രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരിൽ 28.61% കേരളത്തിൽ; ജാഗ്രതയിൽ സർക്കാർ

Covid
വാക്സീൻ ഡ്രൈ റൺ. ഫയൽ ചിത്രം: മനോരമ
SHARE

തിരുവനന്തപുരം∙ വാക്സീൻ വിതരണം ആരംഭിക്കുമെന്ന ശുഭവാർത്തകൾക്കിടയിലും കോവിഡ് വ്യാപനനിരക്കിലെ വർധനയുടെ ആശങ്കയിലാണു കേരളം. ഈ മാസം പകുതിയോടെ പ്രതിദിന കോവിഡ് നിരക്ക് 9000 വരെയെത്താമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. വാക്സീൻ വിതരണത്തിന്റെ തിരക്കിനിടയിലും കോവിഡ് പ്രതിരോധം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ജാഗ്രതയിലാണു സർക്കാർ. 

ഇന്ത്യയിൽ മുന്നിൽ

ഇന്ത്യയിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരിൽ ശരാശരി 28.61 ശതമാനവും ആകെ ജനസംഖ്യയുടെ 2.6% മാത്രമുള്ള കേരളത്തിലാണ്. പുതിയ കോവിഡ് ബാധിതരുടെ 24% കേരളത്തിൽനിന്നാണ്. ഇതുവരെയുള്ള ആകെ കേസുകൾ പരിഗണിച്ചാൽ 7.61%. സമീപകാലത്തു പ്രതിദിന മരണസംഖ്യ വർധിച്ചു. അതേസമയം പരിശോധനാനിരക്ക് ഇപ്പോഴും ഉയരുന്നില്ല. കോവിഡ് സ്ഥിരീകരണനിരക്ക് ശരാശരി 9 ആയി തുടരുന്നു. രാജ്യത്ത് ആകെ സ്ഥിരീകരണ നിരക്ക് 2.5% താഴെ ആയപ്പോഴാണിത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ ഇത് 6 ആണ്. ഡിസംബറിനുശേഷം രാജ്യത്തെ ശരാശരി സ്ഥിരീകരണനിരക്ക് 3 ശതമാനത്തിനു മുകളിലെത്തിയിട്ടില്ല.

covid1

പ്രതിദിനം ശരാശരി 5000ലേറെ പുതിയ കോവിഡ് കേസുകളാണു കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ ശരാശരി 3000 മാത്രം. മരണനിരക്ക് ഇപ്പോഴും കുറവാണെന്നതാണ് (0.4%) കേരളത്തിനുള്ള ആകെ ആശ്വാസം. എന്നാൽ, ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണങ്ങളിൽ 12% കേരളത്തിലാണ്. അതേസമയം, കോവിഡ് ബാധിച്ചതിനുശേഷമുള്ള മുഴുവൻ മരണങ്ങളും കേരളം പട്ടികയിൽ ഉൾപ്പെടുത്തുന്നില്ലെന്ന വാദങ്ങളും ശക്തമാണ്. 

മുന്നറിയിപ്പുമായി കേന്ദ്രം

കേരളത്തിലെ കോവിഡ് വർധനയെക്കുറിച്ചുള്ള ആശങ്ക കേന്ദ്രസർക്കാരിനുമുണ്ട്. കോവിഡ് നിയന്ത്രണം ശക്തമാക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കു കത്തെഴുതി. ചികിത്സയിലുള്ളവരിൽ 59% കേസുകളും ഈ 4 സംസ്ഥാനങ്ങളിൽനിന്നാണ്. കേസുകൾ വർധിക്കാനുള്ള സാഹചര്യം, ജില്ലാ, ഉപജില്ലാ തലത്തിൽ പരിശോധിക്കണമെന്നും പരിശോധന വർധിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണു കേന്ദ്രം വിദഗ്ധസംഘത്തെ അയച്ചത്. കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളുണ്ടാകും. 

covid2

മുൻഗണന തേടി കേരളം 

രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും ശക്തമായ സംസ്ഥാനമാണെന്ന കണക്ക് ഉയർത്തിക്കാണിച്ചാണ് വാക്സീന്റെ കാര്യത്തിൽ മുൻഗണന വേണമെന്ന് കേരളം ആവശ്യപ്പെടുന്നത്. രാജ്യത്ത് കോവിഡ് ആദ്യം സ്ഥിരീകരിച്ച സംസ്ഥാനമായിട്ടും കോവിഡ് പ്രതിരോധത്തിൽ ‘ഡിലേ ദ് പീക്ക്’ എന്നതായിരുന്നു കേരളത്തിന്റെ സമീപനമെന്നാണു വാദം. അതായത് കോവിഡ് വ്യാപനം പരമാവധി വൈകിപ്പിക്കുക. 8 മാസത്തോളം പിടിച്ചുനിർത്തിയെങ്കിലും കഴിഞ്ഞ 2 മാസമായി വ്യാപനം അതിശക്തമാണ്. ഈ സാഹചര്യം വാക്സീൻ വിതരണത്തിൽ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  

കാരണം തിരഞ്ഞെടുപ്പും സ്കൂളും  

കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരാമെന്നുള്ള വിലയിരുത്തലിനു പിന്നിൽ ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ പ്രധാനമായും രണ്ടെണ്ണമാണ്– തദ്ദേശ തിരഞ്ഞെടുപ്പും സ്കൂൾ തുറക്കലും. ഒരുസമയത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 90,000 ആയേക്കാമെന്നും മരണനിരക്ക് 0.5 ആയി ഉയർന്നേക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകനയോഗത്തിൽ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.  

covid3

ആശ്വസിക്കാൻ വകയുണ്ട്

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നേരിയ തോതിലാണെങ്കിലും കുറയുന്നത് ആശ്വാസകരമാണെന്ന് കോവിഡ് കണക്കുകൾ വിശകലനം ചെയ്യുന്ന ഡോ. പത്മനാഭ ഷേണായ് പറയുന്നു. മരണനിരക്ക് വർധിക്കാതിരിക്കുന്നതും പ്രതിരോധത്തിലെ മികവാണ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേർക്ക് വാക്സീൻ നൽകുകയെന്നതാണ് കോവിഡിനെ തോൽപ്പിക്കാൻ കേരളത്തിനു മുന്നിലുള്ള മാർഗമെന്നും അദ്ദേഹം പറയുന്നു. 

English Summary: Kerala shows slight spike in Covid cases

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
YOU MAY ALSO LIKE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA