ADVERTISEMENT

കോട്ടയം ∙ വെറുമൊരു പൂജ്യത്തിന് എത്ര വിലയുണ്ട്. 254.4 കോടി നമ്പറുകളുടെ വിലയുണ്ടെന്നു ടെലികോം മേഖല പറയുന്നു. രാജ്യവ്യാപകമായി ലാൻഡ്ഫോൺ നമ്പറിൽനിന്നു മൊബൈൽ ഫോൺ നമ്പറിലേക്കു വിളിക്കുമ്പോൾ ‘0’ ചേർക്കണമെന്ന വ്യവസ്ഥ ജനുവരി ഒന്നിനാണ് നിലവിൽ വന്നത്.

എല്ലാ സേവന ദാതാക്കൾക്കും ഡിപ്പാർട്മെന്റ് ഓഫ് ടെലികോം (ഡിഒടി) ഇതു സംബന്ധിച്ച നിർദേശം നവംബറിൽതന്നെ നൽകിയിരുന്നു. ലാൻഡ്ഫോൺ നമ്പറിൽനിന്നു മൊബൈലിലേക്കു വിളിക്കുമ്പോൾ 0 ചേർക്കണമെന്നാണ് നിർദേശം. എന്നാൽ ഇത് മൊബൈൽ ഫോൺ നമ്പറുകൾ 11 ഡിജിറ്റ് ആകുന്നതല്ല. മൊബൈൽ ഫോണിൽനിന്നു മൊബൈലിലേക്കു വിളിക്കുമ്പോഴോ, മൊബൈലിൽനിന്ന് ലാൻഡ് ഫോണിലേക്ക് വിളിക്കുമ്പോഴോ ഇങ്ങനെ പുതുതായി 0 ഡിജിറ്റ് ചേര്‍ക്കേണ്ട ആവശ്യമില്ല.

മൊബൈൽ ഫോൺ നമ്പറുകളുടെ എണ്ണം നൽകാൻ കഴിയുന്നതിൽ അധികമാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് 0 ചേർക്കണമെന്ന ശുപാർശയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി) ടെലികോം വകുപ്പിന് മുന്നിൽ എത്തിയത്. 11 അക്ക നമ്പറിലേക്ക് മൊബൈൽ ഫോൺ മാറുന്നതിന് വലിയ ചെലവു വരുമെന്നതു പരിഗണിച്ചാണ് മൊബൈൽ നമ്പറുകളിൽ മാറ്റം വരുത്താതെ 0 ചേർക്കുക എന്ന സാങ്കേതിക നടപടി മാത്രം സ്വീകരിച്ചത്.

ഇതു വഴി 254.4 കോടി നമ്പറുകള്‍ ഉപയോഗത്തിൽ എത്തിക്കാം എന്നാണ് കണക്കു കൂട്ടുന്നത്. 11 അക്ക നമ്പർ സിസ്റ്റത്തിലേക്ക് മാറിയാൽ മൊബൈല്‍ ഫോൺ സ്വിച്ചിങ് അടക്കം വലിയ കോൺഫിഗറേഷൻ ചെലവുകൾ ടെലികോം കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.

∙ ‘0’ ഉണ്ടായിരുന്നു, നേരത്തെ

തമിഴ്നാട്ടിലോ ഡൽഹിയിലോ ഉള്ള സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ മൊബൈൽ നമ്പറിലേക്ക് 0 ചേർത്ത് വിളിച്ചിരുന്ന ഒരു കാലം ഓർക്കുന്നില്ലേ? ഒരു ടെലികോം സർക്കിളിലുള്ള നമ്പറിലേക്ക് ആ സർക്കിളിനു പുറത്ത് ഉള്ള മൊബൈൽ നമ്പറിൽനിന്നു വിളിക്കുമ്പോൾ കോൾ കണക്ട് ആകണമെങ്കിൽ 0 ചേർക്കണമെന്ന സ്ഥിതി ഉണ്ടായിരുന്നു. അതായത് കേരളത്തിൽ എടുത്ത ഒരു മൊബൈൽ ഫോൺ കണക്‌ഷനിലേക്ക് ഡൽഹിയിൽനിന്ന് എടുത്ത മൊബൈൽ ഫോണില്‍നിന്നു വിളിക്കണമെങ്കിൽ 0 ചേർത്താൽ മാത്രമേ കണക്‌ഷൻ ലഭിച്ചിരുന്നുള്ളൂ.

രാജ്യവ്യാപകമായി മൊബൈൽ നമ്പര്‍ പോർട്ടബിലിറ്റി (എംഎൻപി– ഒരു മൊബൈൽ ഫോൺ സേവനദാതാവിന്റെ നമ്പർ മാറാതെ തന്നെ മറ്റൊരു സേവന ദാതാവിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം) അനുവദിച്ചതോടെയാണ് ഈ പൂജ്യത്തിന്റെ ഉപയോഗം എടുത്തു കളഞ്ഞത്. ഇതോടെ രാജ്യവ്യാപകമായി 10 അക്ക നമ്പർ എന്ന സ്ഥിതി വന്നു. ഇതേ സാങ്കേതികതയാണ് ലാൻഡ്ഫോണിൽനിന്നു മൊബൈലിലേക്കുള്ള ഫോൺ വിളിയിൽ ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നത്.

∙ നമ്പര്‍ തിരിച്ചറിയുന്നില്ല

മൊബൈൽ നമ്പറുകളുടെ എണ്ണം വർധിച്ചതോടെ പുതിയ സീരിസുകൾ നിലവിൽ വന്നു. 9ൽ തുടങ്ങുന്ന നമ്പറുകളായിരുന്നു രാജ്യത്ത് ആദ്യം. ഇത് 8, 7, 6 എന്നീ അക്കങ്ങളിലേക്ക് വികസിച്ചു. ഇപ്പോള്‍ 80ൽ തുടങ്ങുന്ന മൊബൈൽ നമ്പറുകൾ വ്യാപകമാണ്. 80 ബെംഗളൂരുവിന്റെ എസ്ടിഡി കോഡ് കൂടിയാണ്. ഇങ്ങനെ നമ്പർ പ്രോസസിങ് ടെലികോം ഓപ്പറേറ്റർമാർക്ക് വലിയ ബാധ്യതയായി മാറുകയാണ്. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് 0 എത്തിച്ചിരിക്കുന്നത്. എന്നാൽ ഇതു കൊണ്ടു മാത്രം നമ്പറിന്റെ പ്രോസസിങ് പ്രശ്നങ്ങൾ അവസാനിക്കില്ല. താൽക്കാലിക പരിഹാരം മാത്രമാണു ലക്ഷ്യം.

∙ 13 അക്ക നമ്പർ

രാജ്യത്തെ മൊബൈൽ നമ്പർ സിസ്റ്റം 13 അക്കത്തിലെത്തുമോ? രണ്ട് വർഷമായി നിലവിലുള്ള ചോദ്യമാണ് ഇത്. എന്നാൽ ഇപ്പോൾ 13 അക്ക നമ്പർ സിസ്റ്റത്തിലേക്ക് മാറില്ലെന്ന് ട്രായിയും ടെലികോം മന്ത്രാലയവും ഉറപ്പിച്ചു വ്യക്തമാക്കുന്നു. 13 അക്ക നമ്പറിലേക്ക് മാറുന്നതിന് സാങ്കേതികമായി വലിയ ചെലവ് വരും. കൂടാതെ രാജ്യത്തെ മുഴുവൻ നമ്പറുകളും പുതിയ സിസ്റ്റത്തിലേക്ക് മാറുന്നതിന്റെ ആശയക്കുഴപ്പങ്ങൾ വേറെ. എന്നാൽ മെഷിനുകളിൽ ഉപയോഗിക്കുന്ന നമ്പറുകൾ ഇപ്പോൾത്തന്നെ 13 അക്ക നമ്പറിലേക്ക് മാറിക്കഴിഞ്ഞു.

English Summary: Value of zero in telephone numbers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com