമാനി വധം

2020 പുതു വർഷത്തിന്റെ ആദ്യ നാളുകളിൽ ലോക സമാധാനത്തിന് വെല്ലുവിളി ഉയർത്തിയ സംഭവമാണ് ഇറാനിലെ ജനറൽ ഖാസിം സുലൈമാനി വധം. ഇറാഖ് പ്രധാനമന്ത്രിയുടെ ക്ഷണ പ്രകാരം എത്തിയതായിരുന്നു സുലൈമാനി. ബഗ്ദാദിലൂടെ സഞ്ചരിക്കുമ്പോൾ വ്യോമാക്രമണത്തിലൂടെയാണ് അമേരിക്ക സുലൈമാനിയെ വധിച്ചത്. ഇറാനിലെ ശക്തനായ സേനാ കമാൻഡറും മധ്യ പൂർവ ദേശത്തെ സൈനിക നീക്കങ്ങളുടെയും തീവ്രവാദ വിഭാഗങ്ങളുടെയും തീരുമാനങ്ങളെ സ്വാധീനിച്ച വ്യക്തിയുമായിരുന്നു. അമേരിക്ക, ഇറാൻ ശത്രുത വർധിച്ചതോടെ ഖാസിം സുലൈമാനി അമേരിക്കയുടെ കണ്ണിലെ കരടായി. 

സുലൈമാനിയുടെ വധം ഇറാനെതിരെയുള്ള യുദ്ധപ്രഖ്യാപനമായാണ് വിലയിരുത്തപ്പെട്ടത്. പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിക്കുകയും ബഗ്ദാദിലെ അമേരിക്കൻ സേനാകേന്ദ്രത്തിലേക്ക് റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തു. ഇറാഖും അമേരിക്കയ്ക്കെതിരെ രംഗത്ത് വന്നു. റഷ്യയും അമേരിക്കൻ നടപടിയെ വിമർശിച്ചതോടെ മധ്യപൂർവ ദേശത്ത് എന്തും സംഭവിക്കാമെന്ന സ്ഥിതിയായിരുന്നു. 

IRAN-NUCLEAR-SCIENTIST-ATTACK-FURENAL
ഫക്രിസാദേഹ്

8. ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ ഫക്രിസാദേഹ് വധം 

2020 ന്റെ തുടക്കത്തിലെന്ന പോലെ അവസാനത്തിലും ഇറാനിലെ ഒരു പ്രമുഖൻ കൊല്ലപ്പെട്ടത് മധ്യപൂർവ മേഖലയെ വീണ്ടും സംഘർഷത്തിലാക്കി. ഇറാന്റെ പ്രതിരോധ ഗവേഷണ പദ്ധതി തലവനും പ്രമുഖ ആണവ ശാസ്ത്രജ്ഞനുമായ ഫക്രിസാദേഹിനെ ട്രക്കിനു പിന്നിൽ ഘടിപ്പിച്ച വിദൂര നിയന്ത്രിത തോക്ക് ഉപയോഗിച്ചു വധിച്ചത് ഡിസംബറിലാണ്. കൊലപാതകത്തിനു പിന്നിൽ ആരെന്നു കണ്ടെത്തി തിരിച്ചടിക്കുമെന്ന് പ്രതികരിച്ച ഇറാൻ ഇസ്രയേലിനെതിരെ ആരോപണവും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇസ്രയേൽ ഇത് നിഷേധിച്ചിരിക്കുകയാണ്.

India-China-border
ഇന്ത്യ – ചൈന അതിർത്തി

9. ഇന്ത്യ – ചൈന സംഘർഷം 

1962 ലെ ഇന്ത്യ – ചൈന യുദ്ധത്തിനു ശേഷം ഇന്ത്യയും ചൈനയും വീണ്ടുമൊരു ഏറ്റുമുട്ടലിന്റെ അടുത്തുവരെയെത്തിയ വർഷമാണ് 2020. ഇന്ത്യ – ചൈന അതിർത്തി തർക്കമാണ് ഇക്കുറിയും പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയോടു ചേർന്ന് ഗൽവാനിൽ ചൈനയുമായുള്ള സംഘർഷത്തെ തുടർന്ന് 20 ഇന്ത്യൻ സൈനികർ വീരമ്യത്യു വരിച്ചു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. ചൈനീസ് ഭാഗത്തും ആളപായമുണ്ടായെങ്കിലും എത്ര പേർ കൊല്ലപ്പെട്ടുവെന്ന് ചൈനീസ് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. 

അതിർത്തി പിന്മാറ്റ ധാരണ ലംഘിച്ച് ചൈനീസ് സേന ഏകപക്ഷീയമായി മുന്നോട്ടു കയറിയതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. ചൈനയുമായുള്ള സംഘർഷം യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. ഇരു രാജ്യങ്ങളും അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുകയും ആയുധങ്ങൾ ശേഖരിക്കുകയും ചെയ്തതോടെ ലോക രാഷ്ട്രങ്ങൾക്കിടയിലും ആശങ്കയായി. 

അതിർത്തിയിൽ ശക്തിമായ നടപടികൾ സ്വീകരിച്ചതിനൊപ്പം ചൈനക്കെതിരെ മറ്റു മേഖലകളിലും ഇന്ത്യ നടപടികൾ കർശനമാക്കി. 371 സാധനങ്ങൾക്ക് ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തി. ടിക് ടോക് ഉൾപ്പെടെ 52 ചൈനീസ് ആപ്പുകൾ നിരോധിച്ചു. 2020 അവസാനിക്കുമ്പോഴും ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിന് കാര്യമായ അയവ് വന്നിട്ടില്ല. 

russian-president-vladimir-putin
വ്ലാഡിമിർ പുടിൻ

10. റഷ്യയിലെ ഭരണഘടനാ ഭേദഗതി 

ലോകത്തിന്റെ ഭാവി നിർണയിക്കുന്ന രാജ്യങ്ങളിൽ പ്രധാന സ്ഥാനത്താണ് റഷ്യ. അതിനാൽ അവിടുത്തെ ഭരണാധികാരി ആര് എന്നത് ലോകത്തിനു പ്രധാനം തന്നെ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് 2036 വരെ ഭരണത്തിൽ തുടരാൻ അവസരം ഒരുക്കുന്ന ഭരണഘടനാ ഭേദഗതിക്ക് ജനകീയ അംഗീകാരം ലഭിച്ചത് ലോകം ശ്രദ്ധിച്ച സംഭവമായിരുന്നു. ജൂലൈയിൽ നടന്ന ഹിത പരിശോധനയിലാണ് പുടിൻ 77.9 ശതമാനം വോട്ടോടെയാണ് ആധിപത്യം ഉറപ്പിച്ചത്. 2024 ൽ ആണ് പുടിന്റെ നിലവിലെ കാലാവധി തീരുക. തുടർന്നു രണ്ടു പ്രാവശ്യം കൂടി പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കാൻ ഭേദഗതിയോടെ അവസരം ലഭിക്കും. 6 വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. തുടർച്ചയായി 2 പ്രാവശ്യം പ്രസിഡന്റ് ആകാനേ കഴിയൂ എന്ന നിലവിലുള്ള വ്യവസ്ഥയാണ് ഭേദഗതി ചെയ്തത്. .

English Summary: Top 10 major events in 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com