മനാലി–ലേയിലും അടൽ ദൗത്യത്തിന് ‘ടണൽമാൻ’ കെ.പി.പുരുഷോത്തമൻ

KP-Purushothaman-at-kannur-corporation-1
അടൽ ടണലിന്റെ നിർമാണത്തിനു നേതൃത്വം നൽകിയ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ചീഫ് എൻജിനീയർ കെ.പി.പുരുഷോത്തമൻ കണ്ണൂർ കോർപറേഷൻ ഓഫിസിലെത്തിയപ്പോൾ. ഭാര്യ സിന്ധു സമീപം. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ
SHARE

മഞ്ഞുമൂടിയ മലനിരകളിൽ ദൈർഘ്യമേറിയ തുരങ്കപാതയായ അടൽ ടണൽ തീർത്ത് ചരിത്രം കുറിച്ചയാളാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ(ബിആർഒ) ചീഫ് എൻജിനീയർ കെ.പി.പുരുഷോത്തമൻ. രാജ്യത്തിനും നാടിനും അഭിമാനവ്യക്തിത്വം. 10,000 അടിയിലേറെ ഉയരത്തിൽ 9.2 കിലോമീറ്റർ ദൈർഘ്യമുള്ള അടൽ ടണലിനേക്കാൾ ദൈർഘ്യമുള്ള ടണലിന്റെ പ്രാഥമിക ചർച്ച പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം. മാർച്ചിൽ വിരമിക്കും മുൻപ് ചെയ്തു തീർക്കേണ്ട ജോലികളുടെ തിരക്കിലാണു ഇന്ത്യയുടെ സ്വന്തം ‘ടണൽമാൻ’.

ഹിമാചലിൽ മനാലി–ലേ പാതയിലെ ബാരലാച്ചയിൽ 13.7 കിലോമീറ്റർ ദൈർഘ്യം കണക്കാക്കുന്ന ടണലാകും ബോർഡർ റോഡ്സ് ഇനി നിർമിക്കുക. ഏതു ദുർ‍ഘടമേഖലയിൽ സൈനിക നീക്കം ആവശ്യമായി വന്നാലും അവിടെ ആദ്യമെത്തുക ബോർഡർ റോഡ്സ് വിഭാഗമാകും. അടൽ ടണൽ പൂർത്തീകരണത്തിനു ശേഷം ആദ്യമായി കേരളത്തിലെത്തിയ കെ.പി.പുരുഷോത്തമൻ മനോരമ ഓൺലൈനുമായി വിശേഷങ്ങൾ പങ്കുവച്ചു.

∙ വരാനിരിക്കുന്ന വലിയ ടണലുകൾ

കശ്മീരിൽ സോജിലയിൽ 14.2 കിലോമീറ്ററുള്ള ടണലും, ഹിമാചലിൽ ബാരലാച്ചയിൽ 13.7 കിലോമീറ്റർ ദൈർഘ്യം കണക്കാക്കുന്ന ടണലുമാകും നടപ്പാക്കുക. സോജി ലായിൽ നിർമാണ ജോലികൾ തുടങ്ങിക്കഴിഞ്ഞു. നാഷനൽ ഹൈവേ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ലിമിറ്റഡാണ് ഇവിടെ നിർമാണം. ബാരലാച്ചയിലെ ടണൽ അടൽ ടണലിനേക്കാൾ ഉയരത്തിലാണ്. 9,000 കോടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

∙ തുടക്കം ഏച്ചൂരിൽ നിന്ന്

‘‘വേരുകൾ എന്നും നാട്ടിൽ തന്നെ. ഈ മാർച്ചിൽ വിരമിച്ചാലും അതിനു മാറ്റമുണ്ടാകില്ല. 40 വർഷങ്ങൾ ഞാൻ നാട്ടിൽ വിരുന്നുകാരനായിരുന്നു. എന്നാൽ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിരുന്നു. സുഹൃത്തുക്കളുമായൊക്കെ ബന്ധം കാത്തു സൂക്ഷിച്ചിരുന്നു.’’ – കെ.പി.പുരുഷോത്തമൻ പറഞ്ഞു.

KP-Purushothaman-at-kannur-corporation
അടൽ ടണലിന്റെ നിർമാണത്തിനു നേതൃത്വം നൽകിയ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ചീഫ് എൻജിനീയർ കെ.പി.പുരുഷോത്തമൻ കണ്ണൂർ കോർപറേഷൻ ഓഫിസിലെത്തിയപ്പോൾ. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ

കണ്ണൂരിലെ ഏച്ചൂർ എന്ന ഗ്രാമത്തിൽ നിന്ന് നാലു പതിറ്റാണ്ട് മുൻപ് കുന്നോളം സ്വപ്നങ്ങൾ കണ്ട വിദ്യാർഥിയാണ് പിന്നീട് രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് നിർണായകമായ പദ്ധതികൾക്ക് നേതൃത്വം വഹിച്ചത്. നാട്ടിലെ സർക്കാർ സ്കൂളിൽ നിന്ന് എസ്എസ്എൽസി പാസായി. നാട്ടിൽ നിന്നു തന്നെ എൻജിനീയറിങ് ഡിപ്ലോമ നേടി. സ്വപ്നങ്ങളുടെ കനൽ അണയാതെ ആ വിദ്യാർഥി രാജ്യ തലസ്ഥാനത്തേക്കു വണ്ടി കയറി. സർവീസ് ജീവിതം ചരിത്രത്തിന്റെ ഭാഗം നാലു പതിറ്റാണ്ടുകൾക്കിപ്പുറം കെ.പി.പുരുഷോത്തമൻ ഹിമാലയത്തിന്റെ ഉയരങ്ങളിൽ ദൈർഘ്യമേറിയ തുരങ്കപാത നിർമിച്ച് റെക്കോർഡുകളിൽ‍ ഇടം നേടി.

∙ ആൻഡമാൻ മുതൽ അടൽ ടണൽ വരെ

ഡൽഹിയിൽ നിന്ന് ബിരുദവും കൺസ്ട്രക്‌ഷൻ മാനേജ്മെന്റിൽ പിജിയും പിന്നീട് എംബിഎയും നേടി. 1987ലാണ് പ്രതിരോധ മന്ത്രാലത്തിനു കീഴിലെ ബോർ‍ഡർ റോഡ്സ് ഓർഗനൈസേഷനിൽ ചേരുന്നത്. പരിശീലന കാലയളവിനു ശേഷം പലരും ജോലി ഉപേക്ഷിച്ചു. പുരുഷോത്തമൻ പിടിച്ചു നിന്നു. വെല്ലുവിളിയും സാഹസികതയും നിറഞ്ഞ ജോലിയിലെ ആദ്യ നിയമനം ആൻഡമാൻ നിക്കോബാറിൽ.

KP-Purushothaman-at-kannur-corporation-2
അടൽ ടണലിന്റെ നിർമാണത്തിനു നേതൃത്വം നൽകിയ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ചീഫ് എൻജിനീയർ കെ.പി.പുരുഷോത്തമൻ കണ്ണൂർ കോർപറേഷൻ ഓഫിസിലെത്തിയപ്പോൾ. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ

മനുഷ്യരുമായി ഇടപഴകാത്ത ജെറാവോ ആദിവാസി സമൂഹമുൾപ്പെടുന്ന മേഖലയിലെ റോഡ് നിർമാണമായിരുന്നു ചുമതല. മുൻപ് പിഡബ്ല്യുഡി നടത്തിയിരുന്ന ജോലികൾ ബോർഡർ റോഡ്സിനെ ഏൽപിച്ച സമയം. എത്തിയ ആദ്യ ദിവസങ്ങളിൽ തന്നെ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ ജെറാവോ ഗോത്രക്കാർ വാഹനത്തെ ആക്രമിച്ചു. പിൻസീറ്റിലിരുന്ന സഹപ്രവർത്തകന് അമ്പേറ്റു പരുക്കുപറ്റി. പിന്മാറാതെ നിശ്ചിത സമയത്തിനുള്ളിൽ ആൻഡമാൻ ദ്വീപ് സമൂഹത്തിലെ 3 പ്രധാന കരഭാഗങ്ങളെ ബന്ധിപ്പിച്ച് റോഡ് നിർമാണം പൂർത്തിയാക്കി.

അടുത്ത പോസ്റ്റിങ് നാഗാലാൻഡിലേക്ക്. അവിടെയും ഗോത്ര വർഗക്കാരുമായും പ്രശ്നങ്ങളുണ്ടായെങ്കിലും ജോലികൾ പൂർത്തിയാക്കി. പിന്നീട് രാജസ്ഥാൻ, കശ്മീർ, അരുണാചൽ പ്രദേശ്, ഉത്തർഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഉത്തരാഖണ്ഡിൽ ഗംഗോത്രി റോഡ് നിർമാണം നടന്നത് കെ.പി.പുരുഷോത്തമന്റെ നേതൃത്വത്തിലാണ്.

∙ രണ്ടു വർഷം കേരളത്തിൽ

2015 മുതൽ 2017 വരെ ഡപ്യൂട്ടേഷനിൽ കേരളത്തിൽ പിഡബ്ല്യുഡി വകുപ്പിൽ ചീഫ് ടെക്നിക്കൽ ഓഫിസറായി കെ.പി.പുരുഷോത്തമൻ‍ ജോലി ചെയ്തു. വികസന പദ്ധതികൾക്കായുള്ള സ്ഥലമെടുപ്പിലെ കാലതാമസവും വിലക്കൂടുതലുമുൾപ്പെടെയുള്ള പ്രശ്നങ്ങൾ പഠിച്ചു. പ്രശ്നങ്ങൾക്കു വേഗത്തിൽ പരിഹാരം കാണുന്ന ശൈലി ഈ കാലയളവിൽ സംസ്ഥാനത്തിനു പല പദ്ധതികളിലും മെച്ചമായി.

∙ അടൽ ടണൽ നേതൃത്വത്തിലേക്ക്

അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ 2000 ജൂണിലാണു 9.2 കിലോമീറ്റർ ദൈർഘ്യമുള്ള റോത്തങ് തുരങ്കം നിർമിക്കാൻ തീരുമാനമെടുത്തത്. 2002 മേയ് 26 ന് തറക്കല്ലിട്ടു. തുടർന്ന് 2014 വരെ 1.3 കിലോമീറ്റർ മാത്രമാണു നിർമാണം നടന്നത്. പ്രതിരോധ രംഗത്തെ നിർണായക പദ്ധതിയായതിനാൽ പിന്നീട് വേഗമേറി. കോവിഡ് പ്രതിസന്ധികളുണ്ടാക്കുമെന്നു കരുതിയെങ്കിലും മുന്നോട്ടു പോയി. 3000ലേറെ തൊഴിലാളികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുന്നോട്ടുകൊണ്ടുപോയി.

KP-Purushothaman-family
അടൽ ടണലിന്റെ നിർമാണത്തിനു നേതൃത്വം നൽകിയ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ചീഫ് എൻജിനീയർ കെ.പി.പുരുഷോത്തമൻ ഭാര്യ സിന്ധുവിനും മകൾ യുവികയ്ക്കുമൊപ്പം. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ

ആറു മാസത്തിലേറെ അതിശൈത്യത്തിൽ ജോലി സാധ്യമാകാത്ത അവസ്ഥയായിരുന്നുവെന്ന് കെ.പി.പുരുഷോത്തമൻ പറയുന്നു. മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും ജോലി ചെയ്തു. തുരങ്കത്തിന്റെ മുകളിലൂടെ ഒഴുകുന്ന നദിയുടെ സാന്നിധ്യം വെല്ലുവിളിയായി. 600 മീറ്റർ എത്തിയപ്പോൾ തന്നെ മണ്ണിടിച്ചിൽ. ദീർഘകാലം ടണൽ നിർമാണത്തിൽ വൈദഗ്ധ്യമുള്ള കമ്പനികൾ പോലും നേരിടാത്ത പ്രതിസന്ധികൾ മറികടന്നാണ് അടൽ ടണൽ പൂർത്തിയായത്.

ഹിമാചലിലെയും ലഡാക്കിലെയും ജനങ്ങൾക്കും വിനോദസഞ്ചാരമേഖലയ്ക്കും തുരങ്കം ഏറെ സഹായകമാകും. ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള ഹൈവേ തുരങ്കമാണിത്. ഇതോടെ ഹിമാചലിലെ മണാലിയിൽ നിന്നു ലഡാക്കിലെ ലേയിലേക്കുള്ള യാത്രാദൂരം 46 കിലോമീറ്റർ കുറഞ്ഞു.യാത്രാസമയം നാലു മണിക്കൂർ കുറയും. സമുദ്രനിരപ്പിൽ നിന്ന് 10,171 അടി ഉയരത്തിലുള്ള 9.2 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം റോത്തങ് ചുരത്തിലൂടെ വർഷം മുഴുവൻ യാത്ര സുഗമമാക്കും. മഞ്ഞുവീഴ്ച മൂലം ഇതുവരെ ആറു മാസത്തോളം ഇതുവഴി വാഹനഗതാഗതം അസാധ്യമായിരുന്നു.

∙കൂടുതൽ ടണലുകൾ

അടൽ ടണലിന്റെ വിജയത്തിനു ശേഷം പത്തോളം ടണലുകളുടെ ശുപാർശകളാണ് അധികൃതർ മുന്നോട്ടു വച്ചിട്ടുള്ളത്. അടൽ തുരങ്കത്തിനും ശ്രീനഗറിനെ കാർഗിൽ, ലേ എന്നിവയുമായി ബന്ധിപ്പിക്കാൻ സോജി ലായിൽ നിർമാണം പുരോഗമിക്കുന്ന തുരങ്കത്തിനും പുറമേയാണിത്. ആകെ 100 കിലോമീറ്റർ നീളമുള്ള തുരങ്കങ്ങളാണ് അതിർത്തിയിൽ നിർമിക്കുക. ഇതിൽ എട്ടെണ്ണം ലഡാക്കിലും രണ്ടെണ്ണം കശ്മീരിലുമായിരിക്കും.

അതിർത്തിയിലെ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന ചൈനയുടെ ആവശ്യം തള്ളിയാണു തുരങ്ക പദ്ധതിയുമായി ഇന്ത്യ മുന്നോട്ടു നീങ്ങുന്നത്. തുരങ്ക നിർമാണം സംബന്ധിച്ച് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) പ്രാരംഭ നടപടികൾ ആരംഭിച്ചു. കിഴക്കൻ ലഡാക്കിൽ ചൈനയോടു ചേർന്ന് ഇന്ത്യൻ വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓൾഡിയിലേക്കുള്ള (ഡിബിഒ) തുരങ്കമാണ് ഇതിൽ പ്രധാനം.

KP-Purushothaman-at-kannur-corporation-3
അടൽ ടണലിന്റെ നിർമാണത്തിനു നേതൃത്വം നൽകിയ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ചീഫ് എൻജിനീയർ കെ.പി.പുരുഷോത്തമൻ കണ്ണൂർ കോർപറേഷൻ ഓഫിസിലെത്തിയപ്പോൾ. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ

ഡിബിഒയെ ഡെപ്സങ് താഴ്‌വരയുമായി ബന്ധിപ്പിച്ച് 17,800 അടി ഉയരത്തിൽ തുരങ്കം നിർമിക്കാനാണ് ആലോചന. ഡിബിഒ – ഡെപ്സങ് റോഡ് കയ്യടക്കി വ്യോമതാവളത്തിലേക്കുള്ള ഇന്ത്യൻ സേനാ നീക്കം തടസ്സപ്പെടുത്താൻ ചൈന ശ്രമം നടത്തിയേക്കുമെന്ന വിലയിരുത്തലിലാണ് ബദൽ പാതയായി തുരങ്കം നിർമിക്കാനൊരുങ്ങുന്നത്.

ശൈത്യ മാസങ്ങളിൽ കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം തടസ്സപ്പെടുന്ന ഇവിടെ, തുരങ്കം തുറന്നാൽ വർഷം മുഴുവൻ സേനാ നീക്കം സാധ്യമാകും.അതിർത്തിയിലുള്ള നൂബ്ര താഴവര, ഖാർദുങ് ലാ, ചാങ് ലാ എന്നിവിടങ്ങളിലും തുരങ്കം നിർമിക്കും.

∙ ഇനി സേവനം നാടിനു വേണ്ടി

വിരമിച്ചു കഴിഞ്ഞാൽ സ്വന്തം നാടിനു തന്നെയാകും മുൻഗണനയെന്ന് കെ.പി.പുരുഷോത്തമൻ ഉറപ്പിച്ചു പറയുന്നു. കണ്ണൂർ നഗരത്തിന്റെ വികസന സ്വപ്നങ്ങളെക്കുറിച്ച് അവധിക്കു നാട്ടിലെത്തിയപ്പോൾ മേയറുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്തിരുന്നു.

2019 ൽ കെ.പി.പുരുഷോത്തമന് സർവീസ് കാലയളവിലെ മികച്ച സേവനം കണക്കിലെടുത്ത് വിശിഷ്ടസേവാ മെഡൽ ലഭിച്ചു. മുണ്ടേരി പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന കേളമ്പേത്ത്് കണ്ണന്റെയും കുന്നിപ്പറമ്പിൽ യശോദയുടെയും മകനാണ്. ഭാര്യ സിന്ധു. വരുൺ, യുവിക എന്നിവരാണു മക്കൾ.

English Summary: The 'tunnel man' of India, K.P.Purushothaman

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
YOU MAY ALSO LIKE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA