ADVERTISEMENT

തദ്ദേശ തിരഞ്ഞെടുപ്പു തോൽവിയുടെ പേരിൽ കൂരമ്പുകൾ ഏൽക്കേണ്ടി വന്ന നേതാവാണ് കെപിസിസി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രൻ. എന്നാൽ വിമർശകരും എതിരാളികളും അദ്ദേഹത്തിന്റെ രാഷ്ട്രീയമായ സത്യസന്ധതയും ആർജവവും അംഗീകരിക്കുന്നു. സ്വാതന്ത്ര്യസമരസേനാനി മുല്ലപ്പള്ളി ഗോപാലന്റെ ഈ മകന് കോൺഗ്രസിനോടുള്ള കൂറിനെ കുറിച്ച്  ആർക്കും സംശയമില്ല; സിപിഎമ്മിനോട് ഒരു സന്ധിക്കും മുല്ലപ്പള്ളിയെ കിട്ടുകയുമില്ല. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ‘മലയാള മനോരമ’ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ അദ്ദേഹം ഉള്ളു തുറന്നു സംസാരിക്കുന്നു.

∙പ്രതീക്ഷിക്കാത്ത തോൽവിയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായത്, അതിനുശേഷം കോൺഗ്രസ് ഇതേക്കുറിച്ച് വിശദ ചർച്ച നടത്തി.ജില്ലകളിൽ നിന്നു നേതാക്കളെ പ്രത്യേകം വിളിച്ചു, തിരിച്ചറിഞ്ഞ ദൗർബല്യങ്ങൾ എന്തൊക്കെ?

സാങ്കേതികമായ ചില ന്യായീകരണങ്ങളെല്ലാം നിരത്താൻ കഴിയും. മേനി നടിക്കാൻ കഴിയും.പക്ഷേ ഉണ്ടായത് തോൽവിയാണ്. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഞാൻ അമിത പ്രതീക്ഷ വച്ചു പുലർത്തി. ഞാൻ 24–7 ഈ പാർട്ടിക്കു വേണ്ടി ജോലി ചെയ്യുന്നയാളാണ്. തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നാലു തവണ സഞ്ചരിച്ചു. മറ്റൊരു നേതാവും അതു ചെയ്തു എന്നു കരുതുന്നില്ല. പ്രതിപക്ഷനേതാവ്, ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവരടക്കം  ചെറുതും വലുതുമായ ഒരു പിടി നേതാക്കൾ കഠിനാധ്വാനംചെയ്തു. പ്രവർത്തകരിൽ കണ്ട ശുഭപ്രതീക്ഷ വച്ചുകൊണ്ടാണു മിന്നുന്ന, റെക്കോർഡ് വിജയം പ്രവചിച്ചത്. ഫലം വന്നപ്പോൾ ഞാൻ അപ്സെറ്റായി. വലിയ മാനസികപ്രയാസം ഉണ്ടായി. എൽഡിഎഫ് സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളുടെ ഘോഷ യാത്ര ഫലത്തിൽ പ്രകടമായില്ല. രാഷ്ട്രീയമായി ഇത്രയും പ്രബുദ്ധമായ ഒരു ജനത ആ ഘടകങ്ങൾ കണക്കിലെടുക്കാഞ്ഞത് അത്ഭുതം ജനിപ്പിച്ചു. ഇതു ബിഹാറിലെ ഒരു കുഗ്രാമമല്ലല്ലോ. ഭക്ഷ്യ കിറ്റാണ് മാറ്റം വരുത്തിയത് എന്ന വാദം  വിശ്വസിക്കുന്നില്ല. ഞങ്ങൾ ജയിച്ച ഇടത്തും കിറ്റ് വിതരണം ഉണ്ടായില്ലേ?

Mullappally Ramachandran
മുല്ലപ്പള്ളി രാമചന്ദ്രൻ.

∙സ്ഥാനാർഥി നിർണയം പൂർണമായും പാളി എന്നു പറഞ്ഞാൽ? 

ശരിയാണ്. വാർഡ് കമ്മിറ്റികൾ വിളിച്ചു കൂട്ടി, മറ്റ് ഒരു താൽപ്പര്യവും കടന്നുവരാതെ, വിജയസാധ്യത മാത്രം കണക്കിലെടുത്ത്  സ്ഥാനാർഥിയെ നിശ്ചയിക്കണം എന്നാണ്  കെപിസിസി സർക്കുലറിൽ നിർദേശിച്ചിരുന്നത്. ആ നിർദ്ദേശം പരിപൂർണമായി പാലിച്ച ഇടത്തെല്ലാം ജയിച്ചു, അല്ലെങ്കിൽ ജയത്തിനു തൊട്ടടുത്ത് എത്തി എന്നാണു ഞങ്ങളുടെ പഠനം. വർഷങ്ങൾക്കുശേഷം കോൺഗ്രസിനു ലഭിച്ച കൊല്ലം പരവൂർ മുനിസിപ്പാലിറ്റിക്കാർ പറഞ്ഞത്, പ്രസിഡന്റിന്റെ സർക്കുലറിൽ എന്താണോ പറഞ്ഞത്, അതേ പടി നടപ്പാക്കി എന്നാണ്. മോശം സ്ഥാനാർഥികൾ എങ്ങനെ ഒരു മുന്നണിയുടെ കഥ കഴിക്കും എന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് തിരുവനന്തപുരം കോർപറേഷനും തിരുവനന്തപുരം ജില്ല പൊതുവിലും. ഇവിടെ മെറിറ്റ് ഒരു പ്രശ്നമായിരുന്നില്ല. ചില നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ചാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. ഡിസിസി അധ്യക്ഷനോട്, മെറിറ്റ് വച്ച് ഞാൻ നിർദേശിച്ച ചില പേരുകളുടെ കാര്യത്തിൽ പോലും അദ്ദേഹം നിസഹായനായി. ഫലം വന്നപ്പോൾ കോൺഗ്രസ് തോറ്റു, ചില നേതാക്കൾ ജയിച്ചു. ഗ്രൂപ്പ് താൽപ്പര്യം വച്ച് അങ്ങോട്ടും ഇങ്ങോട്ടും പരാജയപ്പെടുത്താനുള്ള ശ്രമം സംസ്ഥാനത്തിന്റെ പല ഭാഗത്തും ഉണ്ടായി. യോഗ്യരല്ലാത്ത സ്ഥാനാർഥികൾ വന്നപ്പോൾ കുമിൾ പോലെ റിബലുകൾ തലപൊക്കി. ബൂത്തിലും വാർഡിലും പോയി ആ പ്രശ്നം പരിഹരിക്കേണ്ടതു കെപിസിസി പ്രസിഡന്റല്ല. എല്ലാക്കാലത്തും ഇതെല്ലാം പരിഹരിക്കാൻ പോന്ന സംവിധാനങ്ങൾ പ്രാദേശികമായി ഉണ്ട്. അതു  കാര്യക്ഷമമായില്ല. നേതൃത്വത്തിന്റെ ഭാഗത്തു നിന്നു ജാഗ്രതയും  നിഷ്പക്ഷതയും ഉണ്ടായ എല്ലായിടത്തും വിജയം ഉണ്ടായി. സിപിഎം–ബിജെപി നീക്ക് പോക്കും തിരിച്ചടിയുണ്ടാക്കി. അതിന്റെ തെളിവുകൾ  പുറത്തുവിടും. മുഖ്യമന്ത്രി നേരിട്ടാണ് ആ ധാരണയ്ക്കു മുൻകൈ എടുത്തത്.

∙വെൽഫെയർ പാർട്ടി ബന്ധം രാഷ്ട്രീയമായി മുന്നണിക്ക് ദോഷം ചെയ്തോ? 

അങ്ങനെ സംഭവിച്ചു. ജമാ അത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയ ബന്ധം അരുതെന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് ഞാൻ ഉയർത്തിപ്പിടിച്ചത്. അതു പറയാൻ കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ ബാധ്യസ്ഥനാണ്.

Mullappally Ramachandran
മുല്ലപ്പള്ളി രാമചന്ദ്രൻ.

∙നിയമസഭാ തിരഞ്ഞെടുപ്പിൽ ആ സഖ്യം ആവർത്തിക്കരുത് എന്ന അഭിപ്രായമുണ്ടോ? 

പൂർണമായിട്ടും. അത്തരം വർഗീയ കക്ഷികളുമായുള്ള ബന്ധം തിരിച്ചടിക്കുകയേയുള്ളൂ. ഇവരെല്ലാമായി എല്ലാ തിരഞ്ഞെടുപ്പുകളിലും സിപിഎം കൂട്ടുകെട്ടുണ്ടാക്കും. പക്ഷേ ‍‍ജാഗ്രതയോടെ അതു കൈകാര്യം ചെയ്യും. 

∙യുഡിഎഫ് കൺവീനർ ജമാ അത്തെ ഇസ്ലാമി അമീറുമായി നേരിട്ടു നടത്തിയ ചർച്ച ദോഷം ചെയ്തു എന്നാണോ? 

കോൺഗ്രസ് ഒരു മതനിരപേക്ഷ കക്ഷിയാണ്. മതസംഘടനാ നേതാക്കളുമായി ആശയ വിനിയമം നടത്തുന്നതിൽ തെറ്റില്ല. എല്ലാവരെയും വിശ്വാസത്തിലെടുക്കുന്നതാണു കോൺഗ്രസിന്റെ സമീപനം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആനയും അമ്പാരിയുമായി, കൊട്ടും കുരവയുമായി അതിനു  മുതിർന്നാൽ പക്ഷേ അപകടമാണ്, ആത്മഹത്യാപരമാണ്. അതാണ് ഇപ്പോൾ സംഭവിച്ചത്. ജമാ അത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായുള്ള നീക്ക് പോക്കു വഴി  മുസ്‌ലിം ജനവിഭാഗത്തിൽ തന്നെ ഒരു വലിയ വിഭാഗം യുഡിഎഫിന് എതിരായി. ക്രിസ്ത്യൻ, ഭൂരിപക്ഷ വിഭാഗങ്ങളിൽ അന്യതാബോധം ഉണ്ടായി. ഇത്തരം കക്ഷികളുമായി കോൺഗ്രസ് ധാരണ ഉണ്ടാക്കരുത് എന്നാണു രാഷ്ട്രീയകാര്യസമിതി നിശ്ചയിച്ചത്. ഘടകകക്ഷികൾ നീക്കു പോക്ക് നടത്തുന്നതിൽ നമ്മുക്ക് ഇടപെടാനും കഴിയില്ല.

Mullappally Ramachandran
മുല്ലപ്പള്ളി രാമചന്ദ്രൻ.

∙സമുദായങ്ങൾ, ബന്ധപ്പെട്ട സംഘടനകൾ ഇവരെല്ലാം യുഡിഎഫിനോട് അകന്നില്ലേ?  

പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണയ്ക്കുകയും തിരിച്ച് സഹായിക്കുകയും ചെയ്ത പല വിഭാഗങ്ങളും അകന്നു. ന്യൂനപക്ഷ താൽപ്പര്യങ്ങൾ എക്കാലവും പൂർണമായി സംരക്ഷിച്ചതു കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളാണ്. ഒരു ചെറിയ വേദന പോലും അവർക്കുണ്ടാകാൻ പാടില്ലെന്ന നിർ‍ബന്ധം ഉണ്ടായിരുന്നു. അതേ ജാഗ്രത പിന്നീട് പുലർത്താൻ കഴിഞ്ഞില്ല. അവരോട് കരുതലോടെ സംസാരിക്കാനും പ്രശ്ന പരിഹാരത്തിനും കഴിയാതെ പോയി. ജനുവിൻ ആയ അവരുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്നും സംരക്ഷിക്കുമെന്നും കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ  വാഗ്ദാനം ചെയ്യുന്നു.

∙ ജോസ് കെ. മാണി വിഭാഗത്തെ കൈവിട്ടതും അപ്പോൾ പിശകായിപ്പോയോ?

പറഞ്ഞയക്കുമ്പോൾ, അല്ലെങ്കിൽ വിട്ടുപോകുമ്പോൾ ‍ജനത്തിനു കൂടി അതിന്റെ കാരണം ബോധ്യപ്പെടണം. അദ്ദേഹം സ്വയം ഒരു തീരുമാനം  പോകുന്നുവെങ്കിൽ പോകട്ടെ. പക്ഷേ വാതിലടച്ചു എന്ന പ്രതീതി ഉണ്ടാക്കാൻ പാടില്ല. ഇപ്പോൾ കൂടെയില്ലെങ്കിലും കെ.എം.മാണി ഒരു വലിയ ശക്തിയാണ്. അദ്ദേഹത്തെ പൂർണമായി നിരാകരിക്കാനോ മായ്ച്ചുകളയാനോ കഴിയില്ല. കരുതലോടെ ഒരു നിലപാട് എടുക്കേണ്ടിയിരുന്നു.

∙ഫലം വന്നശേഷം  ഇതിന്റെ  മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു എന്ന പ്രഖ്യാപനം താങ്കൾ നടത്തി. പാർട്ടിക്കകത്തെ വിചാരണയാണോ അതിനു പ്രേരിപ്പിച്ചത്? 

തീർച്ചയായും. പണ്ഡിറ്റ് നെഹൃവിന്റെ കാലം മുതൽ കൂട്ടായ നേതൃത്വത്തിലാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. വിജയിച്ചു കഴിഞ്ഞാൽ എല്ലാവരുടെയും വിജയം, പരാജയപ്പെട്ടാൽ ഉത്തരവാദികളും എല്ലാവരും തന്നെ. തോറ്റാൽ രാഷ്ട്രീയ കാരണങ്ങളാണ് അന്വേഷിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരു നേതാവിനെ പിടിച്ചു വച്ച്  തേജോവധം ചെയ്യുന്നതും സമൂഹ മധ്യത്തിൽ കരിതേയ്ക്കുന്നതും നല്ല സമീപനമല്ല. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. എല്ലാവരിൽ നിന്നും അത് ഉണ്ടായില്ല. പരാജയത്തിന്റ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കണമെന്ന തരത്തിൽ ചിലരിൽ നിന്നു വാദം ഉയർന്നതു വിഷമിപ്പിച്ചു. വല്ലാതെ,വല്ലാതെ  നൊന്തു. ഒരു നേതാവിനെതിരെയും  വ്യക്തിപരമായി ഞാൻ തിരിയാറില്ല. രാഷ്ട്രീയ എതിരാളികൾക്കെതിരെ ഷാർപ്പായി സംസാരിക്കാറുണ്ട്. നേതാക്കൾ ഖദറാണ് ധരിക്കുന്നതെങ്കിൽ അതിന്റെ മാന്യത കാത്തു സൂക്ഷിക്കണമെന്ന പഴയ ചിന്താഗതിയുടെ വക്താവാണ് ഞാൻ. ആദർശം പറയുക, മറ്റൊന്നു പ്രവർത്തിക്കുക അതു ശീലമില്ല. കെപിസിസിയുടെ രാഷ്ട്രീയകാര്യസമിതി ചേരുന്ന സമയത്തു തന്നെ ചർച്ചകൾ പുറത്തു വരുന്നതു കണ്ട എഐസിസി  എന്നോടു ചോദിച്ചത്, ഇതൊരു ഗൗരവപ്പെട്ട രാഷ്ട്രീയ ഫോറം ആണോ എന്നായിരുന്നു! ഇതെല്ലാം കോൺഗ്രസിൽ മാത്രമെ നടക്കൂ. വാർത്തകൾ ഇങ്ങനെ ചോർത്തുന്നതിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്. പാർട്ടി ഫോറത്തിൽ പറയുന്നത് അവിടെ അവസാനിക്കണം.

Mullappally Ramachandran
മുല്ലപ്പള്ളി രാമചന്ദ്രൻ.

∙കെപിസിസിയുടെ ഭാഗത്തു നിന്നും സ്ഥാനാർഥികൾക്കു  വേണ്ടത്ര പിന്തുണ ഉണ്ടായില്ല. ഫണ്ട്, മെറ്റീരിയൽ എന്നിവയൊന്നും  നൽകാൻ കഴിഞ്ഞില്ല. ഇതെല്ലാം നേതൃത്വത്തിന്റെ വീഴ്ച്ച അല്ലേ?   

ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾക്കെല്ലാം 25,000 രൂപ കൊടുക്കാൻ കഴിഞ്ഞു. അതു തന്നെ ലക്ഷങ്ങൾ ആകുമല്ലോ. ചിഹ്നം വച്ചും അല്ലാതെയുമുള്ള  പോസ്റ്റർ എല്ലാ സ്ഥാനാർഥികൾക്കും എത്തിച്ചുകൊടുത്തു. ഇത്രയുമെ കഴിഞ്ഞുള്ളൂ. അതു സത്യമാണ്. ആത്മാർഥതയുണ്ടെങ്കിൽ പ്രാദേശികമായി പണം കണ്ടെത്താവുന്നതെയുള്ളൂ. കോൺഗ്രസ്  നേതാക്കൾക്ക് അതിനു സാധിക്കില്ലേ? കെപിസിസിയുടെ പ്രത്യേക നിർദേശം അതിനും വേണോ? ഉദാസീനമായ നിലപാട് എടുത്ത പലരുമുണ്ട്. തോറ്റു കഴിഞ്ഞാൽ പിന്നെ വിമർശിക്കാം. താൻ പ്രവർത്തിക്കേണ്ട ഇടത്ത്  വേണ്ടതു ചെയ്തോ,എന്ത് ഉത്തരവാദിത്തം ഏറ്റെടുത്തു എന്നതു മനസാക്ഷിയോട് സ്വയം ചോദിക്കണം.

∙ എഐസിസിയിൽ നിന്ന് എന്തെങ്കിലും സഹായം കിട്ടാറുണ്ടോ? 

ഞാൻ കെപിസിസി പ്രസിഡന്റായ ശേഷം ഒന്നും കിട്ടിയിട്ടില്ല. ചോദിച്ചിട്ടുമില്ല, എന്നിട്ടും സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്, വീക്ഷണത്തിനും ജയ്ഹിന്ദിനും 1.65 കോടി രൂപ ഇപ്പോൾ നൽകി. ഈ മാസത്തെ ശമ്പളത്തിനുള്ള പണം നൽകി. ഈ പരിമിതികളും പ്രയാസങ്ങളും  എല്ലാവർക്കും അറിയാവുന്നതല്ലേ? കാശ് പിരിക്കാൻ ഞാൻ സമർഥനല്ല എന്നതും അറിയാം.

∙ തിരഞ്ഞെടുപ്പ് തോൽവി അവസരമാക്കി  കെപിസിസി പ്രസിഡന്റ് കസേര ലക്ഷ്യമിട്ട് ആസൂത്രിതമായ നീക്കം നടന്നോ? 

എന്റെ കസേര കണ്ട് ആരും ഒരു നീക്കവും നടത്തേണ്ട കാര്യമില്ല. ഞാനും ‘ലീഡറും’ തമ്മിലെ തെറ്റിദ്ധാരണ ഉണ്ടായിരുന്നില്ലെങ്കിൽ എൺപതുകളിൽ തന്നെ ഞാൻ ഇവിടെ വരേണ്ടതായിരുന്നു. അദ്ദേഹത്തെ പോയി ഒന്നു കണ്ടാൽ മാത്രം മതിയായിരുന്നു. ഇന്ദിരാജി പറഞ്ഞിട്ടും ഞാൻ പോയില്ല, എന്റെ വിവരക്കേടായിരിക്കും. ഗ്രൂപ്പുകൾക്ക് അതീതമായി എല്ലാവരെയും സംരക്ഷിക്കുന്ന, അതേസമയം രണ്ടു ഗ്രൂപ്പുകളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് എന്നെ ഇവിടേക്ക് എഐസിസി നിയോഗിക്കുന്നത്. തോണി മറിയും എന്ന് അറിയാവുന്നതു കൊണ്ട് ഇവിടുത്തെ ഒരു സമവാക്യവും തെറ്റിക്കാൻ ഞാൻ ശ്രമിച്ചില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പാഠം ഉൾക്കൊണ്ട് എല്ലാവരും ഇനി മുന്നോട്ടു നീങ്ങാൻ ശ്രമിക്കണം.

Ramesh Chennithala, Mullappally Ramachandran, Oommen Chandy
രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി.

∙നേരത്തെ മത്സരിച്ചപ്പോൾ സീറ്റ് എതു ഗ്രൂപ്പിനായിരുന്നോ, വീണ്ടും അവർക്കു തന്നെ വേണം  എന്ന വാശി പലയിടത്തും തോൽവി ക്ഷണിച്ചു വരുത്തിയോ?

പലയിടത്തും അങ്ങനെ  ഉണ്ടായി. 90 ശതമാനം സ്ഥലങ്ങളിലും ആ വാശി വല്ലാതെ ഉണ്ടായി. അതു  മാറ്റിവച്ച് നല്ല സ്ഥാനാർഥിയെ നിശ്ചയിച്ചയിടത്ത് ജയിച്ചു.

∙നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ അവസ്ഥ തുടർന്നാലോ? 

ഏറ്റവും മികച്ച സ്ഥാനാർഥി എന്ന തീരുമാനം എഐസിസി എടുത്തു കഴിഞ്ഞു. ചെറുപ്പക്കാർക്കും സ്ത്രീകൾക്കും പ്രാധാന്യം കൊടുക്കും. പല കാരണങ്ങളാലും കോൺഗ്രസ് അവഗണിച്ച  വിവിധ സാമുദായിക വിഭാഗങ്ങൾക്കു പരിഗണന നൽകും. പിണറായി വിജയൻ മന്ത്രിസഭയിൽ ഈഴവ വിഭാഗത്തിൽ നിന്ന് ഒൻപതു പേരുണ്ട്. നമുക്ക് ഒറ്റ എംഎൽഎ ഇല്ല. പിന്നോക്കക്കാരനായ  ഞാൻ കെപിസിസി പ്രസിഡന്റായിട്ട് ഇതാണ് സ്ഥിതി എന്ന വിമർശനം കേൾക്കുകയാണ്. ഞങ്ങൾ ഇതിനകം തുടങ്ങിവച്ച പരിശ്രമങ്ങൾ ഫലം കാണാതെ പോകില്ല. കൂട്ടായ ശ്രമം വേണമെന്നും എല്ലാവർക്കും ബോധ്യപ്പെട്ടു കഴിഞ്ഞു.

Mulllappally Ramachandran, K Muraleedharan
മുല്ലപ്പളളി രാമചന്ദ്രൻ, കെ.മുരളീധരൻ

∙ ചില നേതാക്കളെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ ഉയർന്നല്ലോ?

അതിനെക്കുറിച്ച്  കമന്റ് പറയുന്നില്ല. ഞാൻ മറ്റൊരു തരത്തിൽ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നയാളാണ്. 

∙ കെപിസിസി പ്രസിഡന്റിനെ വിളിച്ചാൽ കിട്ടില്ല, മുതിർന്ന നേതാക്കൾക്കിടയിൽ  തന്നെ ആശയ വിനിമയത്തിൽ അപാകതയുണ്ട് എന്നെല്ലാം  വിമർശനം ഉണ്ട്?  

ഈ കസേരയിൽ ഇരുന്നുകൊണ്ട് സമയാസമയത്തിന് ഞാനും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാറുണ്ട്. എന്ത് അടിസ്ഥാനത്തിലുള്ള  വിമർശനമാണ് ഇത് എന്ന് എനിക്ക് അറിയില്ല. കെപിസിസി പ്രസിഡന്റ്  ഒരാളെയുള്ളൂ. ഭാരവാഹികൾ, ജനപ്രതിനിധികൾ എത്ര പേരാണ്! എല്ലാവരെയും എനിക്കു വിളിക്കാൻ കഴിയില്ല. താങ്കൾ എന്നെങ്കിലും എന്നെ ബന്ധപ്പെട്ടിട്ടു സംസാരിക്കാൻ പറ്റാതിരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ? അപ്പോൾ പറ്റിയില്ലെങ്കിൽ തിരിച്ചു വിളിക്കാറില്ലേ?  വീട്ടിലാകുമ്പോൾ കിട്ടാതെ വന്നാൽ എന്റെ ഭാര്യയെ വിളിച്ച് കണക്ട് ചെയ്യാൻ പറയുന്നവരുണ്ട്. നേതാക്കൾക്കെല്ലാം അവർ കുടുബാംഗം തന്നെയാണ്. എന്റെ  കൂടെയുള്ളവരുടെയെല്ലാം ഫോൺ‍ നമ്പർ നേതാക്കൾക്ക്  അറിയാം. എനിക്കതിരെ മറ്റൊന്നും പറയാനില്ല.അഴിമതിക്കാരനാണ്, മതേതര നിലപാട് ഇല്ലാത്തയാളാണ് എന്നൊന്നും പറയാനില്ല. അതുകൊണ്ടാണ് ഈ ആരോപണങ്ങൾ. അതെല്ലാം തെറ്റ് തന്നെയാണ്.

Oommen Chandy, Mullappally Ramachandran, Ramesh Chennithala
ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല.

∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ടു മാസം മാത്രം. എൽഡിഎഫ് ഒരു തുടർഭരണ പ്രതീക്ഷയിലാണ്.  ഇനി ഒരു  അത്ഭുതം കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ടോ?

എന്താണ് സംശയം! കൊച്ചു കൊച്ചു തിരുത്തലുകൾ  മാത്രമെ വേണ്ടൂ.അതു കൂട്ടായി ചെയ്താൽ മതിയാകും. ഒറ്റക്കെട്ടായി പോയാൽ മാത്രം മതി. ഗ്രൂപ്പുമായി മുന്നോട്ടുപോകുന്ന എല്ലാ നേതാക്കളും ഓർമിക്കേണ്ട രണ്ടു നേതാക്കൾ കെ. കരുണാകരനും എ.കെ. ആന്റണിയുമാണ്. പാർട്ടി താൽപ്പര്യം വരുമ്പോൾ അവർ ഒരുമിച്ചു നിൽക്കും. അവർ പറയുന്നയിടത്ത് അണികളും നിൽക്കും. അതിലേക്ക് ഇപ്പോഴത്തെ നേതാക്കളും ഉയർന്നാൽ മാത്രം മതി.

∙എന്തൊക്കെ മാറ്റങ്ങളാണ് സംഘടനാ തലത്തിൽ പ്രതീക്ഷിക്കാവുന്നത് ? 

പൂ‍ർണ തീരുമാനം ആയിട്ടില്ല. ഞങ്ങൾ എല്ലാവരുടെയും അഭിപ്രായം കേട്ടു. എവിടെയാണ് തെറ്റിയത് എന്നു മനസ്സിലാക്കി. എഐസിസി സംഘവും എല്ലാവരുമായി സംസാരിച്ചു. ഡിസിസി ഭാരവാഹികളെപ്പറ്റി, ജംബോ കമ്മിറ്റികളെക്കുറിച്ച് വലിയ  പരാതികളുണ്ട്. കെപിസിസി പ്രസിഡന്റായ എന്റെ സംഭാവനകൾ അവർക്ക് ബോധ്യപ്പെട്ടു, എന്റെ സ്വന്തം നാടായ വടകരയിലെ സ്ഥിതിയും അവർക്കു മനസ്സിലായി. ഇവിടെ വന്നു ചിലതെല്ലാം പറഞ്ഞവരുടെ സ്വന്തം നാട്ടിലെ യുഡിഎഫിന്റെ സ്ഥിതിയും ഈ തിരഞ്ഞെടുപ്പിൽ അവർ എന്തു ചെയ്തു എന്നതും എഐസിസിക്കു ബോധ്യപ്പെട്ടു.അതിൽ കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല.

∙കെപിസിസി പ്രസിഡന്റ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? 

ഒരു ദൗത്യം ഏറ്റെടുത്താണ് ഞാൻ ഇവിടെ വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ആദ്യ കടമ്പ വിജയിച്ചു. പാർട്ടിയെ തുടർന്നും വിജയത്തിലേക്ക് നയിക്കുക എന്നതാണ് എന്റെ ഇപ്പോഴത്തെ ഉത്തരവാദിത്തം.

English Summary: Interview with KPCC President Mullappally Ramachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT