ട്രാൻസ്‌ഫാറ്റിന്റെ അളവ് 5ൽ നിന്ന് 3 ശതമാനമാക്കി; ആരോഗ്യം ‘നന്നാക്കാൻ’ പദ്ധതി

1200-trans-fat-free-logo
നിർദിഷ്ട അളവിൽ മാത്രം ട്രാൻസ്ഫാറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണം വിൽക്കുന്ന റസ്റ്ററന്റുകൾക്കും ഭക്ഷ്യവസ്തു ഉൽപാദകർക്കും ഉപയോഗിക്കാവുന്ന ലോഗോ
SHARE

കൊല്ലം ∙ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്കു രാജ്യം മാറുന്നതിന്റെ ഭാഗമായി വനസ്പതിയിലും ഭക്ഷ്യ എണ്ണകളിലും ഉൾപ്പെടെ അനുവദനീയമായ ട്രാൻസ്‌ഫാറ്റിന്റെ അളവ് 3 ശതമാനമാക്കി കുറച്ചു. 5 ശതമാനമായിരുന്നു നിലവിൽ അനുവദനീയമായ പരിധി. ഒരു വർഷത്തിനുള്ളിൽ ഇത് 2 ശതമാനമാക്കി കുറയ്ക്കാനുള്ള നടപടികൾ രാജ്യത്തെ ഭക്ഷ്യവസ്തു ഗുണമേൻമ നിയന്ത്രകരായ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യുടെ നേതൃത്വത്തിൽ തുടരുകയാണ്. കഴിഞ്ഞ 29നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. ഇന്ത്യയിൽ 60,000 പേരും ലോകത്താകമാനം അഞ്ചര ലക്ഷത്തോളം പേരും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ പ്രതിവർഷം മരിക്കുന്നുണ്ടെന്നാണു കണക്ക്. ഇതിനു ഫലപ്രദമായി തടയാനാണു പദ്ധതി ആവിഷ്കരിച്ചത്. 

റസ്റ്ററന്റുകളിൽ ട്രാൻസ്ഫാറ്റ് ഫ്രീ ലോഗോ

കൊഴുപ്പേറിയ ഭക്ഷണം നിരുൽസാഹപ്പെടുത്താനും ബോധവൽക്കരണത്തിനുമായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ വർഷം ‘ട്രാൻസ്ഫാറ്റ് ഫ്രീ’ ലോഗോ പുറത്തിറക്കിയിരുന്നു. 100 ഗ്രാം ഭക്ഷണത്തിൽ 0.2 ഗ്രാം മാത്രം ട്രാൻസ്ഫാറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണം വിൽക്കുന്ന റസ്റ്ററന്റുകൾക്കും ഭക്ഷ്യവസ്തു ഉൽപാദകർക്കും ഈ ലോഗോ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇത് ഈ വർഷം കൂടുതൽ കാര്യക്ഷമമാക്കി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ഇൗറ്റ് റൈറ്റ് ഇന്ത്യ 

കൂടുതൽ ഉപ്പ്, മധുരം, കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ പരമാവധി ഒഴിവാക്കി ആരോഗ്യകരവും പോഷകം നൽകുന്നതുമായ ഭക്ഷണം കഴിക്കുന്നതു പ്രോത്സാഹിപ്പിക്കാനാണ് എഫ്എസ്എസ്ഐ ‘ഇൗറ്റ് റൈറ്റ് ഇന്ത്യ’ പ്രചാരണത്തിനു തുടക്കമിട്ടത്. ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്  ഭക്ഷ്യവസ്തുക്കളിലെ ട്രാൻസ്ഫാറ്റ് കുറയ്ക്കുക എന്നതായിരുന്നു. ഇൗ പ്രചാരണത്തിന്റെ ഭാഗമായി കൂടുതൽ ബോധവൽക്കരണ പരിപാടികൾ ഈ വർഷം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായാണ് സ്കൂളുകൾക്ക് 50 മീറ്റർ ചുറ്റളവിൽ ജങ്ക് ഫുഡ് നിരോധിച്ചത്. 

ട്രാൻസ്ഫാറ്റ് അപകടം

‘ട്രാൻസ്ഫാറ്റുകൾ’ എന്നറിയപ്പെടുന്ന ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന അപകടകാരികളായ കൊഴുപ്പുകൾ കൊളസ്ട്രോൾ വർധിപ്പിക്കുന്ന പ്രധാന ഘടകമാണ്. പേസ്ട്രി, കേക്ക്, പഫ്സ്, ചിപ്സുകൾ, ഐസിങ്, റെഡി ടു ഈറ്റ് വിഭവങ്ങൾ തുടങ്ങിയവയിൽ ധാരാളം ട്രാൻസ്ഫാറ്റുകളുണ്ട്. ചുവന്ന മാംസം, മുട്ടയുടെ മഞ്ഞക്കരു, കൊഴുപ്പടങ്ങിയ പാലും പാലുൽപന്നങ്ങളും ഞണ്ട്, കൊഞ്ച്, വനസ്പതി ഇവയും ഗുണകരമല്ല, വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന എണ്ണകളും അത്യന്തം അപകടകാരികളായി മാറും. 

English Summary : FSSAI reduces trans fat levels in food from 5% to 3%

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
YOU MAY ALSO LIKE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA