ADVERTISEMENT

കിഴക്കിന്റെ പുതിയ വഴിത്താരയാവേണ്ട ശബരി റെയിൽപാതയ്ക്കായി കേരളം പാഴാക്കിയത് രണ്ടു പതിറ്റാണ്ട്. അങ്കമാലി – എരുമേലി ശബരി റെയിൽപാതയുടെ ചെലവിന്റെ പകുതി വഹിക്കാമെന്ന കേരളത്തിന്റെ കഴിഞ്ഞ ആഴ്ചയിലെ തീരുമാനവും പ്രഖ്യാപനവും കിഴക്കൻ മേഖലയ്ക്കും ഹൈറേഞ്ചിനും പുതിയ പ്രതീക്ഷയും ആവേശവുമാകുകയാണ്.

നിയമസഭാ തിര‍ഞ്ഞെടുപ്പു പടിവാതിൽക്കൽ നിൽക്കെ വന്ന ഈ പുനർചിന്തനം എത്രത്തോളം യാഥാർഥ്യമാവുമെന്ന് ചിന്തിക്കുന്നവർ ഏറെയുണ്ട്. ശബരിമലയിലെ യുവതീ പ്രവേശന നടപടികളുടെ പേരിൽ സംസ്ഥാന സർക്കാർ നേരിട്ട കടുത്ത പ്രതിഷേധവും വിശ്വാസികളുടെ എതിർപ്പും മറികടക്കാൻ കൂടിയാണ് ഇപ്പോഴത്തെ ഈ പ്രഖ്യാപനമെന്നും ഒരു വിഭാഗം വിമർശകർ ആരോപിക്കുന്നു. അതേസമയം, പാത യാഥാർഥ്യമായാൽ ഇടുക്കി, പത്തനംതിട്ട ജില്ലകളുടെയും കോട്ടയത്തിന്റെ കിഴക്കൻമേഖലയുടെയും വികസനത്തിന് ഊർജം പകരുന്നതാവും. ഒപ്പം നിർദിഷ്ട എരുമേലി വിമാനത്താവളത്തിനു കുതിപ്പായും ശബരിമലയാത്രയ്ക്ക് വേഗം പകരുന്നതുമാവും. 

1997 ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച ശബരി റെയിൽ പദ്ധതി, രാഷ്ട്രീയ വടംവലികളും നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ എതിർപ്പും സംസ്ഥാനത്തിന്റെ ഉഴപ്പും മൂലമാണ് ഇത്രയും കാലം നടക്കാതെപോയത്. ഇടക്കാലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായ പദ്ധതി, പല കേന്ദ്രങ്ങളിൽ നിന്നുള്ള ആവശ്യത്തെത്തുടർന്നാണ് പകുതിച്ചെലവു സംസ്ഥാനം വഹിച്ചാൽ നടപ്പാക്കാം എന്ന നിർദേശത്തിലേക്ക് റെയിൽവേ മന്ത്രാലയവും എത്തിയത്. കഴിഞ്ഞ സംസ്ഥാന സർക്കാരിന്റെ കാലത്ത് തത്വത്തിൽ അംഗീകരിച്ചെങ്കിലും തിരഞ്ഞെടുപ്പു വന്നതോടെ നടപടി മുടങ്ങി. പിന്നീട് അധികാരമേറ്റ സംസ്ഥാന സർക്കാർ ഈ നിർദേശം കാര്യമായി പരിഗണിച്ചില്ല. എന്നാൽ, കഴിഞ്ഞ സർക്കാരിനെപ്പോലെ തന്നെ വൈകിയ വേളയിലാണ് ഇപ്പോൾ പകുതി ചെലവു വഹിക്കാം എന്ന നിർദേശം അംഗീകരിച്ചിരിക്കുന്നത്.

അങ്കമാലിയിൽ നിന്നാരംഭിച്ച് കാലടി, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, രാമപുരം, പാലാ, കാഞ്ഞിരപ്പള്ളി വഴി എരുമേലി വരെ 111 കിലോമീറ്ററാണ് പാതയുടെ നീളം. 20 വർഷം മുമ്പ് തറക്കല്ലിട്ട പദ്ധതിക്കായി, എറണാകുളം ജില്ലയിലെ സ്ഥലമെടുപ്പു നടപടികൾ ഏറെക്കുറെ പൂർത്തിയായിരുന്നു. ഇപ്പോൾ സ്ഥലം ഏറ്റെടുക്കൽ വീണ്ടും തുടങ്ങിയിട്ടുമുണ്ട്. 

റെയിൽവേ തന്നെ പണം മുടക്കി പണി തുടങ്ങിയ ഘട്ടത്തിലാണ് ചില മേഖലയിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് 2008 ൽ പണി നിർത്തിയത്. എല്ലാ ജില്ലകളിലൂടെയും റെയിൽവേലൈൻ എന്ന നയത്തിൽ ഉൾപ്പെടുത്തി തൊടുപുഴ കൂടി റെയിൽവേ ഭൂപടത്തിൽ എത്തിയത് ഇടുക്കി ജില്ലയ്ക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു. ഇടുക്കിയുടെ ടൂറിസം വികസനത്തിനും മലഞ്ചരക്ക് കയറ്റുമതിക്കുമെല്ലാം പുതിയ ചാലകശക്തിയാവും ഈ പാത എന്ന വിശ്വാസത്തിലായിരുന്നു ഹൈറേഞ്ച് ജനത.

അങ്കമാലിയിൽനിന്ന് കാലടി വരെ പാതയുടെ പണി ആരംഭിച്ചിരുന്നു. മറ്റൂരിൽ പാലം പണിയും പൂർത്തിയായി. എന്നാൽ, അലൈൻമെന്റ് സംബന്ധിച്ച് കോട്ടയം ജില്ലയിലെ ചില ഭാഗങ്ങളിലുയർന്ന എതിർപ്പാണ് പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയത്. പുതിയ അലൈൻമെന്റിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നത് പദ്ധതിയുടെ പുനരുജ്ജീവനം ഏറെ ക്ലേശകരമാക്കും എന്നുവേണം കരുതാൻ.

പ്രഖ്യാപിക്കുമ്പോൾ 515 കോടി ചെലവു കണക്കാക്കിയ പദ്ധതിക്ക്, ഇപ്പോൾ 2815 കോടിയാണു വേണ്ടത്. ഏകദേശം അഞ്ചിരട്ടി. ഇതിൽ 1400 കോടിയാണ് സംസ്ഥാന സർക്കാർ നൽകേണ്ടിവരിക. പണി പുരോഗമിക്കുന്നതനുസരിച്ചു തവണകളായി നൽകിയാൽ മതി എന്നതുമാത്രമാണ് ആശ്വാസം. ഈ പദ്ധതിക്കൊപ്പം തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും തുടക്കമിട്ട റെയിൽപാതകളിൽ വണ്ടി ഓടിത്തുടങ്ങിയിട്ട് വർഷങ്ങളായി. കേരളം ചെലവിടുന്ന തുകയുടെ പകുതി പോലും ചെലവാക്കാതെയാണ് ഈ പാതകൾ തീർന്നതെന്നതാണ് യാഥാർഥ്യം.

പുതിയ പ്രഖ്യാപനം, പാത കടന്നു പോകുന്ന മേഖലയിലെ താമസക്കാർ‍ക്ക് ആശ്വാസവും ഒപ്പം ആശങ്കയുമാണ് നൽകുന്നത്. ഏറ്റെടുക്കാ‍നായി റെയിൽവേ സ്ഥലം അടയാളപ്പെടുത്തിയതോടെ വൻകിട കൃഷിയോ നിർമാണങ്ങളോ സ്ഥലം വിൽപനയോ സാധിക്കാതെ പ്രതിസന്ധിയിലായ നൂറുകണക്കിനിനു കർഷകരാണ് മേഖലയിലുള്ളത്. പഴയ വീട് പുതുക്കിപ്പണിയാൻ പോലും പറ്റാതെ പോയ ഒട്ടേറെ കുടുംബങ്ങൾ ഈ മേഖലയിലുണ്ട്. സംസ്ഥാനം പാഴാക്കിയ 20 വർഷവും ജീവിതം അനിശ്ചിതത്വത്തിലായവരാണ് ഈ കർഷകർ. തിര‍ഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള സംസ്ഥാന സർക്കാരിന്റെ പുതിയ പ്രഖ്യാപനം തങ്ങൾക്ക് അനുഗ്രഹമോ അതോ ആപത്തോ ചിന്തയിലാണ് മലയോരത്തിന്റെ മാറ്റം കാക്കുന്ന കർഷക ജനത.

English Summary: Kerala lost two decade regarding Sabari rail project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com