ആലപ്പുഴ ∙ ദാഹം മാത്രമല്ല, ദുഃഖവും ശമിപ്പിക്കുന്ന മോരുംവെള്ളം. ഹരിപ്പാട്ട് ദേശീയപാതയരികിൽ ഇന്നലെ നടന്ന മോരുംവെള്ളം ചലഞ്ചിലൂടെ കരുതൽ ഉച്ചയൂണ് കൂട്ടായ്മ ഹരിപ്പാട്ടെ രോഗിയായ ഗൃഹനാഥൻ ഉൾപ്പെടുന്ന കുടുംബത്തിനു പിരിച്ചു നൽകിയത് 2 ലക്ഷത്തോളം രൂപയാണ്.
കാർത്തികപ്പള്ളി കാക്കിശേരിൽ ഷാജി കെ. ഡേവിഡിന്റെ (50) മനസ്സിലുദിച്ച ആശയം ഇന്ന് ഹരിപ്പാട് മേഖലയിൽ നൂറുകണക്കിനു പേര്‍ക്ക് ജീവിക്കാനുള്ള പ്രചോദനമാണ്. 17 വർഷമായി കുപ്പിവെള്ള വിതരണക്കാരനായ ഷാജി വണ്ടിയിൽ കുറച്ചുപേർക്കുള്ള ഭക്ഷണവുമായാണ് കരുതലിന്റെ യാത്ര തുടങ്ങിയത്. 2015 മുതൽ ഹരിപ്പാട് ഗവ.ആശുപത്രിയിൽ ഇരുന്നൂറോളം പേർക്ക് ഉച്ചഭക്ഷണം നൽകി കരുതൽ ഉച്ചയൂണ് കൂട്ടായ്മയ്ക്കു തുടക്കമിട്ടു. ഷാജിയുടെ സദുദ്ദേശ്യമറിഞ്ഞ് പലരും സഹായത്തിനെത്തി. സഹായമായി പണമല്ല, പച്ചക്കറികളും എണ്ണയും പലചരക്ക് സാമഗ്രികളും ഉൾപ്പെടെയുള്ളവയാണ് ഷാജി സ്വീകരിച്ചത്.

ഭർത്താവ് പെട്ടെന്നു മരിച്ചതോടെ എന്തുചെയ്യണമെന്നറിയാതെയായ, വർഷങ്ങളായി വാടകവീട്ടിൽ കഴിയുന്ന ഒരു കുടുംബത്തെ സഹായിക്കാനാണ് ഉണ്ണിയപ്പ ചലഞ്ച് എന്ന വ്യത്യസ്തമായ പരിപാടിക്കു തുടക്കമിട്ടത്. റോഡരികിൽ ഉണ്ണിയപ്പം തയാറാക്കി വിറ്റു കിട്ടിയ തുക അവർക്കു വലിയ സഹായമായി. മാത്രമല്ല, ആ കുടുംബം ഉപജീവനത്തിന് ഉണ്ണിയപ്പ കച്ചവടം തുടങ്ങുകയും ചെയ്തു. ലോക്ഡൗണിനു ശേഷം തൊഴിലില്ലാതായ ആറാട്ടുപുഴ സ്വദേശിയുടെ മകളുടെ വിദ്യാഭ്യാസത്തിനാണ് കപ്പലണ്ടി ചലഞ്ച് നടത്തിയത്. നല്ലൊരു തുക സമാഹരിച്ചു നൽകുക മാത്രമല്ല, പഴയ കപ്പലണ്ടിത്തട്ട് നന്നാക്കി നൽകിയതോടെ അദ്ദേഹത്തിനു പഴയ തൊഴില്‍ പുനരാരംഭിക്കാനും കഴിഞ്ഞു. പണം മാത്രമല്ല, ഉപജീവന മാർഗം കൂടിയാണ് ഷാജി കണ്ടെത്തി നൽകുന്നത്.
മൂന്നാമത്തെ ചലഞ്ചാണ് ഇന്നലെ നടന്നത്. സഹായം ആവശ്യമുള്ള കുടുംബവുമായി സഹകരിക്കുന്ന അയൽക്കാരെയും ബന്ധുക്കളെയുമെല്ലാം ചേർത്താണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. നേരിട്ട് ചലഞ്ചിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് പണം നേരിട്ട് ആവശ്യക്കാരന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാന്‍ അവസരം നൽകും. ചലഞ്ചിന്റെ തുടക്കത്തിൽ പണം നിക്ഷേപിക്കാനുള്ള കുടുക്ക പൂട്ടി, താക്കോൽ നാട്ടിലെ പൊതു സ്വീകാര്യനായ ഒരു വ്യക്തിക്കു നൽകും. ചലഞ്ച് അവസാനിച്ച ശേഷം അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തുക എണ്ണി ആവശ്യക്കാരനു കൈമാറുന്നതാണ് രീതി.

വീടില്ലാത്ത 25 പേർക്ക് ഷാജി വീടു വച്ചു കൊടുത്തിട്ടുണ്ട്. അതിൽ ഭൂരിഭാഗവും വിധവകളും പെൺമക്കളുള്ള കുടുംബങ്ങളുമാണ്. പഴയ വീടുകൾ പൊളിച്ചു വിൽക്കുന്നവരിൽനിന്നു ഫർണിച്ചർ സ്വീകരിക്കും. പുതിയ വീടു വയ്ക്കുന്നവർ ഒരു കട്ടിളയോ ജനാലയോ അധികമായി പണിതു നൽകും. വീടുപണിക്കിടയിൽ അധികം വരുന്ന സിമന്റ് ആവശ്യപ്പെട്ടപ്പോൾ കെട്ടിടം വാർക്കാനുള്ള ചെലവ് പൂർണമായി ഏറ്റെടുത്തവർ പോലുമുണ്ടെന്നു ഷാജി പറയുന്നു. പ്രവാസികൾ ഉൾപ്പെെട സാമ്പത്തികശേഷിയുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ 30 രോഗികളുടെ അക്കൗണ്ടിൽ മാസം 9000 രൂപ വരെ പെൻഷനും ഷാജിയുടെ മേൽനോട്ടത്തിൽ നൽകുന്നുണ്ട്. ഭാര്യ സുജയും മകൾ ഹന്നയുമാണ് ഷാജിക്ക് ഈ ഉദ്യമത്തിൽ പിന്തുണയുമായി ഒപ്പമുള്ളത്.
English Summary: Different challenge for collecting money for poors