‘‘കുഞ്ഞാലിക്കുട്ടി വന്നത് യുഡിഎഫ് പിടിക്കാൻ, എൻസിപി എൽഡിഎഫ് വിടില്ല’’

HIGHLIGHTS
  • സംസ്ഥാനത്ത് തുടർഭരണം ഉറപ്പ്
  • ബംഗാളിലെ കോൺഗ്രസ് സഖ്യം അടിയാവുന്നത് യുഡിഎഫിന്
  • മുതിർന്നവർ പറഞ്ഞു കുടുങ്ങുന്ന ഇടത്ത് ആര്യാ രാജേന്ദ്രനു തെറ്റിയില്ല
S.Ramachandran Pillai
എസ്.രാമചന്ദ്രൻ പിള്ള
SHARE

സിപിഎം കേരള ഘടകത്തിന്റെ രക്ഷകർത്തൃസ്ഥാനമാണ് മുതിർന്ന പൊളിറ്റ് ബ്യൂറോ അംഗമായ എസ്. രാമചന്ദ്രൻപിള്ളയ്ക്കുള്ളത്. കേരളത്തിലെ പാർട്ടിക്കും എൽഡിഎഫിനു തന്നെയും മാർഗദർശിയായി അദ്ദേഹം ഒരു വർഷക്കാലമായി എകെജി സെന്ററിൽ തന്നെയുണ്ട്. ‍ഡൽഹി പ്രവർത്തന കേന്ദ്രമായിരുന്ന എസ്ആർപിയെ കോവിഡ് സാഹചര്യമാണ് കേരളത്തിൽ തുടരാൻ പ്രേരിപ്പിച്ചതെങ്കിലും കേരളത്തിലെ പാർട്ടിക്ക് അദ്ദേഹത്തിന്റെ സേവനം അനിവാര്യമായ ഘട്ടം കൂടിയാണ് ഇത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ സിപിഎം ആരംഭിച്ച പശ്ചാത്തലത്തിൽ മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ്ഫയറിൽ’ എസ്ആർപി മനസ്സ് തുറന്നു.

∙തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എൽഡിഎഫ് തുടർഭരണ പ്രതീക്ഷകൾ സജീവമാണല്ലോ? എത്രത്തോളം? 

നല്ല പ്രതീക്ഷയാണ് ഞങ്ങൾക്കുള്ളത്.വലിയ വിജയം വരിക്കും എന്നാണ് കരുതുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്നു കാര്യങ്ങളാണ്  പ്രധാനമായും സഹായിച്ചത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ ബദൽ നയങ്ങൾ ഉയർത്തുന്ന മുന്നണിയായി എൽഡിഎഫിനെ ജനം അംഗീകരിക്കുന്നു. പിണറായി സർക്കാരിന്റെ വികസന, ജനക്ഷേമ പരിപാടികളെ ജനം വിലമതിക്കുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ സർക്കാരിനെതിരെ ബോധപൂർവം നീങ്ങുകയാണെന്ന് പ്രബുദ്ധരായ ജനത തിരിച്ചറിഞ്ഞു എന്നതാണു മൂന്നാമത്തേത്. ബിജെപി നേതാവ് സംസാരിക്കുന്നതും അവരുടെ പത്രം എഴുതുന്നതും അനുസരിച്ച് അന്വേഷണ ഏജൻസികൾ നീങ്ങുന്നതിനെതിരെയുള്ള  ജനവികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.

∙തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഘടകങ്ങൾ ചർച്ച ചെയ്യാറില്ല എന്നാണല്ലോ പക്ഷേ, പ്രചാരണ വേളയിൽ എൽഡിഎഫ് നേതാക്കളിൽ പലരും പറഞ്ഞത്?

ഏതു തിരഞ്ഞെടുപ്പും രാഷ്ട്രീയമായ വിധിയെഴുത്താണ്. തീർച്ചയായും പ്രാദേശികമായ വിഷയങ്ങളും ജനം പരിഗണിക്കും. രണ്ടും കണക്കിലെടുത്തുള്ള ജനവിധിയാണ് ഉണ്ടായത്.

∙തദ്ദേശ തിരഞ്ഞെടുപ്പിൽ എക്കാലത്തും എൽഡിഎഫ് മുന്നേറ്റം കേരളത്തിൽ ഉണ്ടായിട്ടുണ്ട്.തുടർഭരണം സംഭവിച്ചിട്ടുമില്ല. മാറി മാറി മുന്നണികൾ വരുന്ന പാറ്റേൺ മാറാൻ പോകുന്നു എന്നാണോ?

ആ പാറ്റേൺ മാറുകയാണ്. കേരളത്തിന് ഒരു രാഷ്ട്രീയ താളമുണ്ട്. അഞ്ചു കൊല്ലം വീതം മുന്നണികൾ മാറി മാറി എന്നതാണ് അത്. ആ രാഷ്ട്രീയ താളം ഈ രാഷ്ട്രീയ സാഹചര്യങ്ങളാൽ തന്നെ മാറാൻ പോകുന്നു.എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും.

∙മാർച്ച് ആദ്യം തിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിക്കുന്നു,സീറ്റ് വിഭജനം, സ്ഥാനാർഥി നിർണയം എന്നിവയെല്ലാം നേരത്തെയാകുമോ? 

പരമാവധി നേരത്തെ ധാരണ ആകണമെന്നാണ് ഞങ്ങൾ കരുതുന്നത്. 21നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ‍ പ്രതിനിധികൾ കേരളത്തിൽ വരുന്നുണ്ട്.ഏപ്രിൽ 14 മുതൽ റംസാൻ കാലം വരുന്നു. ആ സമയത്ത് തിരഞ്ഞെടുപ്പ് നടത്തരുതെന്ന് ലീഗ് ആവശ്യപ്പെട്ടു കഴിഞ്ഞു. അപ്പോൾ തിരഞ്ഞെടുപ്പ് നടക്കാൻ കൂടുതൽ സാധ്യത ഏപ്രിൽ 14 ന് മുൻപായിരിക്കും.

∙തദ്ദേശ തിരഞ്ഞെടുപ്പിൽ ചെറുപ്പക്കാരുടെ ഒരു വലിയ നിരയെ എൽഡിഎഫ് ഇറക്കി.നിയമസഭാ തിരഞ്ഞെടുപ്പിലും അതു തുടരുമോ? 

ചെറുപ്പക്കാർക്കും സ്ത്രീകൾക്കും നല്ല പ്രാതിനിധ്യമുണ്ടാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അനുഭവം പ്രതിഫലിക്കും. ചെറുപ്പക്കാരുടെ പങ്കാളിത്തം പൊതുവിൽ ‍ സഹായകരമായിട്ടുണ്ട്. നാട്ടിൽ ഓടി നടന്ന് പ്രവർത്തിക്കാൻ ചെറുപ്പക്കാരായ ജനപ്രതിനിധികൾക്ക് കൂടുതലായി കഴിയുമെന്നും കരുതുന്നു. പരിചയ സമ്പന്നരും ചെറുപ്പക്കാരും ചേർന്ന ഒരു കൂട്ടായ്മയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ.

∙21 വയസുകാരിയെ തിരുവനന്തപുരത്ത് മേയറാക്കിയപ്പോൾ പക്വതക്കുറവ് പറഞ്ഞു വിമർശിച്ചവരും ഇല്ലേ? 

സംഘടനാ രംഗത്തെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അവർക്ക് ഈ ജോലി ചെയ്യാൻ കഴിയുമെന്നു പാർട്ടി വിലയിരുത്തിയത്. ആ വിലയിരുത്തൽ ശരിവയ്ക്കുന്ന തരത്തിലാണ് അവരുടെ ഇതുവരെയുള്ള പ്രവർത്തനം. വളരെ പാകതയുള്ള പ്രതികരണങ്ങളാണ് അവർ നടത്തുന്നത്. അനുഭവ സമ്പന്നരായ ആളുകൾ  വഴി തെറ്റാവുന്ന ഇടത്തും  ആര്യയ്ക്ക്  അതു സംഭവിച്ചിട്ടില്ല. പാർട്ടിയുടെ ആകെ സഹായവും അവർക്കുണ്ടാകും.

S.Ramachandran Pillai, CPM
എസ്.രാമചന്ദ്രൻ പിള്ള

∙തുടർച്ചയായി രണ്ടു തവണ ജയിച്ചവരെ മാറ്റി നിർത്തണമെന്ന ടേം നിബന്ധനയിൽ മുറുകെപ്പിടിക്കുമോ, അതോ മുൻ കാലങ്ങളെപ്പോലെ  ഇളവുണ്ടാകുമോ? 

അതു പൊതുവായ നിബന്ധനയാണ്. ഒരേ സ്ഥാനാർഥി സ്ഥിരമായി നിൽക്കുന്നതിൽ മാറ്റമുണ്ടാകണം എന്നു ഞങ്ങൾ കാണാറുണ്ട്. അതേസമയം വിജയസാധ്യത  പ്രധാന ഘടകവുമാണ്.പരിചയസമ്പത്തും പരിഗണിക്കേണ്ട ഘടകം തന്നെയാണ്.

∙പുതുതായി വന്ന കേരളകോൺഗ്രസ്, എൽജെഡി എന്നിവയ്ക്കു വേണ്ടി സീറ്റുകൾ കണ്ടെത്തേണ്ടി വരുമ്പോൾ വിട്ടുവീഴ്ച്ച ചെയ്യുന്നത് സിപിഎമ്മാകുമോ? 

ഏതു തിരഞ്ഞെടുപ്പിലും സീറ്റ് വിഭജനം എളുപ്പമല്ല. അതേസമയം എല്ലാവരും യാഥാർഥ്യബോധം ഉള്ളവരുമായിരിക്കണം. എല്ലാ കക്ഷികളെയും കൂട്ടി യോജിപ്പിക്കാൻ വേണ്ട വിട്ടുവീഴ്ച എല്ലാവരും ചെയ്യും. കക്ഷികൾ ഇങ്ങോട്ട് വന്നതു മൂലം   യുഡിഎഫ് തകരുന്നു, എൽഡിഎഫ് ശക്തിപ്രാപിക്കുന്നു എന്ന സന്ദേശം പകരാനായി. ഞങ്ങളെ മൂലയിൽ ഒതുക്കാൻ കഴിയും എന്ന് എതിരാളികൾ കരുതുന്ന സമയത്താണ് കേരളകോൺഗ്രസ് എൽഡിഎഫിലേക്ക് വന്നത്. ആ പ്രചാരണത്തെ ചെറുക്കാനും അവരുടെ വരവ്  സഹായിച്ചു.

∙സിപിഎമ്മിനു തനിച്ച് 50% സീറ്റ് എന്നത് പാർട്ടിയുടെ ഒരു പഴയ ലക്ഷ്യമായിരുന്നു, ഇപ്പോൾ കൂടുതൽ ഘടകകക്ഷികളെ മുന്നണിയിലേക്ക് ഉൾപ്പെടുത്തുന്നത് വഴി അതു വേണ്ടെന്നുവച്ചോ?

ഓരോ സാഹചര്യവുമാണ് എടുക്കേണ്ട അടവുകൾ നിശ്ചയിക്കുന്നത്. ചില സാഹചര്യത്തിൽ 50% സീറ്റ് ഞങ്ങൾ ലക്ഷ്യം വച്ചിട്ടുണ്ടാകും. നിലവിലെ സാഹചര്യത്തിൽ അയവേറിയ സമീപനം സ്വീകരിച്ച് എൽഡിഎഫിനെ നിലനിർത്തി, ശക്തിപ്പെടുത്താനാണ് ഞങ്ങൾ നോക്കുന്നത്.

S.Ramachandran Pillai
എസ്.രാമചന്ദ്രൻ പിള്ള.

∙സിറ്റിങ് സീറ്റായ പാലാ എൻസിപിക്ക് നൽകാൻ കഴിയില്ലെന്ന തീരുമാനം സിപിഎം എടുത്തിട്ടുണ്ടോ?

ഒരു തീരുമാനവും അതു സംബന്ധിച്ച് എടുത്തിട്ടില്ല, ചർച്ച തുടങ്ങിയിട്ടില്ല. ഇതു വലിയ തർക്കപ്രശ്നം ആകാതെ പരിഹാരം കാണാൻ കഴിയും എന്നു തന്നെയാണ് കരുതുന്നത്. ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നതെല്ലാം സ്വാഭാവികമാണ്. തിരഞ്ഞെടുപ്പിനോട്  അടുക്കുമ്പോൾ സ്ഥിതിഗതികൾ വച്ചുള്ള യാഥാർഥ്യബോധത്തിലേക്ക് എല്ലാവരും വരും. പല ഫോർമുലകളും ഇക്കാര്യത്തിലുണ്ട്.

∙ അപ്പോൾ എൻസിപി എൽഡിഎഫ് വിടില്ല എന്നാണോ? 

അങ്ങനെ ഒരു ആശങ്കയുമില്ല. മുങ്ങുന്ന യുഡിഎഫ് മുന്നണിയിലേക്ക് അവർ എങ്ങനെയാണ് പോകുന്നത്! ഒരു കാരണവശാലും അവർ എൽഡിഎഫ് വിട്ടു പോകില്ല. ചില പ്രസ്താവനകൾ വരുന്നുണ്ട് എന്നല്ലേയുള്ളൂ. സമയം വരുമ്പോൾ ഒരുമിച്ചിരുന്നു പരിഹരിക്കാവുന്നതേയുള്ളൂ. അനായാസം തന്നെ അതു  തീർക്കും. അവരുമായി  വിശ്വാസ്യതയോടെ മുന്നോട്ടുപോകാനാണ് ഞങ്ങൾ നോക്കുന്നത്.

∙യുഡിഎഎഫിൽ  മുസ്‌ലിം ലീഗിനെ ഒറ്റതിരിച്ച് സിപിഎം ആക്രമിക്കുന്നതിന് പിന്നിൽ പല ലക്ഷ്യങ്ങളും ആരോപിക്കുന്നവരുണ്ട്?

യുഡിഎഫിന്റെ നേതൃത്വത്തിലേക്ക് ലീഗ് എത്താനുള്ള ശ്രമമാണ് നടത്തുന്നത് എന്ന് ഞങ്ങൾ സംശയിക്കുന്നു. എന്തിനാണ് പി.കെ.കുഞ്ഞാലിക്കുട്ടി ഇപ്പോൾ കേരളത്തിലേക്ക് വരുന്നത്? അദ്ദേഹം എംപിയല്ലേ? യഥാർഥത്തിൽ ന്യൂനപക്ഷ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടം  ഡൽഹിയിൽ അദ്ദേഹം  നടത്തേണ്ട സന്ദർഭമല്ലേ ഇത്? അവരുടെ കൂട്ടത്തിലെ സമർഥനായ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. യുഡിഎഫിന്റെ നേതൃത്വം പിടിക്കാൻ വേണ്ടിയല്ലേ അങ്ങനെ ഒരാൾ  ഇങ്ങോട്ട് വന്നത് എന്ന് അകലെ നിന്നു നോക്കുന്ന ഞങ്ങൾക്കു തോന്നും. അതു  പറയും.

∙2016 ൽ ബിജെപിയുടെ വോട്ട് കൂടിയത് യുഡിഎഫ് വോട്ടിലെ ചോർച്ചയ്ക്കാണ് വഴിവച്ചത്. എൽഡിഎഫിന് അത്  സഹായകരവുമായി. ആ പ്രവണത ആവർത്തിക്കുമെന്ന പ്രതീക്ഷ 2021 ൽ  വച്ചു പുലർത്തുന്നുണ്ട് എന്നു പറഞ്ഞാൽ? 

ചോരുന്നതെല്ലാം യുഡിഎഫ് വോട്ട് മാത്രമാണെന്ന് ഞങ്ങൾ വിലയിരുത്തുന്നില്ല. ഒരു കാരണവശാലും എൽഡിഎഫ് വോട്ട് നഷ്ടപ്പെടരുത് എന്നാണ് കരുതുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ  ഞങ്ങളുടെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ പലയിടത്തും വിചാരിച്ചതുപോല മുന്നോട്ടു വരാൻ സിപിഎമ്മിനു കഴിഞ്ഞില്ല. ബിജെപിയെ പരമാവധി ചെറുക്കാനാണ് ഞങ്ങൾ നോക്കുന്നത്.

∙കേന്ദ്ര അന്വേഷണങ്ങൾ തീരില്ലെന്ന സൂചനയാണ് ശക്തം, വരാനിരിക്കുന്നത് കൂടുതൽ പ്രതിസന്ധിയുടെ നാളുകളാകുമോ?

അവർ അതു തുടരട്ടെ. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതു പോലെ ജനങ്ങളെ അണിനിരത്തി നേരിടും.ഗൗരവമുള്ള ഒരു പ്രഫഷനൽ അന്വേഷണ ഏജൻസിയുടെ  രീതിയല്ല അവർ അവലംബിക്കുന്നത്. പകരം രാഷ്ട്രീയ പ്രചാരവേലയ്ക്കുള്ള ആയുധങ്ങളായി പൂർണമായും മാറി. ഇതു കേരളത്തിലെ മാത്രം പ്രശ്നമല്ല. എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് എന്നു പറയുന്നത് റവന്യൂവകുപ്പിന്റെ ഒരു ഉപവിഭാഗം മാത്രമാണ്. അതിന് ഒരു സ്വതന്ത്ര സ്വഭാവവുമില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് ഉണ്ടാക്കിയതു പോലുള്ള ഒരു ആശയക്കുഴപ്പം സൃഷ്ടിക്കാൻ ഇനി അവർക്ക് കഴിയില്ല. ജനത്തിന് അതേക്കുറിച്ച് ബോധ്യം വന്നു കഴിഞ്ഞു. അന്വേഷണവും മറ്റും എങ്ങനെ ഞങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ കഴിയും എന്നാണ്  ഞങ്ങൾ നോക്കുന്നത്.

∙സ്പീക്കർക്കെതിരെയാണ് ഇപ്പോൾ ആരോപണങ്ങൾ ഉയരുന്നത്, ഒരു വർക് ഷോപ് ഉദ്ഘാടനത്തിന്  പോയതു തൊട്ടാണ് ഇതുമായി അദ്ദേഹത്തെ  ബന്ധിപ്പിച്ചത്. ആ വിവാദ സ്ത്രീയുമായി  സൗഹൃദമുണ്ടായതായി അദ്ദേഹം സമ്മതിച്ചു, നേതൃ തലത്തിൽ വളരെ ഉത്തരവാദിത്തമുള്ള ഒരു പദവിയിലിലിരിക്കുമ്പോൾ, പ്രതീക്ഷിക്കുന്ന ജാഗ്രതയുടെ കാര്യത്തിൽ വീഴ്ച്ച ശ്രീരാമകൃഷ്ണനു സംഭവിച്ചോ?

ഒരു തെറ്റും അദ്ദേഹം ചെയ്തതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടില്ല.അദ്ദേഹം പരസ്യമായി പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഞങ്ങളോടും പറഞ്ഞിട്ടുള്ളത്. സ്പീക്കറെ താറടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇത്. ഒരു പുകമറ സൃഷ്ടിച്ച് അന്തരീക്ഷം ഉണ്ടാക്കുകയാണ് ലക്ഷ്യം. അന്വേഷണങ്ങളുടെ പൊതു രീതി നോക്കിയാൽ എൻഐയുടെ നിലപാടാണോ മറ്റ് ഏജൻസികളുടേത്? എൻഐഎ കുറേക്കൂടി ഒരു പ്രഫഷനൽ ഏജൻസിയാണ് എന്നു തോന്നുന്നു. എല്ലാം അവർ ചോർത്തുന്നില്ല, ബാക്കിയുള്ളവർ  എല്ലാം വിളിച്ചു പറയലാണ്. ഇഡിക്ക് ഒരു പവിത്രതയും ഇല്ല.

1200-srp-cpm

∙ബംഗാളിലെ സിപിഎം– കേരള പരസ്യ സഖ്യം കേരളത്തിൽ സിപിഎമ്മിനെ തിരഞ്ഞെടുപ്പ് വേളയിൽ പ്രതിരോധത്തിലാക്കില്ലേ?  രണ്ടിടത്തും ഒരേ സമയത്താണല്ലോ തിരഞ്ഞെടുപ്പ്? 

അത് ഞങ്ങൾക്ക് അനുകൂലമാകും. യുഡിഎഫിനായിരിക്കും വിശദീകരിക്കാൻ പ്രയാസം. ബംഗാളിൽ മാത്രമല്ല, ആസമിലും കോൺഗ്രസുമായി ഞങ്ങൾക്ക് സഖ്യമുണ്ട്. ബിജെപി എന്ന അത്യാപത്തിനെ പ്രതിരോധിക്കാൻ വേണ്ടിയാണ് ഇതു ചെയ്തത്. വ്യത്യസ്ത അഭിപ്രായങ്ങൾ എല്ലാം  മാറ്റിവച്ച് ഞങ്ങൾ അതു ചെയ്യുന്നു. എന്നാൽ ഇവിടെ ബിജെപിയുമായി സഹകരിച്ചു  ഞങ്ങൾക്കെതിരെ നീങ്ങാനാണ് യുഡിഎഫ് നോക്കുന്നത്. അതുകൊണ്ട് അവരാണ് വെട്ടിലാകുന്നത്. ബംഗാളിലും മറ്റിടങ്ങളിലും  ബിജെപിയെ എതിർക്കുന്ന കോൺഗ്രസ് ഇവിടെ എന്തുകൊണ്ട്  ബിജെപിയുമായ സഹകരിക്കുന്നു എന്നതിന് അവരാണ് ഉത്തരം പറയേണ്ടത്. ബിജെപി പ്രസിഡന്റിന്റയും പ്രതിപക്ഷനേതാവിന്റെയും പ്രസ്താവനകൾ തികച്ചും സമാനമല്ലേ? ഒരാൾ പറയുന്നത് മറ്റേയാൾ ഉടൻ ആവർത്തിക്കുകയാണ്.

∙തൃണമൂലിന്റെ വോട്ട് ബംഗാളിൽ അങ്ങനെ തന്നെ നിൽക്കുന്നു, സിപിഎമ്മിന്റെ വോട്ടു ചോർച്ച മൂലമാണ് അവിടെ  ബിജെപി വളരുന്നത് എന്ന  വിശകലനം ഉണ്ടല്ലോ?

ഞങ്ങളുടെ വോട്ട് അവിടെ നഷ്ടപ്പെട്ടിട്ടുണ്ട്. അത് എല്ലാ ക്യാംപിലേക്കും പോയിട്ടുണ്ട്. അത് ഗൗരവത്തോടെ കാണുന്നു. പരിഹാരത്തിന് ഞങ്ങൾ ശ്രമിക്കുകയാണ്. അതു കുറച്ചു കാലം നീണ്ടു നിൽക്കുന്ന ഒരു പ്രക്രിയയായിരിക്കും. ആകെ തിരുത്തലും മറ്റും  നടത്തിയാലേ ടിഎംസിയിലേക്കും ചില മേഖലകളിൽ ബിജെപിയിലേക്കും പോയ വോട്ട് തിരിച്ചു കൊണ്ടുവരാൻ സാധിക്കൂ.

∙കോൺഗ്രസ് സഖ്യം കൊണ്ടു മുന്നോട്ടുവരാൻ കഴിയും എന്ന പ്രതീക്ഷ അവിടെ ഉണ്ടോ? 

ബിജെപിയുടെ കടന്നുവരവിനെ പ്രതിരോധിക്കാനാണ് ഞങ്ങൾ നോക്കുന്നത്. കുറേക്കാലമായി ഭരിക്കുന്നതിനാൽ ടിഎംസി വിരുദ്ധ വികാരം അവിടെ വളർന്നുവരുന്നുണ്ട്. അത് ഉപയോഗപ്പെടുത്താനാണ് ബിജെപി നോക്കുന്നത്. സിപിഎം ഒറ്റയ്ക്കും കോൺഗ്രസ് ഒറ്റയ്ക്കും നിന്നാൽ ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാകില്ല.അതു കൊണ്ടു പരസ്പരം ശക്തിപ്പെടുത്താനാണ് നോക്കുന്നത്. ബിജെപി അവിടെ പണം  ഒഴുക്കുകയാണ്. ജയിക്കാൻ പോകുന്നില്ല. പക്ഷേ മുന്നോട്ടു വന്നേക്കാം.

∙ദേശീയതലത്തിൽ ഇത്തരം നീക്കങ്ങളെ തുറന്നുകാട്ടാൻ പാർലമെന്റ് എക്കാലവും ഇടതുപക്ഷം ഉപയോഗിച്ചു. പക്ഷേ പ്രഗത്ഭരായ പാർലമെന്റേറിയൻമാരുടെ കുറവ് ഇടതുപക്ഷം അനുഭവിക്കുന്നില്ലേ?

മുൻപ് നാലഞ്ചു സംസ്ഥാനങ്ങളിൽ നിന്ന് പാർലമെന്റ് അംഗങ്ങൾ ഞങ്ങൾക്ക്  ഉണ്ടായിരുന്നു. ആ ശക്തി കുറഞ്ഞു. ഇന്നുള്ള ആരും മോശക്കാരല്ല.രണ്ടു സഭയിലും ഉള്ളവർ നന്നായി പ്രതിനിധാനം ചെയ്യുന്നുണ്ട്. അവസരങ്ങളാണല്ലോ നേതാക്കളെ സൃഷ്ടിക്കുന്നത്.ആരും ജന്മനാ നേതാക്കളാകുന്നില്ലല്ലോ.

∙പാർട്ടി സെക്രട്ടറിയുടെയും എൽഡിഎഫ് കൺവീനറുടെയും പദവി ഒരാൾ വഹിക്കുന്ന അസാധാരണ സാഹചര്യമാണ് സിപിഎമ്മിൽ. നിയമസഭാ തിരഞ്ഞെടുപ്പ് വരെ അതു തുടരുമോ? 

താൽക്കാലികമായി എടുത്ത തീരുമാനമാണ്. കോടിയേരി ബാലകൃഷ്ണന്റെ  അനാരോഗ്യം മൂലമാണ് അതു വേണ്ടിവന്നത്. എല്ലാം വിലയിരുത്തി ആവശ്യമായ തീരുമാനം എടുക്കാമല്ലോ. സെക്രട്ടറിയുടെയും എൽഡിഎഫ് കൺവീനറുടേയും ജോലി ഒന്നു തന്നെയാണ്. കേരളത്തിനു പുറത്തു പല സംസ്ഥാനങ്ങളിലും പാർട്ടി സെക്രട്ടറിയും എൽഡിഎഫ് കൺവീനറും ഒരാൾ തന്നെയായിരുന്നു. ബംഗാളിൽ പ്രമോദ് ദാസ് ഗുപ്ത ഈ രണ്ടു പദവികളും ഒരുമിച്ചാണ് വഹിച്ചത്. ബിമൻബസുവും ഈ രണ്ടു പദവികൾ ഒരേ സമയം വഹിച്ചിട്ടുണ്ട്.

∙ആരോഗ്യം വീണ്ടെടുത്താൽ കോടിയേരിക്ക് സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരാം എന്നാണോ? 

സ്വാഭാവികമല്ലേ? ഇപ്പോൾ അവധി എടുത്തിരിക്കുന്നതല്ലേ.

∙ കോടിയേരിയുടെ അസാന്നിധ്യം, വിജയരാഘവൻ രണ്ടു പദവിയിൽ തുടരുന്നത്, ഇതെല്ലാം മൂലമാണ് ഡൽഹിയിൽ പ്രവർത്തിക്കേണ്ട എസ്. രാമചന്ദ്രൻപിളള ഏതാണ്ട് ഒരു വർഷത്തോളമായി തിരുവനന്തപുരത്തും എകെജി സെന്ററിലും കേന്ദ്രീകരിക്കുന്നത് എന്നു പറഞ്ഞാൽ?

(ചിരി) അതു കോവിഡ് മൂലം മാത്രമാണ്. കഴിഞ്ഞ മാർച്ചിൽ ഞാൻ ഇവിടെ എത്തിയ സമയത്ത് കോവിഡ് വ്യാപനം ശക്തമായി. പിന്നീട് മടങ്ങാൻ കഴിഞ്ഞില്ല. ഡൽഹി  പാർട്ടി സെന്ററിൽ ചെയ്യേണ്ട ജോലികളെല്ലാം ഓൺലൈനായി ഇവിടെ നിന്നു തന്നെ ചെയ്യുന്നുണ്ട്.

30 കൊല്ലത്തെ ഇടവേളയ്ക്കുശേഷമാണ് കേരളത്തിൽ ഇതുപോലെ തുടർച്ചയായി ഉണ്ടാകുന്നത്. സ്വാഭാവികമായും എല്ലാ പ്രവർത്തനത്തിലും മുഴുകാൻ എത്രത്തോളം കഴിയുമോ, അതിനു ശ്രമിക്കും. കോവിഡ് മാറിക്കഴിഞ്ഞാൽ ഞാൻ ‍ഡൽഹിയിലേക്ക് തിരികെ പോകും. ഈ മാസം മധ്യത്തിൽ പോകാൻ ഒരുങ്ങിയതാണ്. പക്ഷേ അവിടെ കാലാവസ്ഥയും വളരെ പ്രതികൂലമാണ്. തിരഞ്ഞെടുപ്പ് ജോലികളും ഇവിടെ ഉടനെ ആരംഭിക്കും. അതുകൊണ്ട് തൽക്കാലം  തുടരാം എന്നു വിചാരിക്കുന്നു.

∙അപ്പോൾ തിര‍ഞ്ഞെടുപ്പിൽ എൽഡിഎഫിനെ അധികാരത്തിലേറ്റിയശേഷം മടങ്ങാം എന്ന തീരുമാനത്തിലാണോ? 

(പൊട്ടിച്ചിരി) ഏതായാലും ഞങ്ങൾ അധികാരത്തിലെത്തും. ഞങ്ങളുടെ  ജീവിതം തന്നെ പാർട്ടി പ്രവർത്തനമാണ്. എവിടെയാണെങ്കിലും ആ ജോലി തുടരുക എന്നതു തന്നെ.

English Summary: Exclusive interview with CPM Politburo member S Ramachandran Pillai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
YOU MAY ALSO LIKE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA