ഓടും കാള, നീന്തും കാള, മുതുകിൽ മസിൽ പെരുക്കും കാള...; വിഡിയോ

jellikkattu2
ജല്ലിക്കെട്ടിനുള്ള പരിശീലനത്തിനിടെ കാളയെ കൊണ്ട് മണ്ണിൽ കുത്തിച്ച് പരിശീലിപ്പിക്കുന്നു. കാളകളുടെ ദേഷ്യം കൂട്ടാനും കൊമ്പുകൾക്ക് ബലം വയ്ക്കാനുമാണ് മൺതിട്ടകൾ കുത്തി മറിപ്പിക്കുന്നത്.
SHARE

മലയാളത്തിൽ മകരം പിറക്കുമ്പോൾ തമിഴിൽ തൈമാസമെത്തും. തമിഴ് വീരം നിറയുന്ന ജെല്ലിക്കെട്ടുകളുടെ ആരവങ്ങളോടെയാണ് തൈമാസത്തിന്റെ ഉദയം. 14 മുതൽ തുടങ്ങുന്ന ലോകശ്രദ്ധയാകർഷിച്ച അളകാനെല്ലൂർ, അവനിയാപുരം, പാലമേട് ജെല്ലിക്കെട്ടുകൾക്കുള്ള ഒരുക്കങ്ങൾ തമിഴ്‌നാട്ടിൽ തകൃതി. വീരവും ബലവും പേശികളിൽ നിറച്ച് പാഞ്ഞടുക്കുന്ന ജല്ലിക്കെട്ട് കാളകളുടെ ‘ബോഡി ബിൽഡിങ്’ സമയമാണിപ്പോൾ...

കണ്ണിൽ തെളിഞ്ഞുകത്തുന്ന രൗദ്രഭാവം, കൂർത്തുമിനുത്ത കൊമ്പുകളിൽ‌ തിളങ്ങുന്ന ശൗര്യം, മുതുകിൽ ഊട്ടിഉറപ്പിച്ച വീരം... വടിവാസൽകടന്ന് നിലത്തുകിടക്കുന്ന ചകിരിനാരിലും ഉണക്കപ്പുല്ലിലും കുളമ്പൂന്നി ചവിട്ടിത്തെറുപ്പിച്ച് തന്റെ മുതുക് ലക്ഷ്യമാക്കി കാത്തുനിൽക്കുന്ന വീരന്മാരുടെ ഇടയിലേക്ക് ചീറിയടുക്കാൻ കാളക്കൂറ്റന്മാർ തയാറാകുന്നു.

വ്യാഴാഴ്ച മാട്ടുപ്പൊങ്കൽ ദിനത്തിൽ തുടക്കം കുറിക്കുന്ന ജല്ലിക്കെട്ടിനുള്ള പരിശീലനത്തിലാണ് കാങ്കേയം കാളകളെന്ന ജല്ലിക്കെട്ടുകാളകൾ. വർഷങ്ങൾ നീണ്ട തയാറെടുപ്പിനു ശേഷമാണ് ഓരോ കാളക്കൂറ്റനും കളത്തിലെത്തുന്നത്. ആ പരിശീലന നാളുകളുടെ അവസാന ഘട്ട ഒരുക്കമാണ് ഇപ്പോൾ നടക്കുന്നത്

∙ മസിൽ പെരുക്കും കാള

Jallikattu

മനുഷ്യൻ ജിമ്മിൽ പോയി മസിലു പെരുപ്പിക്കുന്നതുപോലെയാണ് മസിൽമാൻമാരായ കാളകൾ പരിശീലനക്കളരിയിൽ പോകുന്നത്. പൊങ്കൽ പിറക്കുന്നതിനു മാസങ്ങൾക്കു മുൻപുതന്നെ കാളകൾ പരിശീലനത്തിനിറങ്ങും.

ഓട്ടം, ചാട്ടം, നീന്തൽ എന്നിവ പോരുകാളകൾക്കു നിർബന്ധം. കാളപ്പോരിൽ വർഷങ്ങളുടെ പരിചയമുള്ളയാളാവും ഫിസിക്കൽ ട്രെയിനർ. മുൻപിൽ നിരത്തിയ മൺകൂനകളും മണൽച്ചാക്കുകളും കൊമ്പുകൊണ്ട് ഇടിച്ചു തെറിപ്പിക്കുക, തെങ്ങിൻതടികൾകൊണ്ടുള്ള വേലികൾക്കു മുകളിലൂടെ ചാടുക, രണ്ടു കാലിൽ ഉയർന്നു നിൽക്കുക...ഇതെല്ലാം പരിശീലിപ്പിക്കും.

ആരാണെങ്കിലും മുതുകിൽ പിടിച്ചാലുടൻ കുതറിത്തെറിപ്പിക്കാനും കാളയെ പഠിപ്പിക്കും. മരുന്നെണ്ണ ഉപയോഗിച്ചു കാളയുടെ മുതുക് ഉഴിയും. ഏറ്റവും ഉയർന്ന മുതുകുള്ള കാളയ്‌ക്കു ജെല്ലിക്കെട്ടിൽ വിജയസാധ്യത ഏറെയാണ്. മാസം 15,000 മുതൽ 20,000 രൂപവരെയാണ് ജെല്ലിക്കെട്ടുകാളകളെ പരിപാലിക്കാൻ ചെലവാകുന്നത്.

∙ കാളക്കൂറ്റൻ മെനു

Jallikattu

ദൈവത്തെപ്പോലെയാണ് ജെല്ലിക്കെട്ടുകാളകളെ വളർത്തുക. പരുത്തി, കാലിത്തീറ്റ, തവിട്, പച്ചരി, തേങ്ങ, പാൽ, വാഴപ്പഴം, കത്തിരിക്ക, നാട്ടുമരുന്നുകൾ എന്നിവയൊക്കെയടങ്ങുന്ന കുശാലായ ഭക്ഷണം.വീട്ടിൽ ഉണ്ടാക്കുന്ന സ്‌പെഷൽ വിഭവങ്ങളെന്തും കാളയും ശാപ്പിടും.

ദിവസവും രാവിലെയും വൈകിട്ടും കാളയെ എണ്ണതേച്ചു കുളിപ്പിക്കും. കഴുത്തൊപ്പം വെള്ളത്തിൽ നിർത്തി കച്ചോലവും രാമച്ചവും ഉരച്ചാണു കാളയുടെ ദേഹത്തെ ചെളി കളയുന്നത്. നാട്ടുമരുന്നുകളും പോഷകാഹാരങ്ങളും ദിനംപ്രതി അകത്താക്കുന്ന കാളകൾ മൂന്നുവർഷത്തിനുള്ളിൽ പോരിനു തയാറാകും.

∙ ജല്ലിക്കെട്ട് വീരൻ കാങ്കേയം

Palamedu-Jallikattu

തമിഴകത്തിന്റെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായ ജെല്ലിക്കെട്ടിന്റെ ആത്മാവാണു കാങ്കേയം കാളകൾ. ആയിരം വർഷം മുൻപു തന്നെ നിലവിലുളള കന്നുകാലി ഇനമാണിത്. തിരുപ്പൂർ ജില്ലയിലെ കാങ്കേയം എന്ന സ്ഥലത്തു നിന്നുളള ഇനം എന്ന നിലയിലാണ് ഇൗ പേരുവന്നത്.

ജെല്ലിക്കെട്ടിന്റെ ആരംഭം മുതൽ കാങ്കേയം കാളകളെയാണ് ഉപയോഗിക്കുന്നത്. പ്രത്യേക ഭക്ഷണ ക്രമവും പരിശീലനവുമൊക്കെ നൽകിയാണു ജെല്ലിക്കെട്ടിനായി കാങ്കേയം കാളകളെ ഒരുക്കുന്നത്. ഇവയുടെ ഉശിരിനു കാരണം ജനിതകമായ പ്രത്യേകത തന്നെയാണ്.

കാളവണ്ടിയോട്ട മൽസരങ്ങളിലും ഇവയെ ഉപയോഗിക്കാറുണ്ട്. കാങ്കേയത്തിന് സമീപമുളള കണ്ണപുരത്ത് എല്ലാ കൊല്ലവും ഏപ്രിലിൽ നടക്കുന്ന കന്നുകാലി മേളയിലാണു ജെല്ലിക്കെട്ടു കാളകളുടെ കൊടുക്കൽ വാങ്ങലുകൾ നടക്കുന്നത്. ലക്ഷണമൊത്ത കാങ്കേയം കാളകളെ കിട്ടാൻ രണ്ട് ലക്ഷം രൂപ വരെ നൽകേണ്ടി വരും.

∙ വീര തമിഴ് മക്കളിൻ‌ ജല്ലിക്കെട്ട്

Jallikattu
ജല്ലിക്കെട്ട് മല്‍സരത്തിൽനിന്നുള്ള ദൃശ്യം. (Photo by Arun SANKAR / AFP)

ക്രിസ്തുവിനു 300 വർഷം മുൻപു മുതൽ തമിഴരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണു ജെല്ലിക്കെട്ടിന്റെ ആവേശം. വിളവെടുപ്പ് ഉൽസവമായ പൊങ്കൽ നാളിൽ ജെല്ലിക്കെട്ട് നടന്നില്ലെങ്കിൽ അടുത്തതവണ കൃഷി നശിക്കുമെന്നും പകർച്ചവ്യാധിയും പ്രകൃതിക്ഷോഭവും ഉണ്ടാകുമെന്നും അവർ ഉറച്ചു വിശ്വസിച്ചു.

ഓരോ വർഷവും ജനുവരിയിൽ പൊങ്കൽ ആഘോഷത്തോടെ തുടക്കമിടുന്ന ജെല്ലിക്കെട്ട് ഉൽസവം ജൂൺ വരെ തുടരും. മധുര, ശിവഗംഗ, തിരുച്ചിറപ്പള്ളി, പുതുക്കോട്ട, സേലം തുടങ്ങിയ ജില്ലകളിലെ വിവിധ ഗ്രാമങ്ങളിലായി ചെറുതും വലുതുമായ നാലായിരത്തോളം ജെല്ലിക്കെട്ട് നടക്കും.

കാളകൾ മൽസരക്കളത്തിലേക്ക് ഇറങ്ങുന്ന ഇടനാഴിയിൽ (വാടിവാസൽ) തുടങ്ങി ഒരു കിലോമീറ്ററോളം ദൂരത്തിൽ ഇരുവശങ്ങളിലുമാണു കമ്പുകെട്ടി വച്ചുള്ള ഗാലറി നിർമിക്കുക. ജെല്ലിക്കെട്ടിൽ വിജയിക്കുന്ന യുവാക്കൾക്കു വീരപരിവേഷമാണ്. മഞ്ചു വിരട്ട്, വാടി മഞ്ചു വിരട്ട്, വടം മഞ്ചു വിരട്ട് എന്നിങ്ങനെ മൂന്നുതരം ജെല്ലിക്കെട്ടാണ് നടക്കുന്നത്.

English Summary: Bulls ready for Jallikattu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
YOU MAY ALSO LIKE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA