കോവിഡിനെതിരെ 2 വാക്സീനുകളുമായാണ് ഇന്ത്യ കുത്തിവയ്പിലേക്കു കടക്കുന്നത്. പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡും ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്സീനും. എന്നാൽ ജൂലൈ, ഓഗസ്റ്റ് മാസം കൊണ്ട് 30 കോടി പേർക്ക് വാക്സീൻ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ഇന്ത്യയ്ക്കെത്തണമെങ്കിൽ പക്ഷേ, ഈ 2 വാക്സീനുകൾ മാത്രം മതിയാകില്ല.
ഇപ്പോഴത്തെ ഉൽപാദനശേഷി ഇരട്ടിയാക്കിയാലും ജൂലൈ കൊണ്ട് 30 കോടി വാക്സീൻ ഡോസ് ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് സീറം പറയുന്നത്. ഇതിന്റെ പകുതിയോളമേ ഇന്ത്യയ്ക്കു ലഭിക്കൂ. ബാക്കി പിന്നാക്ക രാജ്യങ്ങൾക്കുവേണ്ടി ലോകാരോഗ്യ സംഘടന രൂപം നൽകിയ കോവാക്സ് പദ്ധതിയിലേക്കാണ്.
കോവാക്സീന്റെ ഉൽപാദനശേഷി കൂടി പരിഗണിച്ചാലും ഇരു വാക്സീൻ കമ്പനികൾക്കുമായി ജൂലൈയ്ക്കുള്ളിൽ നൽകാൻ കഴിയുക 20–25 കോടി ഡോസ് വാക്സീനായിരിക്കും. 2 ഡോസ് വീതമാണെന്നതിനാൽ, 30 കോടി പേർക്കു 60 കോടി ഡോസ് വേണ്ടിവരും. കേടാകുന്നതും മറ്റും പരിഗണിച്ചാൽ 66 കോടി ഡോസ് വേണ്ടി വരുമെന്നതാണ് സർക്കാർ കണക്ക്. ഇതിനിടയ്ക്ക് കൂടുതൽ സാധ്യതാ വാക്സീനുകൾക്ക് അനുമതി ലഭിക്കുമെന്നു സർക്കാർ കണക്കുകൂട്ടുന്നു.
ഇന്ത്യയ്ക്കു സമീപഭാവിയിൽ ലഭിക്കാവുന്ന മറ്റു വാക്സീനുകളുടെ സ്ഥിതി ഇങ്ങനെ:
∙ ഫൈസർ–ബയോൺടെക്ക്
കോവിഷീൽഡും കോവാക്സീനും മുൻപു തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി. ബ്രിട്ടനിലും യുഎസിലും അംഗീകാരം ലഭിച്ച ഈ വാക്സീൻ വിദേശ ട്രയൽ വിവരങ്ങളുമായാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഫലപ്രാപ്തി 95%.
ഇന്ത്യയിൽ അംഗീകാരത്തിന് വിദഗ്ധ സമിതിക്കു മുന്നിൽ നടത്തേണ്ട പ്രത്യേക അവതരണത്തിന് 3 തവണ ക്ഷണിച്ചെങ്കിലും വന്നില്ല. ഫൈസർ വാക്സീൻ സൂക്ഷിക്കാൻ –70 ഡിഗ്രി താപനില വേണമെന്നതും വില കൂടുതലാണെന്നതും പരിഗണിച്ച് അടിയന്തരഘട്ടം വന്നാൽ മാത്രമേ ഇന്ത്യ ഫൈസർ വാക്സീനെ ആശ്രയിക്കുവെന്നാണു സൂചന.
∙ സൈകോവ് ഡി
കോവാക്സീനു പിന്നാലെ ഇന്ത്യയുടെ രണ്ടാമത്തെ തദ്ദേശീയ വാക്സീൻ. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില നിർമിച്ച വാക്സീന് മൂന്നാം ഘട്ട പരീക്ഷണാനുമതിയായി. 28000 പേരിലാണ് ട്രയൽ. ഫെബ്രുവരി-മാർച്ച് മാസത്തിലായി ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉപയോഗാനുമതി നൽകാൻ സാധ്യതയേറെ.
∙ മൊഡേണ
ഫൈസറിനു പിന്നാലെ യുഎസിൽ ഉൾപ്പെടെ ഉപയോഗം തുടങ്ങി. ഇന്ത്യയിൽ ഉപയോഗത്തിന് അപേക്ഷ നൽകുകയോ ട്രയൽ തുടങ്ങുകയോ ചെയ്തിട്ടില്ല. വിദേശ ട്രയലുകളിൽ 94% ഫലപ്രാപ്തി. സൂക്ഷിക്കാൻ –20 ഡിഗ്രി താപനില വേണമെന്നതും വില കൂടുതലാണെന്നതും തടസ്സം.
∙ സ്പുട്നിക് 5
റഷ്യ വികസിപ്പിച്ച് അടിയന്തര ഉപയോഗം തുടങ്ങിയ വാക്സീൻ ഇന്ത്യയിൽ രണ്ടാംഘട്ട ട്രയൽ പൂർത്തിയാക്കി. മൂന്നാം ഘട്ട ട്രയൽ തുടങ്ങാൻ പോകുന്നു. മികച്ച ഫലപ്രാപ്തി അവകാശപ്പെടുന്ന വാക്സീന് ഇന്ത്യയിലെ പരീക്ഷണത്തിൽ ശുഭ സൂചന ലഭിച്ചാൽ ഉപയോഗത്തിന് മുൻഗണന ലഭിക്കും.
ഇന്ത്യയിൽ ഡോ. റെഡ്ഡീസ്, ഹെറ്റിറോ എന്നീ കമ്പനികളുമായി കരാറുണ്ടെന്നതിനാൽ വാക്സീൻ ലഭ്യത വേഗത്തിലാകുമെന്നതാണ് കാരണം. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി അനുമതിക്കു സാധ്യത.
∙ ബയോളജിക്കൽ ഇ
ഹൈദരാബാദ് കമ്പനിയായ ബയോളജിക്കൽ ഇ രൂപം നൽകിയ റീകോംബിനന്റ്് പ്രോട്ടീൻ ആന്റിജൻ അധിഷ്ഠിത വാക്സീൻ. ഇന്ത്യയിൽ രണ്ടും മൂന്നും ഘട്ട ട്രയൽ പുരോഗമിക്കുന്നു. ഏപ്രിലോടെ വാക്സീൻ ലഭ്യമാക്കാൻ കഴിയുമെന്ന് പ്രതീക്ഷ.
∙ കോവോവാക്സ്
നോവവാക്സ് കമ്പനി യുഎസിൽ മൂന്നാംഘട്ട ട്രയൽ നടത്തുന്ന വാക്സീന്റെ ഇന്ത്യൻ പതിപ്പ്. സീറം ഇൻസ്റ്റിറ്റ്യൂട്ടും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും സഹകരിക്കുന്നു.
സീറത്തിന് വൻതോതിൽ ഉൽപാദന കരാറുള്ളതിനാൽ അനുമതി ലഭിച്ചാൽ ഏറ്റവും കൂടുതൽ ലഭ്യമാകാൻ ഇടയുള്ള വാക്സീനുകളിലൊന്ന്. ജൂലൈയ്ക്കുശേഷം മുൻഗണനാ വിഭാഗത്തിനു പുറത്ത്, രാജ്യമാകെ വാക്സീൻ കുത്തിവയ്പിലേക്കു കടന്നാൽ ഏറ്റവുമധികം സഹായകരമായേക്കാവുന്ന വാക്സീൻ.
∙ എച്ച്ജിസിഒ 19
കോവിഡിനെതിരെ ഇന്ത്യയുടെ ആദ്യത്തെ എംആർഎൻഎ വാക്സീൻ. മികച്ച ഫലപ്രാപ്തി ലഭിച്ച ഫൈസർ, മൊഡേണ വാക്സീനുകളിലേതു സമാനമാണ് ഘടനയെന്നതാണ് പ്രതീക്ഷ നൽകുന്നത്.
പുണെ കമ്പനിയായ ജെനോവ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച വാക്സീൻ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതിയായി. പ്രീ ക്ലിനിക്കൽ പരീക്ഷണത്തിന്റെ അന്തിമ ഘട്ടത്തിലെത്തിയ 2 വാക്സീനുകൾ കൂടി ഇന്ത്യയിലുണ്ട്. ഒന്ന് ഭാരത് ബയോടെക്കിന്റേതും മറ്റൊന്ന് അരബിന്ദോ ഫാർമയുടേതും.
Content Highlights: Covid vaccines in India