ADVERTISEMENT

കേരളത്തിൽ 60 കഴിഞ്ഞവരുടെ ജീവിതനിലവാരത്തെക്കുറിച്ച് ആരോഗ്യമന്ത്രാലയത്തിനു കീഴിൽ നടന്ന പഠനത്തിൽ നിന്ന്

ജീവിതത്തിന്റെ സായാഹ്നത്തെക്കുറിച്ച് നിങ്ങളുടെ സ്വപ്നമെന്താണ്? ആനന്ദത്തോടെ, സമാധാനപൂർവം ജീവിക്കണമെന്നായിരിക്കും ബഹുഭൂരിപക്ഷം പേരും പറയുക. എന്നാൽ, നമ്മുടെ ചുറ്റിലുമുള്ള വയോജനങ്ങളുടെ യഥാർഥ ജീവിതാവസ്ഥ എന്താണ്?കേരളത്തിൽ 60 കഴിഞ്ഞ 1.3% ആളുകൾ ഇപ്പോഴും ഒരു തൊഴിൽ കിട്ടുമോയെന്ന് അന്വേഷിച്ചു നടക്കുന്നുണ്ടെന്ന് എത്ര പേർക്കറിയാം.

ഇതേ പ്രായക്കാരിൽ 8.3% ആളുകൾ ചികിത്സാചെലവിനായി സ്ഥലം വിൽക്കുകയോ വായ്പയെടുക്കുകയോ ചെയ്യേണ്ടി വരുന്നുവെന്നതും നമ്മുടെ കൊച്ചു കേരളത്തിലെ യാഥാർഥ്യമാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിൽ, ഇന്റർനാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസും ഹാർവഡ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തും തയാറാക്കിയ ലോൻജിറ്റ്യൂഡിനൽ ഏജിങ് സർവേ ഇൻ ഇന്ത്യ (ലസി) റിപ്പോർട്ടിലാണ് കേരളത്തിലെ  60 കഴിഞ്ഞവരുടെ ജീവിതനിലവാരത്തെക്കുറിച്ചുള്ള പരാമർശങ്ങൾ.

സർവേയുടെ വിശദാംശങ്ങൾ ഇങ്ങനെ: 

ആരോഗ്യം

കേരളത്തിൽ 60 വയസ്സിനു മുകളിലുള്ളവരിലെ 53% പേരും ആരോഗ്യപരമായ അവശത അനുഭവിക്കുന്നു. ഇവരിൽ 3.8% ആളുകൾക്കും പോഷകാഹാര കുറവു മൂലമുള്ള വിളർച്ചയുണ്ട്. 60 കഴിഞ്ഞ 76% പേരെയും നേത്രസംബന്ധമായ പ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കുന്നു. കേൾവി പ്രശ്നമുള്ളത് 15.5% പേർക്ക്. ചികിത്സാകാര്യങ്ങൾക്ക് 42% പേർ ഇപ്പോഴും സർക്കാർ സംവിധാനങ്ങളിലേക്ക് എത്തുന്നു. 24% പേർ അസുഖങ്ങൾക്ക് ഡോക്ടറെ കാണാതെ മരുന്നു കഴിക്കുന്നു. വയസ്സുകാലത്തു രോഗചികിത്സയ്ക്ക് ചെലവാകുന്ന തുക ഇൻഷുറൻസ് കവറേജ് വഴിയോ തൊഴിലുടമയിൽ നിന്നോ മടക്കി കിട്ടുന്നത് 3.6% പേർക്കു മാത്രമാണ്. ബാക്കിയുള്ളവർ സ്വന്തം വരുമാനത്തിൽ നിന്നോ സമ്പാദ്യത്തിൽ നിന്നോ ആണ് ചികിത്സാ ചെലവു നടത്തുന്നത്. 

60 കഴിഞ്ഞവരിൽ ഏതുരോഗം, എത്രപേർക്ക്

രക്താതിസമ്മർദം–53%

കാൻസർ–1.8%

ഹൃദ്രോഗം– 12.8%

പക്ഷാഘാതം–3%

പ്രമേഹം–34%

ഉയർന്ന കൊളസ്ട്രോൾ–26.8%

ഗുരുതരമായ ശ്വാസകോശ രോഗം –11.9%

ആസ്മ– 8.2%

അസ്ഥി സംബന്ധമായ രോഗങ്ങൾ–28.2%

വിഷാദരോഗം–.33%

മറവിരോഗം– .70%

മാനസിക പ്രശ്നമുള്ളത്–.48%

വദനാരോഗ്യ പ്രശ്നം– 63%

ജോലി തേടി വാർധക്യം

60 വയസ്സ് കഴിഞ്ഞിട്ടും 25.4% പേർ ജോലി തുടരുന്നു. ഈ പ്രായക്കാരിൽ 1.3% ആളുകൾ കേരളത്തിൽ ഇപ്പോഴും ജോലി സാധ്യത തേടുന്നു. കൃഷി ഉൾപ്പെടെ ഏതെങ്കിലും ജോലി ചെയ്തിട്ടുള്ളവരാണ് 58% പേരും. വയസ്സ് 60 പിന്നിട്ടിട്ടും കൃഷിപ്പണി ചെയ്യുന്ന 39.5% ആളുകളുണ്ട്. സ്ഥിരം ശമ്പളത്തോടെ ജോലി തുടരുന്നവർ 33% പേരാണ്. 

തനിയെ

കേരളത്തിൽ 60 വയസ്സു കഴിഞ്ഞവരിൽ 5.1% ആളുകൾ തനിച്ചു താമസിക്കുന്നു. പങ്കാളിക്കും മക്കൾക്കുമൊപ്പം താമസിക്കുന്നത് 35% പേർ മാത്രം. മക്കൾക്കൊപ്പമുള്ളത് 27% പേർ. 45നും 59നും ഇടയിൽ പ്രായമുള്ളവരിൽ 1.3% ആളുകളാണ് ഒറ്റപ്പെട്ട ജീവിതം നയിക്കുന്നത്. 60 വയസ്സിനു മുകളിലുള്ളവരിൽ ജീവിതപങ്കാളിക്കൊപ്പം ജീവിക്കുന്നവർ 60.8% പേർ. പങ്കാളി മരിക്കുകയോ വിവാഹം കഴിക്കാതിരിക്കുകയോ ചെയ്തവർ 35.4%.

സന്തുഷ്ടി

സ്വന്തം ജീവിതം സംത‍ൃപ്തമെന്നു കരുതുന്നത് 39.4% പേർ മാത്രം. അതേസമയം, നിലവിലെ ജീവിതസാഹചര്യങ്ങളിൽ 79.8 % പേർ സംതൃപ്തി അറിയിക്കുന്നു. പങ്കാളിയോടു വ്യക്തിപരമായ കാര്യങ്ങൾ 70.2% പേർ മാത്രമാണ് പങ്കുവയ്ക്കുന്നത്. മക്കളോടു പറയുന്നത് 19.5% പേർ മാത്രവും.

പരിഗണന

കുടുംബാംഗങ്ങിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ സാമ്പത്തിക സഹായം ലഭിക്കുന്നത് 19.9% പേർക്ക്. ഈ പ്രായത്തിലും കുടുംബത്തിന് അങ്ങോട്ടു പണം നൽകുന്നത് –6.3% പേർ. മക്കളുടെ വിവാഹകാര്യം, ഭൂമിവിൽപന, കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസം എന്നിവയിൽ 60 വയസ്സു കഴിഞ്ഞവരുടെ അഭിപ്രായം പ്രധാനം. തൊഴിലിൽനിന്നു വിരമിച്ച ശേഷം 45 % ആളുകൾക്കും പെൻഷൻ പദ്ധതി, പിഎഫ് തുടങ്ങിയവയുടെ സംരക്ഷണമുണ്ട്.

അറിവാണ് അഭിമാനം

കേരളത്തിൽ 60 വയസ്സിനു മുകളിലുള്ളവരിൽ 85.6% പേരും സാക്ഷരരാണ്. പത്താം ക്ലാസോ അതിലധികമോ പഠിച്ചിട്ടുള്ളവർ 28.1% ആണ്. സ്കൂളിലേ പോയിട്ടില്ലാത്തവർ 14.4 ശതമാനവും. 45 വയസ്സിനു മുകളിലോട്ടുള്ള മുഴുവൻ പേരെയും പരിഗണിച്ചാൽ 90.8% ആണ് സാക്ഷരത.

വി‌ടാതെ ശീലങ്ങൾ

60 കഴിഞ്ഞവരിൽ 7.7% ആളുകൾ ഇപ്പോഴും പുകവലിക്കുന്നു. മാസത്തിൽ ഒരിക്കലെങ്കിലും മദ്യപിക്കുന്നത് 2.2% പേർ മാത്രം. കായികമായി 41% ആളുകളും ഇപ്പോഴും സജീവം. യോഗയും മറ്റുമുള്ളത് 3.6 % പേർക്ക്.

അറിയുന്നില്ല, കിട്ടുന്നില്ല

ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ എന്നിവയെക്കുറിച്ച് അറിവുള്ളത് 67 ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രം. ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത് 35% താഴെ ആളുകൾക്കും. സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ച് 28% പേർക്കാണ് അറിയുന്നത്. ആനുകൂല്യങ്ങൾ കിട്ടുന്നത് 13% പേർക്കും. മുതിർന്ന പൗരന്മാരുടെയും രക്ഷിതാക്കളുടെയും ക്ഷേമത്തിനായുള്ള നിയമത്തെക്കുറിച്ചു പോലും അറിയാവുന്നത് 20.3% പേർക്ക്.

English Summary: Study on health status and quality of life of senior citizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com