ADVERTISEMENT

തിരുവനന്തപുരം ∙ കാലം തെറ്റി പെയ്ത മഴ സംസ്ഥാനത്തെ കാർഷിക മേഖലയുടെ നട്ടെല്ലൊടിച്ചു. മികച്ച വിളവു പ്രതീക്ഷിച്ച് കൃഷിയിറക്കിയവർ കണ്ണീർക്കൃഷിയുടെ പാടവരമ്പത്താണ് ഇപ്പോൾ. 12 ദിവസത്തെ കനത്ത മഴയിൽ കേരളത്തിൽ 309 കോടി രൂപയുടെ കൃഷിനാശമുണ്ടായി. വരും ദിവസങ്ങളിലും കനത്ത മഴ തുടർന്നാൽ നഷ്ടത്തിന്റെ തോത് ഇരട്ടിയി‍ലേറെയാകും.

വിളവെടുപ്പ് സമയത്ത് കാർഷിക കല‍ണ്ടറിന്റെ താളം തെറ്റിച്ചു മഴ പെയ്തത് കർഷകർക്കു തിരിച്ചടിയായി. 14,928 കർഷകരുടെ കൃഷി നശിച്ചതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. 5041.83 ഹെക്ടർ കൃഷിനാശമുണ്ടായി. ഇൗ മാസം ഒന്നു മുതൽ 12 വരെയുള്ള
കണക്കുകൾ പ്രകാരമാണിത്.

നെൽക്കൃഷിക്കാണ് കൂടുതൽ നാശം. മരച്ചീനി, വാഴ, റബർ, ശീതകാല പച്ചക്കറി, തെങ്ങ്, ജാതി, വെറ്റില, കശുമാവ് എന്നിവയും നശിച്ചു. കുരുമുളക്, കാപ്പി എന്നിവയുടെ വിളവെടുപ്പു സമയമാണ് ഇപ്പോൾ. വെയിൽ ഇല്ലാത്തതിനാൽ വിളവ് എടുക്കാനോ വിളവെ‍ടുത്തവർക്ക് ഉണക്കാനോ കഴിയാത്ത അവസ്ഥയാണ്.

മാവ്, പ്ലാവ്, മറ്റു ഫലവൃക്ഷങ്ങൾ എന്നിവ പൂക്കുന്ന സമയത്ത് അപ്രതീക്ഷിതമായി മഴ പെയ്തതും പ്രതിസന്ധിയായി. പൂക്കൾ കൊഴി‍യുന്ന സാഹചര്യമാണിപ്പോൾ. പുഞ്ച–വേനൽ‍വിള–മൂന്നാം വിള നെൽക്കൃഷിക്കും പ്രതികൂല സാഹചര്യമാണ്. പലയിടത്തും വയലുകളിൽ വെള്ളം കയറി. കൊയ്ത നെല്ല് വയലിൽനിന്നു മാറ്റാനും കഴിഞ്ഞിട്ടില്ല. കനത്ത മഴ സംസ്ഥാനത്തെ കാർഷിക വിളകളുടെ ഉൽപാദനത്തിൽ 30 മുതൽ 40 ശതമാനം വരെ കുറവു വരുത്തുമെന്ന് കാർഷിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കൃഷി നശിച്ചവർക്ക് സർക്കാർ അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പ്രളയ ദുരിതാ‍ശ്വാസ പട്ടികയിൽ ഉൾപ്പെടുത്തി സഹായം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കാർഷിക ഇൻഷുറൻസ് ഉള്ളവർക്ക് നഷ്ടപരിഹാരം ഉടൻ ലഭിക്കുമെന്നാണ് അറിയുന്നത്. മറ്റുള്ളവർക്ക് പിന്നാലെ ലഭ്യമാക്കാനാണ് ആലോചന. നാശനഷ്ടം സംബന്ധിച്ച് കൃഷിവകുപ്പ് ജില്ലാ അധികൃതരിൽനിന്നും ഡയറക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിച്ചശേഷം ഇക്കാര്യത്തിൽ ഉചിത തീരുമാനമുണ്ടാകും.

നാശക്കണക്ക്

സംസ്ഥാനത്ത് 11 ദിവസത്തെ മഴയിൽ നശിച്ച വിള, നശിച്ചതിന്റെ എണ്ണം / ഹെക്ടർ, ബാധിച്ച കർഷകർ (ബ്രാക്കറ്റിൽ), നഷ്ടം (ലക്ഷം) എന്ന ക്ര‍മത്തിൽ.

∙ തെങ്ങ്, 650 (472), 32.50 ലക്ഷം
∙ തെങ്ങ് (ഒരു വർഷം മാത്രം പ്രായമുള്ളത്), 11(6), 0.33
∙ വാഴ (കുലച്ചത്), 89999 (2081), 539.99
∙ വാഴ (കുലയ്ക്കാത്തത്), 75205 (1770), 300.82

∙ റബർ (ടാപ്പിങ് നടത്തുന്നത്), 10 (3), 0.20
∙ അടയ്ക്ക (കുലച്ചത്), 388 (254), 1.16
∙ അടയ്ക്ക (ഒരു വർഷം മാത്രം പ്രായമുള്ളത്), 20 (2),0.05
∙ ജാതി, 913 (157), 31.96

∙ ജാതി (ഒരു വർഷം മാത്രം പ്രായമുള്ളത്), 600 (100), 21
∙ വെറ്റില, 0.480 ഹെക്ടർ (22), 1.20
∙ ഇഞ്ചി, 0.200 ഹെക്ടർ (1), 0.20
∙ മരച്ചീനി, 50041.400 ഹെക്ടർ (302), 6505.38

∙ പച്ചക്കറി (പന്തലില്ലാത്തത്), 2629.260 ഹെക്ടർ (1357), 1051.70
∙ നെല്ല്, 14804.690 ഹെക്ടർ (7645), 22,207.04
∙ നെല്ല് (നഴ്സറി), 144.010 ഹെക്ടർ (713), 216.02
∙ ശീതകാല പച്ചക്കറി, 10. 000 ഹെക്ടർ (40), 4

English Summary: Crop damaged due to rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com